നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ നേടി ശ്രദ്ധയമായ വിക്ടോറിയയുടെ ട്രെയിലർ പുറത്തിറങ്ങി. കെഎസ്എഫ്ഡിസി നിർമ്മിച്ച് ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിച്ച വിക്ടോറിയ ഒരു ബ്യൂട്ടീപാർലർ ജോലിക്കാരിയുടെ കഥയാണ് പറയുന്നത്. ഇടപ്പള്ളി പുണ്യാളന് നേർച്ച നൽകിയ ഒരു പൂവൻകോഴിക്ക് ബ്യൂട്ടിപാർലറിൽ എന്താണ് കാര്യമെന്ന് നമുക്ക് ട്രെയിലർ കണ്ടാൽ തോന്നും. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച വിക്ടോറിയയിൽ മീനാക്ഷി ജയനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവംബർ 28ന് ചിത്രം തീയ്യേറ്ററുകളിലെത്തും. വിക്ടോറിയ എന്ന ബ്യൂട്ടീഷന്റെ ജീവിതവും കഥ നടക്കുന്ന ദിവസം ബ്യൂട്ടീപാർലറിലേക്ക് വരുന്ന മനുഷ്യരുമാണ് സിനിമയെ നമ്മളോട് ചേർത്തു നിർത്തുന്നത്. അതേസമയം ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായി പുണ്യാളന് നേർച്ച നൽകിയ ഒരു പൂവൻ കോഴിയും അവിടെയുണ്ട്. മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറക്കൽ, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാർത്ഥൻ എന്ന പൂവൻ കോഴിയാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റൊരു താരം. തിരുവനന്തപുരത്ത് നടന്ന ഐഫ്ഫ്കെയിൽ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടി തുടങ്ങിയ യാത്രയാണ് വിക്ടോറിയയുടേത്. പിന്നാലെ ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിക്ടോറിയക്ക് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടിക്കൊടുത്തു. മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം,സംവിധായിക,ഛായാഗ്രഹണം ഉൾപ്പടെ മൂന്ന് പുരസ്ക്കാരങ്ങൾ, സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ എക്സലൻസി അവാർഡ്, കൊൽക്കത്ത ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്ക്കാരം, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം എന്നിവ വിക്ടോറിയ കരസ്ഥമാക്കി. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും തായ്പോ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിലും സൗത്ത് ആസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഫെസ്റ്റിവലിലും കൽക്കത്ത, ധരംശാല ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. ആനന്ദ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അഭയദേവ് പ്രഫുൽ ആണ്. ഗാനരചന ബിലു സി നാരായണൻ. വസ്ത്രാലങ്കാരം- സതീഷ് കുളമട, മേക്കപ്പ്- സന്തോഷ് വെൺപകൽ, പ്രൊഡക്ഷൻ ഡിസൈനർ- അബ്ദുൾ ഖാദർ എ.കെ, സിങ്ക് സൗണ്ട്- കലേഷ് ലക്ഷ്മണൻ, ശബ്ദരൂപകൽപ്പന- രാധാകൃഷ്ണൻ എസ്, സ്മിജിത്ത് കുമാർ പി ബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- തീർത്ഥാ മൈത്രി, ശബ്ദമിശ്രണം- അനൂപ് തിലക്, വിഎഫ്എക്സ്- ദീപക് ശിവൻ, ലൈൻ പ്രൊഡ്യൂസർ- എസ്.മുരുകൻ, കാസ്റ്റിംഗ്- അബു വളയംകുളം, സ്ക്രിപ്റ്റ് കൺസൾട്ടന്റ്- അനു കെഎ, സബ്ടൈറ്റിൽസ്- ആസിഫ് കലാം, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി, സ്റ്റിൽ ഫോട്ടോഗ്രാഫർ- മൈത്രി ബാബു, ടൈറ്റിൽ- ഹരിയോഡി, ഡിസൈൻ- യെല്ലോ ടൂത്ത്. ഡിസ്ട്രിബ്യൂഷൻ ഹെഡ്- പ്രദീപ് മേനോൻ, വള്ളുവനാടൻ സിനിമ കമ്പനികേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഈ വെള്ളിയാഴ്ച്ച (28 നവംബർ) തീയ്യേറ്ററുകളിലെത്തും. ട്രെയിലർ ലിങ്ക്: https://www.youtube.com/watch?v=k1LOanJpPN4
ഓപ്പറേഷന് പോകരുതെന്ന് പറഞ്ഞ് ഞങ്ങൾ നിർബന്ധിച്ചതാണ്; പക്ഷേ അവനും ഭാര്യയും കേട്ടില്ല, ജിഷ്ണുവിനെ കുറിച്ച് നടൻ രാഘവൻ
മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു ജിഷ്ണു രാഘവൻ. 2002-ൽ കമൽ സംവിധാനം ചെയ്ത ‘നമ്മളി’ലൂടെ നായകനായി അരങ്ങേറിയ ജിഷ്ണു പിന്നീട് ഒട്ടേറെ സിനിമകളുടെ ഭാഗമായി. നായകനായും വില്ലനായും സ്വഭാവനടനായുമെല്ലാം തിളങ്ങി നിൽക്കുന്ന സമയത്താണ് അദ്ദേഹത്തെ കാൻസർ പിടികൂടുന്നത്. 2016-ലായിരുന്നു കാൻസറിനോട് പൊരുതി ജിഷ്ണു വിടവാങ്ങുന്നത്. ഇപ്പോഴിതാ, മകന്റെ ഓർമകൾ പങ്കുവെയ്ക്കുകയാണ് നടൻ രാഘവൻ.
ജിഷ്ണുവിന് രോഗം ഗുരുതരമായിരുന്നു. എന്നാലും, കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതിനിടയിൽ, ബംഗളൂരുവിൽനിന്ന് ഓപ്പറേഷൻ ചെയ്തതാണ് വിനയായത്. മകനെ ഓർക്കുന്നതിന് ഒരു ഫോട്ടോ പോലും വീട്ടിൽ കരുതിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഘവന്റെ വാക്കുകൾ
അത് അങ്ങനെയാണ് വരേണ്ടത്. ഞാൻ ഒരു കാര്യത്തെക്കുറിച്ച് ഓർത്തും വിഷമിക്കില്ല. കാരണം, നടക്കേണ്ടത് നടക്കും. അത് അത്രയേ ഉള്ളൂ. ജിഷ്ണുവിന്റെ രോഗവിവരം അറിഞ്ഞത് ഒരു ഷോക്കായിരുന്നു. കാലമെല്ലാം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവൻ തന്നെയാണ് കാരണം. അവൻ അതിന് നിന്നില്ല. ആരുടെയൊക്കെയോ വാക്കുകേട്ട് അവൻ ബെംഗളൂരുവിൽനിന്ന് ഓപ്പറേഷൻ ചെയ്തു. ഓപ്പറേഷൻ ചെയ്തതാണ് പറ്റിയത്.
ഓപ്പറേറ്റ് ചെയ്ത് ഈ തൊണ്ട മുഴുവൻ മുഴുവൻ മുറിച്ചു കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിലൂടെ കൊടുക്കേണ്ട കാര്യം എന്തായിരുന്നു. അങ്ങിനെ ആണെങ്കിൽ മരിച്ചാൽ പോരെ. എന്തിനാണ് ഇങ്ങനെയാരു ജീവിതം. ഓപ്പറേഷന് പോകരുതെന്ന് പറഞ്ഞ് ഞാനും അവന്റെ അമ്മയും നിർബന്ധിച്ചതാണ്. പക്ഷേ, അവനും ഭാര്യയും പോയി ഓപ്പറേഷൻ ചെയ്തു. അത് അവരുടെ ഇഷ്ടം. പക്ഷേ, അതോടെ കാര്യം കഴിഞ്ഞു. ഞങ്ങൾ അനുഭവിച്ചു.
കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഇവിടെനിന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ലേക്‌ഷോറിലെ ഡോക്ടർമാരും ഇക്കാര്യംതന്നെ പറഞ്ഞു. പക്ഷേ, അത് കേട്ടില്ല. എല്ലാം കളഞ്ഞു കഴിഞ്ഞാൽ പിന്നെ അത് നമുക്ക് ഉണ്ടാക്കാൻ പറ്റില്ല. അവനെ ഓർക്കത്തക്ക രീതിയിൽ ഞങ്ങൾ വീട്ടിൽ ഒന്നും വെച്ചിട്ടില്ല. ഒരു ഫോട്ടോ പോലും വെച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും. ഞങ്ങൾ അവനെ ഓർക്കാറേ ഇല്ല. പക്ഷേ, നിങ്ങൾ ഇപ്പോൾ ഓർമിപ്പിച്ചപ്പോഴും എനിക്ക് ദുഃഖമൊന്നുമില്ല.
2 വർഷം കൊണ്ട് ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും കൈക്കലാക്കിയത് 66 ലക്ഷം രൂപ; പ്രതികൾ നയിച്ചത് ആഡംബര ജീവിതം
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽനിന്ന് ജീവനക്കാർ 66 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ക്രെെംബ്രാഞ്ച്. മൂന്ന് ജീവനക്കാരികളും ചേർന്നാണ് 66 ലക്ഷം രൂപ തട്ടിയതെന്നാണ് ക്രെെംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. മൂന്ന് ജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭർത്താവുമാണ് കേസിലെ പ്രതികൾ. വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിൻ, രാധാകുമാരി, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരെയാണ് പ്രതി ചേർത്തത്.
തട്ടിയെടുത്ത പണം ഇവർ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചെന്നും ക്രെെംബ്രാഞ്ച് വ്യക്തമാക്കുന്നു. പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന, മോഷണം, കെെവശപ്പെടുത്തൽ, ചതി എന്നിവയാണ് ചുമത്തിയിരിക്കുന്നത്. രണ്ടുവർഷം കൊണ്ടാണ് പ്രതികൾ 66 ലക്ഷം രൂപയോളം തട്ടിയെടുത്തത്. ഓ ബെെ ഓസി എന്ന ബൊട്ടീക്കിലെ മുൻ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാർ തന്നെയാണ് തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകിയത്. ഈ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ദിയയ്ക്കും കൃഷ്ണകുമാറിനുമെതിരെ പ്രതികൾ പരാതി നൽകിയിരുന്നു. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി, പണം കവർന്നു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവ ആരോപിച്ചായിരുന്നു പരാതി. എന്നാൽ ജീവനക്കാരികൾ നൽകിയ പരാതിയിൽ കഴമ്പില്ലെന്നും പൊലീസ് പറയുന്നു.
‘ഒട്ടും കൃത്രിമമില്ലാത്ത, സ്‌നേഹവും വിനയവുമുള്ള, സ്വാഭാവികമായി പെരുമാറുന്ന ഒരാൾ’; സായ് പല്ലവിയെ കുറിച്ച് അനുപം ഖേർ
ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വച്ച് സായ് പല്ലവിയെ കണ്ടുമുട്ടിയ ചിത്രങ്ങൾ പങ്കുവച്ച് അനുപം ഖേർ. സായ് പല്ലവി സ്നേഹവും വിനയവുമുള്ള, സ്വാഭാവികമായി പെരുമാറുന്ന ഒരാളായി തോന്നിയെന്നും, അവര്‍ അസാമാന്യ കഴിവുള്ള നടിയാണെന്ന് തനിക്കറിയാമെന്നും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അനുപം ഖേർ കുറിച്ചു. സായ് പല്ലവി നായികയായി എത്തിയ ശിവ കാർത്തികേയൻ ചിത്രം ‘അമരൻ’ ഈ വർഷത്തെ ഐ.എഫ്.എഫ്.ഐ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമാണ്. അനുപം ഖേർ സംവിധാനം ചെയ്ത ‘തൻവി ദി ഗ്രേറ്റ്’ എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിച്ചിരുന്നു.
