Home Blog Page 54

ഞങ്ങൾ തെരുവിൽ കിടക്കുമ്പോൾ അയാൾ എസിയിൽ സുഖമായി ഉറങ്ങുന്നു; വിജയ് പര്യടനം തുടർന്നാൽ ചെരുപ്പൂരി അടിക്കും; രൂക്ഷ പ്രതികരണവുമായി നാട്ടുകാർ

0
Spread the love

ടി വി കെ അദ്ധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ് സംഘടിപ്പിച്ച പ്രചാരണ റാലി വലിയ ദുരന്തത്തിലാണ് കലാശിച്ചത്. 39 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഇത്രയും വലിയൊരു ദുരന്തം സംഭവിച്ചിട്ട് വിജയ് തിരിഞ്ഞുനോക്കാതെ ചെന്നൈയിലേക്ക് പോയി എന്ന തരത്തിൽ ജനങ്ങൾക്കിടയിൽ വലിയ ചർച്ച ഉയരുന്നുണ്ട്.

എന്നാൽ ഹൃദയം തകർന്നിരിക്കുകയാണെന്നും വാക്കുകളാൽ പറഞ്ഞറിയിക്കാനാകാത്ത വേദനയുണ്ടെന്നും വിജയ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. എന്നാൽ മരിച്ചവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനോ ആശുപത്രിയിൽ പോയി പരിക്കേറ്റവരെ സന്ദർശിക്കാനോ വിജയ് തയ്യാറായില്ല. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് ഡി എം കെ അടക്കമുള്ള പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. വിജയ്‌യെ കണ്ടാൽ ചെരുപ്പൂരി അടിക്കുമെന്നൊക്കെ പറയുന്ന തരത്തിലുള്ള നാട്ടുകാരുടെ വിഡിയോകളും വൈറൽ ആയിരുന്നു

‘ഇത്രയും ജീവനുകൾ പോയി, അയാൾക്ക് എന്ത് ചെയ്യാൻ പറ്റും? അടുത്ത നാട്ടിൽ ഇനി എങ്ങനെ പോകും. അങ്ങനെ പോകരുത്. അങ്ങനെ പോയാൽ, അയാളോട് പോയി പറഞ്ഞേക്ക്, ചെരുപ്പൂരി ഞാൻ അടിക്കും. അയാൾ പോയി എസിയിൽ സുഖമായി കിടന്നുറങ്ങുന്നു. ഞങ്ങൾ തെരുവിൽ കിടക്കുന്നു.അയാൾ നോക്കുമോ ഞങ്ങളുടെ കുടുംബത്തെ?’- എന്നാണ് ഒരു സ്ത്രീ ചോദിക്കുന്നത്. ‘രാഷ്ട്രീയം ചെയ്യുന്നതിന് തെറ്റില്ല, പക്ഷേ അതിനായി ആളുകളെ കൂട്ടി, മറ്റുള്ളവർക്ക് മാസ് കാട്ടി, ആളുകളെ കൊലയ്ക്ക് കൊടുത്തിട്ടല്ല രാഷ്ട്രീയത്തിലിറങ്ങേണ്ടത്.’- എന്നാണ് മറ്റൊരാൾ പറയുന്നത്.

‘സമാധാനിപ്പിക്കാൻ വാക്കുകളില്ല’, ‘ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം’; കരൂർ ദുരന്തത്തിൽ പ്രതികരിച്ച് തമിഴ് താരങ്ങൾ

0
Spread the love

നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് തമിഴ് സിനിമയിൽ നിന്നുള്ള പ്രമുഖർ. ഹൃദയം ഉലയ്ക്കുന്ന സംഭവമാണ് കരൂരിൽ നടന്നതെന്ന് സംവിധായകൻ പാ രഞ്ജിത് പ്രതികരിച്ചു. പേടിച്ചിട്ട് ശരീരം വിറയ്ക്കുകയാണെന്ന് സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ എക്സിൽ പോസ്റ്റ് ചെയ്തു. കരൂർ ദുരന്തം സഹിക്കാൻപറ്റാത്ത ദുഃഖത്തിനാണ് ഇടയാക്കിയതെന്ന് നടൻ കാർത്തിയും പറഞ്ഞു.

കരൂരിലെ മഹാദുരന്തം ഹൃദയഭേദകവും ആഴത്തിൽ ഞെട്ടലുണ്ടാക്കിയെന്നും സംവിധായകൻ പാ രഞ്ജിത് എക്സിൽ കുറിച്ചു. വിജയ്‌യുടെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ച് അറിഞ്ഞപ്പോൾ വേദനതോന്നി. ദുരന്തബാധിതർക്ക് തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും രഞ്ജിത് പറഞ്ഞു.

ഭയാനകമായ കാഴ്ചകൾ പേടിപ്പിച്ച് വിറപ്പിക്കുന്നുവെന്ന് സംഗീതസംവിധായകൻ ജി.വി. പ്രകാശ് പറഞ്ഞു. ആരെ ആശ്വസിപ്പിക്കണമെന്നോ, എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയാതെ താൻ വിഷമിക്കുകയാണ്. കരൂരിലെ ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്ക് ദൈവത്തിന്റെ കാൽക്കൽ ശാന്തി ലഭിക്കട്ടെയെന്നും ജി.വി. പ്രകാശ് എക്സിൽ കുറിച്ചു.

“കരൂരിൽനിന്നുള്ള വാർത്ത താങ്ങാനാവാത്ത ദുഃഖത്തിന് കാരണമായി. മരിച്ചവരുടെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം”. കാർത്തിയുടെ വാക്കുകൾ.

കരൂരിൽ കഴിഞ്ഞദിവസം രാത്രി അപകടമുണ്ടായതിനുപിന്നാലെ രജനീകാന്തും കമൽഹാസനും നടുക്കം രേഖപ്പെടുത്തിയിരുന്നു. കരൂരില്‍ നടന്ന സംഭവത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത നടുക്കത്തോടെയാണ് കേട്ടതെന്നും അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നുമാണ് രജനീകാന്ത് എക്‌സില്‍ കുറിച്ചത്. ഏറെ ഹൃദയഭേദകമായ സംഭവമാണെന്നും ജനക്കൂട്ടത്തിനിടയില്‍ കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാന്‍ വാക്കുകളില്ലെന്നും കമല്‍ ഹാസന്‍ പ്രതികരിച്ചു. കരൂരില്‍ നടന്ന റാലിക്കിടെയുണ്ടായ നിര്‍ഭാഗ്യകരമായ ദുരന്തവാര്‍ത്ത അത്യധികം ഞെട്ടലുണ്ടാക്കിയെന്നും പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങള്‍ക്ക് ദൈവം നല്‍കട്ടെയെന്നുമാണ് ഖുശ്ബു പ്രതികരിച്ചത്. പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ടിവികെ നഷ്ടപരിഹാരം നൽകണമെന്ന് വിശാലും ആവശ്യപ്പെട്ടു.

‘അന്ന് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല; പക്ഷേ ആ സിനിമ?’; ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കിട്ട് അനശ്വര രാജൻ

0
Spread the love

മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ഉദാഹരണം സുജാത. നവാഗത സംവിധായകനായ ഫാൻറം പ്രവീൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് മാർട്ടിൻ പ്രാക്കാട്, ജോജു ജോർജ്ജ് എന്നിവരാണ്. 2016-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ നിൽ ബത്തേ സന്നതയുടെ റീമേക്കാണ് ഉദാഹരണം സുജാത. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി 8 വർഷമായിരിക്കുകയാണ്. മഞ്ജു വാര്യർക്കൊപ്പം തന്നെ അന്ന് സിനിമയിൽ ശ്രദ്ധ നേടിയ പെൺകുട്ടി ഇന്ന് മലയാള സിനിമയിലെ ആരാധകർ ഏറെയുള്ള നായികയാണ്. അനശ്വര രാജന്റെ ആദ്യ ചിത്രമായിരുന്നു ഉദാഹരണം സുജാത. സിനിമയുടെ ഓർമ്മകൾ പങ്കിടുകയാണ് നടി.

‘എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് 8 വർഷങ്ങൾ. ഒരുപാട് അകലെയാണെങ്കിലും ഇപ്പോഴും വളരെ അടുത്ത് നിൽക്കുന്നു. ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല, എനിക്ക് ഒന്നും അറിയാത്ത ഒരു ലോകത്തേക്ക് കാലെടുത്തുവച്ചു, വെറുതെ വന്നു, അത് കുഴപ്പത്തിലാക്കാതിരിക്കാൻ ശ്രമിച്ചു. അന്ന് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു മാസ്റ്റർ പ്ലാനും ഇല്ല. എനിക്ക് ജിജ്ഞാസയും ആശയക്കുഴപ്പവും മാത്രമായിരുന്നു. ഞാൻ ആരാണെന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഉദാഹരണം സുജാത എന്റെ ജീവിതത്തിലേക്ക് വന്നത്. 8 വർഷങ്ങൾക്ക് ശേഷവും ഞാൻ എന്നെ മനസിലാക്കി കൊണ്ടിരിക്കുകയാണ്. പക്ഷേ ഈ സിനിമ? അവിടെയാണ് എന്റെ തിരച്ചിൽ ആരംഭിച്ചത്,’ അനശ്വര രാജൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോയും സ്റ്റോറിയും പങ്കിട്ടുകൊണ്ടാണ് നടി ഇക്കാര്യം പറയുന്നത്.

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്

0
Spread the love

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്. പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഇത് നികത്താനാവാത്ത ഒരു നഷ്ടമാണ്. ആര് ആശ്വാസവാക്കുകൾ പറഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപയും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇത്രയും വലിയൊരു നഷ്ടത്തിന് മുന്നിൽ ഈ തുക ഒന്നുമല്ല. എങ്കിലും, ഈ നിമിഷത്തിൽ, നിങ്ങളുടെ കുടുംബത്തിൽപ്പെട്ട ഒരാളെന്ന നിലയിൽ, എൻ്റെ പ്രിയപ്പെട്ടവരായ നിങ്ങളോടൊപ്പം നിൽക്കുക എന്നത് എൻ്റെ കടമയാണ്.’ വിജയ് എക്സിൽ കുറിച്ചു.

‘കരൂരിൽ സംഭവിച്ചതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, എൻ്റെ ഹൃദയവും മനസ്സും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ കടുത്ത ഭാരത്താൽ നിറയുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിൻ്റെ അതിയായ ദുഃഖത്തിനിടയിൽ വാക്കുകൾ കിട്ടുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുഃഖിക്കുന്ന നിങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതോടൊപ്പം, ഈ വലിയ ദുഃഖത്തിൽ നിങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു.’

‘പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എല്ലാ പ്രിയപ്പെട്ടവരും വേഗത്തിൽ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിവരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അതോടൊപ്പം, ചികിത്സയിൽ കഴിയുന്ന പ്രിയപ്പെട്ടവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ‘തമിഴക വെട്രി കഴകം’ ഉറപ്പായും നൽകുമെന്നും ഞാൻ ഉറപ്പുനൽകുന്നു. വിജയ് വ്യക്തമാക്കി.

ഇനിയും തിരിച്ചറിയാതെ ഒരു സ്ത്രീയുടെ മൃതദേഹം; മരിച്ചവരിൽ ഒന്നര വയസുകാരനും, 111 പേർ ചികിത്സയിൽ, സമാനതകളില്ലാത്ത ദുരന്തമായി കരൂർ

0
Spread the love

തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 39പേരെ തിരിച്ചറിഞ്ഞു. ഇതിൽ 14 പേരുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നൽകി തുടങ്ങി. ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിയാൻ ബാക്കിയുള്ളതെന്നും 111 പേരാണ് ചികിത്സയിലുള്ളതെന്നും 51പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളതെന്നും കരൂര്‍ ആശുപത്രി ഡീൻ മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡീൻ വ്യക്തമാക്കി. കരൂര്‍, നാമക്കൽ, തിരുച്ചിറപ്പള്ളി എന്നീ മൂന്ന് ജില്ലകളിൽ നിന്നുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആംബുലന്‍സുകളുമടക്കം കരൂരിലെ ആശുപത്രിയിലുണ്ട്. പോസ്റ്റ്‍മോര്‍ട്ടം നടപടകള്‍ വേഗത്തിലാക്കി മൃതദേഹങ്ങള്‍ വേഗത്തിൽ വിട്ടുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 

മരിച്ചവരിൽ ഒന്നര വയസുള്ള കുഞ്ഞും

മരിച്ചവരിൽ 28പേരും കരൂര്‍ സ്വദേശികളാണ്. ഇതിൽ ഒന്നര വയസുള്ള ദുര്‍വേഷ് എന്ന കുഞ്ഞും മരിച്ചു. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെ നെഞ്ചുപൊട്ടികരയുന്ന ബന്ധുക്കളുടെ ഹൃദയഭേദകമായ കാഴ്ചയാണ് കരൂര്‍ ആശുപത്രിക്ക് മുന്നിൽ. ഒന്നര വയസുകാരന്‍റെ മൃതദേഹം മാറോടണച്ച് കരയുന്ന അമ്മയെ ആശ്വസിപ്പിക്കാനാകാതെ കൂടെയുണ്ടായിരുന്നവരും പൊട്ടിക്കരഞ്ഞു. മരിച്ച പ്രിയപ്പെട്ടവരുടെ പേര് പറഞ്ഞുകൊണ്ടുള്ള കുടുംബാംഗങ്ങളുടെ നിലവിളി ആശുപത്രി പരിസരത്തുണ്ടായിരുന്നവരുടെ നെഞ്ചുലച്ചു. പുലര്‍ച്ചെ 3.30ഓടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. പരിക്കേറ്റവരെയും ആശ്വസിപ്പിച്ചു. ആശുപത്രിയിൽ അവലോകന യോഗം ചേര്‍ന്നശേഷമാണ് സ്റ്റാലിൻ മടങ്ങിയത്. കരൂര്‍ ദുരന്തത്തിൽ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

‘എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നത് ?  താരാരാധനയുടെ ബലിമൃഗങ്ങൾ’; കരൂർ ദുരന്തത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു

0
Spread the love

രൂരിൽ നടന്ന വൻ ദുരന്തത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. ‘താരാരാധനയുടെ ബലിമൃഗങ്ങൾ’, എന്ന തലക്കെട്ടോടെ ആയിരുന്നു നടന്‍റെ പ്രതികരണം. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ ജോയ് മാത്യു, താരം എന്നത് മറ്റെല്ലാ മനുഷ്യരെയും പോലെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്നും അമാനുഷിക കഴിവുകളൊന്നും ഇല്ലാത്ത സാദാ മനുഷ്യനാണെന്നും ജനങ്ങൾ എന്നാണ് മനസിലാക്കുകയെന്നും ജോയ് മാത്യു ചോദിക്കുന്നു. അധികാരത്തിന് വേണ്ടിയുള്ള ആൾക്കൂട്ട പ്രദർശനത്തിൽ അതി വൈകാരികതയുടെ ഇരകളാകുന്നത് നിഷ്‍കളങ്കരായ കുഞ്ഞുങ്ങളാണെന്നും അദ്ദേഹം പറയുന്നു.

ജോയ് മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ

വിജയ് എന്ന തമിഴ് താരത്തെ കാണാൻ ,കേൾക്കാൻ തടിച്ചുകൂടിയവരിൽ നാല്പതോളം പേർ മരിച്ചതായാണ് റിപ്പോർട്ട് .അതിൽ പത്തിലധികം പേരും കുട്ടികൾ. എന്തൊരു ദുരന്തം !

എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നത് ? അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായാണോ ? അല്ല.

യുദ്ധവിരുദ്ധ മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രകടനമാണോ ? അല്ല. ദാരിദ്ര്യനിർമാർജനത്തിനോ തൊഴിലില്ലായ്‌മ പരിഹരിക്കാനോ അഴിമതിക്കെതിരെയോ ഇനി ഭരണമാറ്റത്തിന് വേണ്ടി തന്നെയോ ആണോ ?അല്ല . എല്ലാം വിജയ് എന്ന താരത്തെ കാണാൻ;കേൾക്കാൻ.

താരം എന്നത് മറ്റെല്ലാ മനുഷ്യരെയും പോലെ തിന്നുകയും തൂറുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്നും അമാനുഷ കഴിവുകളൊന്നും തന്നെയില്ലാത്ത സദാ മനുഷ്യനാണെന്നുംമാധ്യമങ്ങളും ആരാധക വങ്കന്മാരും മിത്തിക്കൽ പരിവേഷത്തിൽ സൃഷ്ടിച്ചെടുക്കുന്ന ഒന്നാണെന്നും എന്നാണ് ഇവർ മനസ്സിലാക്കുക ? തമിഴ് നാടിനെ സംബന്ധിച്ചു ഇത്തരം ബലികൾ മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി അണ്ണാദുരൈയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ തീവണ്ടി ബോഗികൾക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവർ നിരവധി. എംജിആർ,ജയലളിത തുടങ്ങിയവരുടെ ശവസംസ്കാര നേരത്തും ഈ മാതിരി മരണാചാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒരു താരത്തെക്കാണാനും കേൾക്കാനും വന്ന് തിക്കുതിരക്കുകളിൽപ്പെട്ടു കുട്ടികളടക്കം ഇത്രയധികം പേർ ബലിയാടുകളാകുന്നത് ആദ്യം.

അധികാരത്തിനു വേണ്ടിയുള്ള ആൾക്കൂട്ട പ്രദർശനത്തിൽ അതി വൈകാരികതയുടെ ഇരകളാകുന്നത് നിഷ്‍കളങ്കരായ കുഞ്ഞുങ്ങളും ബോധമില്ലാത്ത മനുഷ്യരും. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. 

ആസിഫ് അലി നായകനായ ആഭ്യന്തര കുറ്റവാളി ഒടിടിയിൽ; സ്‍ട്രീമിംഗ് പ്ലാറ്റ്ഫോം അറിയാം..

0
Spread the love

ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. നാല് മാസത്തിനിപ്പുറം ആഭ്യന്തര കുറ്റവാളി ഒടിടിയിലേക്കും എത്തുകയാണ്. ചിത്രം സീ ഫൈവിലൂടെയാണ് ഒടിടി സ്‍ട്രീമിംഗ് ആരംഭിക്കുക. ഒക്ടോബര്‍ 17 മുതലായിരിക്കും സ്‍ട്രീമിംഗ്. ആഭ്യന്തര കുറ്റവാളി കേരളത്തിലും വിദേശ രാജ്യങ്ങളിലും കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായി മാറാൻ കാരണം ചിത്രത്തിലെ വ്യത്യസ്തമായ പ്രമേയമാണ്. സഹദേവൻ എന്ന കേന്ദ്ര കഥാപാത്രത്തിൽ ആസിഫ് അലിയുടെ മിന്നും പ്രകടനത്തിനൊപ്പം സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ, ജഗദീഷ് , അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദൻ തുടങ്ങി ചിത്രത്തിലെ പ്രധാന റോളുകളിലെത്തിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് ആഭ്യന്തര കുറ്റവാളിയിൽ കാഴ്ചവച്ചിരിക്കുന്നത്.

നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലും ഫാർസ് ഫിലിംസ് ഗൾഫിലും ചിത്രം വിതരണത്തിനെത്തിക്കുന്നു. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, സംഗീതം: ബിജിബാൽ, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്കോർ: രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനർ: നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: മഞ്ജുഷാ രാധാകൃഷ്ണൻ, ഗാനരചന: മനു മൻജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രേംനാഥ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പുകഴ്ത്തുന്നവർ തന്നെ സെക്കന്റുകൾക്ക് ഉള്ളിൽ മോശമായും പറയും; ഇനി റിലേഷൻഷിപ്പുകൾ ഒന്നും പറ്റില്ല; തുറന്നടിച്ച് മേതിൽ ദേവിക

0
Spread the love

നർത്തകി എന്ന നിലയിൽ പ്രശസ്തയാണ് മേതിൽ ദേവിക. നൃത്തത്തിൽ നിന്നും താരം അഭിനയത്തിലേക്ക് എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് മലയാളികൾ ദേവികയെ സ്വീകരിച്ചത്. 2013 ഒക്ടോബർ 24-ന് ആയിരുന്നു മലയാള സിനിമാ താരവും രാഷ്ട്രീയ പ്രവർത്തകനുമായ മുകേഷിനെ ദേവിക വിവാഹം ചെയ്യുന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 2021 ൽ ഇരുവരും വേർപിരിയുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ആണ് എന്നതിൽ അപ്പുറം ഇതുവരെയും വിവാഹമോചനത്തിന് കാരണം എന്താണെന്നു മുകേഷോ ദേവികയെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ റിലേഷൻഷിപ്പുകൾ ഒന്നും തനിക്കിനി പറ്റില്ല എന്ന് തുറന്നു പറയുകയാണ് ദേവിക.

“എനിക്ക് അറിയാം എനിക്ക് കുറെ ആളുകളുടെ സപ്പോർട്ട് ഉണ്ടെന്ന്. നിങ്ങളുടെ സപ്പോർട്ട് ഒക്കെ ഉണ്ടെങ്കിലും എനിക്ക് മനസ്സിൽ വേറെ രീതിയിൽ വിഷമം ഉണ്ട്. എന്റെ ഹസ്ബന്റിന്റെ കാര്യം പോലെ വേറെ എന്തെങ്കിലും കാര്യത്തിൽ ആണെങ്കിലും അവിടെ മറ്റൊരാളുടെ അഭിപ്രായം വരിക എന്ന് പറയുമ്പോൾ എനിക്ക് എന്നെ തന്നെ ബാധിക്കാറുണ്ട്. അത് ആലോചിക്കുമ്പോൾ എനിക്ക് സങ്കടം വരാറുണ്ട്. പിന്നെ ഈ പറയുന്ന പോലെ ഒരാളുടെ അഭിപ്രായം മാറാനൊക്കെ സെക്കന്റുകൾ മതി.

നമ്മളെ കുറിച്ച് നല്ലത് പറഞ്ഞ് പുകഴ്ത്തുന്നവർ തന്നെ സെക്കന്റുകൾക്ക് ഉള്ളിൽ മോശമായും പറയും. എന്നെ കുറിച്ചുള്ള ധാരണ മാറാൻ നിമിഷങ്ങൾ മതി. അതിലൊന്നും വലിയ കാര്യമില്ല. എനിക്ക് ആകെ തോന്നിയിട്ടുള്ളത് ഏറ്റവും ബുദ്ധിമുട്ടായിട്ടുള്ളത് ബന്ധങ്ങൾ ആണ്. എന്നെ സംബന്ധിച്ച് എനിക്ക് ആകെ തോന്നിയിട്ടുള്ളത് എനിക്ക് ഇനി ജീവിതത്തിൽ ഉടനീളം റിലേഷൻഷിപ്പുകൾ ഒന്നും പറ്റില്ല എന്നുള്ളതാണ്. ഞാൻ ഒരു ഡാൻസർ ആണ്. എനിക്ക് ആളുകളെ എന്റെ ഡാൻസിലൂടെ ടച്ച് ചെയ്യാൻ കഴിയും. അതുമതി എനിക്ക് ” എന്നാണ് മേതിൽ ദേവിക പറഞ്ഞത്.

ഇങ്ങനെയെങ്കിൽ പവന് വൈകാതെ ഒരു ലക്ഷം നൽകേണ്ടിവരും! ഇന്നും കൂടി സ്വർണവില!

0
Spread the love

 സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് പവന് 440 രൂപ കൂടി 84,680 രൂപയും ഗ്രാമിന് 55 രൂപ കൂടി 10,585 രൂപയുമായി. ഇന്നലെ പവന് 320രൂപ കൂടി 84,240 രൂപയും ഗ്രാമിന് 40 രൂപ കൂടി 10,530 രൂപയുമായിരുന്നു. ഈ മാസം തുടക്കം മുതൽക്കേ സ്വർണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്​തംബർ 23നായിരുന്നു. അന്ന് പവന് 84,840 രൂപയും ഗ്രാമിന് 10,605 രൂപയുമായിരുന്നു. ഈ മാസം ഒന്നിനായിരുന്നു ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 77,640 രൂപയും ഗ്രാമിന് 9,705 രൂപയുമായിരുന്നു.

മോഹന്‍ലാല്‍ വെട്ടിക്കളഞ്ഞ നഖംപോലും താനെടുത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് നടി ലക്ഷ്മിപ്രിയ; വിമർശനം കടുത്തതോടെ ‘ജീവിച്ചു പൊയ്‌ക്കോട്ടെ’യെന്ന് നടി

0
Spread the love

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെക്കുറിച്ച് എഴുതിയ കുറിപ്പിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി നടി ലക്ഷ്മിപ്രിയ. ചുറ്റിലുമുള്ളവര്‍ നിങ്ങളുടെ കാലിലെ ചെരുപ്പാവണമെന്ന് വാശിപിടിക്കരുതെന്ന് ലക്ഷ്മിപ്രിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞദിവസം ലക്ഷ്മിപ്രിയ പങ്കുവെച്ച കുറിപ്പിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലോകത്തെ മികച്ച അഭിനേതാവിന് നല്‍കാവുന്ന സകല പുരസ്‌കാരങ്ങളും മോഹന്‍ലാലിന്റെ കാല്‍ച്ചുവട്ടില്‍വെച്ചു നമസ്‌കരിച്ചാലും അതില്‍ അതിശയോക്തിയില്ലെന്ന് ലക്ഷ്മിപ്രിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുതുടര്‍ച്ചയായി പങ്കുവെച്ച ഒരു അനുഭവമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ഹൊഗ്ഗനക്കലിലെ കാട്ടില്‍ മോഹന്‍ലാല്‍ വെട്ടിക്കളഞ്ഞ നഖംപോലും താനെടുത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ കുറിച്ചത്. ‘നരന്‍’ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴുള്ള അനുഭവമാണ് ലക്ഷ്മിപ്രിയ പങ്കുവെച്ചത്.

‘അതേ, ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹന്‍ലാലിന്റെതാണ്’, എന്ന വാക്കുകളിലാണ് ലക്ഷ്മിപ്രിയയുടെ പുതിയ കുറിപ്പ് ആരംഭിച്ചത്. ‘എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. ദയവായി ചുറ്റിനും ഉള്ളവര്‍ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുത്. അവര്‍ അവര്‍ക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെ…. അതിനവരെ അനുവദിക്കൂ’, ലക്ഷ്മിപ്രിയ കുറിച്ചു.

ലക്ഷ്മിപ്രിയയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

അതേ, ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹന്‍ലാലിന്റെതാണ്. അത്രയധികം ആരാധനയും സ്‌നേഹവും ബഹുമാനവും എനിക്ക് അദ്ദേഹത്തോടുണ്ട്. ആ പോസ്റ്റില്‍ എഴുതിയ മിക്ക ചിത്രങ്ങളും 1991,92 വര്‍ഷങ്ങളിലേതാണ്. പാദമുദ്രയും, ചിത്രവും, ഉത്സവപ്പിറ്റേന്നും ആര്യനും വെള്ളാനകളുടെ നാടുമെല്ലാം ചെയ്തത് 1988 ല്‍ ആണ്. 1989 ല്‍ ആണ് കിരീടം. വരവേല്പ്പും ആ വര്‍ഷം തന്നെയാണ്. അതിനും മുന്‍പേ 1986 ല്‍ ആണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ടി പി ബാലഗോപാലനുമൊക്കെ! 1986 ല്‍. അതൊക്കെ അദ്ദേഹത്തിന്റെ ഇരുപതുകളുടെ തുടക്കത്തില്‍ ആണ്.

പിന്നെയും വര്‍ഷങ്ങളും, ഓരോ വര്‍ഷവും അദ്ദേഹം ചെയ്ത ചിത്രങ്ങളുടെ എണ്ണവും അദ്ദേഹത്തിന്റെ വയസ്സും എടുത്താല്‍ ഈ പോസ്റ്റ് നീണ്ടു നീണ്ടുപോകും.എത്ര എത്ര വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്? ഇന്ത്യന്‍ സിനിമയില്‍ ഒരു നടനും അവകാശപ്പെടാനും ഭേദിക്കുവാനും കഴിയാത്ത റെക്കോര്‍ഡുകള്‍ ആണ് അതെല്ലാം…. അതിനുശേഷം എത്രയോ നടന്മാര് വന്നു? ആ വയസ്സില്‍ മികവുറ്റതാക്കിയ എത്ര കഥാപാത്രങ്ങളുണ്ട്? ആ എണ്ണമൊക്കെ എടുത്താല്‍ ഇനി ഒരു നടന് അത്തരം ഭാഗ്യം ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല.

മോഹന്‍ലാല്‍ എന്നത് സൂക്ഷ്മാഭിനയത്തിന്റെ പാഠപുസ്തകമാണ്. അദ്ദേഹം ഒരു ഇംഗ്ലീഷ് നടനായിരുന്നുവെങ്കില്‍ ഓസ്‌കാര്‍ അവാര്‍ഡ് എത്രയെണ്ണം അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടാകുമായിരുന്നു? ഞാന്‍ അഭിമാനിക്കുന്നു, അദ്ദേഹം ഒരു ഭാരതീയനായതിലും മലയാളിയായതിലും അദ്ദേഹത്തിനോടൊപ്പം കുറച്ചു ചിത്രങ്ങള്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലും. സര്‍വ്വോപരി അദ്ദേഹവും കൂടി മെമ്പറായ ഒരു സംഘടനയില്‍ ഞാനുമുണ്ട് എന്നതിലും.

എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. ദയവായി ചുറ്റിനും ഉള്ളവര്‍ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുത്. അവര്‍ അവര്‍ക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെ…. അതിനവരെ അനുവദിക്കൂ.

ഹൃദയപൂര്‍വ്വം ലക്ഷ്മിപ്രിയ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts