Home Blog Page 102

വിവാഹമോചനം എളുപ്പമാണെന്ന് പറയുന്നില്ല, പക്ഷേ ഈ നശിച്ച സ്നേഹം കൊണ്ട് നിങ്ങൾ മരിച്ചു പോകരുത്! കുറിപ്പുമായി അശ്വതി

0
Spread the love

ഗാർഹിക പീഡനത്തെത്തുടർന്ന് സ്വയം ഇല്ലാതാകുന്നതും കൊല്ലപ്പെടുന്നവരുമായ സ്ത്രീകളുടെ കണക്കിൽ പ്രബുദ്ധ കേരളവും മുന്നേറുകയാണ്. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഇരയായിരുന്നു ഷാര്‍ജയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ. ഇപ്പോഴിതാ അതുല്യയുടെ മരണത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. വിവാഹ മോചനം ഒരു തോൽവിയല്ല, മറിച്ച് അവനവനെ തിരഞ്ഞെടുക്കാനുള്ള അവസരമാണെന്നും നശിച്ച സ്നേഹം കൊണ്ട് ആരും മരിച്ചുപോകരുതെന്നും പറയുകയാണ് അശ്വതി.

അശ്വതിയുടെ പോസ്റ്റിന്റെ പൂർണരൂപം:

”ആഹാ…കേൾക്കാൻ തന്നെ എന്താ സുഖം ! അവൾ എന്റെയല്ലേന്ന്. വൈകി വന്ന മകളെ അച്ഛൻ കൊന്ന വാർത്തയ്ക്ക് താഴെ ഭർത്താവ് ചെയ്യേണ്ടത് അച്ഛൻ ചെയ്തെന്ന് അഭിമാനം കൊള്ളുന്ന അനേകം കമന്റുകൾ കണ്ടതോർക്കുന്നു. പെണ്ണുങ്ങളെ നന്നാക്കാൻ ഇടയ്ക്ക് ഒരെണ്ണം കൊടുക്കേണ്ടത് ഭർത്താവിന്റെയും ആങ്ങളയുടെയും ഒക്കെ ഉത്തരവാദിത്വം ആണല്ലോ.

ഭാര്യയെ ഇടയ്ക്കിടെ തല്ലുന്ന വിദ്യാ സമ്പന്നനായ ഭർത്താവ് വളരെ നിഷ്കളങ്കമായി ചോദിച്ചതാണ്- എനിക്ക് ദേഷ്യം വരാതെ നോക്കേണ്ടത് അവളല്ലേ എന്ന്. എന്നിട്ടും ഈ നിയന്ത്രണമില്ലാത്ത ദേഷ്യം അബ്നോർമൽ ആണെന്ന് കക്ഷിയ്ക്ക് മനസിലായിട്ടില്ല. മകന്റെ ദേഷ്യത്തെ ‘അവന്റെ അച്ഛന്റെ അതേ പ്രകൃതമെന്ന്’ ഗ്ലോറിഫൈ ചെയ്യുന്ന ഒരമ്മ കൂടിയായപ്പോൾ ആ പെൺകൊച്ചിന്റെ ജീവിതം ഒരു വഴിക്കായി. എന്നാൽ ഇറങ്ങി പോരുമോ- ഇല്ല. ഈ ചുരുളിയ്ക്കപ്പുറം ലോകമുണ്ടെന്ന് പറഞ്ഞാലും വരില്ല. പരിചയമില്ലാത്ത ആ ലോകത്തെക്കാൾ ഭേദം പരിചയമുള്ള ഈ അപകടങ്ങളാണെന്ന് ബ്രെയിൻ വിശ്വസിപ്പിക്കും. അത് കൺവിൻസ് ചെയ്യാൻ വല്ലപ്പോഴും കിട്ടുന്ന സ്നേഹത്തെ അത് ഉയർത്തി പിടിക്കും.

എന്നുമെന്ന വണ്ണം ആരെങ്കിലുമൊക്കെ വന്നു ചോദിക്കും പുള്ളിക്കാരൻ മാറിയെന്നാണ് പറയുന്നത് – ഞാൻ ഒരവസരം കൂടി കൊടുത്താലോ എന്ന്. ശരിക്കും ഉള്ളിന്റെ ഉള്ളിൽ എന്താ തോന്നുന്നതെന്ന് ചോദിച്ചാൽ വല്യ പ്രതീക്ഷ വയ്ക്കേണ്ടെന്നാണ് തോന്നൽ എന്ന് അവർ തന്നെ പറയും. എന്നിട്ടോ? ആതോന്നൽ വക വയ്ക്കാതെ പരിചയമുളള അപകടത്തിലേയ്ക്ക് വീണ്ടും ഇറങ്ങിപ്പോകും. ഭർത്താവിന്റെ ഉപദ്രവം സഹിക്ക വയ്യാതെ വീട് വിട്ടിറങ്ങി ആത്മഹത്യയ്ക് ഒരുങ്ങിയൊരു കൂട്ടുകാരിയ്ക്ക് ആ നേരമെല്ലാം കൂട്ട് ഇരുന്നിട്ട്, ഭർത്താവ് വന്നു വിളിച്ചപ്പോൾ ഇറങ്ങിപ്പോയെന്ന് മാത്രമല്ല, കൂടെ നിന്നവരെയെല്ലാം ബ്ലോക്ക് കൂടി ചെയ്തു. ഇനിയൊരു പ്രശ്നം വന്നാൽ തിരികെ വരാൻ ഒരിടം പോലുമില്ലാത്ത വിധമാണ് പലരും അബ്യൂസറിനൊപ്പം വീണ്ടും പോകുന്നത്. ഇനി അവന്റെ കൂടെ പോയാൽ തിരികെ ഇങ്ങോട്ട് കയറണ്ട എന്ന് അച്ഛൻ വാശി പിടിച്ചത് കൊണ്ട് മാത്രം വീണ്ടും പോകാതെ, ജീവിതം തിരിച്ച് പിടിച്ച വളരെ അടുത്ത സുഹൃത്തുണ്ട്.

സ്ത്രീകൾ മാത്രമല്ല, ഈ സിസ്റ്റത്തിന്റെ വിക്ടിം ആവുന്ന ഒരുപാട് പുരുഷന്മാരുമുണ്ട്. സ്ത്രീകൾക്ക് വേണ്ടി ഇന്ന് ആളുകൾ സംസാരിക്കുന്നുണ്ടെങ്കിൽ അത് പല തലമുറകൾ നിലവിളിച്ച് ഉണ്ടാക്കിയെടുത്ത ശബ്ദമാണ്. Patriarchal society യിൽ അതിന്റെ ഗുണമനുഭവിക്കുന്ന പുരുഷന്മാരോളം തന്നെ അതിന്റെ ദൂഷ്യം അനുഭവിക്കുന്ന പുരുഷന്മാരുമുണ്ട്. പെണ്ണുങ്ങൾ ആരോടെങ്കിലും സങ്കടം പറയും, സഹായം തേടും, അബലയെന്ന ടാഗ് ഓൾറെഡി ഉള്ളതുകൊണ്ട് വാ വിട്ട് നിലവിളിക്കും. എന്നാൽ മദ്യമല്ലാതെ മറ്റൊരു കോപ്പിങ് മെക്കാനിസവും അറിയാത്ത പുരുഷന്മാരാണ് അധികവും. ഇമോഷൻസ് എക്സ്പ്രസ്സ് ചെയ്ത ഭർത്താവിനെ നട്ടെല്ലില്ലാത്തവൻ എന്ന് വിശേഷിപ്പിക്കുന്ന ഭാര്യമാരെ, സമ്പാദിക്കുന്നതിന്റെ അളവ് അനുസരിച്ച് മാത്രം പുരുഷന് വില കൊടുക്കുന്ന സ്ത്രീകളെ ഒക്കെ പതിവായി കാണാറുണ്ട്. ഭർത്താവിനെ വീടിനുള്ളിൽ അസഭ്യം മാത്രം പറയുന്ന ഭാര്യ പുറത്ത് കുലസ്ത്രീയായിരുന്നു. പുറത്ത് പറഞ്ഞാൽ ലോകം മുഴുവൻ കഴിവ് കെട്ടവനെന്ന് വിളിച്ചേക്കുമെന്ന് ഭയന്ന് എന്നെന്നേക്കുമായി ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്ന അനേകം പുരുഷന്മാരുമുണ്ട്. പല ബന്ധങ്ങളിലും അബ്യൂസർ ആദ്യം ചെയ്യുന്നത് നമ്മുടെ ആത്മാഭിമാനം തകർത്ത് അവനവനിലെ വിശ്വാസം ഇല്ലാതാക്കുക എന്നതാണ്. അവരില്ലാതെ ജീവിക്കരുതല്ലോ.

ഒരാൾ നമുക്ക് ചേർന്നതല്ലെന്ന് തോന്നിയാൽ – ആ ഒരാൾ ചേരുന്നില്ല എന്ന് മാത്രമാണ് അർത്ഥം. കോടിക്കണക്കിന് മനുഷ്യരുള്ള ഈ ലോകത്ത് ആ ഒരാൾ നമുക്ക് ചേർന്നതല്ല എന്ന് മാത്രം. അതിനപ്പുറം ജീവിതമുണ്ട്. ഇരുപതാം വയസ്സിൽ എടുത്തൊരു തീരുമാനത്തെ ന്യായീകരിക്കാനാണോ നിങ്ങളൊരു ബന്ധത്തിൽ നിൽക്കുന്നത്? എന്നോ ഉണ്ടായിരുന്ന സ്നേഹത്തിന്റെ പ്രേതത്തെ കാത്താണോ നിങ്ങൾ ഇതിൽ നിൽക്കുന്നത്? ഭയമെന്ന വികാരമില്ലാതെ സ്നേഹത്തെക്കുറിച്ച് ഓർക്കാൻ സാധിക്കുന്നുണ്ടോ? എപ്പോഴും അലർട്ട് ആയി സർവൈവൽ മോഡിലാണോ ജീവിക്കുന്നത് ? ശരിക്കുള്ള നിങ്ങൾ എങ്ങനെയാണെന്ന് ഓർക്കാൻ കഴിയുന്നുണ്ടോ? മക്കളുടെ ഭാവിയെക്കരുതി? നാട്ടുകാരെ ഭയന്ന് ? തിരികെ പോകാൻ ഇടമില്ലാഞ്ഞിട്ട് ? ഇതൊക്കെ അതിജീവിച്ച അനേകായിരങ്ങൾ നമ്മുടെ ചുറ്റുമുണ്ട്. എളുപ്പമാണെന്ന് പറയുന്നില്ല, പക്ഷേ വിവാഹ മോചനം ഒരു തോൽവിയല്ല, അവനവനെ തിരഞ്ഞെടുക്കാനുള്ള ഒരവസരമാണ്. എല്ലാ ബന്ധങ്ങൾക്കും ഒരു എക്സിറ്റ് ക്ലോസ് ഉണ്ടാവണമെന്ന് മറക്കരുത്. ഈ നശിച്ച സ്നേഹം കൊണ്ട് നിങ്ങൾ മരിച്ചു പോകരുത്”.

അങ്ങനെയൊക്കെ ഉണ്ടായിട്ടും ഇപ്പോഴും ദിലീപേട്ടൻ നിലനിൽക്കുന്നുണ്ടെങ്കിൽ അതിനകത്ത് സത്യമുണ്ടായിരിക്കണം; നടി അനുശ്രീ

0
Spread the love

നടൻ ദിലീപിന് സിനിമാ ഇൻഡസ്ട്രിയിലെ വളരെ കുറച്ച് നായികമാരുമായിട്ടേ അടുത്ത സൗഹൃദമുള്ളൂ. നടി മമത മോഹൻദാസ്, നയൻ‌താര, മീര ജാസ്മിൻ, നമിത പ്രമോദ് തുടങ്ങിയവർ ഇക്കൂട്ടത്തിലുള്ളവരാണ്. ഇപ്പോഴിതാ നടനുമായി പ്രൊഫഷൻ ബന്ധങ്ങൾക്കപ്പുറം അടുപ്പമുണ്ടെന്നും തനിക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും തുറന്നു പറയുകയാണ് നടി അനുശ്രീ. ഒരാളോട് സഹകരിക്കുന്ന കാര്യമാണ് ദിലീപിൽ നിന്നും പഠിക്കാനുള്ളതെന്നും നടൻ തനിക്ക് കുടുംബം പോലെയാണെന്നും അനുശ്രീ പറയുന്നു.

‘ദിലീപേട്ടൻ കുടുംബം പോലെയാണ്. എന്തുണ്ടെങ്കിലും അതിനി വിഷമമാണെങ്കിലും സങ്കടം ആണെങ്കിലും എന്തും പറയാനായിട്ട് എനിക്ക് സ്പേസ് തന്നിരിക്കുന്ന ഒരാളാണ്. ചന്ദ്രേട്ടനാണ് ഞങ്ങൾ ചെയ്ത മൂവി. അന്ന് എനിക്ക് കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഒക്കെ ഉണ്ടായിട്ടുള്ള സമയമായിരുന്നു ആ സമയത്താണെങ്കിലും ഷൂട്ടിന്റെ സമയത്തൊക്കെ ഒത്തിരി സപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ സമയത്ത് ആ ഒരു സ്നേഹമാണ് എനിക്ക് അദ്ദേഹത്തിനോട് കൂടുതൽ കൂട്ടുകൂടിയത്. പക്ഷേ അത് ഇത്ര വർഷം കഴിഞ്ഞിട്ടും അതങ്ങനെ തന്നെ പോകുന്നുണ്ട്. ഒരാളോട് സഹകരിക്കുന്ന കാര്യമാണ് ദിലീപേട്ടനിൽ നിന്നും പഠിക്കാനുള്ളത്. പ്രൊഫഷണൽ സ്പേസ് മാത്രമല്ലാതെ ഒരു പേഴ്സണൽ സ്പേസിലേക്ക് അവരെ കൊണ്ട് വരും. കുറേ ആൾക്കാർക്ക് മുഖംമൂടി ഇമേജുണ്ടെന്ന് പറയാറുണ്ട്.’

‘അതൊന്നും ഇല്ലാതെ ഒരാളെ പേഴ്സണൽ സ്പേസിലേക്ക് കൊണ്ട് വന്ന് കരുതൽ കൊടുക്കാൻ പറ്റുന്നത് പുള്ളിയിൽ നിന്ന് കണ്ട് പഠിക്കേണ്ടതാണ്. ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പുള്ളി അനുഭവിച്ചിട്ടുണ്ട്. അതൊക്കെ ആയിട്ടും ഇപ്പോഴും നിൽക്കുന്നുണ്ടെങ്കിൽ അതിനകത്ത് സത്യമുണ്ടായിരിക്കണം. അത് പുള്ളി ചെയ്ത നല്ല കാര്യങ്ങൾ കൊണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നെ’ന്നും അനുശ്രീ പറഞ്ഞു.

തിയറ്റർ ഹിറ്റ് ‘റോന്ത്’ ഒടുവില്‍ ഒടിടിയില്‍; എവിടെ കാണാമെന്നറിയാം..

0
Spread the love

ദിലീഷ് പോത്തൻ നായകനായി വന്ന ചിത്രമാണ് റോന്ത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെ റോന്ത് ഒടുവില്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലാണ് റോന്ത് ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്.

ഫെസ്റ്റിവൽ സിനിമാസിന്റേയും ജംഗ്ലീ പിക്ച്ചേഴ്സിന്റേയും ബാനറിൽ ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് റോന്ത്. പോലീസ് കഥകളിലൂടെ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഷാഹിയുടെ ഈ പോലീസ് കഥ എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതവുമായി ഏറെ അടുത്തുനിൽക്കുന്ന ഒന്നാണ്. ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. തിയറ്ററുകളില്‍ റോന്ത് മികച്ച അഭിപ്രായം സ്വന്തമാക്കുകയും ചെയ്‍തിരുന്നു

ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം അദേഹം തിരക്കഥയൊരുക്കുന്ന സിനിമകൂടിയാണ്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കൈകാലുകളില്‍ മരവിപ്പും പുകച്ചിലുമുണ്ടോ? എന്നാല്‍ സൂക്ഷിക്കണം ഈ പ്രശ്ങ്ങളുടെ തുടക്കമാവാം..

0
Spread the love

തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പുറത്ത് സ്ഥിതിചെയ്യുന്ന ഞരമ്പുകള്‍ക്ക് (പെരിഫറല്‍ നാഡികള്‍) കേടുപാടുകള്‍ സംഭവിക്കുമ്പോഴാണ് പെരിഫറല്‍ ന്യൂറോപ്പതി സംഭവിക്കുന്നത്. ഈ അവസ്ഥ പലപ്പോഴും ബലഹീനതയ്ക്കും മരവിപ്പിനും വേദനയ്ക്കും കാരണമാകുന്നു. പ്രത്യേകിച്ച് കൈകളിലും കാലുകളിലും. ദഹനം, മൂത്രമൊഴിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളെയും ശരീരത്തിന്റെ മറ്റ് പല പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചേക്കാം.

പരിക്കുകള്‍, അണുബാധകള്‍, ഉപാപചയ പ്രശ്‌നങ്ങള്‍, പാരമ്പര്യമായ കാരണങ്ങള്‍, വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം പുലര്‍ത്തല്‍ എന്നിവയില്‍നിന്ന് നാഡികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ന്യൂറോപ്പതിയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് പ്രമേഹം.

ലക്ഷണങ്ങള്‍

കാലുകളിലോ കൈകളിലോ മരവിപ്പ്, കുത്തല്‍, ഇക്കിളി എന്നിവ ഉണ്ടാവുക. ഈ സംവേദനങ്ങള്‍ കാലുകളിലേക്കും കൈകളിലേക്കും മുകളിലേക്കും പടര്‍ന്നേക്കാം. കാലുകളില്‍ ഭാരം വയ്ക്കുമ്പോഴുള്ളതുപോലുള്ള വേദന, പ്രവൃത്തികള്‍ ചെയ്യുമ്പോഴുള്ള വേദന, പേശി ബലഹീനത. മോട്ടോര്‍ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ചലിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുക ഇവയൊക്കെ ലക്ഷണങ്ങളാണ്. ഓടോണോമിക് നാഡികളെ ബാധിച്ചാല്‍ ചൂട്, അമിതമായ വിയര്‍പ്പ്, രക്തസമ്മര്‍ദ്ദം കുറയുക, തലകറക്കം ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങള്‍ സംഭവിക്കാം.

ഡോക്ടറെ കാണേണ്ടത് എപ്പോള്‍

കൈകാലുകളില്‍ അസാധാരണമായ ബലഹീനതയോ മരവിപ്പോ വേദനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണ്. നേരത്തെയുളള രോഗനിര്‍ണയവും ചികിത്സയും ലക്ഷണങ്ങളെ നിയന്ത്രിക്കുകയും നാഡികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു.

രോഗ നിര്‍ണയം
ശാരീരിക പരിശോധന, രക്ത പരിശോധന, നാഡീവ്യൂഹങ്ങളുടെ പഠനം എന്നിവ രോഗനിര്‍ണയത്തിന് ആവശ്യമായി വന്നേക്കാം. നട്ടെല്ലിന്റെ എംആര്‍ഐ സ്‌കാന്‍ പോലുള്ള പരിശോധനകളും വേണ്ടിവന്നേക്കാം. രോഗത്തിന്റെ നിര്‍ണയവും തീവ്രതയും അനുസരിച്ച് ചികിത്സകള്‍ നടത്തേണ്ടതാണ്.

സ്റ്റണ്ട് മാസ്റ്റർ രാജുവിന്റെ മരണം; ആദ്യം ഫോൺ ചെയ്തത് നടൻ ആര്യ, വിജയ് സാറും വിളിച്ചു, പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ, ധനസഹായവുമായി ചിമ്പുവുമെത്തി

0
Spread the love

ഇന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു സിനിമാ ചിത്രീകരണത്തിനിടെയുള്ള സ്റ്റണ്ട് മാസ്റ്റർ എസ് മോഹൻരാജിന്റെ മരണം. പാ രഞ്ജിത്ത്-ആര്യ സിനിമയിലെ കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വാഹനത്തിനു നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു. പിന്നാലെ കലാകാരൻമാരുടെ സുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളും മുഖ്യധാരാ മാധ്യമങ്ങളടക്കം ചർച്ചയ്‌ക്കെടുത്തിരുന്നു. ഇപ്പോഴിതാ സ്റ്റണ്ട് രാജുവിന്റെ മരണവാർത്തയറിഞ്ഞ് ആരൊക്കെ പ്രതികരിച്ചുവെന്നും ആരൊക്കെ അദ്ദേഹത്തിന്റെ കുടുംബത്തെ പിന്തുണച്ചുവെന്നും തുറന്നു പറയുകയാണ് സുഹൃത്തും സ്റ്റണ്ട് മാസ്റ്ററുമായ സിൽവ.

‘മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയാണ്. വിജയ് സാർ ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹൻരാജ് പ്രവർത്തിച്ചിട്ടുണ്ട്. എസ്ടിആർ സാർ ഫോൺ ചെയ്ത് വിവരം തിരക്കി. തൊട്ടടുത്തദിവസം തന്നെ വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം എന്ന് പറഞ്ഞു. മോഹൻരാജിന്റെ കുട്ടികളുടെ പഠനച്ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് സൂര്യ സാറിന്റെ മാനേജർ അറിയിച്ചിട്ടുണ്ട്,’ സിൽവ പറഞ്ഞു.

അതേസമയം പിന്നാലെ ബോളിവുഡിൽ അക്ഷയ് കുമാർ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ഇൻഷുറൻസ് ഉറപ്പാക്കിയത് വലിയ വാർത്തയായിരുന്നു.

ലാലേട്ടനും ഫഹദും നസ്രിയയും പ്രണവും ഒന്നിച്ച്; ഹൃദയപൂർവ്വം ടീസറിലെ റെഫറൻസിനുള്ള ട്രീറ്റാണോ അതോ ഇനി വല്ല സർപ്രൈസും വരുന്നുണ്ടോയെന്ന് ആരാധകർ

0
Spread the love

മോഹൻലാലും ഫഹദ് ഫാസിലും പ്രണവും നസ്രിയയും ഒരുമിച്ച് ഒരിടത്ത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒരേസമയം കൺഫ്യൂഷനിലും ആഹ്ലാദത്തിലുമാണ്നാലുപേരുടെയും ഫാൻസ്‌. ലാലേട്ടന്റെ പ്രേക്ഷകർ കാത്തിരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. ഇതിൽ കാണിച്ച ഫഹദ് ഫാസിൽ റഫറൻസ് പിന്നാമ്പുറത്ത് വല്ല സർപ്രൈസും ഒരുങ്ങുന്നതിന്റെ സൂചനയാണോ ? ഇനി ലാലേട്ടനൊപ്പം ഫഹദും ചിത്രത്തിൽ എത്തുന്നുണ്ടോ എന്നതാണ് പ്രേക്ഷകരുടെ സംശയമിപ്പോൾ. ഫഹദിന്റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളിൽ ലാലേട്ടന്റെ പ്രിയ പത്നി സുചിത്രയെയും കാണാം.’എ നൈറ്റ് ടു റിമെംബർ’ എന്ന ക്യാപ്ഷനോടെയാണ് ഫർഹാൻ ചിത്രങ്ങൾ പങ്കുവെച്ചത്.

അതേസമയം ചിത്രങ്ങൾ പല പേജുകളിലായി പ്രചരിച്ചതോടെ നിരവധിപ്പേരാണ് കമ്മെന്റുകളുമായി എത്തിയിരിക്കുന്നത്. ലാലേട്ടന്റെ വാച്ചിനെയും ചുള്ളൻ ഡ്രസ്സ് സ്റ്റെയിലിനെയും ചിലർ പുകഴ്ത്തിയപ്പോൾ കൂട്ടത്തിൽ ചെറുപ്പക്കാരൻ മോഹൻലാൽ തന്നെയെന്നാണ് മറ്റു ചിലരുടെ കമന്റ്.

അസ്തമയം ഇല്ലാത്ത സൂര്യൻ; ഇനി വരുമോ ഇതുപോലെ ആദർശമുള്ള മനുഷ്യർ; വി.എസ്സിനെ അനുസ്മരിച്ച് യേശുദാസും

0
Spread the love

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ഗായകൻ കെ ജെ യേശുദാസ്. യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നു വി എസ് എന്നും ചരിത്രം അദ്ദേഹത്തെ ഓർക്കുക അസ്തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കുമെന്നും യേശുദാസ് പറഞ്ഞു

യേശുദാസിന്‍റെ വാക്കുകള്‍.

‘വിട. വിപ്ലവ സൂര്യൻ വിട വാങ്ങി. ആദരാഞ്ജലികൾ..കണ്ണീർ പ്രണാമം. മരണത്തിനും തോൽപ്പിക്കാൻ കഴിയാത്ത ഓർമ്മകളിൽ വി.എസ്. ജീവിക്കുമ്പോൾ ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓർക്കുക അസ്തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കും. ആദർശസൂര്യന് ആദരാഞ്ജലികൾ. സത്യവും നീതിബോധവും കൊണ്ട് എന്നും സാധാരണ ജനസമൂഹത്തോടൊപ്പം നില ഉറപ്പിക്കുകയും ചെയ്ത യഥാർത്ഥ കമ്മ്യൂണിസ്റ്റ്. ഇനി വരുമോ ഇതുപോലെ ആദർശമുള്ള മനുഷ്യർ. പുതിയ തലമുറയ്ക്ക് പാഠമാകട്ടെ മാതൃകാപരമായ ആ ജീവിതം. വിഎസ് അച്യുതാനന്ദൻ ജ്വലിക്കുന്ന ഓർമ്മയായി മനുഷ്യഹൃദയങ്ങളിൽ എന്നും ജീവിക്കും

‘നേരം വെളുക്കാൻ കാത്തുനിന്നില്ല, ഇരകളെ നേരിൽ കണ്ട് കാര്യമറിഞ്ഞു’; സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നീതിക്കായി ഏതറ്റം വരെയും പോയ വി.എസ്

0
Spread the love

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നീതിക്കായി ഏതറ്റംവരെയും പോരാട്ടം നടത്തുന്ന കാർക്കശ്യക്കാരനായ നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ. സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടങ്ങളുടെ തുടക്കം ആലപ്പുഴ നെഹ്‌റു ട്രോഫി വാർഡിൽ നിന്നായിരുന്നു. ഭരണകൂടം ഒതുക്കിതീർക്കാൻ ശ്രമിച്ച ബലാത്സംഗക്കേസ് വെളിച്ചത്തിലേയ്ക്ക് കൊണ്ടുവന്നത് വിഎസ് ആയിരുന്നു.

1970 നവംബർ രണ്ടിനാണ് ആ അതിക്രൂര അതിക്രമം നടന്നത്. പൊലീസുകാർ പ്രതികളായ ബലാത്സംഗക്കേസ്. ഇരുചെവിയറിയാതെ ഭരണകൂടം ഒതുക്കിതീർക്കാൻ ശ്രമിച്ച കേസ് ഇരുട്ടിവെളുക്കുന്നതിന് മുൻപ് വിഎസ് കേരള ജനതയ്ക്ക് മുന്നിലെത്തിക്കുകയായിരുന്നു. നെഹ്‌റു ട്രോഫി വാർഡിൽ നാല് കർഷകത്തൊഴിലാളികളായ യുവതികളെ എട്ട് പൊലീസുകാ‌ർ ചേർന്ന് ബലാത്സംഗം ചെയ്തു. ടെലിഗ്രാം വഴിയാണ് വിഎസ് ഇക്കാര്യം അറിഞ്ഞത്. അപ്പോൾ പുലർച്ചെ ഒരുമണിയായിരുന്നു സമയം. എന്നാൽ നേരം വെളുക്കാൻ അദ്ദേഹം കാത്തുനിന്നില്ല.

തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേയ്ക്ക് ഉടൻ പുറപ്പെട്ടു. സംഭവസ്ഥലത്തെത്തി ഇരകളായ സ്ത്രീകളോട് നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേയ്ക്ക് മടങ്ങി. നവംബർ മൂന്നിന് അടിയന്തരപ്രമേയവുമായി അദ്ദേഹം സഭയിലെത്തി. ഇങ്ങനെയായിരുന്നു അദ്ദേഹം വിവരം പുറത്തറിയിച്ചത് ‘ഇന്നലെ രാത്രി ഏതാണ്ട് ഒരുമണിയോടുകൂടി കിട്ടിയ ടെലിഗ്രാം അനുസരിച്ച് ഞാൻ ആലപ്പുഴയിൽ പോയി നേരിട്ടന്വേഷിച്ചപ്പോൾ എനിക്കുകിട്ടിയ വിവരങ്ങൾ പറയുകയാണ്’. വി എസ് പറഞ്ഞത് സഭ ഞെട്ടലോടെയാണ് കേട്ടത്. സർക്കാർ വിഷയം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി അന്നത്തെ ആഭ്യന്തരമന്ത്രി സി എച്ച് മുഹമ്മദ് കോയ മറുപടി നൽകി. ഒടുവിൽ എട്ട് പൊലീസുകാരുടെയും പേരിൽ കേസെടുക്കുകയും ചെയ്തു.

സംസ്ഥാനത്ത് നാളെ പൊതു അവധി; ബസ് സമരവും പിൻവലിച്ചു

0
Spread the love

വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധി ബാധകമാണ്. കൂടാതെ, സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം വി.എസിന്റെ നിര്യാണത്തെ തുടർന്ന് പിൻവലിച്ചു.

‘നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെകരസ്പര്‍ശമായി’; വിഎസ്സിന്റ നിര്യാണത്തിൽ അനുശോചിച്ച് കെ കെ രമ

0
Spread the love

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. പ്രാണനില്‍ ഇരുട്ട് പടര്‍ന്നപ്പോഴും, ആരും സഹായിക്കാനില്ലാതിരുന്ന വേളയിലും കൈത്താങ്ങായിരുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍ എന്ന് കെ കെ രമ തന്‌റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‌റെ പൂര്‍ണരൂപം

പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍,
നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ
കരസ്പര്‍ശമായിരുന്ന
പ്രിയ സഖാവ്..
അന്ത്യാഭിവാദ്യങ്ങള്‍..

ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts