ഇക്കഴിഞ്ഞ ദിവസം മലയാളികൾ ഒരുപോലെ കയ്യടിച്ച സോഷ്യൽ മീഡിയ കോൺടെന്റ് ആയിരുന്നു എരഞ്ഞിപ്പാലത്ത് ട്രാഫിക് സിഗ്നലില്‍ വാഹങ്ങള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ നടപ്പാതയിലൂടെ നിയമം ലംഘിച്ചെത്തിയ സ്കൂട്ടര്‍ യാത്രികനെ തടഞ്ഞ പ്രഭാവതിയമ്മയുടെ വീഡിയോ. സംഭവം വൈറലായതിനു പിന്നാലെ സ്കൂട്ടർ ഉടമയ്ക്കെതിരെ കേസെടുക്കുകയും ഇയാളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രഭാവതിയമ്മയെ ആദരിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രഭാവതിയമ്മയെ വീട്ടിലെത്തി സന്ദർശിച്ചത്.
‘സമൂഹത്തിന് മാതൃകയായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരും. ഫുട്പാത്തുകൾ കാൽനടയാത്രക്കാർക്കും വയോജനങ്ങൾക്കും സുരക്ഷിതമായി നടക്കാനുള്ളതാണ്. അവിടെ വാഹനം കയറ്റുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുന്നവരെ കണ്ടെത്തി ആദരിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.’ വിനു ജോസ് പറഞ്ഞു.
അതേസമയം പ്രഭാവതിയമ്മയുടെ ഇടപെടലിനെ ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറും അഭിനന്ദിച്ചു. നിയമം ലംഘിച്ചെത്തിയ സ്കൂട്ടർ യാത്രികനോട് പ്രഭാവതിയമ്മ മാന്യമായാണ് പെരുമാറിയതെന്നും ഫുട്പാത്ത് ആളുകൾക്ക് നടക്കാനുള്ളതാണെന്നും അവർ സ്കൂട്ടർ യാത്രികനോട് പ്രതികരിച്ച രീതി കണ്ടപ്പോൾ ബഹുമാനം തോന്നുന്നിയെന്നും മന്ത്രി പറഞ്ഞു.










