മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ബസൂക്ക എന്ന സിനിമയ്ക്കായി കാത്തിരിപ്പിലാണ്. ഏപ്രിൽ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നടൻ സുമിത് നവലിന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലെ ബിജോ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സുമിത്. ഇതിന് പുറമെ സാഗർ ഏലിയാസ് ജാക്കി, സീനിയേഴ്സ്, സിഐഎ തുടങ്ങിയ സിനിമകളിലും നടൻ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ നായിക സിമ്രാന്റെ സഹോദരൻ കൂടിയാണ് സുമിത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
അതേസമയം ബിഗ് ബിയിലെ മമ്മൂട്ടിയുടെ അനിയൻ കഥാപാത്രമായ ബിജോയ് ജോൺ കുരിശിങ്കൽ ശ്രദ്ധേയമായെങ്കിലും സുമിത് മലയാളത്തിൽ സജീവമാകാത്തതിന്റെ കാരണം പലരും ചോദിച്ചിരുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ തനിക്ക് മലയാളത്തിൽ നിന്നും നല്ല കഥാപാത്രങ്ങൾ കിട്ടാത്തതിനാലാണ് അഭിനയിക്കാതിരുന്നത് എന്നും പിന്നീട് താൻ തന്റെ സിനിമാ സംവിധാന തിരക്കിലായെന്നും താരം പറയുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും ബസുക എന്ന മലയാള സിനിമയിലൂടെ തിരിച്ചുവരവ് നടത്തുമ്പോൾ ഓക്കേ പറയാൻ പ്രേരിപ്പിച്ചത് മമ്മൂട്ടി എന്ന ഘടകം ആണെന്ന് താരം പറയുന്നു.