Home Blog Page 55

അതിശക്തമായ മഴയ്ക്ക് സാധ്യത: 3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

0
Spread the love

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 20ന് എറണാകുളം ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ  24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കും. ശക്തമായ മഴ തുടരുന്ന പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓഗസ്റ്റ് 20നും ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളില്‍ ഓഗസ്റ്റ് 21നും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബിഗ് സ്ക്രീനിലും അച്ഛനും മകനുമാകാന്‍ ടി ജി രവിയും ശ്രീജിത്ത് രവിയും; ‘വടു’ ഫസ്റ്റ് ലുക്ക് എത്തി

0
Spread the love

ടി ജി രവിയും മകന്‍ ശ്രീജിത്ത് രവിയും അച്ഛനും മകനുമായി അഭിനയിക്കുന്ന ചിത്രമാണ് വടു- ദി സ്കാര്‍. ശ്രീജിത്ത് പൊയിൽക്കാവ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിട്ടുണ്ട്. സ്നേഹബന്ധങ്ങള്‍ അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണ്ണതകളോടെ, ഹൃദയസ്പർശിയായ കഥയിലൂടെ ആവിഷ്കരിക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ചന്ദ്രൻ നിർവ്വഹിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസ്, നീലാംബരി പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ ഡോ. മനോജ് ഗോവിന്ദൻ, മുരളി നീലാംബരി, പ്രദീപ് കുമാർ ജി, മോഹനൻ കൂനിയാത്ത് എന്നിവർ ചേർന്നാണ് നിര്‍മ്മാണം. മുരളി നീലാംബരി എഴുതിയ വരികൾക്ക് പി ഡി സൈഗാൾ തൃപ്പൂണിത്തുറ സംഗീതം പകരുന്നു. എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ആർട്ട് ഡയറക്ടർ വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം പ്രസാദ് ആനക്കര, മേക്കപ്പ് വിനീഷ് ചെറുകാനം, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവി വാസുദേവ്, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ അജേഷ് സുധാകരൻ, റിക്കോർഡിംഗ് സ്റ്റുഡിയോ ഡിജിസ്റ്റാർ മീഡിയ തൃപ്പൂണിത്തുറ, സ്റ്റിൽസ് രാഹുൽ ലൂമിയർ, ഡിസൈൻ ഷാജി പാലോളി, പ്രൊഡക്ഷൻ കൺട്രോളർ കമലേഷ് കടലുണ്ടി, ഫിനാൻസ് കൺട്രോളർ ശ്രീകുമാർ പ്രിജി, പ്രൊഡക്ഷൻ മാനേജർ മനോജ് കുമാർ ടി, പിആർഒ- എ എസ് ദിനേശ്.

നടൻ മോഹൻലാൽ ആശുപത്രിയില്‍

0
Spread the love

നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് മോഹൻലാല്‍ ചികിത്സ തേടിയിരിക്കുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് വാർത്തയിൽ പ്രതികരിച്ച് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പനിക്ക് പുറമേ മസില്‍ വേദനയും താരത്തിന് ഉണ്ട്. നിലവിൽ മോഹൻലാലിന് ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദുരന്തബാധിതരിൽ നിന്ന് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന ഉറപ്പ് വെറുതെയോ? അടിയന്തിര ധനസഹായമെത്തിയപ്പോൾ ഇഎംഐ പിടിച്ച് ബാങ്ക്

0
Spread the love

വയനാട്ടിലെ ദുരന്തബാധിതരിൽ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യുടെയും(SLBC) സർക്കാരിൻ്റെയും ഉറപ്പ് പാഴ്വാക്കായി. ചൂരൽമലയിലെ കേരള ഗ്രാമീണ ബാങ്കിൽ നിന്ന് വായ്പ എടുത്തവരിൽ നിന്ന് ഇഎംഐ പിടിച്ചു. സർക്കാരിൽ നിന്നുളള അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്ന ഉടനെയാണ് അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി നീക്കിവച്ചിരുന്ന തുക ഒറ്റയടിക്ക് പിടിച്ചിരിക്കുന്നത്.

