കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചിച്ചിരിക്കുന്നത്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 15ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 16, 17 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കുട്ടികൾക്ക് ടീച്ചേഴ്സ് ഒരു ശല്യമെന്ന് പറഞ്ഞപ്പോൾ സ്റ്റാഫ് റൂം കത്തിച്ചിട്ടുണ്ട് ഞാൻ! ചിരിപ്പൂരം ഉറപ്പു നൽകി മരണമാസ്സ് ടീസർ
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്താന്‍ ഇരിക്കെ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്.

https://youtu.be/08PrZzvV4Hk?si=C2ARJJbylWYu45Bz
ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് സമകാലിക സംഭവങ്ങളെ പരാമര്‍ശിക്കുന്ന ടീസര്‍ നല്‍കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.
ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു. രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.
തമിഴ് മരുമകളോടൊപ്പം ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിച്ച് നടി പാർവതി; മലയാള മങ്കയായി തരിണിയും
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബങ്ങളിൽ ഒന്നാണ് ജയറാം- പാർവതിമാരും കുട്ടികളും അടങ്ങുന്ന കുടുംബം. മകളായ ചക്കിയുടെയും ഇളയ മകനും നടനുമായ കാളിദാസന്റെയും വിവാഹവും ചടങ്ങുകളുമൊക്കെ ഈയടുത്ത് മാധ്യമങ്ങൾ വലിയ ആഘോഷമാക്കിയിരുന്നു.
തമിഴ്നാട്ടിലെ സമീന്ദർ കുടുംബത്തിൽ നിന്നുമുള്ള മോഡലും ബിസിനസ്സുകാരിയുമായ തരിണിയേയാണ് കണ്ണൻ എന്ന് വിളിപ്പേരുള്ള കാളിദാസൻ വിവാഹം ചെയ്തത്. ഇപ്പോഴിതാ മരുമകളോടൊപ്പം ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുന്ന പാർവതിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ സ്നേഹത്തോടെ മലയാളികൾ വൈറലാക്കുന്നത്.
ഗായകൻ എംജി രാധാകൃഷ്ണന്റെ വീട്ടിലാണ് പാർവതിയും കുടുംബവും പൊങ്കാലയിട്ടത്. കഴിഞ്ഞ വർഷം മക്കളുടെ കല്യാണതിരക്കായതിനാൽ എത്താൻ പറ്റിയില്ല. ഇന്നലെ ക്ഷേത്രത്തിൽ പോയിരുന്നു. മുമ്പത്തേത് പോലെയല്ല, ഇപ്പോൾ ക്ഷേത്രത്തിൽ അടുക്കാൻ പറ്റാത്തത്ര തിരക്കാണ്. താരിണിയുടെ ആദ്യത്തെ പൊങ്കാലയാണ്. പറഞ്ഞ് കേട്ടപ്പോൾ വരണമെന്ന് വലിയ ആഗ്രഹമായിരുന്നു. എല്ലാ വർഷവും പൊങ്കാലയിടാൻ സാധിക്കട്ടെയെന്നാണ് പ്രാർത്ഥന. അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും” പാർവതി പറഞ്ഞു.
സൗന്ദര്യയും ആ നടനും തമ്മിൽ യാതൊരു തർക്കവും ഉണ്ടായിട്ടില്ല! നടിയുടെ മരണം കൊലപാതകമെന്ന ആരോപണം തള്ളി ഭർത്താവ്
വളരെ കുറച്ചു പടങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയായിരുന്നു സൗന്ദര്യ. എന്നാൽ തെന്നിന്ത്യൻ ആരാധകർ താരത്തെ ആസ്വദിച്ച് തുടങ്ങും മുൻപേ വിധി വില്ലനായെത്തുകയായിരുന്നു. എന്നാൽ 2004ൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ സൗന്ദര്യയ്ക്ക് സംഭവിച്ച വിമാന അപകടം സ്വാഭാവികം അല്ലെന്നും കൊലപാതകം ആണെന്നും ആരോപിച്ച് കഴിഞ്ഞദിവസം ഒരാൾ രംഗത്ത് എത്തിയിരുന്നു.
സൗന്ദര്യയുടേത് കൊലപാതകമാണെന്നും അതിൽ തെലുങ്ക് മോഹൻ ബാബുവിന് പങ്കുണ്ടെന്നുമായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ വ്യക്തിയുടെ ആരോപണം. ഒരു സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാലിപ്പോൾ പരാതിക്കാരൻ ആരോപിക്കും പോലെ തന്റെ ഭാര്യയുടെ മരണത്തിൽ മോഹൻ ബാബുവിന് പങ്കുണ്ടെന്ന കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ന്ദര്യയുടെ ഭർത്താവ് ജി എസ് രഘു.
നടനുമായി ഞങ്ങൾക്ക് ഒരു ഭൂമി ഇടപാടുകളും ഉണ്ടായിരുന്നില്ല. തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. മോഹൻ ബാബുവും എന്റെ കുടുംബവുമായി നല്ല ബന്ധമാണ്. കഴിഞ്ഞ 25 വർഷമായി എനിക്ക് മോഹൻ ബാബു സാറിനെ നന്നായി അറിയാം. ഞങ്ങൾ ഒരു കുടുംബം പോലെ ജീവിക്കുന്നവരാണ്. തെറ്റായ വാർത്തകൾ ദയവായി പ്രചരിപ്പിക്കാതിരിക്കുക- എന്ന് സൗന്ദര്യയുടെ ഭർത്താവ് രഘു പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന
മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. കാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീണത്. ചിലത് മരക്കൊമ്പുകളില്‍ തൂങ്ങികിടക്കുകയും ചെയ്തു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക നിഗമനം. നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചതോടെ വിദഗ്ധ പരിസോധനക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ രാമൻകുട്ടിയുടെ നിർദേശിച്ചു. വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.
5 പേരെക്കൂടാതെ ബന്ധുവായ മറ്റൊരു പെൺകുട്ടിയും അഫാന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നു; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിർണായക വിവരം
അഞ്ചുപേരെക്കൂടാതെ ബന്ധുവായ മറ്റൊരു പെൺകുട്ടിയെയും കൊലപ്പെടുത്താൻ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ബന്ധുവായ പെൺകുട്ടിയെയും പിതൃമാതാവിനെയും കൊന്നതിനുശേഷം സ്വർണം തട്ടിയെടുക്കാനാണ് അഫാൻ ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന.
പെൺകുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും ഇത് വിജയിച്ചില്ല. കടമായി മാല നൽകാമോയെന്നും ക്ളാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാൽ മതിയെന്നും അപ്പോൾ തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും കടം നൽകാൻ പറ്റില്ലെന്ന് പറഞ്ഞ് പെൺകുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. മാതാവ് ഷെമിയെക്കൊണ്ട് പെൺകുട്ടിയിൽ നിന്ന് മാല വാങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് പിതൃമാതാവ് സൽമാ ബീവിയുടെ മാല തട്ടിയെടുക്കാൻ അഫാൻ ലക്ഷ്യമിട്ടത്
അഫാനുമായി കഴിഞ്ഞദിവസം രണ്ടാംഘട്ട തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിന്റെ എസ് എൻ പുരത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനായി ബോംബ് സ്‌ക്വാഡിനെയും എത്തിച്ചിരുന്നു. കൊലയ്ക്ക് ശേഷം വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായാണ് ബോംബ് സ്‌ക്വാഡിനെ എത്തിച്ചത്. പരിശോധനയിൽ ഫോൺ കണ്ടെത്തി. അഫാനെ ഇന്നലെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. അടുത്ത കേസിന്റെ തെളിവെടുപ്പിനായി വെള്ളിയാഴ്‌ച അഫാനെ കസ്റ്റഡിയിൽ വാങ്ങാനാണ് വെഞ്ഞാറമൂട് പൊലീസിന്റെ തീരുമാനം.
അതേസമയം, അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന മാതാവ് ഷെമി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നാണ് ഡിസ്‌ചാർജ് ചെയ്തത്. തുടർചികിത്സ വേണ്ടതിനാൽ ഷെമിയെ വെഞ്ഞാറമൂട് അഗതി മന്ദിരത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
കള്ളത്തരം പറഞ്ഞ് നിങ്ങളെ പറ്റിക്കേണ്ട ആവശ്യമില്ല; തനിക്ക് നിറം വച്ചതിനെ കുറിച്ച് സീരിയൽ താരം അമൃത
കാലങ്ങളായി മലയാള ടെലിവിഷൻ മേഘലയിൽ സജീവമായി നിൽക്കുന്ന താരമാണ് അമൃത നായർ. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ കരിയർ ബ്രേക്ക് ലഭിച്ച അമൃത, വിവിധ ടെലിവിഷൻ ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വ്ലോഗിലും സജീവമായ അമൃത തന്റെ ചെറിയ വലിയ കാര്യങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സ്കിൻ സീക്രട്ടിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
പഴയ ഫോട്ടോകളൊക്കെ കണ്ട് ഇതെങ്ങനെ ഇത്രയും മാറി എന്ന് നിരവധി പേർ ചോദിക്കുന്നുണ്ടെന്ന് അമൃത നായർ പറയുന്നു. പലരും ഗ്ലൂട്ടാത്തയോണിനെ കുറിച്ചാണ് ചോദിക്കുന്നതെന്നും എല്ലാവർക്കുമുള്ളൊരു മറുപടിയാണിതെന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്
“എട്ട്, ഒൻപത് വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടോസ് ആണ് നിങ്ങൾ പലയിടത്തും കണ്ടിട്ടുള്ളത്. അന്നൊന്നും സ്കിൻ കെയർ കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഫിനാൻഷ്യൽ ബാക്ഗ്രൗണ്ടില്ലായിരുന്നു. അതേപറ്റി പറഞ്ഞ് തരാനും ആരുമില്ല. ഇന്റസ്ട്രിയിൽ വന്നതിന് ശേഷമാണ് ഗ്ലൂട്ടാത്തയോണിനെ കുറിച്ചൊക്കെ അറിയുന്നത്. സ്‌കിന്‍ കെയര്‍ കൃത്യമായി ചെയ്താല്‍ റിസല്‍ട്ടുണ്ടാവും. നല്ല മാറ്റം വരും. ഫെയ്‌സ് വാഷും, സണ്‍ സ്‌ക്രീനുമൊക്കെ കൃത്യമായി ഉപയോഗിക്കണം. ഗ്ലൂട്ടാത്തയോണ്‍ ട്രീറ്റ്‌മെന്റും നല്ലതാണ്. ഗ്ലൂട്ടാത്തയോൺ എട്ട്, ഒൻപ് മാസമായി ഞാൻ ഉപയോഗിക്കുന്നുണ്ട്. അമ്മയും ഇത് കഴിക്കുന്നുണ്ട്. കള്ളത്തരം പറഞ്ഞ് എനിക്ക് നിങ്ങളെ പറ്റിക്കേണ്ട ആവശ്യമില്ല. എനിക്ക് വന്ന മാറ്റമാണ് പറയുന്നത്. അത് കഴിച്ചാൽ പത്ത്, ഇരുപത് ദിവസം കൊണ്ട് ഒരുമാറ്റവും വരില്ല. മൂന്ന് മാസമെങ്കിലും ഉപയോഗിച്ചിട്ടെ കാര്യമുള്ളൂ. എന്റെ മുഖത്ത് മുഖക്കൂരുവിന്റെ നല്ല പാടുണ്ടായിരുന്നു. ഒരുപരിധിയുടെ അപ്പുറം വരെ മാറ്റി തന്നത് ഇതാണ്”, എന്നാണ് അമൃത പറയുന്നത്. വീഡിയോയ്ക്ക് താഴെ പിന്തുണച്ചും വിമർശന കമന്റുകളും വരുന്നുണ്ട്. പ്രമോഷൻ വീഡിയോ ആണെന്നാണ് വിമർശന കമന്റ് ചെയ്യുന്നവർ പറയുന്നത്.
‘മാർക്കോ’ മുഴുവൻ കാണാൻ കഴിയാതെ താനും ഗർഭിണിയായ ഭാര്യയും ഇറങ്ങി; വെളിപ്പെടുത്തി തെലുങ്ക് യുവ താരം
മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രമായി വിശേഷിപ്പിക്കപ്പെട്ട മാര്‍ക്കോയ്ക്ക് ടെലിവിഷന്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റേതായിരുന്നു തീരുമാനം. യു അല്ലെങ്കിൽ യു/ എ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തിലേക്ക് മാറ്റാൻ പറ്റാത്തത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. ഇപ്പോഴിതാ ചിത്രം തിയറ്ററില്‍ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് തെലുങ്ക് യുവതാരം കിരണ്‍ അബ്ബാവാരം.
സിനിമകള്‍ പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് മാര്‍ക്കോ കണ്ടിരുന്നോ എന്ന് കിരണിന് നേരെ ചോദ്യം എത്തിയത്. “മാര്‍ക്കോ ഞാന്‍ കണ്ടു. പക്ഷേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതി നടക്കവെ തിയറ്ററില്‍ നിന്ന് ഞാന്‍ ഇറങ്ങിപ്പോന്നു. ചിത്രത്തിലെ വയലന്‍സ് എന്നെ സംബന്ധിച്ച് കുറച്ച് കൂടുതല്‍ ആയിരുന്നു. ഭാര്യയ്ക്കൊപ്പമാണ് ഞാന്‍ പടം കാണാന്‍ പോയത്. അവള്‍ ഗര്‍ഭിണി ആയിരുന്നു. സിനിമ ഞങ്ങള്‍ക്ക് ദഹിച്ചില്ല. അതിനാല്‍ ഇറങ്ങിപ്പോന്നു. അവള്‍ക്കും ആ ചിത്രം കണ്ടിരിക്കല്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല”, ചിത്രത്തിന്‍റെ പ്രീ ക്ലൈമാക്സിന് മുന്‍പേ തങ്ങള്‍ തിയറ്റര്‍ വിട്ടിറങ്ങിയെന്നും കിരണ്‍ അബ്ബാവാരം പറയുന്നു.
“സിനിമ ആളുകളെ സ്വാധീനിക്കും. സ്ക്രീനില്‍ എന്താണോ കണ്ടത് ഒരു മൂന്ന് ദിവസത്തേക്കെങ്കിലും അത് നമ്മുടെ മനസില്‍ കിടക്കും. എല്ലാവരുടെയും മനോനില ഒന്നാവണമെന്നില്ല. സിനിമ സിനിമയായി മാത്രം കാണുന്നവര്‍ ഉണ്ടാവും. എന്നാല്‍ അതില്‍ നിന്ന് ചിലതൊക്കെ സ്വാംശീകരിക്കുന്ന പ്രേക്ഷകരും ഉണ്ട്. സിനിമ ഇന്ന് എന്നെ സ്വാധീനിക്കുന്നില്ല. എന്നാല്‍ കൌമാരത്തിലും ഇരുപതുകളുടെ തുടക്കത്തിലുമൊന്നും ഞാനും സിനിമയാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്”, കിരണ്‍ അബ്ബാവാരം പറഞ്ഞവസാനിപ്പിക്കുന്നു.
വിശപ്പും ക്ഷീണവും ഉറക്കവും അവൾക്കില്ല! ഒരു വേദനയും ശരീരത്തിൽ ഏൽക്കുന്നുമില്ല; ശാസ്ത്രത്തെ ഞെട്ടിച്ച് പെൺകുട്ടി
സൂചി കുത്തിയാൽ വേദനിക്കാത്തവരുണ്ടോ? സൂചിയെന്നല്ല, മഴുവെടുത്ത് വെട്ടിയാലും വേദന അറിയാത്ത ഒരാളുണ്ട്. ലോകത്തിന് മുഴുവൻ അത്ഭുതമായ ബാലിക. വേദന അറിയില്ലെന്ന് മാത്രമല്ല, വിശപ്പും ദാഹവും ക്ഷീണവും എന്താണെന്ന് ഒലീവിയ ഫാൻസ്വർത്തിന് ഇതുവരെയും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല.വൈദ്യശാസ്ത്രം അമ്പരപ്പോടെ നോക്കിക്കാണുന്ന കുട്ടിയാണ് ഒലീവിയ.
യുകെയിൽ നിന്നുള്ള ഈ പെൺകുട്ടി ഒരു ‘മെഡിക്കൽ മാർവൽ’ ആണെന്ന് ആരോഗ്യവിദഗ്ധർ വിശേഷിപ്പിക്കുന്നു. വേദനയും വിശപ്പും ക്ഷീണവും അനുഭവിക്കാൻ കഴിയാത്ത മറ്റൊരാൾ ഈ ലോകത്തില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഈ മൂന്ന് അവസ്ഥകളിലൂടെയും ഒരേസമയം കടന്നുപോകുന്ന ഏക വ്യക്തിയാണ് ഒലീവിയ.കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ഒലീവിയയുടെ അതിജീവനം അത്ര നിസാരമല്ല. വേദന അറിയില്ലെന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. അതിനാൽ 24 മണിക്കൂറും ഒലീവിയയെ നിരീക്ഷിക്കേണ്ട അവസ്ഥയിലാണ് വീട്ടുകാർ.
വിശപ്പും ക്ഷീണവും മകൾക്കില്ലെന്ന് കുഞ്ഞുനാൾ മുതൽ തന്നെ വീട്ടുകാർ മനസിലാക്കിയിരുന്നു. വിശപ്പറിയാത്തതിനാൽ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിപ്പിക്കും. പോഷകാഹാരക്കുറവ് ബാധിക്കാതിരിക്കാൻ ആവശ്യമായ ആഹാരം കൃത്യസമയത്ത് ഒലീവിയക്ക് നൽകും.ക്ഷീണം അനുഭവപ്പെടാത്തതിനാൽ സ്വാഭാവികമായ ഉറക്കം ഈ പെൺകുട്ടിക്ക് ലഭിക്കില്ല. കൈക്കുഞ്ഞായിരുന്നപ്പോൾ പോലും ദിവസവും 2 മണിക്കൂറിൽ കൂടുതൽ ഉറങ്ങുമായിരുന്നില്ലെന്ന് അമ്മ പറയുന്നു. മരുന്ന് കഴിച്ചെങ്കിൽ മാത്രമേ ഉറങ്ങൂ. മൂന്ന് ദിവസം വരെ ഉറങ്ങാതിരുന്നാലും ഒരു കുലുക്കവും ഒലീവിയക്ക് ഉണ്ടാകാറില്ല. ആരോഗ്യമുള്ള ജീവിതത്തിന് ഭക്ഷണത്തിനൊപ്പം ഉറക്കവും ആവശ്യമാണെന്നതിനാൽ ദിവസവും മരുന്നുകളുടെ സഹായത്തോടെ ഉറങ്ങുകയാണ് ഒലീവിയ.
മകൾക്ക് വേദന അറിയുന്നില്ലെന്ന വസ്തുത അവളുടെ ഏഴാം വയസിലാണ് തിരിച്ചറിഞ്ഞതെന്ന് അമ്മ പറയുന്നു. ഒരിക്കൽ അവളെ കാറിടിച്ചു. ഏതാനും മീറ്റർ ദൂരം അവളെ വലിച്ചിഴച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും അവിടെ നിന്ന് വളരെ നിസാരമായി എഴുന്നേറ്റ് നടന്നുവരുന്ന ഒലീവിയയെ കണ്ട് വീട്ടുകാർക്ക് വിശ്വസിക്കാനായില്ല.ജനിതകമായ വൈകല്യങ്ങളാണ് ഒലീവിയയുടെ അവസ്ഥയ്‌ക്ക് കാരണമെന്നാണ് കണ്ടെത്തൽ. chromosome 6p deletion എന്നതാണ് അവളുടെ അവസ്ഥ. അതായത്, ഒരു വിഭാഗം ക്രോമസോം ഒലീവിയയുടെ ശരീരത്തിൽ ഇല്ല. അതുകൊണ്ട് പല സെൻസേഷനുകളും അനുഭവിക്കാൻ ഒലീവിയക്ക് സാധിക്കുന്നില്ല.യുകെയിലെ ഹഡ്ഡർസ്ഫീൽഡിൽ താമസിക്കുന്ന ഈ പെൺകുട്ടിയെ ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള ആരോഗ്യവിദഗ്ധരും പഠനവിധേയമാക്കാറുണ്ട്. ഒലീവിയയുടെ രോഗത്തിന് ചികിത്സയില്ലെന്നതാണ് വസ്തുത. ‘സാധാരണ ജീവിതം’ നയിക്കാൻ കഴിയുന്നത്ര അവളെ പര്യാപ്തമാക്കുകയാണ് ഡോക്ടർമാർ.
സൗഹൃദം വേണം എന്നാലേ ആവശ്യം വന്നാൽ അവർ വരൂ; പക്ഷേ കുട്ടികളുടെ സുഹൃത്ത് ആകരുത്: പാരന്റിംഗിനെ കുറിച്ച് അഭിഷേക് ബച്ചൻ
പേരന്‍റിംഗ് എന്നത് വലിയ വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന് പറയാറുണ്ട്. ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയും മറ്റ് സാങ്കേതികവിദ്യകളുമായൊക്കെ എക്സ്പോഷര്‍ ഉള്ള, ഇന്‍ഫോംഡ് ആയ മക്കളും മാതാപിതാക്കളും തമ്മിലുള്ള ജനറേഷന്‍ ഗ്യാപ്പ് വളരെ വലുതാണെന്നതാണ് യാഥാര്‍ഥ്യം. അവരോട് സൗ ഹൃദത്തോടെ ഇടപെട്ടാല്‍ മാത്രമേ അവര്‍ തങ്ങളുടെ പ്രശ്നങ്ങളും മറ്റും രക്ഷിതാക്കളുമായി പങ്കുവെക്കൂ എന്ന് കൗണ്‍സിലര്‍മാരും മറ്റും എടുത്ത് പറയാറുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍.
ഇന്നത്തെ കാലത്ത് രക്ഷിതാവും കുട്ടിയുമായുള്ള ബന്ധം കൂടുതല്‍ സൗഹാര്‍ദ്ദപരമാണെന്നും എന്നാല്‍ അതൊരു സൗഹൃദത്തിലേക്ക് പോകേണ്ടതുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അഭിഷേക് ബച്ചന്‍ പറയുന്നു. “നിങ്ങള്‍ നിങ്ങളുടെ കുട്ടിയോട് സൗഹൃദത്തോടു കൂടിത്തന്നെയേ ഇടപെടാവൂ. എന്നാല്‍ നിങ്ങള്‍ക്ക് അവരുടെ സുഹൃത്ത് ആവാന്‍ കഴിയില്ല. നിങ്ങള്‍ അവരുടെ രക്ഷിതാവാണ്. അവരെ സംരക്ഷിക്കുകയും വഴി കാട്ടുകയുമാണ് നിങ്ങളുടെ ഉത്തരവാദിത്തം. എന്നാല്‍ സൗഹാര്‍ദ്ദപൂര്‍ണ്ണമായിരിക്കണം നിങ്ങളുടെ ഇടപെടലുകള്‍. എന്നാല്‍ മാത്രമേ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നിങ്ങളെ സമീപിക്കാന്‍ അവര്‍ക്ക് തോന്നൂ. എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ ആദ്യം വിളിക്കാന്‍ തോന്നുന്ന ആളായി നിങ്ങള്‍ മാറുകയുള്ളൂ. എന്നാല്‍ ആത്യന്തികമായി നിങ്ങള്‍ ഒരു രക്ഷിതാവാണെന്ന് മറന്നുപോകരുത്. കുട്ടികള്‍ക്കും ആ വ്യത്യാസം മനസിലാവണം. ഇതാണ് എന്‍റെ വിശ്വാസം”, അഭിഷേക് ബച്ചന്‍ പറഞ്ഞു.
രക്ഷിതാവായി മാറുമ്പോള്‍ ഒരുപാട് പേര്‍ തങ്ങളുടെ ഉപദേശങ്ങളുമായി രംഗത്തെത്തുമെന്നും എന്നാല്‍ ഇത് സ്വയം കണ്ടെത്തലിന്‍റെ ഒരു യാത്രയാണെന്നും ഓരോരുത്തരും അവരവരുടേതായ തെറ്റുകള്‍ വരുത്തുമെന്നും അഭിഷേക് ബച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഹൌസ്‍ഫുള്‍ 5, ബി ഹാപ്പി എന്നിവയാണ് അഭിഷേക് ബച്ചന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.