“ഒരു പ്രത്യേക കണ്ടുമുട്ടല്‍. ഗോവ ചലച്ചിത്രമേളയില്‍വെച്ച് സുന്ദരിയായ സായ് പല്ലവിയെ കണ്ടുമുട്ടിയപ്പോള്‍ അതിയായ സന്തോഷം തോന്നി. കുറച്ചുനേരം മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ അവര്‍ ഒട്ടുംകൃത്രിമമില്ലാത്ത, സ്‌നേഹവും വിനയവുമുള്ള, സ്വാഭാവികമായി പെരുമാറുന്ന ഒരാളായി തോന്നി. അവര്‍ അസാമാന്യ കഴിവുള്ള നടിയാണെന്ന് എനിക്കറിയാം. അവരുടെ വരാനിരിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും എല്ലാവിധ ആശംസകളും. ജയ് ഹോ.” അനുപം ഖേർ കുറിച്ചു.
‘കലാമണ്ഡലത്തിൽ ഇത് ആദ്യമല്ല വർഷങ്ങൾക്ക് മുൻപ് തനിക്കും അനുഭവം; അയാൾ ഇന്നും ക്യാമ്പസ്സിൽ സജീവം’, വെളിപ്പെടുത്തലുമായി കലാമണ്ഡലം സത്യഭാമ
ലൈംഗികാതിക്ര പരാതിയിൽ കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ അധ്യാപകന് സസ്പെൻഷൻ ലഭിച്ച വാർത്ത ഇക്കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. സർവകലാശാലയിലെ കൂടിയാട്ടം അധ്യാപകനെതിരെ ഒരു സംഘം വിദ്യാർത്ഥികൾ മോശമായി പെരുമാറി എന്നാരോപിച്ച് വൈസ് ചാൻസലർക്ക് രേഖാ മൂലം പരാതി നൽകിയതോടെ ക്യാമ്പസ്സിൽ വലിയ പ്രതിഷേധങ്ങളും പ്രതികരണങ്ങളും പുറത്തുവന്നിരുന്നു. അധ്യാപകനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രശസ്ത നർത്തകി കലാമണ്ഡലം സത്യഭാമ നടത്തിയ ചില വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.
കലാമണ്ഡലത്തെ സംബന്ധിച്ച് വിദ്യാർത്ഥികളോട് മോശമായ രീതിയിൽ പെരുമാറുന്ന അധ്യാപകരും ലൈംഗികാതിക്രമണം അടക്കം നേരിട്ടിട്ടുള്ള വിദ്യാർത്ഥികളുടെ പരാതിയും ഇത് ആദ്യമല്ല എന്നാണ് സത്യഭാമ വ്യക്തമാക്കിയത്. കഥകളി മേഖലയിലെ പ്രമുഖനും വർഷങ്ങളായി കലാമണ്ഡലത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു അധ്യാപകനെതിരെയും സത്യഭാമ ഗുരുതര ആരോപണമുന്നയിച്ചിട്ടുണ്ട്. ഇന്നും സജീവമായി കലാമണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള 85 വയസ്സിലധികം പ്രായമുള്ള പ്രമുഖ കഥകളി അധ്യാപകനിൽ നിന്നും തനിക്ക് മോശമായ അനുഭവം തന്റെ 18 ആം വയസ്സിൽ കലാമണ്ഡലത്തിൽ പഠിക്കവേ നേരിട്ടിട്ടുണ്ടെന്നും അത്രയും മോശമായ അനുഭവം പരാതിയായി ബോധിപ്പിച്ചിട്ടും ഉചിതമായ നടപടി എടുത്തില്ലെന്നും പകരം സെര്ടിഫിക്കറ്റ് ലഭിക്കേണ്ടയെന്നും കോഴ്സ് പൂർത്തിയാക്കേണ്ടേ എന്നും പറഞ്ഞ് തന്നെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും സത്യഭാമ പറയുന്നു.
പേരെടുത്ത് പറയാതെ വിമർശനം ഉന്നയിച്ച പ്രമുഖ കഥകളി ആശാൻ ഇന്നും തന്റെ വേണ്ടപ്പെട്ടവർക്കും തനിക് അനുകൂലമായി പ്രവർത്തിക്കുന്നവർക്കും മാത്രമായി അവസരം നൽകി സർക്കാരിനെയും പറ്റിച്ച് കലാമണ്ഡലത്തിന്റെ ഭാഗമായി തിന്നു മുടിച്ചു വരികയാണെന്നും വർഷങ്ങൾക്ക് മുൻപ് താൻ അയാൾക്കെതിരെ നൽകിയ പരാതിയുടെ ദേഷ്യം ഇന്നും തന്നോട് വച്ച് പുലർത്തുന്നുണ്ടെന്നും സത്യഭാമ ആരോപിക്കുന്നു. ആരോപണ വിധേയനായ അധ്യാപകൻ തന്നെ കൂടാതെ വേറെയും പെൺകുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നും കലാമണ്ഡലം വിട്ടിറങ്ങി വർഷങ്ങൾക്കിപ്പുറവും തന്നോട് പക വീട്ടുകയാണെന്നും സത്യഭാമ ആരോപിക്കുന്നു. താൻ ആരെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് തൽക്കാലം തനിക്ക് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും എന്നാൽ തീർച്ചയായാലും കുറച്ചു സമയത്തിനകം വെളിപ്പെടുത്തുമെന്നും തന്റെ ഫേസ്ബുക് വഴി പങ്കുവെച്ച വിഡിയോയിൽ സത്യഭാമ പറയുന്നുണ്ട്.
വീഡിയോ കാണാം…
https://www.facebook.com/share/v/1Be4GzxFEU
ആവേശത്തിലെ ആ ജനപ്രിയഗാനം വേദിയിൽ പാടി ആൻഡ്രിയ; പാടി നശിപ്പിച്ചല്ലോ ചേച്ചിയെന്ന് സോഷ്യൽ മീഡിയ
ആവേശത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റി സ്റ്റേജിൽ പാടി ട്രോളുകൾ ഏറ്റുവാങ്ങി നടി ആൻഡ്രിയ. ടൊയോട്ട സംഘടിപ്പിച്ച പരിപാടിയിൽ ആണ് ഇല്ലുമിനാറ്റി എന്ന ഗാനം ആൻഡ്രിയ പാടിയത്. തന്റേതായ രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ആൻഡ്രിയ ഗാനം സ്റ്റേജിൽ അവതരിപ്പിച്ചത്. ഈ ഗാനത്തിനാണ് ഇപ്പോൾ ട്രോളുകൾ വരുന്നത്.
സോഷ്യൽ മീഡിയയിൽ ആൻഡ്രിയ പാടുന്നതിന്റെ വിഡിയോയും വൈറൽ ആണ്. ജീത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിലാണ് പ്രധാന വേഷത്തിലെത്തിയത്. സിനിമയിലെ പാട്ടുകൾ ഒരുക്കിയത് സുഷിൻ ശ്യാമായിരുന്നു. സിനിമ ഇറങ്ങിയ സമയത്ത് ഗാനം വൻ രീതിയിലാണ് ആഘോഷിച്ചത്. സോഷ്യൽ മീഡിയ തന്നെ രംഗണ്ണൻ ഭരിക്കുകയായിരുന്നു. ആൻഡ്രിയയുടെ പാട്ടിൽ ആരാധകർ നൽകുന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്. ആ പാട്ടിനെ ആൻഡ്രിയ നശിപ്പിച്ചു, രംഗണ്ണൻ ഇറങ്ങി ഓടി കാണും തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ എത്തുന്നത്.
അതേസമയം, ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് തിയറ്ററിൽ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ പ്രെസെന്റ് ചെയ്യുന്നത് വെട്രിമാരൻ ആണ്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
‘തത്ത’ എന്ന് വിളിച്ച് അപമാനിച്ചു; ‘ഗോട്ട്’ സംവിധായകനെതിരെ ദിവ്യഭാരതി, വിഷയത്തിൽ ഇടപെട്ട് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍
‘ഗോട്ട്’ സിനിമാ സംവിധായകന്‍ നരേഷ് കുപ്പിളി മോശമായി പെരുമാറിയെന്ന നടി ദിവ്യഭാരതിയുടെ ആരോപണം തെലുങ്ക് സിനിമാരംഗത്ത് വന്‍ ചര്‍ച്ചകളാണ് ഉണ്ടാക്കിയിരിക്കുന്നത്. സംവിധായകന്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ദിവ്യഭാരതിയുടെ ആരോപണം. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ).
നിര്‍ഭാഗ്യവശാല്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടാവുമെങ്കിലും പുറത്തുവരാറില്ലെന്നും ഈ അപമാനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ദിവ്യഭാരതിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും എഐസിഡബ്ല്യുഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും ഒരു ‘വനിതാ പരിഹാര സമിതി’ രൂപീകരിക്കുമെന്നും എഐസിഡബ്ല്യുഎ വ്യക്തമാക്കി.
ദിവ്യഭാരതിയുടെ കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ അടിയന്തര നടപടി സ്വീകരിക്കുകയും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. അത്തരം സംഭവങ്ങള്‍ ശക്തമായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്, അതിനാല്‍ സിനിമാ മേഖലയിലെ ഒരു സ്ത്രീക്കും തന്റെ പ്രൊഫഷണല്‍ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ സുരക്ഷിതത്വമോ ഭീഷണിയോ അനുഭവപ്പെടില്ലെന്നും എഐസിഡബ്ല്യുഎ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, സംവിധായകന്‍ സെറ്റില്‍ സ്ത്രീകളെ ‘ചിലക’ (തെലുങ്കില്‍ – തത്ത) എന്ന് വിളിച്ച് അപമാനിച്ചു എന്നാണ് ദിവ്യഭാരതിയുടെ ആരോപണം. ഇത് തമാശയായി ചെയ്തതല്ല, സ്ത്രീവിരുദ്ധതയുടെ പ്രതിഫലനമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സംവിധായകന്‍ സെറ്റില്‍ ഇങ്ങനെ തന്നെയായിരുന്നു, സ്ത്രീകളോട് തുടര്‍ച്ചയായി അനാദരവ് കാണിച്ചു.തന്നെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത് ഇതൊക്കെ കണ്ടിട്ടും സിനിമയിലെ നായകനായ നടന്‍ എല്ലാം അനുവദിച്ചു കൊണ്ട് മൗനം പാലിച്ച് ഇരിക്കുന്നതാണ്. സ്ത്രീകളെ പരിഹസിക്കാത്ത, ഓരോരുത്തര്‍ക്കും പ്രാധാന്യമുള്ള, ബഹുമാനം നല്‍കുന്ന വര്‍ക്ക് സ്‌പേസ് ആണ് സാധാരണയായി താന്‍ തിരഞ്ഞെടുക്കാറുണ്ടായിരുന്നത് എന്നാണ് ദിവ്യഭാരതി പറയുന്നത്.തന്നെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത് ഇതൊക്കെ കണ്ടിട്ടും സിനിമയിലെ നായകനായ നടന്‍ എല്ലാം അനുവദിച്ചു കൊണ്ട് മൗനം പാലിച്ച് ഇരിക്കുന്നതാണ്. സ്ത്രീകളെ പരിഹസിക്കാത്ത, ഓരോരുത്തര്‍ക്കും പ്രാധാന്യമുള്ള, ബഹുമാനം നല്‍കുന്ന വര്‍ക്ക് സ്‌പേസ് ആണ് സാധാരണയായി താന്‍ തിരഞ്ഞെടുക്കാറുണ്ടായിരുന്നത് എന്നാണ് ദിവ്യഭാരതി പറയുന്നത്.
‘നമുക്കെല്ലാവർക്കും ഇത്തരത്തിലുള്ള ആത്മീയ ബന്ധം ആവശ്യമാണ്’; ബാലി യാത്രയിലെ വ്യത്യസ്തമായ ആചാരങ്ങളെ കുറിച്ച് നടി സ്വാസിക
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സ്വാസിക. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയായി തുടങ്ങി ഇന്ന് മലയാള സിനിമയിൽ നായികയായും അല്ലാതെയും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്യുന്ന നടിയായി മാറിയിരിക്കുകയാണ് താരം.
മുൻപ് ഒരു അഭിമുഖ പരിപാടിയിൽ ‘രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങണം, അദ്ദേഹം വരുന്നത് വരെ ഭക്ഷണം കഴിക്കാതിരിക്കണം’ തുടങ്ങിയ വിവാഹ സങ്കൽപ്പങ്ങൾ പറഞ്ഞ് സ്വാസിക വലിയ വൈറൽ ആയിരുന്നു. മിനി സ്ക്രീൻ താരം കൂടിയായ പ്രേം ആണ് താരത്തിന്റെ പങ്കാളി . ഇപ്പോഴിതാ ഇരുവരും ബാലി യാത്രയിൽ അനുഭവിച്ച വ്യത്യസ്തമായ ആചാരങ്ങളെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചതാണ് ശ്രദ്ധേയമാകുന്നത്. ബാലിയിലെ ചില ആചാരങ്ങൾ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
‘ബാലിയിലെ ആചാരങ്ങൾ വ്യത്യസ്തമായി തോന്നുന്നു, കാരണം നമുക്കെല്ലാവർക്കും ഇത്തരത്തിലുള്ള ആത്മീയ ബന്ധം ആവശ്യമാണ്. ഇത്തവണ, ഇവിടുത്തെ ആചാരങ്ങൾ ഞങ്ങൾ ശരിയായ രീതിയിൽ അനുഭവിക്കണമെന്ന് ഞങ്ങളുടെ ട്രാവൽ പാർട്ണർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ അവർ ഞങ്ങളെ തിർഥ എംപുലിലേക്ക് കൊണ്ടുവന്നു. ഒരിക്കലും മറക്കാനാവാത്തതും ശരിക്കും അർത്ഥവത്തായതുമായ ഒരു അനുഭവമായിരുന്നു’, സ്വാസിക കുറിച്ചു.
വീട്ടിൽ കുട്ടികളുണ്ടോ? ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കല്ലേ! ഈ രോഗം നിസ്സാരക്കാരനല്ല
കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ മുണ്ടിനീര് രോഗം പടരുന്നു. കോട്ടപ്പടി പഞ്ചായത്തിലാണ് രോഗികൾ കൂടുതലുളളത്. ഇവിടെ ഒരു സ്‌കൂളിലെ തന്നെ മുപ്പതോളം കുട്ടികൾക്ക് മുണ്ടിനീര് പിടിപ്പെട്ടിട്ടുണ്ട്. ഒന്നാം ക്ലാസിലെ കുട്ടികളാണ് ഇതിൽ ഏറെയും. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിൽ സ്‌കൂളിന് അവധി നൽകി. ഒരാഴ്ച മുമ്പാണ് രോഗവ്യാപനം ശ്രദ്ധയിൽപ്പെടുന്നത്. വൈകാതെ തന്നെ നിരവധി കുട്ടികളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തു. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമാണ് സ്‌കൂളിന് അവധി നൽകിയത്.
ലക്ഷണങ്ങൾ അവഗണിക്കരുത്
പതിനെട്ട് വയസിൽ താഴെയുള്ളവരെ പ്രധാനമായും ബാധിക്കുന്ന വൈറസ് രോഗമാണ് മുണ്ടിനീര്. ചിലപ്പോഴൊക്കെ മുതിർന്നവരിലും കാണപ്പെടാറുണ്ട്. സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ഉമിനീരിലൂടെയും ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ വഴി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പ്രവേശിക്കാം. അതിനാൽ രോഗികളുമായും അവർ ഉപയോഗിക്കുന്ന വസ്തുക്കളുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ് പ്രധാന പ്രതിരോധ മാർഗ്ഗം. രോഗം മാറാൻ രണ്ടാഴ്ചവരെ സമയമെടുക്കും. വിശ്രമമാണ് പ്രധാനമായും വേണ്ടത്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. ചികിത്സിച്ചില്ലെങ്കിൽ സങ്കീർണ്ണതകളുണ്ടാകാനും ഭാവിയിൽ കേൾവി തകരാർ, പ്രത്യുത്പാദന തകരാർ തുടങ്ങിയ പ്രത്യഘാതങ്ങൾക്കും സാദ്ധ്യതയുണ്ട്.
- ചെവിയുടെ താഴെ കവിളിന്റെ രണ്ട് വശങ്ങളിലും ഉണ്ടാകുന്ന വീക്കമാണ് പ്രധാന ലക്ഷണം
- നേരിയതോ കടുത്തതോ ആയ പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, വിഴുങ്ങാനും സംസാരിക്കാനും ബുദ്ധിമുട്ട്
- കവിളിൽ വേദനയും അനുഭവപ്പെടാം
‘എത്രമാത്രം സമ്പാദിക്കുന്നുവെന്ന് ചോദിച്ചാൽ, 140 കോടി ജനങ്ങളുടെ അനുഗ്രഹം’; ഹൃദയം കീഴടക്കി സൈനികരോട് ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകൾ
26/11 ഭീകരാക്രമണം, പഹൽഗാം ഭീകരാക്രമണം, അടുത്തിടെയുണ്ടായ ഡൽഹി സ്ഫോടനങ്ങൾ എന്നിവിടങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ഷാരൂഖ് ഖാൻ. വീരമൃത്യു വരിച്ച ജവാന്മാരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുംബൈയിൽ വെച്ച് നടന്ന ഗ്ലോബൽ പീസ് ഓണേഴ്‌സ് 2025 ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ.
’26/11 ഭീകരാക്രമണം, പഹൽഗാം ഭീകരാക്രമണം, അടുത്തിടെയുണ്ടായ ഡൽഹി സ്ഫോടനങ്ങൾ എന്നിവയിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്ക് ആദരാഞ്ജലികൾ. ഈ ആക്രമണങ്ങളിൽ വീരമൃത്യു വരിച്ച നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നു.
രാജ്യത്തെ ധീരരായ സൈനികർക്കും ജവാന്മാർക്കുമായി ഈ മനോഹരമായ വരികൾ ചൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എന്തു ചെയ്യുന്നുവെന്ന് ആരെങ്കിലും ചോദിച്ചാൽ, ഞാൻ രാജ്യത്തെ സംരക്ഷിക്കുന്നു എന്ന് അഭിമാനത്തോടെ പറയുക. എത്രമാത്രം സമ്പാദിക്കുന്നുവെന്ന് ചോദിച്ചാൽ, 140 കോടി ജനങ്ങളുടെ അനുഗ്രഹം നേടുന്നുവെന്ന് പുഞ്ചിരിയോടെ പറയുക. ഭയം തോന്നാറില്ലേ എന്ന ചോദ്യത്തിന് തങ്ങളെ ആക്രമിക്കുന്നവർക്കാണ് ഭയം തോന്നാറുള്ളതെന്ന് പറയുക.
നമുക്കൊന്നിച്ച് സമാധാനത്തിനായി ചുവടുകൾ വെക്കാം. രാജ്യത്തിന്റെ സമാധാനത്തിനുവേണ്ടിയുള്ള നമ്മുടെ വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്. അതിനുവേണ്ടി ചുറ്റുമുള്ള ജാതി, മതം, വിവേചനം എന്നിവ മറന്ന് മനുഷ്യത്വത്തിൻ്റെ പാതയിലൂടെ നടക്കാം. നമുക്കിടയിൽ സമാധാനമുണ്ടെങ്കിൽ ഒന്നിനും ഇന്ത്യയെ ഇളക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ല’, ഷാരൂഖ് പറഞ്ഞു.