വീടുപണിക്ക് വേണ്ടി ചൂരൽമലയിലെ ഗ്രാമീണ ബാങ്കിൽ നിന്ന് 50,000 രൂപ വായ്പ എടുത്തതാണ് പുഞ്ചിരി മട്ടത്തെ മിനിമോൾ. ഉരുൾപ്പൊട്ടൽ ബാധിത പ്രദേശത്ത് നിന്നും തൽകാലത്തേക്ക് വായ്പ തിരിച്ചടവ് പിടിക്കില്ലെന്നായിരുന്നു പ്രതീക്ഷ. പക്ഷെ അക്കൗണ്ടിൽ നിന്ന് ഒറ്റയടിയ്ക്ക് പണം പോയതിൻ്റെ അങ്കലാപ്പിലാണ് മിനിമോൾ.

ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല. മുണ്ടക്കൈ ചൂരൽമല പുഞ്ചിരി മട്ടം എന്നിവിടങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികൾ വായ്പയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഗ്രാമീണ ബാങ്കിനെയാണ്. ഉരുൾപ്പൊട്ടലിന്റെ ഇരയായ ഈ പാവപ്പെട്ടവരുടെ പണമാണ് സർക്കാർ സഹായം വന്ന ഉടനെ പിടിച്ചത്.
പശുക്കളെ വാങ്ങാനാണ് കേരള ഗ്രാമീണ ബാങ്കിൽ നിന്ന് ഉരുൾപ്പൊട്ടൽ ബാധിതനായ രാജേഷ് വായ്പ എടുത്തത്. വീടും പശുക്കളും എല്ലാം മലവെളളപ്പാച്ചിലിൽ ഒലിച്ചു പോയി. ജീവൻ മാത്രം ബാക്കിയായി. അക്കൌണ്ടിലേക്ക് സർക്കാരിൽ നിന്നുളള അടിയന്തിര ധനസഹായം എത്തിയതിന് പിന്നാലെ പക്ഷെ തിരിച്ചടക്കാനുള്ള തുക ബാങ്ക് കൃത്യമായി പിടിച്ചു.

5 ലക്ഷവും വീടും നല്‍കിയില്ലെങ്കില്‍ തീര്‍ക്കുമെന്ന് പറഞ്ഞു; ജസ്നയെ കണ്ടെന്ന ജീവനക്കാരിയുടെ ആരോപണം തള്ളി ഹോട്ടലുടമ

0
Spread the love

പത്തനംതിട്ട: ജസ്‌ന തിരോധാനക്കേസില്‍ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ തള്ളി ലോഡ്ജുടമ. ജസ്‌നയോ ജസ്നയുമായി സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില്‍ വന്നിട്ടില്ലെന്ന് ലോഡ്ജുടമ പ്രതികരിച്ചു. തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് ജീവനക്കാരി ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന് മുന്നില്‍ താന്‍ ഇതേകാര്യമാണ് പറഞ്ഞതെന്നും ലോഡ്ജുടമ പ്രതികരിച്ചു.

‘ജാതിപ്പേര് വിളിച്ചെന്നും പറഞ്ഞ് എനിക്കെതിരെ അവര്‍ കേസ് കൊടുത്തിട്ടുണ്ട്. ഒരു വിവരാവകാശ പ്രവര്‍ത്തകനാണ് ഇതിന് പിന്നില്‍. ഞാന്‍ കൊലക്കേസ് പ്രതിയാണെന്നതുള്‍പ്പടെയുള്ള ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ജസ്‌ന എന്നു പറഞ്ഞയാള്‍ ഇവിടെ വന്നിട്ടില്ല. എന്റെ ഓര്‍മ്മയില്‍ ഇല്ല. നേരത്തെ അഞ്ചോ ആറോ ഉദ്യോഗസ്ഥര്‍ വന്ന് അന്വേഷിച്ചിരുന്നു. അഞ്ച് ലക്ഷവും വീടും കൊടുത്തില്ലെങ്കില്‍ എന്നെ തീര്‍ക്കുമെന്നാണ് ആ സ്ത്രീ പറഞ്ഞത്. ലോഡ്ജില്‍ നിന്നും ഇറക്കിവിട്ടതിനാണ് എനിക്കെതിരെ തിരിഞ്ഞത്. അവരുടെ പെരുമാറ്റം ശരിയായിരുന്നില്ല. അതിനാലാണ് ഇറക്കി വിട്ടത്.’ ലോഡ്ജുടമ പ്രതികരിച്ചു.

ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി കോട്ടയം മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയതായാണ് ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ‘ഉച്ചയ്ക്ക് 12 നും ഒന്നിനും ഇടയ്ക്കാണ് അവിടെ കാണുന്നത്. മൂന്നോ നാലോ മണിക്കൂര്‍ അവിടെയുണ്ടായിരുന്നു. അഞ്ച് മണിക്ക് തിരിച്ചിറങ്ങിപോയി. റൂം എടുത്ത് താമസിക്കുന്നവരുടെ പേരും മേല്‍വിലാസവും മാത്രമെ എഴുതാറുള്ളൂ. എന്നോട് ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലിലെ കമ്പി ശ്രദ്ധിച്ചത്. ഒരു പയ്യന്‍ കൂടെയുണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ പയ്യനാണ്. കൊച്ചുപെണ്‍കുട്ടി ആയതിനാലാണ് ശ്രദ്ധിച്ചത്. പിങ്ക് ഡ്രസാണ് ഇട്ടിരുന്നത്. 103-ാം നമ്പര്‍ റൂം ആണ് എടുത്തത്’, മുന്‍ ജീവനക്കാരി പറയുന്നു. ലോഡ്ജുടമ തന്നെ അടിച്ചിറക്കി വിടുകയും മോശം കാര്യങ്ങളൊക്കെ പ്രചരിപ്പിക്കുകയുമാണ്. അതുകൊണ്ടാണ് ഇക്കാര്യം തുറന്നുപറയാന്‍ തയ്യാറാവുന്നതെന്നും ജീവനക്കാരി പറഞ്ഞിരുന്നു.

ലോകം തിരഞ്ഞ മലയാളി റാപ്പർ ‘ഹനുമാൻ കൈൻഡ്’; ഇനി ആഷിഖ് അബുവി ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കും

0
Spread the love

ബിഗ് ഡോഗ്‌സ് എന്ന ഗാനത്തിലൂടെ ഗ്ലോബൽ ടോപ് ചാർട്ടിൽ ഇടം നേടിയ ഹനുമാൻ കൈൻഡ് ഇനി ബിഗ് സ്ക്രീനിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ഹനുമാൻ കൈൻഡ് അഭിനയത്തിലേക്ക് ചുവടുവക്കുന്നത്. ഭീര എന്ന കഥാപാത്രത്തെയാണ് ഹനുമാൻ കൈൻഡ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കണ്ണടയും വച്ച് കയ്യിൽ തോക്കുമായി നിൽക്കുന്ന ഹനുമാൻ കൈൻഡിന്റെ പോസ്റ്റർ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ് എന്നിവരാണ് ‘റൈഫിൾ ക്ലബ്ബി’ലെ പ്രധാന അഭിനേതാക്കൾ. വിൻസി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍, ഉണ്ണിമായ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട് . ബോളിവുഡ് താരം അനുരാ​ഗ് കശ്യപിൻ്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ‘റൈഫിൾ ക്ലബ്’. ശ്യാം പുഷ്കരൻ – ദിലീഷ് കരുണാകരൻ, ഷറഫു – സുഹാസ് എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബുവിൻ്റെ ‘മായാനദി’ക്ക് ശേഷം ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമാണ് ‘റൈഫിൾ ക്ലബ്’. ഒപിഎം സിനിമാസിൻ്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. റെക്സ് വിജയനാണ് ചിത്രത്തിൽ സം​ഗീതം ഒരുക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ വർഷം ഓണം റിലീസ് ആയിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

56 മില്യൺ പ്രേക്ഷകരാണ് ഇതുവരെ ഹനുമാൻ കൈൻഡിന്റെ ‘ബിഗ് ഡോഗ്സ്’ എന്ന ഗാനം യൂട്യൂബിൽ കണ്ടത്. ബിജോയ് ഷെട്ടിയുടെ സംവിധാന മികവിൽ ഒരുങ്ങിയ വീഡിയോക്ക് കോസ്റ്റ്യൂംസ് ഒരുക്കിയത് മലയാളിയായ മഷർ ഹംസയാണ് . റാപ്പർ ഹനുമാൻ കൈൻഡിനൊപ്പം മരണക്കിണറിൽ സുൽത്താൻ ഷേയ്ഖ്, ഇന്ത്യയിൽ മരണക്കിണറിൽ വണ്ടിയോടിക്കുന്ന അപൂർവം സ്ത്രീകളിലൊരാളായ കഷീഷ് ഷേയ്ഥ്, മൂർ സലീം, മുഹമ്മദ് ഷദാബ് അൻസാരി എന്നിവരും പ്രത്യക്ഷപ്പെട്ടിരുന്നു.

അന്ന് മുതല്‍ കാര്‍ത്തിക്കേട്ടന്‍ അങ്ങനെയാണ്, അത് എനിക്ക് ഫീല്‍ ചെയ്യുന്നുണ്ട്; കാർത്തിക് സൂര്യയുമായുള്ള പ്രണയ വാർത്തയിൽ പ്രതികരിച്ച് ഗ്ലാമി ഗംഗ

0
Spread the love

സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറും ബ്യൂട്ടി വ്‌ളോഗറുമായ ഗ്ലാമി ഗംഗയെ അറിയാത്തവരായി അധികം ആരും തന്നെ മലയാളികളിൽ കാണില്ല പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. വളരെ കഷ്ടപാടുള്ള ചുറ്റുപാടുകളിൽ തളരാതെ പൊരുതി സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിലേക്ക് അടുക്കുകയാണിപ്പോൾ ഗ്ലാമി. അച്ഛന്റെ ക്രൂര പീഡനങ്ങളില്‍ നിന്ന് അമ്മയെ രക്ഷപ്പെടുത്തി വാടക വീട്ടിലേക്ക് മാറിയതും ബ്യൂട്ടി വ്‌ളോഗിങ്ങിലൂടെ വരുമാനമുണ്ടാക്കി വീടും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതുമെല്ലാം പലകുറി താരം തന്നെ തന്റെ വോലോഗ്സിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഗ്ലാമിയും യുട്യൂബർമാരായ ശരണ്യയും കാര്‍ത്തിക് സൂര്യയും ഷെസാമുമൊക്കെയായുള്ള സൗഹൃദവും സോഷ്യൽ മീഡിയ സ്പേസിൽ വളരെ കൗതുകത്തോടെ ആളുകൾ നോക്കിക്കാണുന്ന കാര്യങ്ങളുമാണ്. ഇതിൽത്തന്നെ കാർത്തിക് സൂര്യ ഗംഗയുടെ വിഡിയോയിൽ പലപ്പോഴും കാർത്തിക്ക് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ഇനി ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന് സംശയിയിക്കുകയാണ് ആരാധകർ. ഇതോടെ ഇത്തരം പ്രണയ ഗോസിപ്പുകള്‍ മുളയിലേ നുള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ഗ്ലാമി ഗംഗ.

‘കാര്‍ത്തിക് ഏട്ടന്‍ എനിക്ക് വല്യേട്ടനെ പോലെയാണ്. മലപ്പുറത്ത് വച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. അന്ന് മുതല്‍ കാര്‍ത്തിക്കേട്ടന്‍ എനിക്ക് തരുന്നത് ഒരു സഹോദരി സ്‌നേഹമാണ്. അത് എനിക്ക് ഫീല്‍ ചെയ്യുന്നുണ്ട്. അങ്ങനെ തന്നെയാണ് തിരിച്ചും’ എന്നാണ് താരം പറഞ്ഞത്. കാര്‍ത്തിക് സൂര്യയുമായുള്ള ബന്ധത്തെ കുറിച്ചും, വിവാഹം കഴിക്കുമോ എന്ന ചോദ്യങ്ങൾക്കും മറുപടി പറയുകയായിരുന്നു താരം.

ഉരുൾപൊട്ടലിൽ കാണാതായത് 128 പേരല്ല 119 പേർ; ഡിഎൻഎ ഫലങ്ങൾ വന്നുതുടങ്ങി, ഉറ്റവര്‍ക്കായി തെരച്ചിൽ തുടരുന്നു

0
Spread the love

വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 119 പേരാണ് കാണാമറയത്തുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്.

വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. മുണ്ടക്കൈ, ചൂരൽമല മേഖലകളിലും സൂചിപ്പാറ ചാലിയാർ പുഴയുടെ തീരങ്ങളിലും തെരച്ചിൽ നടക്കും. കഴിഞ്ഞ ദിവസങ്ങളിലെ ഇവിടെ നടന്ന തെരച്ചിലിൽ മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ നിലവിൽ അനുവദിക്കുന്നില്ല.

അതേസമയം ഡിഎൻഎ വിവരങ്ങൾ ഇനിയും സർക്കാർ പുറത്ത് വിട്ടിട്ടില്ല. കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ രക്തസാമ്പിളുകളുടെ വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്ന നടപടി ആണ് ഇനി പൂർത്തീകരിക്കാൻ ബാക്കി ഉള്ളത്. ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്

അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ ഉണ്ട്.

വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം. അതിനിടെ, ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ ബാങ്കിംഗ് അദാലത്തും സംഘടിപ്പിച്ചിരുന്നു. കൂടുതൽ ഡിഎൻഎ സാമ്പിളുകളുടെ ഫലവും കിട്ടിത്തുടങ്ങിയിരുന്നു.

മധുരമില്ലാത്ത കാപ്പി ശീലമാക്കൂ; ഗുണങ്ങൾ ചില്ലറയല്ല!

0
Spread the love

കാപ്പി കുടിച്ചാൽ പ്രത്യേക ഉന്മേഷമാണെന്ന് പലരും പറയുന്നത് നമ്മൾ കേട്ടിരിക്കും. രാത്രി അധിക സമയം ഇരുന്ന് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരും കൂടുതലായി ആശ്രയിക്കുന്നത് കാപ്പിയെ തന്നെയാണ്. എന്നാൽ കടുപ്പമേറുമ്പോൾ കാപ്പിക്ക് സ്വാഭാവികമായി കയ്പ്പ് അനുഭവപ്പെടാറുണ്ട്. ഇത് ഇഷ്ടമില്ലാത്തവർ ആവശ്യത്തിലധികം പഞ്ചസാരയിട്ട് കാപ്പി കുടിക്കുന്നു. എന്നാൽ കാപ്പിയിൽ നിന്ന് പഞ്ചസാരയെ ഒഴിവാക്കി നിർത്താനാണ് വിദഗ്ധർ പറയുന്നത്. കാരണം അറിയാം..

ഹൃദയത്തിനും കരളിനും ഉത്തമം

കരൾ രോഗങ്ങൾ കുറയ്‌ക്കുന്നതിന് മധുരമില്ലാത്ത കാപ്പി ശീലമാക്കാം. പഞ്ചസാര ഒഴിവാക്കി കാപ്പി കുടിക്കുന്നത് കരളിനും ഹൃദയത്തിനും നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഹൃദ്രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ഇത് സഹായിക്കുന്നു. മധുരമില്ലാത്ത കട്ടൻ കാപ്പി കുടിക്കുന്നത് സമ്മർദ്ദം അകറ്റാൻ നല്ലതാണെന്നും ഇതിലൂടെ ഉന്മേഷം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.

ഓർമ്മ ശക്തി വർദ്ധിപ്പിക്കാം

മധുരമിടാതെ കട്ടൻ കാപ്പി കുടിക്കുന്നത് ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന കഫൈൻ എന്ന പദാർത്ഥം മനസിനെ എപ്പോഴും സജീവമാക്കി ഊർജസ്വലതയോടെ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു.

പ്രമേഹം കുറയ്‌ക്കാം

പ്രമേഹം വർദ്ധിപ്പിക്കുന്നതിന് മുഖ്യ പങ്കും വഹിക്കുന്നത് പഞ്ചസാരയാണെന്ന് നമുക്കറിയാം. ഇത് ഒഴിവാക്കി കാപ്പി കുടിക്കുകയാണെങ്കിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്‌ക്കുന്നു. ഭാരം കുറയ്‌ക്കാനും പഞ്ചസാര ഇടാത്ത കാപ്പി കുടിക്കുന്നത് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഒരാളുമായി ബന്ധം വെച്ചശേഷം പിന്നീട് ബലാത്സം​ഗം ചെയ്തെന്ന് പറയുന്നവർക്കൊപ്പം ഞാനില്ല; എക്സ്ട്രാമാരിറ്റൽ അഫയറിലേക്ക് പോകുന്നവരെ കുറ്റം പറയില്ല: ശീലു എബ്രഹാം

0
Spread the love

കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശീലു എബ്രഹാം. നടി എന്നതിലുപരി അബാം മൂവീസ് എന്ന നിർമാണകമ്പനിയിലൂടെ സിനിമാ നിർമ്മാണരംഗത്തും സജീവമാണ് താരം. സോളോ, പുതിയ നിയമം, പുത്തൻ പണം, കനൽ, ശുഭരാത്രി, ഷീ ടാക്സി, അൽ മല്ലു, സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾ നടിക്ക് വലിയ ശ്രദ്ധ നേടികൊടുത്തിരുന്നു. വിവാദ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബാഡ് ബോയ്സാണ് ശീലുവിന്റെ നിർമാണത്തിൽ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രംത്തിന്റെ വിശേഷങ്ങളുമായ് ബന്ധപ്പെട്ട അഭിമുഖത്തിൽ സംവിധായകൻ ഒമർ ലുലു നേരിട്ട മീ റ്റൂ ആരോപണത്തെ കുറിച്ചും ആളുകൾക്കിടയിലെ എക്സ്ട്രാമാരിറ്റൽ അഫയറിനെ കുറിച്ചും വിശദമായി സംസാരിച്ചിരിക്കുകയാണ് നടി.

സംവിധായകൻ തന്നെ പീഡന ആരോപണത്തിൽപെട്ടപ്പോൾ അത് ചിത്രീകരണത്തെ ബാധിച്ചുവോയെന്ന ചോദ്യത്തിനായിരുന്നു ശീലുവിന്റെ വിശദമായ മറുപടി. ഷൂട്ട് തുടങ്ങി ഇരുപത്തിയഞ്ച് ദിവസത്തോളം കഴിഞ്ഞപ്പോഴാണ് ഒമറിനെതിരെ കേസ് വന്നത്. കേസുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികൾ ഒരു വശത്ത് കൂടി നടക്കുന്നുണ്ട്. ഞങ്ങൾ പക്ഷെ അതേ പറ്റിയൊന്നും ചിന്തിക്കുന്നില്ല. കേസ് വന്ന സമയത്ത് ഒമറിന് ജാമ്യം കിട്ടിയില്ലെങ്കിൽ സിനിമയെ ബാധിക്കുമോയെന്ന തോന്നൽ വന്നിരുന്നു. പക്ഷെ കേസ് വന്നപ്പോൾ ആളുകൾ വലിയ രീതിയിൽ അറ്റാക്ക് ചെയ്തതായി കണ്ടില്ല. കാരണം ഇത്തരം മീടു ആരോപണങ്ങളും സ്ത്രീകൾ ഇത്തരത്തിൽ സംസാരിക്കുന്നതുമെല്ലാം സിനിമാ രംഗത്ത് ഇപ്പോൾ വളരെ സാധാരണയായി മാറി. സിനിമയിലെ ആളുകൾ തമ്മിലുള്ള ഇത്തരം വിഷയങ്ങൾ ജനങ്ങൾ അറിയുന്നതല്ല അറിയിക്കുന്നതാണ്. ബന്ധത്തിൽ ഉള്ളവർ തമ്മിൽ അഭിപ്രായ വ്യത്യാസം വരുമ്പോൾ പകപോക്കാനായോ മറ്റോ ആരെങ്കിലും ഒരാൾ എല്ലാം പുറത്ത് പറയുന്നതാവാം എന്നും നടി പറഞ്ഞു.
.
ഒരു ആവശ്യങ്ങൾ നേടിയെടുക്കാനായി ഒരു ബന്ധത്തിലേക്ക് നമ്മൾ പോകരുതെന്നും സ്ത്രീകളെ അപേക്ഷിച്ച് ആണുങ്ങൾക്ക് എത്ര റിലേഷൻഷിപ്പുണ്ടെങ്കിലും രക്ഷപ്പെട്ട് പോകുമെന്നും ഷീലു പറഞ്ഞു. എന്നാൽ സ്ത്രീകൾ എപ്പോഴും ശ്രദ്ധിക്കണം.

അതേസമയം എക്സ്ട്രാമാരിറ്റൽ അഫയറിലേക്ക് പോകുന്നവരെ താൻ കുറ്റം പറയില്ലെന്നും കാരണം അവരുടെ ഭാ​ഗത്തും ഒരു ശരിയുണ്ടാകുമല്ലോ എന്നും താരം ഓർമിപ്പിച്ചു. വേറെ ബന്ധങ്ങളിലേക്ക് പോകുന്നത് ചിലപ്പോൾ സാഹചര്യം കൊണ്ടായിരിക്കാം. മനുഷ്യൻ ഇക്കാര്യങ്ങളെല്ലാമുള്ള വ്യക്തിയായാണ് ജനിക്കുന്നത്. എന്നാൽ ഒരാളുമായി ഒരുപാട് പ്രാവശ്യം ബന്ധം വെച്ചശേഷം പിന്നീട് വന്ന് എന്നെ ബലാത്സം​ഗം ചെയ്തുവെന്ന് പറയുന്നവർക്കൊപ്പം താൻ നിൽക്കില്ലെന്നും നടി പറഞ്ഞു. ലെറ്റ് ദം സഫർ,ലെറ്റ് ദം എഞ്ചോയ്. എന്നാൽ കുട്ടികളേയും വയസായവരേയുമൊക്കെ ബലാത്സം​ഗം ചെയ്യുന്നവരെ അപ്പോൾ തന്നെ കൊല്ലണമെന്നാണ് തന്റെ നിലപാടെന്നും താരം പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts