കുഞ്ചാക്കോ ബോബൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഒടിടിയിൽ എത്തിയിട്ടും തിയേറ്ററിൽ ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ 13 കോടിയിലധികമാണ് ചിത്രം നേടിയത്. പുറത്തെത്തിയതിന് പിന്നാലെ എല്ലാവരും തെരഞ്ഞത് ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രങ്ങളായി എത്തിയ പുതുമുഖ താരങ്ങളെയാണ്.നടൻ വിശാഖ് നായറും ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രമായി എത്തുന്നുണ്ട്. വിശാഖിനൊപ്പം അഭിനയിച്ചവരെ കുറിച്ചാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഐശ്വര്യ രാജ്, വിഷ്ണു ജി വാര്യർ, ലയ മാമ്മൻ, അമിത് ഈപ്പൻ എന്നിവരാണ് പുതുമുഖ താരങ്ങൾ.
ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ലഹരിമാഫിയ സംഘമായാണ് ഇവർ സിനിമയിൽ എത്തുന്നത്. അഭിനയവും ആക്ഷൻസുംകൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാവുകയാണ് ഇവർ. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ആദ്യ ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവക്കുകയാണ് താരങ്ങൾ.
“മയക്കുമരുന്നുകളെ കുറിച്ചും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറിച്ചും വിശദമായി റിസർച്ച് നടത്തിയിരുന്നു. ലഹരി ഉപയോഗിച്ചവരുടെയും ലഹരിക്കടിമയായിരുന്ന ആളുകളുടെയും ഇന്റർവ്യൂസ് കാണാൻ ഞങ്ങളോട് പറഞ്ഞിരുന്നു. ഒരുപാട് ലൈവ് ഇന്റർവ്യൂസ് കണ്ടു. കുറച്ചധികം റിസർച്ച് ചെയ്തു. ഓരോ ലഹരിക്കും ഓരോ എഫക്ടാണ് ഉണ്ടാവുന്നത്. അങ്ങനെയുള്ള കാര്യങ്ങളൊക്കെ മനസിലാക്കി. അതൊക്കെ സിനിമയ്‌ക്ക് വേണ്ടി ഉപയോഗിച്ചിരുന്നു.നമ്മൾ ഉപയോഗിക്കുന്ന ഡ്രഗ്സ് എങ്ങനെയായിരിക്കും ബാധിക്കുക എന്നതിനെ കുറിച്ച് മനസിലാക്കി. ഗ്ലൂക്കോസ് പൗഡറാണ് മൂക്കിലേക്ക് വലിച്ചുകയറ്റിയിരുന്നത്. കുറച്ച് നേരം കഴിയുമ്പോൾ മൂക്കിനൊരു വേദനയായിരിക്കും. മൂക്കിനകത്ത് മുഴുവൻ ഒട്ടിപ്പിടിച്ചിരിക്കും. പിന്നെ കുറച്ച് നേരെ കഴിയുമ്പോൾ മധുരം പതുക്കെ അകത്തേക്ക് ഇറങ്ങും”- താരങ്ങൾ പറഞ്ഞു
ചാക്കോച്ചനുമായുള്ള ആക്ഷൻസ് രംഗങ്ങൾ ചെയ്തപ്പോൾ ഇടയ്‌ക്ക് അടിയൊക്കെ കിട്ടിയിട്ടുണ്ടെന്ന് ലയ പറഞ്ഞു. ആശുപത്രിയിലുള്ള അടിസീനിൽ തലയ്‌ക്ക് ശരിക്കും അടികിട്ടി. ഭിത്തിയിൽ പിടിച്ചിടിക്കുന്ന സീനിൽ തലയിടിച്ച് മുഴ വന്നിരുന്നു. റിയൽ ഷോട്ടാണ് സിനിമയിലും ഉള്ളത്. ആശുപത്രിയിലൊക്കെ പോയി. ചാക്കോച്ചനും ശരിക്കും അടികിട്ടിയിട്ടുണ്ടെന്നും താരങ്ങൾ പറയുന്നു