Home Blog Page 280

സ്റ്റീഫൻ നെടുമ്പള്ളിയുടെ പടയാളി; എമ്പുരാനിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

0
Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. നാളുകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ മാർച്ച് 27ന് സിനിമ തിയറ്ററുകളിൽ എത്തും. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിലെ അഭിനേതാക്കൾ ആരൊക്കെയാകുമെന്നാണ് ഇപ്പോൾ പ്രേക്ഷകർ ആകാംഷയോടെ ഉറ്റു നോക്കുന്നത്.

ഇപ്പോഴിതാ എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ജയ്സ് ജോസ് അവതരിപ്പിക്കുന്ന സേവ്യർ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം നടന്റെ ചിത്രീകരണ അനുഭവങ്ങളും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ലൂസിഫർ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയ്‌ക്കൊപ്പമുള്ള കഥാപാത്രമാണ് സേവ്യർ.

ഇത് എമ്പുരാൻ എന്ന സിനിമയിലെ 36-ാമത്തെ ക്യാരക്ടർ പോസ്റ്ററാണ്. അടുത്ത ദിവസങ്ങളിൽ അണിയറപ്രവർത്തകർ മറ്റ് ക്യാരക്ടർ പോസ്റ്ററുകളും പുറത്തുവിടും

‘പോകാൻ സമയമായി’; കൺഫ്യൂഷൻ ആക്കി അമിതാഭ് ബച്ചന്റെ പോസ്റ്റ്

0
Spread the love

സെലിബ്രിറ്റികൾ സോഷ്യൽമീഡിയയിൽ പങ്കുവക്കുന്ന പോസ്റ്റുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ചിലത് വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവയ്‌ക്കുമ്പോൾ മറ്റുചിലത് പോസിറ്റീവ് പ്രതികരണങ്ങളും നേടുന്നു. അത്തരമൊരു പോസ്റ്റാണ് സോഷ്യൽമീഡിയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ഇതിഹാസ താരം അമിതാഭ് ബച്ചന്റേതാണ് പോസ്റ്റ്.

പോകാൻ സമയമായി (time to go) എന്നാണ് ബി​ഗ് ബി എക്സിൽ പങ്കുവച്ചിരിക്കുന്നത്. ആരാധകർക്ക് ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാക്കുന്നതാണ് പോസ്റ്റ്. പിന്നാലെ ചോദ്യങ്ങളുമായി ആരാധകരുമെത്തി. വിരമിക്കലിന്റെ സൂചന നൽകുന്നതാണോ ഈ പോസ്റ്റെന്നാണ് ചിലർ ചോദിക്കുന്നത്. ആരോ​ഗ്യപ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ പോകുകയാണോ എന്ന സംശയവും മറ്റുചിലർ ഉന്നയിക്കുന്നു.

വൈകാരികമായ കുറിപ്പുകൾ വരെ ആരാധകർ പങ്കുവക്കുന്നുണ്ട്. അഭിഷേക് ബച്ചന്റെ 49-ാം പിറന്നാൾ ആഘോഷിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു പോസ്റ്റ് എത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. മകന്റെ പിറന്നാൾ ദിനത്തിൽ അമിതാഭ് ബച്ചൻ പങ്കുവച്ച വികാരനിർഭരമായ കുറിപ്പ് സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.രജനികാന്തിന്റെ വേട്ടയാനാണ് അമിതാഭ് ബച്ചന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം.

‘മകൻ പുറത്തിറങ്ങിയാൽ തന്നെയും കൊല്ലും’; പിതാവിന്റെ മരണം ബ്ലാക്ക് മാജിക്കിനെ തുടർന്നെന്ന് സംശയം

0
Spread the love

വെള്ളറട കിളിയൂരിൽ അച്ഛനെ മകൻ കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വർഷത്തിലധികമായി ജോസും ഭാര്യ സുഷമയും മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചത്. കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്

മുറിയിൽ നിന്നും ‘ഓം’ പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേൾക്കുമായിരുന്നു. മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞത്. മകൻ ജയിലിൽ നിന്നും പുറത്തു വന്നാൽ തന്നെയും കൊല്ലുമെന്ന് ജോസിൻ്റെ ഭാര്യ സുഷമ പറഞ്ഞു.

‘കൊച്ചിയിൽ സിനിമാ പഠനത്തിന് പോയിരുന്നു. റൂം പൂട്ടിയിട്ടേ പുറത്തിറങ്ങൂ. അവൻറെ റൂമിലേക്ക് കയറാൻ സമ്മതിക്കില്ല. പടി ചവിട്ടിയെന്നായാൽ ഉടൻ അവൻ പ്രതികരിക്കും. ഭീഷണിപ്പെടുത്തും. മകൻ പുറത്തിറങ്ങിയാൽ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും’, അമ്മ പറയുന്നു.

ഈ മാസം അഞ്ചിനാണ് അതിക്രൂര കൊലപാതകം നടന്നത്. വെള്ളറട സ്വദേശി ജോസി(70)നെ മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കിളിയൂരിലെ ചാരുവിള വീട്ടിൽ ജോസും ഭാര്യയും പ്രജിനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ജോസിന്റെ മൃതദേഹം അടുക്കളയിലായിരുന്നു കിടന്നിരുന്നത്.

‘ചേട്ടാ ബീഫ് കഴിച്ചാൽ എനിക്കും ഇറങ്ങും’; സ്വന്തം സിനിമാ സെറ്റിൽ പോലും വിവേചനം നേരിടേണ്ടി വന്നെന്ന് സാന്ദ്ര തോമസ്

0
Spread the love

ലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. ഇതിനകം ഒരുപിടി മികച്ച സിനിമകൾ ഇവരുടെ നിർമാണത്തിൽ മലയാളികൾക്ക് ലഭിച്ചു കഴി‍ഞ്ഞു. പലപ്പോഴും നിലപാടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത സന്ദ്ര നിലവിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കത്തിലാണ്. ഈ അവസരത്തിൽ തന്റെ സ്വന്തം സിനിമാ സെറ്റിൽ നേരിടേണ്ടി വന്നൊരു വിവേചനത്തെ കുറിച്ച് തുറന്നു പറയുകയാണ് സാന്ദ്ര. 

ഭക്ഷണത്തിന്റെ പേരിൽ നേരിട്ട വിവേചനത്തെ കുറിച്ചാണ് സാന്ദ്ര പറയുന്നത്. ‘ഞാനൊരു നിർമാതാവാണ്. ഞാനാണ് എന്റെ സിനിമകളുടെ സെറ്റിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഞാൻ പൈസ കൊടുത്തിട്ടാണ് ആ സെറ്റിൽ ഭക്ഷണം വാങ്ങുന്നത്. അതാണ് എല്ലാവരും കഴിക്കുന്നതും. കഴിഞ്ഞ സിനിമയിലെ ക്യാമറാമാൻ ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നു എന്ന് പറഞ്ഞു. എനിക്ക് കിട്ടിയില്ലല്ലോ എന്നാണ് ഞാൻ പറഞ്ഞത്. സംവിധായകനോട് ചോദിച്ചപ്പോൾ പുള്ളിക്കും കിട്ടിയിട്ടുണ്ട്. അതായത് ആണുങ്ങളായിട്ടുള്ള എല്ലാവർക്കും ഈ സ്പെഷ്യൽ ബീഫ് കിട്ടിയിട്ടുണ്ട്. ഒരു നിർമാതാവായ എനിക്കത് കിട്ടിയിട്ടില്ല. അവസാനം മെസ് നടത്തുന്ന ചേട്ടനെ വിളിച്ചിട്ട് ചേട്ടാ ബീഫ് കഴിച്ചാൽ എനിക്കും ഇറങ്ങും എന്ന് പറഞ്ഞു. അങ്ങനെ പറയേണ്ടി വന്നു’, എന്നാണ് സാന്ദ്ര പറയുന്നത്. കെഎല്‍എഫ് വേദിയില്‍ ആയിരുന്നു തുറന്നുപറച്ചില്‍. 

സിനിമാ സെറ്റുകളിൽ ഏറ്റവും കൂടുതൽ സ്റ്റൈലിസ്റ്റുകള്‍, മേക്കപ്പ് ആർട്ടിസ്റ്റുകളായ സ്ത്രീകളൊക്കെയാണെന്ന് സാന്ദ്ര പറയുന്നു. അവർക്ക് പരാതി പോലും പറയാൻ പറ്റാത്ത അവസ്ഥയാണെന്നും അവർ പറയുന്നു. ’23മത്തെ വയസിൽ സിനിമയിൽ വന്നൊരാളാണ് ഞാൻ. ആദ്യം ചെയ്ത ബിസിനസ് ഇതായിരുന്നു. ഭാ​ഗ്യം കൊണ്ട് അത് നന്നായി വന്നു. സിനിമയിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. എല്ലാം വലിയ പാഠങ്ങൾ ആയിരുന്നു’, എന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.  

‘ബസൂക്ക’ പ്രണയ ദിനത്തിൽ റിലീസിനില്ല; പിന്മാറി മമ്മൂട്ടി ചിത്രം

0
Spread the love

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ബസൂക്ക’. ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിവച്ചിരിക്കുകയാണ്. ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പുതിയ അറിയിപ്പ്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

ഫെബ്രുവരി 14ന്, ആന്റണി വർഗീസ് പെപ്പെ നായകനായ ‘ദാവീദ്’ , അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ‘ബ്രൊമാൻസ്’, സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘പൈങ്കിളി’ എന്നിവയ്ക്ക് ഒപ്പമായിരുന്നു മുൻപ് ബസൂക്കയും റിലീസ് പ്ലാൻ ചെയ്തിരുന്നത്.

ഡീനോ ഡിനോ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് ​​മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദീൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരാണ് അണിനിരക്കുന്നത്.

കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബസൂക്ക. ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ.

സംസ്ഥാനത്ത് നാളെ താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

0
Spread the love

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും (08/02/2025 & 09/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

  • പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർദ്ധിക്കാനും വ്യാപിക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർത്ഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
  • മാദ്ധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യില്‍ കരുതുക.
  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

മുട്ട നന്നായി വരഞ്ഞ് ഒന്ന് വരട്ടി എടുത്താലോ? കിടിലൻ വിഭവത്തിന്റെ റെസിപ്പി ഇതാ..

0
Spread the love

മുട്ട പുഴുങ്ങുക അല്ലെങ്കിൽ പൊരിക്കുക, അതുമല്ലെങ്കിൽ റോസ്റ്റാക്കുക. ഇതല്ലാതെ മുട്ട എങ്ങനെ കഴിക്കുമെന്ന് കരുതാറുണ്ടോ? എന്നും ഒരേ രുചിയിൽ കഴിച്ച് മടുത്തെങ്കിൽ മുട്ട  വരഞ്ഞ് വരട്ടി നോക്കൂ.. റെസിപ്പി ഇതാ..

ചേരുവകൾ

മുട്ട പുഴുങ്ങിയത്- നാല് എണ്ണം
വെളിച്ചെണ്ണ
കുരുമുളക് പൊടി- അര ടീസ്പൂൺ
മുളകുപ്പൊടി- ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
​ഗരംമസാല- അര ടീസ്പൂൺ
കറിവേപ്പില
ഉപ്പ്

തയ്യാറാക്കേണ്ട വിധം 

മുട്ട പുഴുങ്ങിയത് വരഞ്ഞെടുക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് തീ കുറച്ച് വച്ചതിന് ശേഷം കുരുമുളക് പൊടി, മുളകുപ്പൊടി, മഞ്ഞൾപ്പൊടി, ​ഗരംമസാല എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് ഉപ്പും കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് മുട്ട ചേർത്ത് വഴറ്റുക. മുട്ട വരിഞ്ഞ് പൊരിച്ചത് റെഡി.

ആഹാരം ഉപേക്ഷിച്ച് മമ്മൂട്ടിയുടെ പ്രതിഷേധം; പിറ്റേന്നുമുതൽ റോഡിൽ കാറിലിരുന്ന് കഴിപ്പ്; സംഭവത്തിന് പിന്നിലെ കാര്യമിത്..

0
Spread the love

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. 1989ൽ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോൾ വലിയ വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. സംസ്ഥാന- ദേശീയ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം അന്തരിച്ച സാഹിത്യകാരൻ എംടി വാസുദേവൻ നായർക്കുള്ള ആദരം കൂടിയായാണ് റീ റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ചില കഥകൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

‘കൊല്ലങ്കോട് കൊട്ടാരത്തിലായിരുന്നു ആദ്യ ചിത്രീകരണം നടന്നത്. ചന്തുവിന്റെ കഴുത്തിൽ രുദ്രാക്ഷ മാല വേണം. പിച്ചള മമ്മൂട്ടിക്ക് അലർജിയാണ്. സ്വർണത്തിൽ തീർത്ത മാലയാണ് സിനിമയിൽ മമ്മൂട്ടിക്കായി തയ്യാറാക്കിയത്. കൊട്ടാരത്തിന്റെ സമീപത്തായി മത്സ്യമാംസാദികൾ പാടില്ലെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ മമ്മൂട്ടിക്ക് ഇവയില്ലാതെ ആഹാരം കഴിക്കുന്നത് ചിന്തിക്കാനാവില്ല. സസ്യാഹാരത്തിൽ പ്രതിഷേധിച്ച് ഒരുദിവസം മമ്മൂട്ടി ആഹാരം ഉപേക്ഷിച്ചു. പിറ്റേന്ന് മുതൽ റോഡിൽ കാറിലിരുന്നാണ് മമ്മൂട്ടി ഭക്ഷണം കഴിച്ചത്. അന്ന് കാരവാനില്ലായിരുന്നു’- തന്റെ യുട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് വിവരിച്ചു.

മാതൃഭൂമി ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായിരുന്ന പി.വി. ഗംഗാധരൻ എം.ടി. വാസുദേവൻ നായർക്കും ഹരിഹരനും മമ്മൂട്ടിക്കുമൊപ്പം ചേർന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിലൂടെ മലയാളത്തിന് സമ്മാനിച്ച മികവുറ്റ സിനിമകളിലൊന്നാണ് ‘ഒരു വടക്കൻ വീരഗാഥ’. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലൻ കെ നായർ, ക്യാപ്ടൻ രാജു തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ രാമചന്ദ്ര ബാബു ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിംഗ്.മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി നേടിയപ്പോൾ മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ചിത്രം നേട്ടം സ്വന്തമാക്കി. കൂടാതെ എട്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ചിത്രം നേടിയിട്ടുണ്ട്.

എല്ലാവരും എന്നെ മാത്രം എന്തിനാണ് ഒരു കുറ്റവാളിയെ പോലെ കാണുന്നത്? ഒടുവിൽ സമാന്തയുമായുള്ള വാഹമോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നാ​ഗചൈതന്യ

0
Spread the love

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ വിഷയമായിരുന്നു താര ദമ്പതികളായ നാ​ഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനം. വർഷങ്ങൾ കഴിയുമ്പോഴും ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ചുള്ള ​ഗോസിപ്പുകൾ വീണ്ടും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുകയാണ്. ഇതിൽ പ്രതികരിക്കുകയാണ് നാ​ഗചൈതന്യ. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

വർഷങ്ങൾ കഴിഞ്ഞിട്ടും എല്ലാവരും ഇപ്പോഴും തന്റെ വിവാ​ഹമോചനത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും തന്നെ കുറ്റക്കാരനായാണ് സമൂഹം കാണുന്നതെന്നും നാ​ഗചൈതന്യ പറയുന്നു. “എന്റെ വിവാഹമോചനം എനിക്ക് ഏറെ സെൻസിറ്റീവായ വിഷയമാണ്. ഇപ്പോഴും അത് ചർച്ചയാകുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. തികച്ചും സ്വകാര്യമായ കാരണങ്ങളാലാണ് ഞങ്ങൾ പിരിഞ്ഞത്. അത് എപ്പോഴും സ്വകാര്യമായി സൂക്ഷിക്കാനാണ് എനിക്കിഷ്ടം”.

“ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. ഞങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വ്യത്യസ്ത വഴികളിലൂടെ ‍ഞ​ങ്ങൾ മുന്നോട്ടുപോവുകയാണ്. ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് വേണ്ടതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞങ്ങളെ ഇഷ്ടപ്പെടുന്നവരും മാധ്യമങ്ങളും അതിനെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം”- നാ​ഗചൈതന്യ പറഞ്ഞു.

വിവാഹമോചനം ഒറ്റരാത്രി കൊണ്ട് സംഭവിച്ചതല്ല. ഒരുപാട് ആലോചിച്ച ശേഷമാണ് ഞങ്ങൾ തീരുമാനമെടുത്തത്. എന്റെ ജീവിതത്തിൽ മാത്രം സംഭവിച്ച ഒന്നല്ലയിത്. പിന്നെ എന്തിനാണ് എന്നെ മാത്രം ഒരു കുറ്റവാളിയെ പോലെ എല്ലാവരും കാണുന്നതെന്നും നാ​ഗചൈതന്യ ചോദിച്ചു.

മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് ജയസൂര്യ, ഒപ്പം കുടുംബവും

0
Spread the love

മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് മലയാള ചലച്ചിത്ര താരം ജയസൂര്യ. ഒപ്പം കുടുംബവും ഉണ്ട്. ഇവിടെ നിന്നുമുള്ള ഫോട്ടോകൾ ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പം മറ്റ് ബന്ധുക്കളും താരത്തിനൊപ്പം കുംഭമേളയിൽ എത്തിയിരുന്നു.

വളരെ പരിമിതമായി മാത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടുന്ന ആളാണ് ജയസൂര്യ. അതുകൊണ്ട് തന്നെ പുതിയ പോസ്റ്റും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴി‍ഞ്ഞു. അതോടൊപ്പം ചോദ്യങ്ങളും ഉയരുന്നുണ്ട്. കത്തനാർ, ആട് 3 എന്നീ സിനിമകളെ കുറിച്ചാണ് ചോദ്യങ്ങൾ. ‘സിനിമകളുടെ എന്തെങ്കിലും അപ്ഡേറ്റ് പങ്കുവയ്ക്ക് ജയേട്ടാ’ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

അതേസമയം, കത്തനാര്‍ ആണ് ജയസൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. എന്നാല്‍ ഇതെന്നാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ഈ വര്‍ഷം ക്രിസ്മസിന് കത്തനാര്‍ തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നുകൂടിയാണ്. അനുഷ്ക ഷെട്ടി, പ്രഭു ദേവ തുടങ്ങിയവരും കത്തനാരില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സ്വീക്വലുകള്‍ ഇറക്കി ഏറെ ശ്രദ്ധനേടിയ ആടിന്‍റെ മൂന്നാം ഭാഗം ആണ് ജയസൂര്യയുടേതായി പ്രഖ്യാപിക്കപ്പെട്ടൊരു സിനിമ. ‘ആട് 3-വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന്‍റെ പേര്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ ആട് 3ന് മുന്‍പ് മറ്റൊരു സിനിമ വരുമെന്നാണ് നിലവിലെ വിവരം. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം പുതുവര്‍ഷത്തില്‍ പ്രഖ്യാപിച്ചിരുന്നു. വിനായകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. ജെയിംസ് സെബാസ്റ്റ്യന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാണം മിഥുന്‍ മാനുവല്‍ തോമസ് ആണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts