Home Blog Page 124

ആ സിനിമ ഇന്നായിരുന്നു ഇറങ്ങിയതെങ്കിൽ എന്നാലോചിക്കുമ്പോൾ പേടിയുണ്ട്; നാടുവിട്ട് പോകുന്ന യുവാക്കളെ കുറ്റം പറയാൻ സാധിക്കില്ല; വിനു മോഹൻ

0
Spread the love

സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ സെൻസർ ബോർഡ് അനുമതി നിഷേധിച്ചതും പിന്നീട് നിർമ്മാതാക്കൾ നടത്തുന്ന നിയമ യുദ്ധവുമാണ് മലയാളം ഫിലിം ഇൻഡസ്ട്രീയെ സംബന്ധിക്കുന്ന ഏറ്റവും പുതിയ ചൂടൻ ചർച്ച. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് നൽകിയിരിക്കുന്ന ജാനകി എന്ന പേര് സീതയുടെ പര്യായമാണെന്നും അത് മാറ്റാതെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്. പിന്നാലെ ഇതിന് വിസമ്മതിച്ച നിർമ്മാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. നിർമ്മാതാക്കളുടെ നിലപാടിനെ പിന്തുണച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തിനെ വിലക്കുന്ന സെൻസർ ബോർഡിന്റെ പ്രവർത്തികളെ വിമർശിച്ചും ഫെഫ്ക്ക അടക്കമുള്ള സിനിമാ സംഘടനകളും പ്രതിഷേധ സമരങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനു മോഹനും. നടനും സമരപരിപാടിയുടെ ഭാഗമായിരുന്നു.

വിനു മോഹന്റെ വാക്കുകൾ

‘നിവേദ്യം എന്ന സിനിമ ഇന്നായിരുന്നു റിലീസെങ്കില്‍ അതിനെ എങ്ങനെ വ്യാഖ്യാനിക്കുമെന്ന് ആലോചിച്ച് പേടിയുണ്ട്. കാരണം, അതില്‍ കാണിച്ചിരിക്കുന്ന രംഗങ്ങളെ മറ്റൊരു തരത്തില്‍ വായിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇന്നുണ്ട്. സമരത്തിനിടയില്‍ ഞാനിത് മറ്റുള്ളവരോട് സംസാരിച്ചിരുന്നു. എന്റെ സിനിമക്ക് മാത്രമല്ല, പല സിനിമകള്‍ക്കും ഇതുപോലെ പ്രശ്‌നം വന്നേനെ.

നിര്‍മാല്യം എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ വിഗ്രഹത്തിലേക്ക് തുപ്പുന്ന സീനിനെ ഇന്നത്തെ കാലത്ത് പല രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്. സിനിമയെ സിനിമയായി കാണാന്‍ സാധിക്കാത്തവര്‍ക്കാണ് പ്രശ്‌നം. ക്രിയേറ്റിവിറ്റിയിലേക്ക് അനാവശ്യമായിട്ട് നടത്തുന്ന കൈകടത്തലുകളാണ് ഇതൊക്കെ. അതെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്.

കാലം ചെല്ലുന്തോറും നമ്മുടെ സമൂഹം നന്നാകുമെന്ന് വിചാരിക്കുമ്പോള്‍ ഒരുപാട് വര്‍ഷം പിറകിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. അത് ഭയപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോഴത്തെ യുവാക്കള്‍ നാടുവിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിന് ഇതുമൊരു കാരണമാണ്. അവര്‍ നോക്കുമ്പോള്‍ ഇവിടെ നടക്കുന്നത് ഇത്തരം കാര്യങ്ങളാണ്. അതില്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല,’ വിനു മോഹന്‍ പറയുന്നു

കഥാപാത്രങ്ങളുടെ പേര് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കലാകാരനുണ്ട്; ജാനകി എന്ന പേരിനെന്ത് കുഴപ്പം; സെൻസർ ബോർഡിനെ വിമർശിച്ച് ഹൈക്കോടതി

0
Spread the love

സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് ചോദിച്ച കോടതി അഹമ്മജ്, രാമൻ, കൃഷ്ണൻ എന്നൊക്കെ മതപരമായ പേരുകളുളള ഒരുപാടുപേർ രാജ്യത്തില്ലേയെന്നും ചോദിച്ചു. മാത്രമല്ല,സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നൽകുന്നതിൽ എന്ത് പ്രശ്നം എന്നും സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു.ജാനകി എന്ന പേരിന് എന്താണ് കുഴപ്പം എന്ന് കോടതി ചോദിച്ചു. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവിൽ നൽകിയ കാരണങ്ങൾക്ക് അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കണം

അതേസമയം കോടതിയോട് സിനിമ കാണാൻ ആവശ്യപ്പെട്ട് നിർമാതാക്കൾ രംഗത്തെത്തി. എന്നാൽ സിനിമ കാണേണ്ട സാഹചര്യം നിലവിൽ ഇല്ല എന്നും കോടതി പറഞ്ഞു. ജാനകി എന്ന പേര് എങ്ങനെയാണ് പ്രോകോപിതമാകുന്നത്. എന്തിന് പേര് മാറ്റണം എന്ന് കോടതി വീണ്ടും ചോദിച്ചു. സെൻസർ ബോർഡ്‌ പറയുന്ന കാരണം പ്രാഥമിക ദൃഷ്ടിയൽ നിൽക്കുന്നതായി തോന്നുന്നില്ല. ഇന്ത്യലെ പേരുകൾ പലതും ഏതെങ്കിലും ദൈവങ്ങളോട് ചേർന്നതാവും. എല്ലാ മതങ്ങളിലും അത് ഉണ്ടെന്നും കോടതി വ്യക്തമാക്കി. ജാനകി എന്ന പേര് ഉപയോഗിക്കാൻ എന്ത് കൊണ്ട് ആവില്ല എന്ന് കൃത്യമായ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു

ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ലെന്ന് ആളുകളെ കൊണ്ട് പറയിക്കണോ? ഈ 5 നിസാര കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി..

0
Spread the love

‘ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ല’ ഈ വാക്കുകളില്‍ വീണ് പോകാത്ത എത്ര ആളുകളുണ്ട്? എല്ലാവര്‍ക്കും പ്രായം കുറഞ്ഞിരിക്കാനാണ് എപ്പോഴും ആഗ്രഹം. എന്നാല്‍ അതിനുള്ള ചില വഴികള്‍ നോക്കിയാലോ? മരുന്നുകളോ, ചികിത്സയോ ഒന്നുമില്ലാതെ ജീവിതചര്യയിൽ മാറ്റം വരുത്തിക്കൊണ്ട് പ്രായം കുറയ്ക്കാം

ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ ചാർമത്തിൽ പ്രായക്കുറവ് തോന്നാൻ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ശരീരത്തിലെ അനാവശ്യമായ കൊഴുപ്പുകള്‍ ഇല്ലാതാക്കുകയും, ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സന്തുലിതമായി നിലനിര്‍ത്തുകയും, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും, മാനസിക സന്തോഷം നിലനിര്‍ത്തുകയും ചെയ്താല്‍ തന്നെ ചര്‍മ്മത്തിനുണ്ടാക്കുന്ന മാറ്റങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സമ്മര്‍ദം നിയന്ത്രിക്കുക

സമ്മര്‍ദം അനുഭവിക്കുന്നവരെ കാണുമ്പോള്‍ ഒരുപാട് പ്രായമായത് പോലെ തോന്നാറില്ലെ. ഇത് തിരിച്ചും പ്രവര്‍ത്തിക്കും. സമ്മര്‍ദം കുറയുമ്പോള്‍ ചര്‍മ്മത്തിന് വ്യത്യാസമുണ്ടാവുകയും പ്രായം കുറഞ്ഞതായി തോന്നുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ധ്യാനം, യോഗ, വ്യായാമം തുടങ്ങിയവ എല്ലാം ഇതിനെ പിന്തുണയ്ക്കുന്ന കാര്യങ്ങളാണ്.

ശരിയായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. ജങ്ക് ഫുഡ്, അനാവശ്യമായ കൊഴുപ്പുകള്‍ തുടങ്ങിയവ പതിവായി കഴിക്കുന്നത് ഒഴിവാക്കുക. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നത് എപ്പോഴും യൗവ്വന പ്രതീതി നിലനിര്‍ത്താന്‍ സഹായിക്കുന്നു. പഴങ്ങള്‍, പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തെ സംരക്ഷിക്കുകയും, യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

വ്യായാമം

കൃത്യമായ വ്യായാമ ശീലങ്ങള്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധി വരെ കുറയ്ക്കുന്നു. ശരീര അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിനും, ദഹനപ്രക്രിയയ്ക്കുമെല്ലാം പിന്തുണ നല്‍കുന്ന ഒന്നാണ് വ്യായാമം. ദൈനംദിന ജീവിതത്തില്‍ വ്യായാമം ശീലമാക്കുന്നത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ജലാംശം നിലിര്‍ത്തുക

വെള്ളം ധാരാളം കുടിക്കുന്നത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രായമാകുമ്പോള്‍ മനുഷ്യരില്‍ ഉണ്ടാകുന്ന ഒരു പ്രധാന മാറ്റമാണ് ചര്‍മത്തില്‍ ചുളിവ് വീഴുന്നത് ഇത് ഇല്ലാതെ ആവുമ്പോള്‍ തന്നെ പ്രായം തോന്നിക്കുന്നത് കുറയ്ക്കുന്നു. കൂടാതെ ശരീരത്തിലെ ജലാംശം കോശങ്ങളും പ്രവര്‍ത്തനം ത്വരിതപ്പെടുത്തി ഊര്‍ജോല്‍പാദനം വേഗത്തിലാക്കുകയും, ആരോഗ്യത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്നു

മതിയായ ഉറക്കം

ഒരു മനുഷ്യന്‍ ശരാശരി 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും, അവയവങ്ങളുടെ ഉന്മേഷത്തിനും ഉറക്കം അത്യന്താപേക്ഷിതമാണ്. ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്ന ഘടകമാണ് ഉറക്കം. അതുകൊണ്ട് തന്നെ ദിവസത്തില്‍ എട്ട് മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്

ചിലർ ദിലീപ് എന്ന നടൻ ഇവിടെ വേണ്ട എന്ന് തീരുമാനിച്ചപ്പോൾ കൂടെ നിന്നത് അവർ

0
Spread the love

തന്റെ പേരിൽ അപമാനംവരെ നേരിട്ട ഫാൻസ് അസോസിയേഷൻ പ്രവർത്തകരെ ഒരിക്കലും മറക്കില്ലെന്ന് നടൻ ദിലീപ്. 150-ാം സിനിമവരെ എത്തിച്ചത്6 നടൻ പറഞ്ഞു. അ‌ടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയായ പ്രിൻസ് ആന്റ് ഫാമിലിയുടെ 50ാം ദിനാഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദിലീപ്.

കുറച്ച് ആളുകൾ ദിലീപ് എന്ന കലാകാരൻ അല്ലെങ്കിൽ നടൻ ഇവിടെ വേണ്ട എന്ന് തീരുമാനിക്കുമ്പോൾ ഞാൻ ഒറ്റയ്ക്കല്ല, എന്നോടൊപ്പം നിങ്ങളുണ്ട് എന്ന് കാണുന്നത് വലിയ സന്തോഷമാണ്. 33 വർഷമായി സിനിമയിൽ എന്നെ നിലനിർത്തുന്ന, എന്നെ ഒരുപാ‌ട് സ്‌നേഹിക്കുകയും കയ്യടിക്കുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ട ആളുകൾ, അവർ ഫാൻസ് മാത്രമല്ല. ദിലീപ് ഫാൻസ് സഹോദരങ്ങളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. എനിക്കൊരു പ്രശ്നമുണ്ടായ സമയത്ത്, എല്ലാവരും വിട്ടുപോയ സമയത്ത് കൂടുതൽ അടുത്തുനിന്ന ആൾക്കാരാണ്. അത്രയേറെ അപമാനിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്ത എന്റെ സഹോദരങ്ങളാണ്. എന്നിട്ടും ഒരാൾ പോലും കുറയാതെ കൂടുകയാണുണ്ടായത്.

ഫാൻസ് അസോസിയേഷനിൽ കൂലിപ്പണി ചെയ്യുന്ന ആളുകൾ മുതൽ നല്ല ശമ്പളം വാങ്ങുന്നവരുമുണ്ട്. അവർ അധ്വാനിക്കുന്നതിൽ നിന്ന് ഒരു വിഹിതം എടുത്താണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത്. നേരത്തെ എന്റെ അച്ഛന്റെ പേരിലുള്ള ട്രസ്റ്റ് സപ്പോർട്ട് ചെയ്യുമായിരുന്നു. എന്നാലിപ്പോൾ അഞ്ചെട്ട് വർഷമായി ട്രസ്റ്റ് ഫ്രീസ് ചെയ്തുവച്ചിരിക്കുന്നതിനാൽ അങ്ങനെയുള്ള സഹകരണങ്ങളില്ല. ഞാൻ വ്യക്തിപരമായി ചെയ്യുക എന്നല്ലാതെ ഈ പറയുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത് എന്റെ പ്രിയപ്പെട്ട സഹോദരങ്ങളാണ്’- ദിലീപ് പറഞ്ഞു.

എന്നെ രോഗി എന്ന് വിളിക്കാൻ നിങ്ങൾക്കെന്തവകാശം; താൻ ചെയ്യുന്ന വർക്കൗട്ടിൽ മൂന്നെണ്ണമെങ്കിലും ചെയ്തുകാണിക്കെന്ന് വെല്ലുവിളിയുമായി സാമന്ത

0
Spread the love

തെന്നിന്ത്യൻ അഭിനേതാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഇപ്പോൾ തിരിച്ച് അഭിനയത്തിൽ സജീവമായിരിക്കുകയാണ്. തന്റെ ശരീരത്തെ പരിഹസിക്കുന്നവർക്കുള്ള ചുട്ട മറുപടി നൽകിയിരിക്കുകയാണ് സാമന്ത ഇപ്പോൾ. സോഷ്യൽ മീഡിയാ പേജിൽ കഠിനമായി വർക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പരിഹാസങ്ങളോട് അവർ പ്രതികരിച്ചത്. തന്റെ ശരീരത്തെ കളിയാക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്നാണ് സാമന്ത പറയുന്നത്

‘കാര്യം ഇതാണ്. എന്നെ മെലിഞ്ഞവൾ, രോഗി എന്നൊന്നും വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾക്ക് ഇതിൽ മൂന്നെണ്ണമെങ്കിലും ചെയ്യാൻ കഴിയില്ലെങ്കിൽ… ആ വരികൾക്കിടയിൽ വായിക്കുക’, സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ശരീരഭാരത്തെക്കുറിച്ചോ രൂപത്തെക്കുറിച്ചോ ഉള്ള അഭിപ്രായങ്ങൾക്ക് സാമന്ത മറുപടി പറയുന്നത് ഇത് ആദ്യമായിട്ടല്ല. ശരീരഭാരം വർധിപ്പിക്കണമെന്ന് ഒരു ആരാധകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തന്റെ അവസ്ഥയ്ക്ക് ആവശ്യമായ കർശനമായ ആൻ്റി-ഇൻഫ്ലമേറ്ററി ഡയറ്റിലാണ് ഇപ്പോഴുള്ളത് എന്ന് സാമന്ത മറുപടി നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നു; കോഴിക്കോട്ട് അഞ്ച് പേർ കസ്റ്റഡിയിൽ, കാറിനുള്ളിൽ വാക്കിടോക്കി

0
Spread the love

‘മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയ വാഹനവും അതിലുണ്ടായിരുന്ന അഞ്ച് പേരും പൊലീസ് കസ്റ്റഡിയിൽ. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടെയാണ് സംഭവം. രാത്രി പത്ത് മണിയോടെ എലത്തൂർ എത്തുന്നതിന് മുമ്പ് ഈ വാഹനം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു. പുറത്തുകടക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും കാറിലുള്ളവർ അനുസരിച്ചില്ല. ഇതേത്തുടർന്നാണ് ചുങ്കത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞ് വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇവരെ ചോദ്യം ചെയ്തപ്പോൾ ഇലക്ട്രിക്ക് വർക്കുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു എന്നാണ് പറഞ്ഞത്. കാറിനുള്ളിൽ നിന്ന് വാക്കിടോക്കി കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് കസ്റ്റഡ‌ിയിൽ എടുത്തത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണെന്ന് അറിയാതെയാണ് കയറിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

‘കത്രികകള്‍ കുപ്പത്തൊട്ടിയില്‍’; സെൻസർ ബോർഡ് ഓഫീസിന് മുന്നില്‍ സിനിമാ സംഘടനകളുടെ പ്രതിഷേധം

0
Spread the love

സുരേഷ് ഗോപി നായകനായ ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റേയും ടൈറ്റിലിലേയും ജാനകി എന്ന പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിനെതിരെ തിരുവനന്തപുരത്ത് സിനിമാസംഘടനകളുടെ പ്രതിഷേധം. സിനിമാപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ഫെഫ്ക, താരസംഘടനയായ അമ്മ, നിര്‍മാതാക്കളുടെ സംഘടന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ്‌ പ്രതിഷേധം നടത്തുന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലെക്‌സിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നിലാണ് സമരം.

സിനിമാ താരങ്ങളും നിര്‍മാതാക്കളും സംവിധായകരും അണിയറ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പ്രതിഷേധക്കാര്‍ പ്രതീകാത്മകമായി കത്രികകള്‍ കുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ചു. കലാകാരന്റെ സ്വാതന്ത്ര്യത്തെ മാനിക്കാത്ത എല്ലാ കത്രികകളും ചെന്നെത്താന്‍ പോകുന്ന സ്ഥലം കുപ്പത്തൊട്ടിയാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പ്രഖ്യാപിച്ചു. ബി. ഉണ്ണികൃഷ്ണന്‍ ‘സ്റ്റാര്‍ട്ട്, ആക്ഷന്‍, നോ കട്ട്’ എന്ന് പറഞ്ഞപ്പോള്‍, കത്രികകള്‍ കുപ്പത്തൊട്ടിയിലിട്ടു.

പ്രതിഷേധക്കാര്‍ പ്രകടനവും നടത്തി. ‘സെന്‍സര്‍ ബോര്‍ഡിന്റെ നീതി നിഷേധത്തിനെതിരേ പോരാടുക, അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുക’, എന്നീ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. ‘ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കത്രികവെക്കും കാട്ടാളന്മാര്‍ ഓര്‍ത്തുകളിച്ചോ സൂക്ഷിച്ചോ, അവകാശങ്ങള്‍ നേടിയെടുത്ത്, അവ സംരക്ഷിക്കാന്‍ പോരാട്ടം’, തുടങ്ങി മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

ഷൂട്ട് കഴിഞ്ഞപ്പോൾ മമ്മൂക്ക നേരെ വന്ന് അങ്ങനെ പറഞ്ഞു; വീട്ടിൽ പോയിട്ടും ആ സങ്കടം മാറിയില്ലെന്ന് സീനത്ത്

0
Spread the love

ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ മുതിർന്ന നടി സീനത്ത് തനിക്ക് സിനിമയിൽ വേഷങ്ങൾ കുറഞ്ഞതിനെപ്പറ്റിയും മമ്മൂട്ടിയും മോഹൻലാലും ആയുള്ള സൗഹൃദത്തെ പറ്റിയും തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സിനിമയിൽ വേണ്ടവിധത്തിൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാത്തതിനാൽ ആവാം വേഷങ്ങൾ കുറഞ്ഞതെന്നും സിനിമയിൽ നല്ലൊരു വേഷം ലഭിക്കാത്തതിൽ ഇപ്പോഴും വിഷമമുണ്ടെന്നും ആണ് സീനത്ത് വ്യക്തമാക്കിയത്.

ധനം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് മോഹൻലാലുമായി പരിചയത്തിലാകുന്നത്. ആ സൗഹൃദത്തിലാണ് കിലുക്കം സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. മഹാനഗരം എന്ന ചിത്രത്തിൽ മമ്മൂക്കയോടൊപ്പം അഭിനയിച്ചിരുന്നു. ഒരു ദിവസം ഷൂട്ടിംഗിനായി എന്നെ മേക്കപ്പ് ചെയ്യുകയായിരുന്നു. അപ്പോൾ കുറച്ച് അടുത്തുതന്നെ മമ്മൂക്ക ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും മമ്മൂക്കയോട് സംസാരിക്കുകയും നമസ്‌കാരം പറയുകയും ചെയ്യുന്നത് ഞാൻ കണ്ടു. എനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. മമ്മൂക്കയോട് എല്ലാവർക്കും ആരാധനയും ബഹുമാനവും ഉളളതുകൊണ്ടാണ് അത്തരത്തിൽ ചെയ്തത്

എനിക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷെ അത് പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു. അദ്ദേഹം എന്നെ ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. വൈകുന്നേരമായപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞു. ഞാൻ മേക്കപ്പ് മാ​റ്റുകയായിരുന്നു.മമ്മൂക്ക നേരെ എന്റെ അടുത്ത് വന്നിട്ട് നമസ്‌കാരം പറഞ്ഞു. ഞാൻ വല്ലാതെയായി പോയി. അദ്ദേഹത്തോട് സംസാരിക്കണമായിരുന്നു. അത് ഞാൻ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന് എല്ലാവരോടും ഭയങ്കര സ്‌നേഹമാണ്. പക്ഷെ സ്‌നേഹം അധികം പ്രകടിപ്പിക്കില്ല. പക്ഷെ അന്ന് മമ്മൂക്ക എന്നോട് അങ്ങനെ പറഞ്ഞത് വലിയ സങ്കടമായി. ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വീട്ടിൽ പോയിട്ടും ആ സങ്കടം മാറിയില്ല.

ഇത്തവണ അമ്മയുടെ യോഗത്തിൽ മമ്മൂക്ക ഇല്ലാത്തത് വലിയ സങ്കടമായിരുന്നു. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ശക്തമായ ഒരു വേഷം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതിനൊരു അവസരവും ലഭിച്ചിട്ടില്ല. അത് ഇപ്പോഴും സങ്കടമുളള കാര്യമാണ്. ചിലപ്പോൾ ആരുമായിട്ട് സൗഹൃദം കാത്തുസൂക്ഷിക്കാത്തുകൊണ്ടായിരിക്കാം. ചില സിനിമ കിട്ടാത്തത് എന്റെ കുഴപ്പം കൊണ്ടായിരിക്കാം’- സീനത്ത് പറഞ്ഞു

ആരെങ്കിലും വന്ന് സഹായിക്കണേ, ഞാന്‍ റോഡില്‍നിന്ന് കരഞ്ഞുപോയ നിമിഷങ്ങൾ; അതിനുശേഷം ഡാഡി ആരുമായും സംസാരിച്ചിട്ടില്ല; ഷൈൻ ടോം ചാക്കോ

0
Spread the love

അപകടത്തിലേറ്റ പരുക്കുമായി പിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ സങ്കടം കടിച്ചമർത്തി നിൽക്കുന്ന നടൻ ഷൈൻ ടോം ചാക്കോയുടെ മുഖം മലയാളികൾ വിങ്ങലോടെയാണ് ഓർക്കുന്നത്. ജൂൺ 6 ന്, കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ സേലം, ധർമപുരിയിലുണ്ടായ വാഹനാപകടത്തിലായിരുന്നു ഷൈന്റെ പിതാവ് സി.പി ചാക്കോ മരണപ്പെട്ടത്.അച്ഛന്റെ വിയോഗത്തെ കുറിച്ചും അപ്രതീക്ഷിത ദുരന്തം എങ്ങനെ നേരിടുന്നുവെന്നും ആദ്യമായി തുറന്നുപറയുകയാണ് ഷൈൻ. ഒരു സ്വകാര്യ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലായിരുന്നു ഷൈന്‍ മനസുതുറന്നത്. അതുവരെ തനിക്ക് അപകടവും പ്രിയപ്പെട്ടവരുടെ മരണവുമെല്ലാം ഒരു കാഴ്ചമാത്രവും ടിവിയിൽ കാണുന്ന വാർത്തയുമായിരുന്നു എന്നും അതിലൂടെ കടന്നുപോയപ്പോൾ കരഞ്ഞുപോയെന്നും ഷൈൻ പറഞ്ഞു

“സിഗരറ്റ് വലിക്കുന്നതിനു പകരമായി ഞാൻ ബിസ്കറ്റ് കഴിക്കാൻ ശീലമാക്കിയിരുന്നു. ഞാൻ പുറകിലെ സീറ്റിലായിരുന്നു കിടന്നിരുന്നത്. ഉറക്കത്തില്‍ എണീറ്റ് ഇടിയ്ക്ക് ഡാഡിയോട് ബിസ്‌കറ്റ് ചോദിക്കും. ഡാഡി രണ്ടുമൂന്ന് തവണ ബിസ്‌ക്കറ്റ് തന്നു. പിന്നെ ഞാന്‍ കണ്ണ് തുറന്നുനോക്കുമ്പോള്‍ വണ്ടി ഇടിച്ചുകിടക്കുകയാണ്. അതിന് ശേഷം ഡാഡി ഞങ്ങള്‍ ആരുമായും കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല.

മമ്മി ചോദിക്കുന്നുണ്ട്, എന്തിനാ നമ്മള്‍ ഈ റോഡില്‍ കിടക്കണേ, എങ്ങോട്ടാണ് നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നേ. എനിക്ക് അതുവരെ ആക്സിഡന്റ് വെറും കാഴ്ചയായിരുന്നു. മറ്റുള്ളവരുടെ അച്ഛന്‍, അല്ലെങ്കില്‍ അമ്മ മരിക്കുക എന്ന് പറയുന്നത് എനിക്ക് വെറും വാര്‍ത്തയായിരുന്നു. ടിവിയില്‍ കാണുന്ന ന്യൂസ് മാത്രമായിരുന്നു. അതിലൂടെ കടന്നുപോകുമ്പോള്‍, ഞാന്‍ റോഡില്‍നിന്ന് കരഞ്ഞുപോയി. ആരെങ്കിലും വന്ന് സഹായിക്കണേ, ആരെങ്കിലും ഒന്ന് ആശുപത്രിയില്‍ എത്തിക്കെണേ എന്ന്

അനിയന്‍ മുന്നിലാണ് ഇരുന്നിരുന്നത്. ഞാന്‍ റീഹാബിന്റെ മരുന്നുകള്‍ കഴിക്കുന്നതിനാല്‍ നേരത്തെ കിടന്നുറങ്ങുന്ന ശീലമുണ്ട്. ഞാന്‍ ഉറങ്ങാന്‍ വേണ്ടി ഡാഡി വേറെ ആളെ കൊണ്ട് വണ്ടി ഓടിക്കും. എന്നോട് വണ്ടിയോടിക്കാന്‍ പറയാറില്ല. അനിയന്‍ ജോ കുട്ടന് ഒരു പോറലു പോലും പറ്റിയിട്ടില്ല. എന്താണ് ഇവനിങ്ങനെ നടക്കുന്നത് എന്ന് ഞാന്‍ വിചാരിച്ചു. ഇനി നടന്നു പോകുന്ന വഴി കുഴഞ്ഞു വീഴുമോ അങ്ങനെ എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു. കാരണം വണ്ടി അതുപോലെ തകര്‍ന്നു കിടക്കുകയാണ്. ഞാന്‍ ഡാഡിയെ വിളിച്ചിട്ട് ഡാഡി റെസ്‌പോണ്ട് ചെയ്യുന്നില്ല. ജോയും പാച്ചുവും കൂടി ഞങ്ങളെ വാരിക്കെട്ടി ഹോസ്പിറ്റലില്‍ എത്തിച്ചു. പിന്നെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണ്,” ഷൈൻ ടോം ചാക്കോ പറഞ്ഞു.

ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു വാഹനം അപകടത്തിൽപെട്ടത്. ഷൈനും കുടുംബവും സഞ്ചരിച്ച കാർ, ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഷൈനിനൊപ്പം പിതാവ് ചാക്കോ, അമ്മ മരിയ, സഹോദരൻ ജോ ജോൺ, ഡ്രൈവർ അനീഷ് എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

കുഴിച്ചിടുന്നത് അയല്‍വാസി കണ്ടതോടെ സ്ഥലം മാറ്റി, ഫോണില്‍ കുഞ്ഞിൻ്റെ വീഡിയോ;പരിശോധിക്കാൻ പൊലീസ്

0
Spread the love

തൃശ്ശൂര്‍: പുതുക്കാട് മൂന്ന് വര്‍ഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവാവിന്റെയും യുവതിയുടെയും മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കുഴിച്ചിടുന്നത് അയല്‍വാസി കണ്ടതിനാല്‍ സ്ഥലംമാറ്റി കുഴിച്ചിട്ടെന്നാണ് മൊഴി. കുഞ്ഞിന്റെ മൃതദേഹം വീടിന്റെ പിന്‍ഭാഗത്ത് മറവ് ചെയ്യാന്‍ കുഴിയെടുത്തിരുന്നു. എന്നാല്‍ അയല്‍വാസി ഇത് കണ്ടതോടെ സ്ഥലം ഉപേക്ഷിച്ചെന്നും പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടെന്നുമാണ് മൊഴി.

അതേസമയം ആദ്യകുഞ്ഞിന്റെ അവശിഷ്ടത്തില്‍ നിന്നും മരണകാരണം കണ്ടെത്തുക വെല്ലുവിളിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുഞ്ഞ് മരിച്ച് നാല് വര്‍ഷം കഴിഞ്ഞതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് പൊലീസിന് മുന്നിലുള്ളത്. 2021ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. പ്രസവിക്കുന്നതിന് മുന്‍പ് തന്നെ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതി മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നതെന്ന് അനീഷ മൊഴി മാറ്റി. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ അടയാളങ്ങള്‍ കണ്ടെത്തുകയാണ് പൊലീസിന് പ്രയാസം. യൂട്യൂബ് നോക്കി ശുചിമുറിയിലാണ് പ്രസവിച്ചതെന്നും ഗര്‍ഭം മറച്ചുവെക്കാന്‍ വയറ്റില്‍ തുണികെട്ടിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. രണ്ട് പ്രസവകാലവും മറച്ചുപിടിക്കാന്‍ യുവതി ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചതും യുവതിക്ക് സഹായമായിരുന്നു.

പ്രതിയായ ബവിന്റെ ഫോണ്‍ തല്ലിതകര്‍ത്തെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതില്‍ ആദ്യത്തെ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഉണ്ടെന്നാണ് ബവിന്റെ മൊഴി. ഈ ഫോണ്‍ കണ്ടെടുത്ത് ഫോറന്‍സിക് ലാബിലേക്ക് അയക്കും. അനീഷയുമായുള്ള വഴക്കിനിടെയാണ് ഫോണ്‍ തകര്‍ത്തത്. അനീഷയേയും ബവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ബവിന്‍ എന്ന യുവാവ് പൊലീസ് സ്റ്റേഷനില്‍ അസ്ഥികള്‍ ഹാജരാക്കിയതാണ് കേസിന്റെ തുടക്കം. ജൂണ്‍ 28-ന് രാത്രിയായിരുന്നു യുവാവ് നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. തുടര്‍ന്ന് ഇയാളെയും അനീഷയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts