Spread the love

സ്റ്റാൻഡപ്പ് കോമഡി ഷോയ്‌ക്കിടെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ രൺവീർ അലഹബാദിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാനുള്ള ലൈസൻസാണെന്ന് വിചാരിക്കരുതെന്നും മനസിലെ വൃത്തിക്കേടാണ് പുറത്തുവന്നതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. രൺവീറിന്റെ അറസ്റ്റ് കോടതി താത്ക്കാലികമായി തടഞ്ഞു.

അസം പൊലീസും മുംബൈ പൊലീസും എടുത്ത കേസുകൾ ഒന്നിച്ചാക്കണമെന്ന് ആവശ്യപ്പെട്ട് രൺവീർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരി​ഗണിക്കവെയാണ് പരാമർശം. എന്ത് തരം പരാമർശമാണ് നടത്തിയതെന്ന് എന്തെങ്കിലും ബോധ്യമുണ്ടോയെന്നും സമൂഹത്തെ കുറിച്ച് ഒരു ചിന്തയില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.

യുവതിയുടെ മാതാപിതാക്കളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രജൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രജൂഡാണ് രൺവീറിന് വേണ്ടി ഹാജരായത്.

തനിക്ക് പലയിടത്ത് നിന്നും ഭീഷണിയുണ്ടെന്നും അതിനാൽ സംരക്ഷണം നൽകണമെന്നും രൺവീർ ഹർജിയിൽ പറഞ്ഞു. അന്വേഷണ സംഘം ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കൂടുതൽ പരാമർശങ്ങൾ നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply