സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 2200 രൂപ വർധിച്ച് സ്വർണവില ആദ്യമായി 74,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,320 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 3485 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.13 ആണ്. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1കോടി രൂപയ്ക്ക് മുകളിൽ എത്തി. സമീപകാലത്തെ ഒരു ദിവസം കൂടുന്ന ഏറ്റവും വിലവർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവർധനമാണ് അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായത്. 3500 ഡോളർ മറികടന്ന് മുന്നോട്ടു കുതിക്കും എന്ന സൂചനകളാണ് വരുന്നത്.
വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ; പരാതി ഒത്തുതീർപ്പാക്കാൻ ശ്രമമെന്ന് സൂചന, താക്കീത് നൽകും
സിനിമാ ഷൂട്ടിങ്ങിനിടെ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍ സി അലോഷ്യസിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ നീക്കം. ഫിലിം ചേമ്പറിനും ഇന്റേണല്‍ കമ്മിറ്റിക്കുമാണ് (ഐസി) വിന്‍ സി പരാതി നല്‍കിയത്. കഴിഞ്ഞദിവസം നടന്ന ഐസി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം ചാക്കോ മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു
തന്റെ പരാതിയിലെ കുറ്റാരോപിതന്റെ പേര് പുറത്തുവന്നതിലെ അതൃപ്തി വിന്‍ സി, ഐസി യോഗത്തില്‍ പ്രകടിപ്പിച്ചു. പോലീസില്‍ പരാതി നല്‍കാന്‍ താത്പര്യമില്ലെന്നും സിനിമയ്ക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് താത്പര്യമെന്നും വിന്‍ സി നേരത്തേ പറഞ്ഞിരുന്നു. വിന്‍ സിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പറയാനുള്ളത് ഒറ്റയ്‌ക്കൊറ്റയ്ക്കും ഇരുവരേയും ഒന്നിച്ചിരുത്തിയും ഐസി കേട്ടു. ഐസിയുടെ ഏത് തീരുമാനവും അംഗീകരിക്കാമെന്ന് പറഞ്ഞാണ് വിന്‍ സി മടങ്ങിയത്.
തിങ്കളാഴ്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഹാളിലാണ് ഐസി യോഗം ചേര്‍ന്നത്. വിന്‍ സി ഒറ്റയ്ക്കാണ് യോഗത്തിനെത്തിയത്. അതേസമയം ഷൈന്‍ ടോം ചാക്കോ കുടുംബത്തിനൊപ്പമാണ്. താന്‍ മനഃപൂര്‍വ്വം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ സ്വാഭാവികമായ ശൈലിയാണിതെന്നും പറഞ്ഞ ഷൈന്‍ ആ ശൈലി ഇനി ആവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കി. തന്റെ പെരുമാറ്റം മോശമായി തോന്നിയെങ്കില്‍ മാപ്പ് പറയുന്നുവെന്നും ഷൈന്‍ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്‍കാനുള്ള തീരുമാനമാകും ഇന്റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ടാകുക എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാകും അമ്മയും ഫിലിം ചേമ്പറും ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കടുത്ത നിലപാടിലേക്ക് പോകേണ്ട എന്നാണ് സംഘടനകളുടെ തീരുമാനമെന്നാണ് വിവരം. സിനിമാ മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമാണ് ഇത് എന്നതാണ് തീരുമാനത്തിന് ന്യായമായി പറയുന്നത്.
23ാം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് നടി സാനിയ; വേഷം ചർച്ചയാക്കി സോഷ്യൽ മീഡിയ
മലയാളികൾ സോഷ്യൽ മീഡിയയിലൂടെ വളരെയധികം ആക്രമിച്ചിട്ടുള്ള നടിയാണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത സമയം മുതലേ നടി സൈബർ ആക്രമങ്ങൾക്ക് ഇരയാണ്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ അരോസരപ്പെടുത്തുന്നു എന്നു പറഞ്ഞായിരുന്നു താരത്തെ ആദ്യം മലയാളികൾ മലയാളികൾ വിമർശിച്ചത്. പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ്, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ നടി മലയാളത്തിൽ സജീവമായതോടെ നടിയുടെ വേഷവിധാനങ്ങളുടെ പേരിലായി പിന്നീടങ്ങോട്ടുള്ള സൈബർ ആക്രമണങ്ങൾ.
ഇപ്പോഴുള്ള തന്റെ 23 ആം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ച് ആഘോഷിച്ചതിന്റെയും തന്റെ സന്തോഷദിനത്തിൽ താരമണിഞ്ഞ വസ്ത്രത്തെയും പേരിലാണ് സാനിയ വീണ്ടും ചർച്ചയാകുന്നത്. സാധാരണ പിറന്നാൾ ടീമിൽ നിന്നും ഡ്രസ്സിൽ നിന്നും വ്യത്യസ്തമായി ഗ്ലാമറസ് ലുക്കിലായിരുന്നു സാനിയയുടെ കേക്ക് കട്ടിംഗ്. പരിപാടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ഇക്കാര്യം ഞങ്ങൾ നേരത്തേ ആവശ്യപ്പെട്ടിട്ടുള്ളതാണ്; സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിൽ പ്രതികരിച്ച് ലിസ്റ്റിൻ സ്റ്റീഫൻ
ഒന്നോ രണ്ടോ ആളുകൾ ലഹരി ഉപയോഗിക്കുന്നുവെന്ന് കരുതി സിനിമാ മേഖലയെ മൊത്തം ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഇതൊന്നും ആരും പിന്തുണയ്ക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെങ്കിൽ അത് തെറ്റാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചു. തനിക്ക് വ്യക്തിപരമായി ഇത്തരം കാര്യങ്ങൾ അനുഭവപ്പെട്ടിട്ടില്ല. വാർത്തകളിൽക്കൂടിയുള്ള അറിവുമാത്രമേയുള്ളൂ. ഷൈനുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ച് അറിയില്ല. സിനിമാ സെറ്റുകളിലെ പരിശോധന സ്വാഗതം ചെയ്യുന്നു. ഇക്കാര്യം തങ്ങൾതന്നെ നേരത്തേ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടിച്ചേർത്തു.
അതേസമയം ഷൈൻ ടോം ചാക്കോയ്ക്കെതിരായ വിൻ സി അലോഷ്യസിന്റെ പരാതിയിൽ സൂത്രവാക്യം സിനിമയുടെ ആഭ്യന്തര സമിതി തിങ്കളാഴ്ച വൈകീട്ട് യോഗം ചേരും. യോഗത്തിൽ വിൻ സി അലോഷ്യസ് പങ്കെടുക്കുകയും തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്യും. ഇതോടെ ഷൈൻ ടോമിനെതിരെ എന്ത് നടപടിയുണ്ടാവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.യോഗത്തിൽ ഹാജരാകണമെന്ന് ഷൈനിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മമ്മൂക്കയുടെ കാലിലെ കട്ടൻ ചായ; അപ്പോ കുട്ടി പറഞ്ഞതിൽ കാര്യമുണ്ടല്ലേ എന്ന് സോഷ്യൽ മീഡിയ, ചിത്രം പങ്കുവെച്ച് നടി ഐശ്വര്യ മേനോൻ
കാലില്‍ ചായ ഗ്ലാസ് വച്ച് ബാലന്‍സ് ചെയ്തു മമ്മൂട്ടിയുടെ ഒരു സ്റ്റൈലൻ ഇരിപ്പുണ്ട് എന്ന് നടി ഐശ്വര്യ മേനോന്‍ ഫിലിം പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ പറഞ്ഞത് വലിയ വൈറൽ ആയിരുന്നു. അഭിമുഖത്തിന്റെ ഭാഗങ്ങൾ പുറത്തുവന്നതോടെ നടിയെ വ്യാപകമായി സോഷ്യൽ മീഡിയ ട്രോളിയിരുന്നു.
ഇപ്പോൾ തന്നെ ട്രോളിയവരോടുള്ള മറുപടി എന്നോണം ഒരുമിച്ചഭിനയിച്ച ഏറ്റവും പുതിയ ചിത്രം ‘ബസൂക്ക’യുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. മെഗാസ്റ്റാർ മമ്മൂക്ക കാലിന്‍ മേല്‍ കാല്‍ കയറ്റിവച്ച് കൂളായി ഒരു കട്ടന്‍ ചായ ഗ്ലാസും ബാലന്‍സ് ചെയ്തിരിക്കുന്ന ചിത്രമാണിത്.
കാലില്‍ ചായ ഗ്ലാസ് വച്ച് സ്‌റ്റൈലിഷായുള്ള ഈ ചായ കുടി ശീലം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മമ്മൂട്ടി എന്നതാണ് സത്യം. താരത്തിന്റെ പഴയകാല ചിത്രങ്ങളിലും സമാനമായ സ്‌റ്റൈല്‍ കണ്ടെത്താം. പഴയ ചില ചിത്രങ്ങളിലെ ഷോട്ടുകളും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.
ഇങ്ങനെയാണ് കട്ടന്‍ ചായക്ക് കാലിച്ചായ എന്ന് പേര് വന്നത് എന്നാണ് ഒരാള്‍ കമന്റ് ആയി കുറിച്ചിരിക്കുന്നത്. ഭക്ഷണ സാധനം ഇങ്ങനെ കാലില്‍ വയ്ക്കരുതായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതിനിടെ മമ്മൂട്ടിയുടെ കാലില്‍ കിടക്കുന്ന ആഭരണത്തിലാണ് ചിലരുടെ കണ്ണുടക്കിയത്. ഇനി ഇതാവുമോ ട്രെന്‍ഡ് എന്നാണ് പലരും ചോദിച്ചിരിക്കുന്നത്.
ഫീൽഡ് ഔട്ട് ആയെന്ന് ഇനി പറയല്ലേ! സൂര്യ ചിത്രത്തിൽ പ്രധാന കഥാപാത്രമായി ജയറാം
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. സിനിമയിൽ മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സ്വാസിക, സുജിത് ശങ്കർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറിന് പുറകെ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് നേരെ നിരവധി ട്രോളുകളാണ് വരുന്നത്. അടുത്തിടെ അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത റോളുകളുടെ പേരില്‍ ജയറാം ഏറെ വിമര്‍ശനത്തിന് വിധേയനായിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ജയറാം സാറിന്‍റേത് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. പിന്നെ ഒരുപാട് ഹ്യൂമറുമുണ്ട്. അദ്ദേഹം ഒരു വലിയ പെര്‍ഫോമറാണ്. എന്ത് വേണമെങ്കിലും ചെയ്യാന്‍ പറ്റും. വില്ലനായും ക്യാരക്ടര്‍ റോളുകളിലും കണ്ടിട്ടുണ്ട്. ഹീറോ ആയി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തെലുങ്കിലും വലിയ പടങ്ങളില്‍ വില്ലനായും സപ്പോര്‍ട്ടിങ് റോളിലും കാണാം. എന്നാല്‍ എനിക്ക് അദ്ദേഹത്തിന്‍റെ പഞ്ചതന്ത്രത്തിലെ മീറ്ററാണ് ഏറ്റവും ഇഷ്ടം. ആദ്യം ഒരുപാട് പേരെ ആലോചിച്ചിരുന്നു,’ ജയറാം പറഞ്ഞു.
ജനിച്ച് അഞ്ചാം ദിനം കുഞ്ഞു രുദ്ര മലയാള സിനിമയിലെ നായിക; 28 കെട്ട് വരെ നിവിൻ പോളി പടത്തിന്റെ സെറ്റിൽ
നവജാത ശിശുക്കൾ സിനിമയിൽ അഭിനയിക്കുന്നത് വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്നത് അപൂർവങ്ങളിൽ അപൂർവ്വമായ ഭാഗ്യം തന്നെയാണ്. സംഭവിച്ചിരിക്കുന്നത് മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ആണെന്നുള്ളത് മറ്റൊരു കൗതുകം. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ അഖിൽ യശോധരൻ്റെ കുഞ്ഞ് – രുദ്രക്കാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചിരിക്കുന്നത്.
മാജിക്ക് ഫെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബോബി സഞ്ജയ് യുടെ തിരക്കഥയിൽ,അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബാബിഗേൾ എന്ന ചിത്രത്തിലാണ് ബേബിരുദ്ര കേന്ദ്ര കഥാപാത്രമായ ബേബി ഗേളിനെ അവതരിപ്പിക്കു വാനുള്ള സൗഭാഗ്യം ലഭിച്ചത്.
നിവിൻ പോളി നായകനും ലിജോമോൾ നായികച്ച മാകുന്ന ഈ ചിത്രത്തിൽ ഒരു പിടി ശ്രദ്ധേയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ട്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബേബി ഗോൾ ആകുന്നത് രുദ്രയാണ്. തിരുവനന്തപുരത്താണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം നടന്നു വരുന്നതിനിടയിലാണ് കുഞ്ഞിൻ്റെ നൂലുകെട്ടിൻ്റെ ദിവസമെത്തുന്നത്. നമ്മുടെ നായികയുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളിയാണ്. കവടിയാർ ലയൺസ് ക്ലബ്ബിലായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്.
വഴിതെറ്റിയാൽ എന്താ അതിഗംഭീര കോമ്പോ കഴിക്കാൻ പാകത്തിൽ ‘മോഹന്‍ചേട്ടന്റെ ചായക്കട’യിൽ എത്തീല്ലോ, കഥ പറഞ്ഞ് നവ്യ നായർ
നിരവധി ആളുകളുടെ ഇഷ്ട കോമ്പിനേഷനാണ് പഴംപൊരിയും ബീഫും. യാത്രയ്ക്കിടെ വഴി തെറ്റിയെങ്കിലും ‘അതിഗംഭീരമായ’ കോമ്പോ കഴിക്കാനായതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ നവ്യ നായര്‍. കുടുംബവുമൊത്തുള്ള യാത്രയ്ക്കിടെ ‘മോഹന്‍ചേട്ടന്റെ ചായക്കട’യിലാണ് നവ്യ എത്തിയത്.
തേക്കടിയില്‍ നിന്ന് വരവെയാണ് വഴി തെറ്റിയതെന്ന് നവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വഴിതെറ്റിയെങ്കിലും മകന്‍ കണ്ണന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന മോഹന്‍ചേട്ടന്റെ ചായക്കടയില്‍ എത്തി. ഭക്ഷണത്തിന്റെ സ്വാദ് അതിഗംഭീരമാണെന്നും നവ്യ പറയുന്നു. ഇതിന്റെ വീഡിയോയും നവ്യ പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
തേക്കടിയില്‍ നിന്ന് വരുന്ന വഴി കുറച്ച് തെറ്റി. അതുകൊണ്ട് ഭാഗ്യവശാല്‍ ഇന്‍സ്റ്റഗ്രാം വൈറലായ കണ്ണന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന മോഹന്‍ചേട്ടന്റെ ചായക്കട എത്തി.മസ്റ്റ് ട്രൈ, പഴംപൊരി ബീഫ് കറി, നാടന്‍ ചായഫുഡിന്റെ സ്വാദ് അതിഗംഭീരം. മോന്‍ചേട്ടന്റെയും സഹോദരന്റെയും പെരുമാറ്റം, സ്‌നേഹം, എല്ലാകൊണ്ടും സന്തോഷമായി.’
ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു.ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാർപാപ്പ വിശ്രമത്തിലായിരുന്നു. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടർമാർ മാർപാപ്പയ്ക്ക് നിർദ്ദേശിച്ചിരുന്നത്. ആശുപത്രി വിടുന്നതിന് മുമ്പ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികിൽ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
രേണു സുധിയുടെ പുതിയ വിശേഷങ്ങൾ ചോദിച്ച് മീഡിയ; ‘ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ’യെന്ന് ലക്ഷ്മി നക്ഷത്ര, ആ മറുപടി കേട്ടാലറിയാം സത്യാവസ്ഥയെന്ന് സോഷ്യൽ മീഡിയ
അന്തരിച്ച കലാകാരൻ കൊല്ലം സുധിയും അവതാരിക ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന് കുടുംബ പ്രേക്ഷകർക്ക് നന്നായി അറിയാം. സ്റ്റാർ മാജിക് എന്ന ഹിറ്റ് റിയാലിറ്റി ഷോയുടെ ഭാഗമായ രണ്ടുപേർ എന്നതിലപ്പുറം ഇരുവരും തമ്മിൽ ഒരു സഹോദരി- സഹോദര ബന്ധം ഉടലെടുത്തിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും ലക്ഷ്മി നക്ഷത്ര അദ്ദേഹത്തിന്റെ കുടുംബത്തിന് ഒപ്പം നിന്നിരുന്നു. സുധിയുടെ മരണത്തിനുശേഷം ആദരാഞ്ജലികളും അനുശോചന വാക്കുകളുമായി പലരും മടങ്ങിയപ്പോഴും സാമ്പത്തികമായും മാനസികമായും ആ കുടുംബത്തോടൊപ്പം നിന്നയാളാണ് ലക്ഷ്മി നക്ഷത്ര.
എന്നാൽ കേറിക്കിടക്കാൻ സ്നേഹിച്ചിരുന്നവർ ഒരു പുതിയ വീട് വച്ച് നൽകിയതോടെ ഭാര്യ രേണുവിന്റെ മട്ടും ഭാവവും മാറി എന്ന വിമർശനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. വിമർശനങ്ങൾ നിലനിൽക്കുമ്പോഴും മോഡലിങ്ങും അഭിനയവുമൊക്കെയായി ആരെയും കൂസാതെ മുന്നോട്ടുപോകുന്ന രേണുവിന്റെ സ്വഭാവം സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യുകയും കുറ്റപ്പെടുത്തുകയും വിമർശിക്കുകയുമാണിപ്പോൾ മലയാളികൾ. ഗ്ലാമറസ് വീഡിയോ ഷൂട്ടും ശരീരഭാഗങ്ങൾ എക്സ്പോസ് ചെയ്തുകൊണ്ടുള്ള ഫോട്ടോഷൂട്ടുമെല്ലാം രേണുവിനെ ആക്രമിക്കാനുള്ള ആയുധങ്ങളാക്കി സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ ശക്തമാകുമ്പോൾ കൂട്ടുകാരി ലക്ഷ്മി നക്ഷത്രയോട് ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. രേണുവിന്റെ ജീവിതത്തെക്കുറിച്ചോ പ്രവർത്തിയെ കുറിച്ചോ കമന്റ് ചെയ്യാൻ താന്നില്ലെന്നും ഓരോരുത്തർക്കും അവരുടേതായ ഇഷ്ടമുണ്ടല്ലോ എന്നുമാണ് ലക്ഷ്മി നക്ഷത്ര മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്.
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ. അതേ കുറിച്ച് നിങ്ങൾ അവരോട് ചോദിച്ചാൽ നിങ്ങളാരായെന്ന് അവർ നിങ്ങളോട് ചോദിക്കും. എന്തിനാണ് വെറുതെ… അവർ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ… അവരുടെ പാഷൻ എന്താണോ… എന്തിനാണ് നമ്മൾ മറ്റുള്ളവരുടെ ലൈഫിൽ ഇടപെടുന്നത്. കണ്ടന്റുണ്ടാക്കാൻ ശ്രമിക്കണ്ട. നിങ്ങൾക്ക് മീഡിയയിൽ പ്രവർത്തിക്കാൻ അല്ലേ ഇഷ്ടം?. അതുപോലെ തന്നെയാണ് അവരും.
അതേസമയം ലക്ഷ്മി നക്ഷത്രയുടെ മറുപടി ചർച്ചയായതോടെ രേണുവിനോടുള്ള നീരസം താരത്തിന്റെ വാക്കുകളിൽ പ്രകടമാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. പണ്ട് വലിയ സ്നേഹത്തിൽ കഴിഞ്ഞിരുന്നവർ ഇപ്പോൾ സംസാരിക്കുന്നത് കേട്ടാൽ അറിയാം ഇരുവർക്കും ഇടയിൽ പ്രശ്നമുണ്ടെന്ന് എന്ന് മറ്റുചിലർ വീഡിയോ താഴെ കമന്റ് രേഖപ്പെടുത്തുന്നു. പണ്ട് അടയും ചക്കരയുമായിരുന്നല്ലോ മറ്റു ചിലർ താരത്തിനോടായി ചോദിക്കുന്നു. അവരുടെ ലൈഫ് അവരുടെ റൂൾസ് എന്ന ലക്ഷ്മിയുടെ വാക്കിലുണ്ട് രേണുവിന്റെ പോക്ക് ശരിയല്ലെന്ന സൂചന എന്ന് മറ്റു ചിലർ.














