Home Blog Page 48

പിണറായി മന്ത്രിസഭയ്ക്ക് രഞ്ജിത്ത് അലങ്കാരമായിരിക്കും; പക്ഷെ ഈ അശ്ലീല ഭാരം ചുമക്കാൻ കേരളത്തിന്‌ സൗകര്യമില്ല: സുധാകരൻ

0
Spread the love

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തിൽ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും. കേരളത്തിന്‌ ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ലെന്നും ചെയർമാൻ സ്ഥാനം രാജിവച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി ഇറങ്ങുമെന്നും കെ.സുധാകരൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കി. പിണറായി വിജയൻ മുഖ്യമന്ത്രി ആയ മന്ത്രിസഭയ്ക്ക് രഞ്ജിത്ത് എന്ന അക്കാദമി ചെയർമാൻ അലങ്കാരമായിരിക്കും, ആത്മാഭിമാനമുള്ള മലയാളിക്ക് അപമാനമാണെന്നും അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂർണരൂപം

1976 ൽ SFI യിൽ തുടങ്ങിയ ജീവിതം ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതലായി ഈ വിഷയത്തിൽ ഒന്നും അറിയേണ്ടതില്ല. പി.ശശിയും പി.കെ ശശിയും അരങ്ങുവാഴുന്ന പാർട്ടിയിൽ അവർക്ക് ഒത്ത എതിരാളി ഉണ്ടായതിൽ സി.പി.എമ്മിന് സന്തോഷം കാണും.

പക്ഷെ കേരളത്തിന്‌ ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ല. പിണറായി വിജയൻ മുഖ്യമന്ത്രി ആയ മന്ത്രിസഭയ്ക്ക് രഞ്ജിത്ത് എന്ന അക്കാദമി ചെയർമാൻ അലങ്കാരമാണ്….

ആത്മാഭിമാനമുള്ള മലയാളിക്ക് അപമാനവും.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വയ്ക്കുക എന്നത് നാടിന്റെ ഏറ്റവും ചെറിയ ആവശ്യമാണ്. ഇല്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങളുമായി ഞങ്ങളിറങ്ങും.

കെ സുധാകരൻ.

ഒരു വര്‍ഷത്തെ പ്രസവാവധി, മൂന്നു വര്‍ഷത്തേക്ക് ഇഷ്ടമുള്ള സ്ഥലത്ത് നിയമനം; പ്രഖ്യാപനവുമായി സ്റ്റാലിന്‍ സർക്കാർ

0
Spread the love

ചെന്നൈ: തമിഴ്നാട്ടില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കൂടാതെ കുട്ടികളെ വളര്‍ത്തുന്നതിനായി മൂന്നു വര്‍ഷത്തേക്ക് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് നിയമിക്കുമെന്നും വ്യക്തമാക്കി. നേരത്തെ ഒന്‍പത് മാസമായിരുന്നു പ്രസവാവധി.

“വനിതാ പൊലീസുകാര്‍ക്ക് ഒരു വർഷത്തെ പ്രസവാവധി നൽകും, ജോലിയിൽ തിരിച്ചെത്തിയ ശേഷം, അവരുടെ കുട്ടികളെ പരിപാലിക്കുന്നതിനായി അവരെ അവരുടെ ഭർത്താവിൻ്റെയോ മാതാപിതാക്കളുടെയോ സ്ഥലത്ത് മൂന്ന് വർഷത്തേക്ക് നിയമിക്കും.” രാഷ്ട്രപതിയുടെ മെഡലുകളും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലുകളും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മെഡലുകളും മികച്ച പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ഉദ്യോഗസ്ഥർക്കും രാജരത്നം സ്റ്റേഡിയത്തിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും വനിതാ പൊലീസിൻ്റെ പ്രൊഫഷണൽ വൈദഗ്ധ്യം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.”നിങ്ങളുടെ കടമയും ഉത്തരവാദിത്തവും വളരെ വലുതാണ്. ജനങ്ങളെ സംരക്ഷിക്കുക എന്നത് നിങ്ങളുടെ കടമയാണ്. നിങ്ങളുടെ കടമകൾ അർപ്പണബോധത്തോടെ നിർവഹിക്കുക, കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് മാത്രമല്ല, കുറ്റകൃത്യങ്ങൾ തടയുന്നതിനും വേണ്ടി പ്രവർത്തിക്കുക,” അദ്ദേഹം അഭ്യർത്ഥിച്ചു. മയക്കുമരുന്നും കുറ്റകൃത്യങ്ങളും ഇല്ലാത്ത സംസ്ഥാനമായി തമിഴ്‌നാടിനെ മാറ്റണമെന്നും സ്റ്റാലിൻ പറഞ്ഞു. എന്തെങ്കിലും ലംഘനം നടന്നാൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യൂ, അദ്ദേഹം നിര്‍ദേശിച്ചു. വ്യാവസായിക വികസനമുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ സംസ്ഥാനം മുന്നിട്ടുനിൽക്കുന്നതിനാൽ, ക്രമസമാധാനപാലനം നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറുപത്തി എട്ടാം വയസിൽ ഏഴാം ക്ലാസ് പരീക്ഷ; ഇന്ദ്രൻസിന് അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി ശിവൻകുട്ടി

