Home Blog Page 1499

സംസ്ഥാന, സംയുക്ത പട്ടിക; കേന്ദ്ര ഇടപെടൽ ഫെഡറൽ സംവിധാനത്തിന് എതിരെന്ന് മുഖ്യമന്ത്രി.

0
Spread the love

സംസ്ഥാന, സംയുക്ത പട്ടിക; കേന്ദ്ര ഇടപെടൽ ഫെഡറൽ സംവിധാനത്തിന് എതിരെന്ന് മുഖ്യമന്ത്രി.


തിരുവനന്തപുരം : സംസ്ഥാന, സംയുക്ത പട്ടികകളിലെ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും ഫെഡറൽ സംവിധാനം കൂടുതൽ ശക്തമാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഭരണഘടനയുടെ അനുഛേദം 356 പോലുള്ള വ്യവസ്ഥകൾ ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനഭരണം ഏറ്റെടുക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നു. ചർച്ചകളില്ലാതെ സംസ്ഥാനങ്ങളുടെ അതിർത്തി പുനർനിർണയിക്കുക, ആഭ്യന്തര അടിയന്തരാവസ്ഥ, സാമ്പത്തിക അസന്തുലിതാവസ്ഥ തുടങ്ങിയവ അർധ ഫെഡറൽ സ്വഭാവമുള്ളതാണ്. ഒരിക്കലും ഉപയോഗിക്കരുതെന്ന അർഥത്തിൽ ഭരണഘടനാ ശിൽപി വിശേഷിപ്പിച്ച വ്യവസ്ഥയാണ് ഏറ്റവും അമിതമായി ഉപയോഗിച്ചത്.ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ ഉൾക്കൊള്ളുമ്പോഴും പ്രായോഗികതലത്തിൽ നിരന്തരം പ്രശ്‌നങ്ങൾ ഉടലെടുക്കുന്നു. നാനാത്വത്തിൽ ഏകത്വം എന്നത് രാജ്യത്തിന്റെ സവിശേഷതയാണ്. എന്നാൽ ഏകത്വം എന്ന സങ്കൽപത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ല.
കേന്ദ്ര, സംസ്ഥാന, തദ്ദേശ സർക്കാരുകൾ പിരമിഡിന്റെ ഘടനയിലാണു പ്രവർത്തിക്കുന്നത്. ഇത് അധികാര കേന്ദ്രീകരണത്തിനു സഹായകമാണ്. ഈ ഘടന വൃത്തരൂപത്തിലാകണം.പൊതുമേഖലയെ കൈവിട്ട് ഉദാരവൽക്കരണത്തെ അനുകൂലിക്കുകയും സേവന മേഖലകളിൽ നിന്നുൾപ്പെടെ സർക്കാരിനെ പിന്തിരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങൾ അടിച്ചേൽപിക്കുകയാണ്. ആ നയങ്ങളുടെ വക്താക്കൾ അവകാശപ്പെട്ട നേട്ടം ഉണ്ടായിട്ടില്ല. കൂടുതൽ പ്രതിസന്ധികളിലേക്കു സമ്പദ്ഘടന കൂപ്പുകുത്തി. പൗരസ്വാതന്ത്ര്യവും സമ്മതിദാനാവകാശവും നിർഭയം ആസ്വദിക്കാൻ കഴിയുന്ന പൗരന്മാരാണ് ഉണ്ടാകേണ്ടത്. എങ്കിൽ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികത്തെ മഹത്വത്തിന്റെ ആഘോഷമാക്കി മാറ്റാനാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

സേവനങ്ങള്‍ക്കായി ഇനി കെ എസ് ഇ ബി ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല

0
Spread the love

സേവനങ്ങള്‍ക്കായി ഇനി കെ എസ് ഇ ബി ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല. ഒരു തവണ പോലും സെക്ഷന്‍ ഓഫീസ് സന്ദര്‍ശിക്കാതെ, പുതിയ വൈദ്യുതി കണക്ഷന്‍, താരിഫ് മാറ്റല്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ് മാറ്റല്‍, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഒറ്റ ഫോണ്‍ കോളിലൂടെ ലഭ്യമാക്കുന്ന ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതി കെ എസ് ഇ ബിയുടെ എല്ലാ സെക്ഷനോഫീസുകളിലേക്കും വ്യാപിപ്പിക്കുകയാണ്.
ഈ പദ്ധതിയുടെ ഭാഗമായി ജീവനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്പിന്‍റെ ഉദ്ഘാടനം ബഹു. വൈദ്യുതി മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.

സേവനത്തിനായി നിയോഗിക്കപ്പെട്ട കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ഉപഭോക്താവിന്‍റെ വീട്ടില്‍ എത്തുകയും ആവശ്യമായ വിവരങ്ങള്‍ ഈ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുകയും, സമര്‍പ്പിക്കേണ്ട രേഖകളുടെ ഫോട്ടോ സ്വയമെടുത്ത് അപ് ലോഡ് ചെയ്യുകയും ചെയ്യുന്ന ശൈലിയാണ് അവലംബിക്കപ്പെടുന്നത്. ഇതിലൂടെ വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ പേപ്പര്‍ലെസ് ഓഫീസുകളായി മാറുവാനും ഉപഭോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ എക്കാലവും ഡിജിറ്റല്‍ രേഖകളായി‍ സൂക്ഷിച്ചു വയ്ക്കുവാനും കഴിയും.

1912 എന്ന, കെ എസ് ഇ ബിയുടെ 24/7 പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ച് ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ ആവശ്യപ്പെടാവുന്നതാണ്.

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,93,34,981 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,499 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 853 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2953, തൃശൂര്‍ 2459, കോഴിക്കോട് 2404, എറണാകുളം 2200, പാലക്കാട് 1280, കൊല്ലം 1229, ആലപ്പുഴ 1134, കണ്ണൂര്‍ 896, തിരുവനന്തപുരം 874, കോട്ടയം 853, വയനാട് 581, പത്തനംതിട്ട 571, കാസര്‍ഗോഡ് 513, ഇടുക്കി 463 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 33, പാലക്കാട് 15, വയനാട് 9, തൃശൂര്‍ 8, മലപ്പുറം 5, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കാസര്‍ഗോഡ് 4 വീതം, ആലപ്പുഴ 3, തിരുവനന്തപുരം, കൊല്ലം, ഇടുക്കി 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,104 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 662, പത്തനംതിട്ട 405, ആലപ്പുഴ 1275, കോട്ടയം 753, ഇടുക്കി 330, എറണാകുളം 2037, തൃശൂര്‍ 2551, പാലക്കാട് 1608, മലപ്പുറം 2950, കോഴിക്കോട് 2417, വയനാട് 772, കണ്ണൂര്‍ 1322, കാസര്‍ഗോഡ് 848 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,80,240 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,72,278 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,94,429 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,66,132 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,297 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2407 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

തീരദേശത്തിന്റെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി വികസനം ത്വരിതപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

0
Spread the love

തീരദേശത്തിന്റെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി വികസനം ത്വരിതപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

അഴീക്കോട് – മുനമ്പം പാലം നിർമാണം വേഗത്തിലാക്കും

തീരദേശത്തിന്റെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി വികസനം ത്വരിതപ്പെടുത്തുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അഴീക്കോട് മുനമ്പം പാലത്തിന്റെ നിർദ്ദിഷ്ട സ്ഥലവും മുസിരിസ് മുനയ്ക്കൽ ബീച്ചിലെ മിയോവാക്കി വനങ്ങളും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

അഴീക്കോട് – മുനമ്പം പാലത്തിന്റെ നിർമാണനടപടികൾ വേഗത്തിലാക്കും. പാലത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ച തുക സ്ഥലം വിട്ടു കൊടുത്ത അവകാശികൾക്ക് നൽകുവാനുള്ള നടപടികളും വേഗത്തിലാക്കും. പാലം നിർമാണത്തിനായി കിഫ്ബിയുടെ നിർദ്ദേശപ്രകാരം അഡീഷണൽ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്ക് ദർഘാസ് ക്ഷണിച്ചതിൽ രേഖപ്പെടുത്തിയ കുറഞ്ഞ തുക എസ്റ്റിമേറ്റ് തുകയേക്കാൾ അധികരിച്ച നിരക്കായതിനാൽ വിഷയം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും ധനമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രസ്തുത അഡീഷണൽ ഇൻവെസ്റ്റിഗേഷൻ പാലം നിർമാണം ആരംഭിച്ച ശേഷം നടപ്പിലാക്കാവുന്നതാണെന്ന് കിഫ്ബി നിർദ്ദേശിച്ചിട്ടുള്ളതിനാൽ സങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാനും കെ ആർ എഫ് ബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അഴീക്കോട് മുനമ്പംപാലം യാഥാർത്ഥ്യത്തിലേക്ക് നീക്കുവാൻ തൃശൂർ ജില്ലാ കലക്ടർക്ക് ഫോണിലൂടെ നിർദേശവും നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അടിയന്തരമായി ഉന്നതതലയോഗം വിളിച്ചു ചേർക്കും.

ചരിത്രപ്രാധാന്യമുള്ളതും മറ്റെല്ലാ നിലയ്ക്കും പ്രാധാന്യമുള്ളതുമായ ബീച്ചെന്ന നിലയിൽ മുസിരിസ് ബീച്ചിന്റെ വികസനത്തെ ടൂറിസം വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. സ്ഥലത്തിന്റെ എല്ലാ സാധ്യതകളും ഉൾപ്പെടുത്തി, ആ നിലയിൽ തന്നെ മേഖലയിലെ ടൂറിസം രംഗം വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയോടാപ്പം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്ത് അംഗം സുഗതാ ശശീധരൻ, ബ്ലോക്ക് അംഗം ഹഫ്സൽ, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ്, മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ മനീഷ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത് ഇ ടി, പ്രോജക്ട് എഞ്ചിനീയർ അജിത് വി എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായി.

0
Spread the love

സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായി.ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല. ഒരാള്‍ക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചില്ല. ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു. മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതെ സിക്കയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ഇതോടൊപ്പം ഊര്‍ജിത കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും കുറയ്ക്കാനും സാധിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ ഇടപെടലുകളാണ് സിക്കയെ ഇത്രവേഗം പ്രതിരോധിക്കാനായത്. തദ്ദേശ സ്വയംഭരണ വകുപ്പും റവന്യൂ വകുപ്പും വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

ആരോഗ്യ വകുപ്പ് കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. സിക്ക വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സര്‍വയലന്‍സിന്റെ ഭാഗമായി 9,18,753 പേരെയാണ് സ്‌ക്രീന്‍ ചെയ്തത്. പനി, ചുവന്ന പാടുകള്‍, ശരീര വേദന തുടങ്ങിയ രോഗലക്ഷണമുള്ള 1569 പേരെ ഭവനസന്ദര്‍ശനം നടത്തി കണ്ടെത്തി. അതില്‍ രോഗം സംശയിച്ച 632 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. 66 പേരിലാണ് രോഗം കണ്ടെത്തിയത്. ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് (മൈക്രോസെഫാലി) കാരണമാകും. അതിനാല്‍ പനി തുടങ്ങിയ ലക്ഷണമുള്ള എല്ലാ ഗര്‍ഭിണികളേയും പരിശോധിച്ചു. 4252 ഗര്‍ഭിണികളെ സ്‌ക്രീന്‍ ചെയ്തതില്‍ 6 പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഉണ്ടായത്. 34 പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഒരു നവജാത ശിശുവിനെ മാത്രമാണ് നിരീക്ഷിക്കേണ്ടി വന്നത്. എന്നാല്‍ ആ കുഞ്ഞിനും സിക്ക വൈറസ് മൂലമുള്ള പ്രശ്‌നമുണ്ടായില്ല. അങ്ങനെ ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ മുഴുവന്‍ ഗര്‍ഭിണികളേയും നവജാത ശിശുക്കളേയും സംരക്ഷിക്കാനായി.

കോവിഡ് മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് സംസ്ഥാനത്ത് ആദ്യമായി ജൂലൈ 8ന് സിക്ക വൈറസ് സ്ഥിരീകരിച്ചത്. പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡിനോടൊപ്പം തന്നെ സിക്ക പ്രതിരോധവും ശക്തമാക്കുന്നതിനായി അടിയന്തര യോഗം വിളിച്ച് എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പിന്നാലെ രോഗം റിപ്പോര്‍ട്ട് ചെയ്തു. അതോടെ സിക്ക പ്രതിരോധത്തിന് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പ് മന്ത്രിമാര്‍ക്കൊപ്പം യോഗം ചേർന്ന് ഏകോപിച്ച് പ്രവര്‍ത്തിച്ചു. സിക്കയോടൊപ്പം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നിവയെ കൂടി പ്രതിരോധിക്കാന്‍ പദ്ധതികളാവിഷ്‌ക്കരിച്ചു.

സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളിലും എന്‍.ഐ.വി. ആലപ്പുഴയിലും തിരുവനന്തപുരം പബ്ലിക് ലാബിലും സിക്ക വൈറസ് പരിശോധിക്കാനുള്ള അടിയന്തര സൗകര്യങ്ങളൊരുക്കി. സിക്ക വൈറസ് ബാധയുള്ള പ്രദേശത്തെ ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രതിരോധം ശക്തമാക്കിയത്. വീടുകള്‍ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിംഗ്, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി. കേസുകള്‍ കൂടുതലുള്ള തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടം, നഗരസഭ, ജില്ലാ മെഡിക്കല്‍ ഓഫീസ്, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ ഏകോപിച്ച് ശക്തമായ പ്രവര്‍ത്തനം നടത്തി. ഇതോടൊപ്പം ലഭിച്ച ജനപങ്കാളിത്തവും സിക്കയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. മഴ മാറാതെ നില്‍ക്കുന്നതിനാല്‍ ഇനിയും ജാഗ്രത തുടരേണ്ടതാണ്.

ഒഴിവിന് ആനുപാതികമായി പിഎസ്‌സി പട്ടിക തയ്യാറാക്കൽ പരിഗണനയിലെന്ന് മുഖ്യമന്ത്രി.

0
Spread the love

ഒഴിവിന് ആനുപാതികമായി പിഎസ്‌സി പട്ടിക തയ്യാറാക്കൽ പരിഗണനയിലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം : പ്രതീക്ഷിക്കുന്ന ഒഴിവിന് ആനുപാതികമായി പിഎസ്‌സി റാങ്ക് പട്ടിക തയാറാക്കുന്നതു സർക്കാരിന്റെ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഒഴിവുകളെക്കാൾ വളരെയധികം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നതു ചൂഷണങ്ങൾക്കും അനഭിലഷണീയ പ്രവണതകൾക്കും വഴിവയ്ക്കുന്ന സാഹചര്യത്തിലാണിത്. 
ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ കമ്മിഷനെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.
നിലവിൽ പ്രതീക്ഷിത ഒഴിവുകളുടെ 3 – 5 ഇരട്ടി വരെ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റുകൾ തയാറാക്കുന്നതെന്ന് എച്ച്.സലാമിന്റെ ഉപക്ഷേപത്തിനു മുഖ്യമന്ത്രി മറുപടി നൽകി. ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കെല്ലാം നിയമനം ലഭിക്കില്ല. റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം കുറയ്ക്കുമെന്നു മുഖ്യമന്ത്രി സൂചിപ്പിച്ചെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടതു പിഎസ്‌സിയാണ്. ഇതിൽ സർക്കാരിന് ഇടപെടാനാവില്ല. സർക്കാർ ശുപാർശ ചെയ്താൽ പിഎസ്‌സിക്കു തീരുമാനമെടുക്കാം. യുപിഎസ്‌സിയും മറ്റും പ്രതീക്ഷിത ഒഴിവുകൾക്ക് അനുസൃതമായാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്.സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും തസ്തികകൾ, ഇപ്പോൾ ജോലി ചെയ്യുന്നവർ, അവരുടെ വിരമിക്കൽ തീയതി, ദീർഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദിച്ച തസ്തികകൾ തുടങ്ങിയ വിവരങ്ങൾ  വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സർക്കാർ വാഹനങ്ങൾക്ക്‌ 15 വർഷ കാലാവധി മാത്രം ;15 വർഷം കഴിഞ്ഞാൽ പൊളിക്കും.പൊളിക്കൽ നയം 2022 ഏപ്രിൽ 1 മുതൽ.

0
Spread the love

സർക്കാർ വാഹനങ്ങൾക്ക്‌ 15 വർഷ കാലാവധി മാത്രം ;15 വർഷം കഴിഞ്ഞാൽ പൊളിക്കും.പൊളിക്കൽ നയം 2022 ഏപ്രിൽ 1 മുതൽ.


ന്യൂഡൽഹി : 15 വർഷം പൂർത്തിയായ കേന്ദ്ര, സംസ്ഥാന സർക്കാർ വാഹനങ്ങൾ അടുത്ത വർഷം ഏപ്രിൽ മുതൽ പൊളിച്ചു നീക്കും. കേന്ദ്ര സ്ക്രാപ്പേജ് നയം (പൊളിക്കൽ നയം) 2022 ഏപ്രിൽ 1 മുതൽ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെയാണിത്. 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രമേ പുനർ റജിസ്ട്രേഷൻ നൽകൂ. ട്രാൻസ്പോർട്ട് ബസുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇതു ബാധകമാകും. ഹെവി വാണിജ്യ വാഹനങ്ങൾക്ക് 2023 മുതലും വ്യക്തിഗത വാഹനങ്ങൾക്ക് 2024 ജൂൺ മുതലും ഇതു ബാധകമാവും. ഓട്ടമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റിങ് കേന്ദ്രങ്ങളിലൂടെയുള്ള ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും അതു പാസാവുന്ന വാഹനങ്ങൾക്ക് പുനർ റജിസ്ട്രേഷന് ഉയർന്ന ഫീസ് ഈടാക്കുകയുമാണ് പുതിയ നിയമത്തിലെ പ്രധാന കാര്യം. അതി കഠിനമായ നിബന്ധനകളായിരിക്കും ഫിറ്റ്നെസ് ടെസ്റ്റിനുണ്ടാവുക.
സർക്കാർ വാഹനങ്ങൾ 15 വർഷം കഴിഞ്ഞാൽ നിർബന്ധമായും പൊളിക്കും. സ്ക്രാപ്പേജ് നയം ഇക്കഴിഞ്ഞ മാർച്ചിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ബജറ്റിലും പ്രഖ്യാപനമുണ്ടായിരുന്നു. ഗുജറാത്ത് ഓട്ടമൊബീൽ സ്ക്രാപ്പിങ് നിക്ഷേപക സംഗമത്തിൽ വെർച്വലായി പങ്കെടുക്കവെ ഇന്നലെ പ്രധാനമന്ത്രിയും ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും പദ്ധതി അവതരിപ്പിച്ചു.എന്നാൽ,പൊളിക്കാറായ വാഹനങ്ങൾ കേരളത്തിൽ 35 ലക്ഷത്തോളമുണ്ട്.20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ചെറുകിട വാഹനങ്ങളും 15 വർഷത്തിലേറെ പഴക്കമുള്ള 34 ലക്ഷം ചെറുകിട വാഹനങ്ങളും രാജ്യത്തുണ്ട്. 15 വർഷം കഴി‍ഞ്ഞ 15 ലക്ഷം വാണിജ്യ വാഹനങ്ങളുമുണ്ട്. ഇവ മറ്റു വാഹനങ്ങളെക്കാൾ 10–12 ഇരട്ടി അന്തരീക്ഷ മലിനീകരണമുണ്ടാക്കും.

കരയിലെ കടൽക്കൊട്ടാരമൊരുക്കാൻ അബുദാബി.

0
Spread the love

കരയിലെ കടൽക്കൊട്ടാരമൊരുക്കാൻ അബുദാബി.


അബുദാബി ∙ കൊമ്പൻ സ്രാവുകളടക്കമുള്ള വമ്പൻമാർക്കായി ലോകത്തിലെ ഏറ്റവും വലിയ ‘കടൽക്കൊട്ടാരം’ അടുത്തവർഷം തുറക്കാൻ തലസ്ഥാന നഗരം. കടലാഴങ്ങളിലെ കാഴ്ചകൾ ഒരുക്കുന്ന യാസ് ഐലൻഡിലെ ‘സീ വേൾഡ് അബുദാബിയിൽ’ ആമകൾ, വിവിധയിനം മത്സ്യങ്ങൾ എന്നിയുൾപ്പെടെ 68,000ൽ ഏറെ സമുദ്രജീവികൾ ഉണ്ടാകും. ഇതുവരെ പുറത്തുവന്നതിനും അപ്പുറമാണ് കൊട്ടാരവിശേഷങ്ങൾ. 1.83 ലക്ഷം ചതുരശ്ര മീറ്ററിൽ 5 നിലകളിലായി നിർമിക്കുന്ന സീ വേൾഡ് ‘കരയിലെ കടൽ’ ആകുമെന്നാണ് സൂചന. കടലാഴങ്ങളിലൂടെയുള്ള ഉല്ലാസയാത്രയുടെ പ്രതീതിയുണർത്തുന്ന അത്ഭുത ലോകമാകും ഇത്.  നിർമാണം 64% പൂർത്തിയായി. പടൂകൂറ്റൻ അറകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ, ചെറുഗുഹകൾ  തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന സ്വാഭാവിക കടൽക്കാഴ്ചകളാണ് ഒരുക്കുന്നത്. 
സീവേൾഡ് പാർക്സ് ആൻഡ് എന്റർടെയ്ൻമെന്റുമായി സഹകരിച്ച് ഈ മേഖലയിലെ പ്രമുഖരായ മിറൽ ആണ് നിർമിക്കുന്നത്. 
അക്വേറിയം സങ്കൽപങ്ങൾക്കുമപ്പുറം മറൈൻ ലൈഫ് പാർക്ക്, പഠന-ഗവേഷണ കേന്ദ്രങ്ങൾ, ഉല്ലാസ മേഖലകൾ എന്നിയുൾപ്പെടുന്ന വൻ സംരംഭമാണിത്. നീളൻ ‘ജനാല’യ്ക്കപ്പുറം കടലാഴങ്ങൾ
•20 മീറ്റർ ഉയരമുള്ള നീളൻ ജനാലയുടെ മാതൃകയിലുള്ള ‘എൻഡ് ലസ് വിസ്റ്റ’യിലൂടെ വിവിധ തട്ടുകളിലെ കാഴ്ചകൾ ഒരേസമയം കാണാനാകും. 
• വിവിധ സമുദ്ര മേഖലകളുടെ പ്രത്യേകതകൾ അനുസരിച്ചുള്ള പ്രമേയങ്ങളാകും ഉണ്ടാകുക. കടലിലെ സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കും. 
• വിദ്യാഭ്യാസ-ഗവേഷണ പദ്ധതികൾക്ക് അവസരമൊരുക്കും. ഈ മേഖലയിലെ രാജ്യാന്തര വിദഗ്ധരുടെ ആസ്ഥാനമാക്കുകയും  സമുദ്ര ഗവേഷണ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യും.  
•  2.5 കോടിയിലേറെ ലീറ്റർ വെ ള്ളം ശാസ്ത്രീയ രീതിയിൽ പരിപാലിക്കും. ഓരോ ജിവിയുടെയും ജീവിതചക്രത്തെക്കുറിച്ച് അറിവുള്ള വിദഗ്ധർക്കാണ് അതത് മേഖലകളുടെ ചുമതല.  ഇതോടനുബന്ധിച്ച് കൂടുതൽ വിനോദസഞ്ചാര പദ്ധതികൾക്കു തുടക്കം കുറിക്കുമെന്നും അധികാരികൾ അറിയിച്ചു.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം.

0
Spread the love

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യസമയത്ത് പരിചരണം നല്‍കി അമ്മയേയും കുഞ്ഞിനേയും സുഖമായി ആശുപത്രിയിലെത്തിച്ച കനിവ് 18 ആംബുന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സിജു തോമസ് നൈനാന്‍, പൈലറ്റ് രാഹുല്‍ മുരളീധരന്‍ എന്നിവരെ അഭിനന്ദിക്കുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. ശീതളിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഉടന്‍ തന്നെ ചെങ്ങനൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശീതളിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ തന്നെ അത്യാഹിത സന്ദേശം ചെങ്ങനൂര്‍ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് ജീവനക്കാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി ശീതളിനെ ആംബുലന്‍സിലേക്ക് മാറ്റി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിച്ചു.

കോട്ടയം നഗരത്തില്‍ എത്തിയപ്പോഴേക്കും ശീതളിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സിജുവിന്റെ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയുന്ന സാഹചര്യമല്ല എന്ന് മനസിലാക്കുകയും ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. സിജുവിന്റെ പരിചരണത്തില്‍ 5 മണിയോടെ ശീതള്‍ കുഞ്ഞിന് ജന്മം നല്‍കി. പ്രഥമ ശുശ്രൂക്ഷ നല്‍കിയ ശേഷം ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും സമീപത്തുള്ള കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അഭിലാഷ്, ശീതള്‍ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്.

കോൺഗ്രസിനും വിലക്കേർപ്പെടുത്തി ട്വിറ്റർ; അയ്യായിരത്തോളം കോൺഗ്രസ് അനുകൂല അക്കൗണ്ടുകളും നീക്കം ചെയ്തു.

0
Spread the love

കോൺഗ്രസിനും വിലക്കേർപ്പെടുത്തി ട്വിറ്റർ; അയ്യായിരത്തോളം കോൺഗ്രസ് അനുകൂല അക്കൗണ്ടുകളും നീക്കം ചെയ്തു.


ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കു പിന്നാലെ കോൺഗ്രസ് പാർട്ടിയുടെയും നേതാക്കളുടെയും അടക്കം അയ്യായിരത്തോളം അക്കൗണ്ടുകൾക്കു ട്വിറ്റർ വിലക്കേർപ്പെടുത്തി. ട്വിറ്റർ നയത്തിനെതിരെ പ്രതിഷേധിച്ചു നേതാക്കളും പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ തങ്ങളുടെ ട്വിറ്റർ പ്രൊഫൈലിലെ പേരും ചിത്രവും രാഹുലിന്റേതാക്കി പിന്തുണയറിയിച്ചു. പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ പ്രൊഫൈൽ ചിത്രം രാഹുലിന്റേതാക്കി. 
ഇത്തരത്തിൽ രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ച പല അക്കൗണ്ടുകളും ഇന്നലെ രാത്രിയോടെ ട്വിറ്റർ സ്ഥിരമായി റദ്ദാക്കി. മറ്റൊരാളുടെ അക്കൗണ്ട് ആണെന്നു തോന്നിപ്പിക്കുന്നത് ട്വിറ്ററിന്റെ നയമനുസരിച്ച് തെറ്റാണ്. ഇതനുസരിച്ചായിരുന്നു നടപടി. 
കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല, അജയ് മാക്കൻ, മാണിക്യം ടഗോർ, ജിതേന്ദ്ര സിങ്, സുഷ്മിത ദേവ് അടക്കം അയ്യായിരത്തോളം അക്കൗണ്ടുകളാണു വിലക്കിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥൻ, തമിഴ്നാട് എന്നിവിടങ്ങളിലെ കോൺഗ്രസ് കമ്മിറ്റികളുടെ അക്കൗണ്ടുകൾക്കു വിലക്കുണ്ട്. 
ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുവയസ്സുകാരിയുടെ കുടുംബത്തെ രാഹുൽ സന്ദർശിക്കുന്ന ചിത്രം പങ്കുവച്ചതിനാണു വിലക്ക്. ചിത്രത്തിന്റെ പേരിൽ ദേശീയ ബാലാവകാശ കമ്മിഷൻ ട്വിറ്ററിനു നോട്ടിസ് നൽകിയിരുന്നു.
രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് വിലക്കിയിട്ട് 6 ദിവസം കഴിഞ്ഞു. അക്കൗണ്ടുകൾ വിലക്കിയാലും ജനങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നു കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ, അതിനിടെ
ബിജെപി സർക്കാരുമായി ട്വിറ്റർ ഒത്തുകളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്കു മുൻപേ സമാനമായ ചിത്രം ട്വീറ്റ് ചെയ്ത ദേശീയ പട്ടികജാതി കമ്മിഷനെ വിലക്കാത്തതെന്നും പ്രിയങ്ക ചോദിച്ചു. ട്വിറ്ററിന്റേത് ഇരട്ടത്താപ്പാണെന്നു ശശി തരൂർ എംപി പറഞ്ഞു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഹത്രസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ ട്വിറ്റർ നടപടിയെടുത്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
“അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നതു കുറ്റമാണെങ്കിൽ ഞാൻ കുറ്റക്കാരനാണ്. നീതിക്കു വേണ്ടി പോരാടുന്നതു കുറ്റമാണെങ്കിൽ ഞാൻ കുറ്റക്കാരനാണ്. അവർക്കു നമ്മെ ഒരു പ്ലാറ്റ്ഫോമിൽ നിന്നു വിലക്കാം, പക്ഷേ ജനങ്ങൾക്കു വേണ്ടി നമ്മൾ ഉയർത്തുന്ന ശബ്ദത്തെ അവർക്കു വിലക്കാൻ കഴിയില്ല. 130 കോടി ജനങ്ങളെ നിശ്ശബ്ദരാക്കാൻ കഴിയില്ല. ഭയപ്പെടാതിരിക്കുക, സത്യമേവ ജയതേ.” – രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്”.സ്വന്തം ട്വിറ്റർ അക്കൗണ്ടിനു രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും നൽകിയ ശേഷം യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് കുറിച്ചതിങ്ങനെ: “എത്ര അക്കൗണ്ടുകൾ നിങ്ങൾ ബ്ലോക്ക് ചെയ്യും? ” എന്ന ചോദ്യത്തിന് പിന്നാലെയാണ് ആയിരക്കണക്കിനു പ്രൊഫൈലുകൾ രാഹുലിന്റെ പേരും ചിത്രവും ഉപയോഗിച്ചത്. ബിജെപിയുടെ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുന്നത് നിർത്തിയിട്ട്, ഒരു സമൂഹമാധ്യമമായി ട്വിറ്റർ പെരുമാറണമെന്നും ശ്രീനിവാസ് പറഞ്ഞു. 

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts