പാകിസ്ഥാന്റെ പേടിസ്വപ്നമായ ഇന്ത്യയുടെ കരുത്തുറ്റ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ ലോക രാജ്യങ്ങളുടെ നീണ്ടനിര. ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ 17 രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്.
പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പാകിസ്ഥാന് ഇന്ത്യ നല്കിയ ശക്തമായ തിരിച്ചടിയായിരുന്നു ഓപ്പറേഷന് സിന്ദൂര്‍. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ ഡ്രോണ്‍- മിസൈല്‍ ആക്രമണവുമായി പാകിസ്ഥാന് തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ചു. എന്നാല്‍ കൃത്യതയിലും പ്രഹരശേഷിയിലും മുന്നില്‍ നില്ക്കുന്ന ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനെ പേടിച്ച് പാകിസ്ഥാന് അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ നിന്ന് പിന്മാറി വെടിനിര്‍ത്തലിന് തയ്യാറായി. ഇന്ത്യയുടെ മിസൈല്‍ കരുത്തായി വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മോസ് വാങ്ങിക്കൂട്ടാന്‍ ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ 17 രാജ്യങ്ങളാണ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ബ്രഹ്മോസ് വാങ്ങാന്‍ ഇന്ത്യയുമായി ഔദ്യോഗിക കരാറുള്ള ഏക രാജ്യം ഫിലിപ്പീന്‍സായിരുന്നു. ഫിലിപ്പീന്‍സിന് ഇന്ത്യ 375 മില്യണ്‍ ഡോളര്‍ കരാറിന്റെ ഭാഗമായി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറിയിരുന്നു. എന്നാലിപ്പോള്‍ ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്ലന്ഡ്, സിംഗപ്പൂര്‍, ബ്രൂണൈ, ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനസ്വേല, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ എന്നിവയ്ക്ക് പുറമെ ചില മിഡില്‍-ഈസ്റ്റ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് സൂചന
നിലവില്‍ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. 2001 ജൂണ്‍ 12നാണ് ബ്രഹ്മോസ് മിസൈല്‍ ആദ്യമായി രാജ്യം പരീക്ഷിച്ചത്. ഇതിന് ശേഷം നിരവധി അപ്ഡേറ്റുകള് ഈ മിസൈല്‍ സാങ്കേതികവിദ്യയില്‍ വരുത്തി. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ), റഷ്യൻ ഫെഡറേഷന്റെ എൻപിഒ മഷിനോസ്ട്രോയേനിയയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്.
സൂപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസിന് മാക് 3 വേഗത്തില്‍ വരെ കുതിക്കാനാകും. 200-300 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കുന്ന ഈ മിസൈലിന് 800 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുണ്ട്. അതായത് പല പാക് നഗരങ്ങളെയും ചുട്ടെരിക്കാന്‍ ബ്രഹ്മോസ് മതിയെന്ന് സാരം. വേഗതയ്ക്കൊപ്പം കൃത്യതയാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ മുഖമുദ്ര. തറനിരപ്പില്‍ നിന്ന് വെറും 10 മീറ്റര്‍ വരെ ഉയരമുള്ള ലക്ഷ്യം വരെ തരിപ്പിണമാക്കാം. ശത്രു റഡാറുകളില്‍ പതിയില്ല എന്നതുകൊണ്ടുതന്നെ ബ്രഹ്മോസ് അനായാസം ലക്ഷ്യസ്ഥാനത്തെത്തുകയും കനത്ത നാശം വിതയ്ക്കുകയും ചെയ്യും. മാക് 2.8-നും മാക് 3.5-നും ഇടയിലുള്ള വേഗതയിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് പരമ്പരാഗത സബ്സോണിക് ക്രൂയിസ് മിസൈലുകളേക്കാൾ ഏകദേശം മൂന്നിരട്ടി വേഗതയിൽ, ശത്രു രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് മേൽ പതിക്കും