0
Spread the love

സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതുന്നത്. നടന് അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി ശിവൻകുട്ടി രം​ഗത്ത് എത്തിയിട്ടുണ്ട്. തന്റെ അറുപത്തി എട്ടാം വയസിലാണ് ഇന്ദ്രൻസ് ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ ലക്ഷ്യം. ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം ഇപ്പോൾ പരീക്ഷ എഴുതുന്നത്. നവകേരളസദസ്സിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ് തുടർപഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രൻസിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷൻ പറഞ്ഞിരുന്നു.

സ്കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞത്. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. അത് വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കിയെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.

രഞ്ജിത് സ്ഥാനമൊഴിയണം, സർക്കാർ വേട്ടക്കാർക്ക് വഴങ്ങിക്കൊടുത്തു, സജി ചെറിയാൻ രാജിവെക്കണം: വി ഡി സതീശൻ

0
Spread the love

തിരുവനന്തപുരം: ലൈം​ഗികാതിക്രമ ആരോപണത്തിൽ സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം നല്ല സിനിമാക്കാരനാണെന്ന സജി ചെറിയാന്റെ പരാമർശത്തോട് യോജിക്കുന്നു. ഒരു സ്നേഹിതനെന്ന നിലയിൽ അദ്ദേഹം രാജിവെക്കണമെന്നതാണ് അഭ്യർത്ഥന. സർക്കാർ വേട്ടക്കാർക്ക് വഴങ്ങിക്കൊടുത്തിരിക്കുകയാണ്. നിയമാനുസൃതമായ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഈ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴത്തിവെക്കുകയും വേട്ടക്കാരെ ന്യായീകരിക്കുകയും കൃത്രിമം കാണിച്ച് പ്രസിദ്ധീകരിക്കുകയും ഇരയെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാൻ ഈ സ്ഥാനം ഒഴിയുന്നതായിരിക്കും നല്ലത്. അദ്ദേഹം നിയമപ്രകാരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടി. വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് പുറമെ റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തി പ്രസിദ്ധീകരിച്ച് കൃത്രിമം കാണിച്ചുവെന്നും അദ്ദേഹം പറ‍ഞ്ഞു.

റിപ്പോർട്ടിന്മേൽ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. വനിത പൊലീസ് ഉദ്യോ​ഗസ്ഥയുടെ നേതൃത്വത്തിൽ ശക്തമായ അന്വേഷണം നടത്തണം. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തുമെന്ന നാടകം വേണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

സോളാർ കേസിൽ സിബിഐ വെറുതെ വിട്ടില്ലേ, കേസെടുത്തത് വെറുതെയായില്ലേ എന്ന് സജി ചെറിയാൻ പറഞ്ഞു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുൾപ്പെടെ ഒരു നേതാവും തടസം നിന്നിട്ടില്ല. ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥൻ തെളിവില്ലെന്നും കേസുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും പറഞ്ഞു. രണ്ടാമനും ഇതേ ഭിപ്രായം തന്നെ പറഞ്ഞു. മൂന്നാം ഉദ്യോ​ഗസ്ഥനും ഇത് തുടർന്നു. എന്നിട്ടും പിണറായി സർക്കാർ സിബിഐ അന്വേഷണത്തിന് വിട്ടു. ഉമ്മൻചാണ്ടിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവില്ലെന്നും സിബിഐ കോടതിയിൽ റിപ്പോർട്ട് കൊടുത്തു. ഇന്ന് സജി ചെറിയാന്റെ പ്രതികരണത്തിലൂടെ എൽഡിഎഫ് സർക്കാർ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയായിരുന്നുവെന്ന് വ്യക്തമായെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേ? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്

0
Spread the love

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. ആരോപണങ്ങൾ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരത മിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയെഴുതാൻ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ എത്തിയപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളെ നിസാരവൽക്കരിച്ചായിരുന്നു നടന്റെ പ്രതികരണം. എല്ലാക്കാലത്തും ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ട്. കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ദ്രൻസിന്‍റെ മറുപടി. താൻ ആരുടേയും വാതിലിൽ മുട്ടിയിട്ടില്ല. ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരെ ഉണ്ടായ ചൂഷണങ്ങൾക്കെതിരെ നടപടി ഉണ്ടാവണമെന്നും ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ വേണ്ടത് പോലെ ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേര്‍ത്തു. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ മലയാളത്തിലെ നടികളെ പോലും അറിയില്ല, പിന്നെയല്ലേ ബംഗാളി നടി എന്നയാരുന്നു ഇന്ദ്രൻസിന്‍റെപ്രതികരണം.

സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണവുമായി ഇന്നലെയാണ് ബം​ഗാളി നടി ശ്രീലേഖ മിത്ര രം​ഗത്തെത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.

ഓഡിഷനെല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്.ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി.പെട്ടെന്ന് പരിഭ്രമത്തിൽ പ്രതികരിക്കാൻ സാധിച്ചില്ലെന്നും മിത്ര പറഞ്ഞു.

മന്ത്രി സജി ചെറിയാൻ രാജിവെക്കണം! ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്ത് സ്വയം ഒഴിയുകയോ സർക്കാർ പുറത്താക്കുകയോ ചെയ്യണം: സാന്ദ്രാ തോമസ്

0
Spread the love

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി അധ്യക്ഷനെ സംരക്ഷിക്കുന്ന സാംസ്കാരിക മന്ത്രിയുടെ നിലപാട് അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന് അപമാനവുമാണെന്ന് നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. ഫേസ്ബുക്കിലെ​ഴുതിയ കുറിപ്പിലാണ് അക്കാദമി ചെയർമാൻ രഞ്ജിത്തിനും മന്ത്രി സജി ചെറിയാനുമെതിരെ രൂക്ഷവിമർശനമുന്നയിച്ചിരിക്കുന്നത്.

സാംസ്കാരിക മന്ത്രിയുടെ സ്ത്രീ വിരുദ്ധതയാണ് അദ്ദേഹത്തിന്റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്. ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച രഞ്ജിത്തിനെ ‘മഹാപ്രതിഭ’ എന്ന് പറഞ്ഞു സംരക്ഷിക്കുന്ന മന്ത്രി സജി ചെറിയാൻ രാജി വെക്കണമെന്നും അ​വർ ആവശ്യപ്പെട്ടു.

ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്ത് സ്വയം ഒഴിയുകയോ സർക്കാർ പുറത്താക്കുകയോ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂർണരൂപം

*സാംസ്കാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തെ നോക്കി പല്ലിളിക്കുന്നു

ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നിൽ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണ് .സാംസ്ക്കാരിക മന്ത്രിയുടെ സ്ത്രീ വിരുദ്ധതയാണ് അ​ദ്ദേഹഹത്തിൻ്റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്.

ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവർമെന്റ് പുറത്താക്കുകയോ ചെയ്യണം . ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച രഞ്ജിത്തിനെ ‘മഹാപ്രതിഭ ‘ എന്ന് പറഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രാജി വെക്കുക .

ജഗദീഷ് തിരുത്തൽവാദിയെന്ന് ആഷിക് അബു

0
Spread the love

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നിലപാടെടുത്ത നടൻ ജഗദീഷ് തിരുത്തൽവാദിയെന്ന് സംവിധായകൻ ആഷിക് അബു. കഴിഞ്ഞ ദിവസം ജഗദീഷ് മാധ്യമങ്ങളോട് സംസാരിക്കുന്ന വിഡിയോ തിരുത്തൽവാദി എന്ന വാചകത്തോടെയാണ് ആഷിക് അബു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാ​ലെയാണ് ജഗദീഷ് പ്രതികരണവുമായി രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാൻ അമ്മ വൈകിയതിൽ ക്ഷമ ചോദിക്കു​ന്നുവെന്നും, അമ്മയുടെ ഭാഗത്ത് വീഴ്ച പറ്റിയെന്നും ജഗദീഷ് പറയുന്ന വിഡിയോ ആണ് ആഷിക് അബു പങ്കുവെച്ചിരിക്കുന്നത്.

