സൗദിക്ക് പുറത്തേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് വിഖായ: സൗദിയിലേക്ക് വരുന്ന വിദേശികളടക്കമുള്ളവർക്ക് പ്രത്യേക നിർദ്ദേശം
റിയാദ്: രാജ്യത്തിനു പുറത്തേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് സൗദി പബ്ളിക് ഹെൽത്ത് അതോറിറ്റി-വിഖായ-നിർദ്ദേശിച്ചു.കോവിഡ് കേസുകളും ഒമിക്രോൺ മ്യൂട്ടൻ്റും വിവിധ രാജ്യങ്ങളിൽ ഉയരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച് റിസ്ക്ക് രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും വിഖായ ആവശ്യപ്പെടുന്നു.അതോടൊപ്പം വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും വിഖായ പ്രത്യേക നിർദ്ദേശം നൽകി.
വാക്സിനെടുത്തിട്ടുണ്ടെങ്കിൽ പോലും സൗദിയിലെത്തി അഞ്ച് ദിവസം സാമൂഹിക കൂടിച്ചേരലുകൾ ഒഴിവാക്കുകയും ശ്വാസ തടസ്സം പോലുള്ള എന്തെങ്കിലും പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിലും ശരീരോഷ്‌മാവ് കൂടുന്നുണ്ടെങ്കിലും കോവിഡ് ടെസ്റ്റ് നടത്തുകയും വേണം.അതിനു പുറമെ മാസ്ക് ധരിക്കുക, ആൾക്കൂട്ടവും പൊതു സ്ഥലങ്ങളും ഒഴിവാക്കുക, കൈകൾ അണുവിമുക്തമാക്കുക, ഹാൻഡ്ഷേക്ക് ഒഴിവാക്കുക എന്നീ മുൻ കരുതൽ നടപടികളും സ്വീകരിക്കണമെന്നും വിഖായ ആവശ്യപ്പെടുന്നു.രണ്ട് ഡോസ് വാകിനേഷനും ബൂസ്റ്റർ ഡോസും സ്വീകരിക്കേണ്ടതിൻ്റെയും പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിൻ്റെയും പ്രാധാന്യവും വിഖായ ഓർമ്മപ്പെടുത്തി.