ബിഗ് ബോസ് മലയാളം സീസൺ ഏഴിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. മറ്റു ഭാഷകളിലെല്ലാം കഴിഞ്ഞ വർഷം ബിഗ് ബോസ് ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ പുതിയ സീസൺ എത്തിയിരുന്നില്ല. ഇപ്പോഴിതാ, ബിഗ് ബോസിന്റെ ഏഴാം സീസണുമായി ബന്ധപ്പെട്ട ചില വാർത്തകളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
അടിമുടി പുതുമകളുമായാണ് ബിഗ് ബോസ് മലയാളം സീസൺ 7 എത്തുന്നത് എന്നാണ് റിപ്പോർട്ട്. മുംബൈയിലും ചെന്നൈയിലും ലൊക്കേഷനുകളിലാണ് സാധാരണ ബിഗ് ബോസ് ഷൂട്ട് ചെയ്യാറുള്ളത്. തമിഴ്, ഹിന്ദി ഭാഷാ ബിഗ് ബോസുകൾക്കെല്ലാം സ്ഥിരം ലൊക്കേഷനുകൾ ഉണ്ടെങ്കിലും മലയാളത്തിനു സ്ഥിരമായൊരു ലൊക്കേഷൻ ഇല്ലായിരുന്നു.എന്നാൽ, ആ പ്രശ്നം ഈ സീസണോടെ പരിഹരിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ നിലവിലുള്ള തമിഴ് ബിഗ് ബോസ് വീടുപോലെ, ചെന്നൈയിൽ തന്നെ മലയാളം ബിഗ് ബോസിനും ഇനിമുതൽ സ്വന്തം വീടുണ്ടാകും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
സീസൺ ഏഴിനു വേണ്ടിയുള്ള ബിഗ് ബോസ് വീടിന്റെയും ഒപ്പമുള്ള സ്റ്റുഡിയോയുടെയും നിർമാണം പുരോഗമിക്കുന്നു എന്നും റിപ്പോർട്ടുണ്ട്. സീസൺ ഏഴിനു വേണ്ടിയുള്ള സെലിബ്രിറ്റി ഓഡിഷൻ നടക്കുകയാണ്.ഈ സീസണിൽ മോഹൻലാൽ അവതാരകനായി എത്തുമോ എന്ന കാര്യത്തിൽ ഏറെ സംശയങ്ങൾ നിലനിന്നിരുന്നു. എന്നാൽ സംശയിക്കേണ്ടതില്ല, മോഹൻലാൽ തന്നെയാണ് ഈ സീസണിലെയും ഹോസ്റ്റ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം
ജൂലൈ അവസാനമോ ആഗസ്റ്റ് മാസം ആദ്യമോ ആയി മലയാളം സീസൺ 7 ആരംഭിക്കും എന്നാണ് സൂചന. ഈ മാസം തന്നെ സീസൺ ഏഴിന്റെ ലോഗോ ലോഞ്ച് പ്രതീക്ഷിക്കാം എന്നും റിപ്പോർട്ടുണ്ട്.