വാതിലിൽ മുട്ടി എന്ന് ഒരു ആർട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണ​മെന്നും ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ പാടില്ലെന്നുമാണ് നടൻ ജ​ഗദീഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ അന്വേഷണം വേണം. അതിൽ ഒഴിഞ്ഞു മാറുന്നത് ശരിയല്ല. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജ​ഗദീഷ് പറഞ്ഞു. പ്രതികരിക്കാൻ വൈകിയത് അമ്മയുടെ ഭാ​ഗത്ത് പറ്റിയ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവന്നതിൽ അമ്മയ്ക്കകത്തുള്ളവർ പോലും ഷോക്ക്ഡ് ആണ്. റിപ്പോ‍ർട്ടിലെ സുപ്രധാന വിവരങ്ങളടങ്ങിയ പേജുകൾ എങ്ങനെ ഒഴിവായെന്ന് സർക്കാർ വിശദീകരണം നൽകേണ്ടിവരും. സിനിമയിൽ എക്സ്പ്ലോയറ്റേഷൻ നടക്കുന്നുണ്ട്. അത്തരം പുഴുക്കുത്തുകൾ പുറത്തുകൊണ്ടുവരണം. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും. ജ​ഗദീഷ് പറഞ്ഞു. ഡബ്ല്യു.സി.സി ഉന്നയിക്കുന്ന കാര്യങ്ങൾ തീർച്ചയായിട്ടും പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണെന്നും ഡബ്ല്യു.സി.സി.യുടെ കൈയിൽ അമ്മയ്ക്കെതിരെ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അതും അന്വേഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടേത് വ്യക്തമായ നിലപാടാണെന്നും ഇരക്ക് നിർബന്ധമായും നീതി കിട്ടണമെന്നും ജ​ഗദീഷ് വ്യക്തമാക്കി.

സിനിമാനയം രൂപീകരിക്കാൻ സ്വകാര്യ കൺസൾട്ടൻസി; ഒരു കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

0
Spread the love

തിരുവനന്തപുരം: സിനിമാ നയരൂപീകരണത്തിനായി സ്വകാര്യ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തി സാംസ്കാരിക വകുപ്പ്. ഇതിനായി ഒരുകോടി രൂപ അനുവദിച്ചു. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ കൺസൾട്ടൻസിയെയാണ് നയരൂപീകരണത്തിനായി ഏല്‍പിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ഓഗസ്റ്റ് 19നാണ് സിനിമാ നയരൂപീകരണവുമായി ബന്ധപ്പെട്ട ഉത്തരവിറക്കുന്നത്. സിനിമാ നയരൂപീകരണത്തിന്റെയും കോൺക്ലേവ് നടത്തിപ്പിന്റെയും നോഡൽ ഏജൻസിയായി ചലച്ചിത്ര വികസന കോർപറേഷനുള്ളപ്പോഴാണ് സ്വകാര്യ കൺസൾട്ടൻസിക്ക് ചുമതല നൽകുന്നത്. വിവരശേഖരണത്തിനായി സെന്‍റര്‍ ഫോർ പബ്ലിക് റിസർച്ച് എന്ന സ്ഥാപനത്തിന് ഒരു കോടി രൂപ അനുവദിച്ചുവെന്നാണ് ഉത്തരവിലുള്ളത്. സാംസ്കാരിക വകുപ്പിനായി മുൻപും പ്രൊജക്ടുകൾ ഏറ്റെടുത്തിട്ടുള്ള സ്ഥാപനമാണിത്.

സിനിമാ കോൺക്ലേവിലെ ചർച്ചകൾക്ക് ശേഷം നയരൂപീകരണത്തിലേക്ക് കടക്കുമെന്നാണ് സാംസ്കാരിക വകുപ്പിൻ്റെ വിശദീകരണം. കോൺക്ലേവിൽ ചർച്ച ചെയ്യാനുള്ള അടിസ്ഥാന വിവരശേഖരണമാണ് കൺസൾട്ടൻസിയുടെ ചുമതല. പ്രാഥമിക ഘട്ടത്തിലിരിക്കുന്ന നയരൂപീകരണത്തിനാണ് സ്വകാര്യ കൺസൾട്ടൻസിക്ക് സർക്കാർ പണം അനുവദിക്കുന്നത്.

‘നീ കതകിലൊന്നും മുട്ടിയേക്കല്ലേ…’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് കൃഷ്ണ കുമാര്‍

0
Spread the love
മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ വന്ന വ്ലോ​ഗിലാണ് കൃഷ്ണ കുമാര്‍ റിപ്പോര്‍ട്ടിനെ കളിയാക്കികൊണ്ട് സംസാരിക്കുന്നത്.

'നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. ഞാനവിടെ ഇരിക്കുമ്പോള്‍ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ,' എന്നാണ് വീട്ടിലെ ചില കാര്യങ്ങളെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ കൃഷ്ണകുമാര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നത്. സിന്ധു കൃഷ്ണകുമാറും സമാനമായി പ്രതികരണമാണ് വീഡിയോയില്‍ നടത്തുന്നത്.

ഓഗസ്റ്റ് 19ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പൊട്ടിപുറപ്പെട്ട സ്ത്രീ വിരുദ്ധ-പരിഹാസ ട്രോളുകളുടെ അതേ രൂപത്തിലാണ് കൃഷ്ണകുമാറിന്റെയും കമൻ്റെന്ന വിമർശനം ഉയർന്നിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ ഗൗരവസ്വഭാവത്തെ തീര്‍ത്തും അവഗണിച്ചു കൊണ്ടാണ് അദ്ദേഹത്തിൻ്റെ സംസാരമെന്നും അഭിപ്രായങ്ങളുണ്ട്. വീഡിയോയിലെ ഈ ഭാഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മകളുടെ വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ സ്വയം ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇതേ വീഡിയോയില്‍ കൃഷ്ണകുമാര്‍ സംസാരിക്കുന്നുണ്ട്. ഇന്ത്യയില്‍ നിരവധി സ്ത്രീ നേതാക്കളുണ്ടെന്നും അടുത്ത നൂറ്റാണ്ട് സ്ത്രീകളുടേതാകുമെന്നെല്ലാം പറഞ്ഞതിന് പിന്നാലെയാണ് കൃഷ്ണകുമാർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിക്കുന്ന നിലയിൽ സംസാരിച്ചിരിക്കുന്നത്. പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ഇരട്ടതാപ്പിന്റെ മികച്ച ഉദാഹരണമാണ് ഇതെന്ന നിലയിലുള്ള കമൻ്റുകളും വീഡിയോയ്ക്ക് താഴെ ചിലർ കുറിച്ചിട്ടുണ്ട്. കൃഷ്ണകുമാറിൻ്റെ രാഷ്ട്രീയ നിലപാടിനെ ചൂണ്ടിക്കാണിച്ച് രൂക്ഷമായ പരാമർശങ്ങളും കമൻ്റുകളായി വരുന്നുണ്ട്.

‘പൂഴ്ത്തിവച്ച നടപടി ക്രിമിനൽ കുറ്റം’; ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം വേണം, മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

0
Spread the love

മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സിനിമ- സാംസ്കാരിക മന്ത്രിക്കും സതീശൻ കത്ത് നൽകി.

ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടേയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

‌പോക്‌സോ ഉള്‍പ്പെടെ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി 2019ല്‍ സമര്‍പ്പിച്ചിട്ടും അതിന്മേല്‍ അന്വേഷണം നടത്താതെ പൂഴ്ത്തിയ സര്‍ക്കാര്‍ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. പോക്‌സോ കുറ്റം ചെയ്‌തെന്ന് അറിഞ്ഞിട്ടും അത് മറച്ചുവയ്ക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാണ്.

സി.ആര്‍.പി.സി സെക്ഷന്‍ 154 പ്രകാരവും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 173ാം വകുപ്പ് പ്രകാരവും ഒരു ‘കോഗ്നിസബിള്‍ ഒഫന്‍സ്’ വ്യക്തമായാല്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വെളിവായിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടി വേട്ടക്കാരെ ചേര്‍ത്തു പിടിക്കൽ അല്ലാതെ മറ്റെന്താണെന്നും വി.ഡി സതീശൻ ചോദിച്ചു.

സ്ത്രീകൾക്കെതിരെ ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നുവെന്ന് അറിഞ്ഞിട്ടും നാലര വര്‍ഷമായി സര്‍ക്കാര്‍ അത് മറച്ചുവച്ചത് ഭാരതീയ ന്യായ സംഹിതയുടെ 199ാം വകുപ്പ് പ്രകാരം ക്രിമിനൽ കുറ്റമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഗുരുതര കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റാന്‍ തയാറാവാത്തത് സത്യപ്രതിജ്ഞാ ലംഘനമാണ്.

കേരളത്തിനാകെ അപമാനകരമായ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അടിയന്ത‌ര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts