Home Blog Page 57

സിനിമാ ചിത്രീകരണത്തിനിടെ വാഹന അപകടം; നടൻ ജോജു ജോർജിന് പരിക്ക്

0
Spread the love

മൂന്നാർ ലക്കത്തിന് സമീപം സിനിമാ ചിത്രീകരണത്തിനിടെ നടന്ന വാഹന അപകടത്തിൽ നടൻ ജോജു ജോർജിന് പരിക്ക്. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്. ജീപ്പിൽ സഞ്ചരിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ജീപ്പ് മറിഞ്ഞ് അപകടമുണ്ടായത്. ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയാണ് അപകടമുണ്ടായത്. അപകടത്തിൽ ജോജു ജോർജിനു പുറമേ നടൻ ദീപക് പറമ്പോലിനും പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് പുറമേ വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് അഭിനേതാക്കൾക്കും സ്റ്റണ്ട് മാനും പരിക്കേറ്റു. പരിക്കേറ്റവരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘ഈ അംഗീകാരം സമര്‍പ്പിക്കുന്നത് മലയാള സിനിമയ്ക്ക്’; ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരത്തിൽ പ്രതികരിച്ച് മോഹന്‍ ലാൽ

0
Spread the love

ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് നടന്‍ മോഹന്‍ ലാല്‍. മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരമെന്നും മലയാള സിനിമക്കും പ്രേക്ഷകര്‍ക്കും അവര്‍ഡ് സമര്‍പ്പിക്കുകയാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

‘വളരെ അധികം സന്തോഷവും അഭിമാനവും തോന്നുന്നു. എല്ലാവരോടും നന്ദി പറയുകയാണ്. എന്നെ ഞാനാക്കിയ, എന്റെ കൂടെ സഞ്ചരിച്ചിരുന്ന എല്ലാവര്‍ക്കും നന്ദി. ഈ ഒരു പുരസ്‌കാരത്തിലേക്ക് എന്നെ തെരഞ്ഞെടുത്ത ജൂറിക്കും ഗവണ്‍മെന്റിനും നന്ദി അറിയിക്കുകയാണ്.എത്രയെ വലിയ ആളുകള്‍ നടന്നുപോയ വഴിയിലൂടെ നമുക്കും നടക്കാന്‍ കഴിയുക. അതിലേക്ക് നമ്മളെ നയിക്കുക എന്ന് പറയുന്നത് ദൈവനുഗ്രഹമാണ്. മലയാള സിനിമക്ക് ഇത് വലിയ അംഗീകരമായി കാണുന്നു

മലയാള സിനിമക്കാണ് ഞാന്‍ ഈ അംഗീകാരം സമര്‍പ്പിക്കുന്നത്. മലയാളി പ്രേക്ഷകര്‍ക്കും മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഒരുപാട് നന്ദിയുണ്ട്. ഈ അവാര്‍ഡ് ഞാന്‍ അവര്‍ക്കായി സമര്‍പ്പിക്കുകയാണ്,’ മോഹന്‍ ലാല്‍ പറഞ്ഞു.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമാണ് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 2023ലെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും.തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമായാത്രകളെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മലയാളി. 2004ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു.

സാധാരണക്കാർക്ക് ആശ്വാസം; വൈകിയുള്ള തിരിച്ചടവിന് ഈടാക്കുന്ന പിഴയും മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ഈടാക്കുന്ന ചാ‌ർജും കുറയും

0
Spread the love

റീട്ടയിൽ ഇടപാടുകൾക്ക് ഈടാക്കുന്ന സേവന നിരക്കുകൾ കുറയ്ക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോഴുള്ള ഫീസ്, വൈകിയുള്ള തിരിച്ചടവിന് ഈടാക്കുന്ന പിഴ, മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ഈടാക്കുന്ന ചാർജ് തുടങ്ങയ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരക്കുകൾ കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്.

നിലവിൽ, വിവിധ ബാങ്കുകൾക്ക് വ്യത്യസ്ത നിരക്കുകളാണ്. ചെറുകിട വായ്പകളുടെ പ്രോസസിംഗ് ഫീസ് 0.50% മുതൽ 2.5% വരെയാണ്. ചില ബാങ്കുകൾ ഭവന വായ്പയുടെ പ്രോസസിംഗ് ഫീസിന് 25,000 രൂപയുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, ഈ നിരക്കുകൾക്ക് ആർബിഐ പുതിയ പരിധി നിശ്ചയിച്ചിട്ടില്ല.

ഭീമൻ കോർപ്പറേറ്റ് വായ്പകളിലെ നഷ്ടം കാരണം ബാങ്കുകൾ ചെറുകിട വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ആർബിഐയുടെ ഈ നിർദേശം വരുന്നത്. വ്യക്തിഗത, വാഹന, ചെറുകിട ബിസിനസ് വായ്പകളിലാണ് ബാങ്കുകളുടെ ലാഭം അടുത്തിടെ ഉണ്ടായിരുന്നത്.കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബാങ്കിങ് സേവനങ്ങളെക്കുറിച്ചുള്ള പരാതികൾ 25ശതമാനം വർദ്ധിച്ചതായി കണക്കുകൾ കാണിക്കുന്നു. ഉപഭോക്താക്കളുടെ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ, പരാതികൾ വേഗത്തിൽ പരിഹരിക്കണമെന്നും സേവനങ്ങൾ മെച്ചപ്പെടുത്തണമെന്നും ആർബിഐ ഗവർണർ ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എമ്പുരാനും വീണു! മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ‘ലോക’

0
Spread the love

മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സൂപ്പർഹീറോ ചിത്രം ‘ലോക’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്.ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ചിത്രം ഇപ്പോൾ. എമ്പുരാന്റെ 268 കോടി കളക്ഷനെയാണ് ലോക മറികടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘ലോക’. കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും ‘ലോക’യാണ്.

‘ലോക’യുടെ വിജയം മലയാള സിനിമയുടെ വളർച്ചയെയും സാധ്യതകളെയും കുറിച്ചുള്ള പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന മലയാള സിനിമകൾക്ക് ഇനി മുതൽ അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ കളക്ഷൻ നേടാൻ സാധിക്കുമെന്നതിന്റെ സൂചനയായി ഇതിനെ കാണുന്നവരും ഏറെയാണ്. ഡൊമിനിക് അരുണിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.

കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ നസ്‌ലെന്‍, സാൻഡി മാസ്റ്റർ, അരുൺ കുര്യൻ, ചന്തു സലീം കുമാർ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളും കയ്യടി നേടി. ഇവരുടെയെല്ലാം പ്രകടനങ്ങൾ ചിത്രത്തിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചെന്ന് നിരൂപകർ അഭിപ്രായപ്പെട്ടു.മികച്ച തിരക്കഥ, സംവിധാനം, താരങ്ങളുടെ പ്രകടനം, സാങ്കേതിക മികവ് എന്നിവ ‘ലോക’യുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. സിനിമയുടെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ വലിയ വിജയമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

‘കൽക്കിയിൽ നിന്നും പുറത്ത്’! വിവാദങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമിടയിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ദീപിക പതുക്കോൺ

0
Spread the love

കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. കല്‍ക്കി-2898 എഡി എന്ന ചിത്രത്തില്‍ നിന്ന് ദീപിക പുറത്താക്കപ്പെട്ടു എന്ന വാര്‍ത്തയാണ് വൈറലായത്. പ്രതിഫലം, ജോലി സമയം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ദീപിക ഉന്നയിച്ച ചില നിബന്ധനകളുമാണ് ഇതിന് കാരണമെന്നുമാണ് വാര്‍ത്തകള്‍. പിന്നാലെ ദീപികയെ ഒഴിവാക്കിയതല്ല, കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞതിനാല്‍ നടി തന്നെ ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടും എത്തി.

ഇപ്പോഴിതാ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപിക. വൈകാരികമായ കുറിപ്പാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി എന്നാണ് ദീപിക പോസ്റ്റില്‍ പറയുന്നത്. തന്റെ ആദ്യചിത്രത്തിലെ നായകനായ ഷാരൂഖ് ഖാനെ കുറിച്ചുള്ള വൈകാരികമായ കുറിപ്പായിരുന്നു ദീപികയുടേത്.

‘സിനിമ നിര്‍മിക്കുമ്പോഴുള്ള അനുഭവവും നമുക്കൊപ്പം ആ സിനിമ നിര്‍മിക്കുന്നവരുമാണ് സിനിമയുടെ വിജയത്തേക്കാള്‍ പ്രധാനപ്പെട്ടത് എന്നാണ് 18 വര്‍ഷം മുമ്പ് ‘ഓം ശാന്തി ഓം’ ചിത്രീകരണത്തിനിടെ ഇദ്ദേഹം എന്നെ പഠിപ്പിച്ച ആദ്യപാഠം. ഞാന്‍ അതിനോട് പൂര്‍ണമായി യോജിച്ചു. അന്ന് മുതല്‍ ഞാനെടുത്ത എല്ലാ തീരുമാനങ്ങളിലും അത് ഞാന്‍ പാലിച്ചു. അതുകൊണ്ട് തന്നെയാകാം ഞങ്ങള്‍ ഒന്നിച്ച് ആറാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നത്.’ -ഇതായിരുന്നു ദീപികയുടെ കുറിപ്പ്.

ഷാരൂഖ് ഖാന്റെ കൈ തന്റെ കൈയില്‍ കോര്‍ത്ത് പിടിച്ച ചിത്രവും ദീപിക പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. ഷാരൂഖ് ഖാനേയും സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദിനേയും മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു ദീപികയുടെ പോസ്റ്റ്. കിങ്, ഒന്നാം ദിവസം എന്നീ ഹാഷ്ടാഗുകളും ദീപികയുടെ പോസ്റ്റിലുണ്ടായിരുന്നു.

‘ധന സമാഹരണ യജ്ഞം കഴിഞ്ഞു, ഇനി സംവിധാനം’; അഭിനയത്തിൽ നിന്നും ബ്രേക്ക് എടുക്കാൻ ധ്യാൻ ശ്രീനിവാസൻ

0
Spread the love

ഈ വർഷം സിനിമകളിൽ ഒന്നും അഭിനയിക്കുന്നില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. കഴിഞ്ഞ വർഷം ചിത്രീകരണം അവസാനിച്ച ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളതെന്നും സംവിധാനത്തിലേക്ക് കടക്കുകയാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

‘ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ എല്ലാം കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയായതാണ്. ഈ വർഷം ഇനി സിനിമകൾ ചെയ്യാതെ സംവിധാനം ചെയ്യണം എന്ന ഉദ്ദേശം കൊണ്ടാണ് അങ്ങനെ ചെയ്തത്. പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങിയിട്ട് നാലു മാസമായി. അതിൽ തിര 2 ഉണ്ട് പിന്നെ മറ്റു രണ്ട് കഥകൾ കൂടെ എഴുതുന്നുണ്ട്. അതുകൊണ്ട് പഴയ പോലെ സിനിമ അഭിനയം ഇല്ല. ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്,’ ധ്യാൻ പറഞ്ഞു. ധന സമാഹരണ യജ്ഞം കഴിഞ്ഞുവെന്നും ഇനി സംവിധാനത്തിലേക്ക് കടക്കുകയാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു

അത്തരം താരങ്ങളെ സിനിമയിൽ നിന്നും ഒഴിവാക്കേണ്ടത് കാലത്തിന്റെ ആവശ്യം; നടിക്കെതിരെ പരോക്ഷ പരാമർശവുമായി രഞ്ജിത്ത് ശങ്കർ

0
Spread the love

സിനിമാലോകത്ത് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ദീപിക പദുകോണിനെ ‘കൽക്കി’ സിനിമയുടെ രണം ഭാഗത്തിൽ നിന്നും പുറത്താക്കിയത്. കഴിഞ്ഞ വർഷം 600 കോടി മുതൽ മുടക്കിലെത്തി 1200 കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രമായിരുന്നു നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എ.ഡി. പ്രഭാസായിരുന്നു ചിത്രത്തിൽ നായകനായെത്തിയത്. രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് അപ്രതീക്ഷിതമായി എത്തിയ വാർത്തയായിരുന്നു ദീപികയുടെ പുറത്തുപോവൽ.

ഏഴ് മണിക്കൂറായി ജോലി സമയം കുറയ്‌ക്കണമെന്നും, പ്രതിഫലത്തിന്റെ 25 ശതമാനം വർദ്ധനവ് വേണമെന്നും, പേഴ്‌സണൽ സ്റ്റാഫിന് ആഡംബര സൗകര്യങ്ങളോട് കൂടിയ താമസം വേണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്നാണ് താരത്തിനെ പുറത്താക്കിയതെന്നാണ് ബോളിവുഡ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തത്.ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നിർമ്മാതാവുമായ രഞ്ജിത്ത് ശങ്കർ. ദീപികയുടെ പേരെടുത്ത് പറയാതെയായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ പ്രതികരണം.

“തൻ്റെ ആറു കാരവനും 30 പേഴ്സണൽ സ്റ്റാഫിനും പ്രൊഡ്യൂസർ സാലറി കൊടുക്കണം എന്നവശ്യപ്പെടുന്ന താരങ്ങളെ സിനിമയിൽ നിന്നും ഒഴിവാക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. നിർമാതാക്കൾക്ക് അഭിവാദ്യങ്ങൾ!” എന്നാണ് രഞ്ജിത്ത് ശങ്കർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

‘അവർ എന്‍റെ സ്വന്തം അമ്മ’; കവിയൂർ പൊന്നമ്മ വിടവാങ്ങിയിട്ട് ഒരു വർഷം, ഓർമ്മ പൂക്കളുമായ് മോഹൻലാൽ

0
Spread the love

കവിയൂർ പൊന്നമ്മ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. നടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ട് മോഹൻലാൽ. കവിയൂർ പൊന്നമ്മയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ഓർമ്മപൂക്കൾ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ സൂപ്പർ താരങ്ങളുടെ അമ്മമയായും അമ്മൂമ്മയായും കവിയൂർ പൊന്ന വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. എങ്കിലും മോഹൻലാലിന്റെ അമ്മയായെത്തിയ വേഷങ്ങളാണ് അതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കവിയൂർ പൊന്നമ്മയുടെ മകനാണ് മോഹൻലാൽ എന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. മോഹന്‍ലാല്‍ തന്നെ പല വേദികളില്‍ പറഞ്ഞിട്ടുണ്ട് എന്‍റെ സ്വന്തം അമ്മയാണ് കവിയൂര്‍ പൊന്നമ്മയെന്ന്.

50 ഓളം ചിത്രങ്ങളിൽ മോഹൻലാലിൻറെ അമ്മയായും അല്ലാതെയും കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. കിരീടം, ചെങ്കോൽ, തേന്മാവിൻ കൊമ്പത്ത്, ക്രിസ്ത്യൻ ബ്രദേഴ്സ്, കാക്കക്കുയിൽ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, ​ഗാന്ധർവ്വം, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, വടക്കുംനാഥൻ, ഇവിടം സ്വർഗ്ഗമാണ്, ഗാന്ധർവ്വം, ഉത്സവപിറ്റേന്ന്, മിസ്റ്റർ ബ്രഹ്മചാരി തുടങ്ങി മലയാളികൾ എത്ര കണ്ടാലും മടുക്കാത്ത നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ചിട്ടുണ്ട്

1959 ൽ നാടകവേദികളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ കവിയൂർ പൊന്നമ്മ 1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെ വെള്ളിത്തിര അരങ്ങേറ്റം കുറിക്കുകയായിരുന്നു. നിരവധി മലയാള സിനിമകൾക്ക് പുറമേ സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

‘ഉറക്കം കിട്ടുന്നില്ലെന്ന് എപ്പോഴും പറഞ്ഞിരുന്ന അവൻ അവസാനമായി പറഞ്ഞത് വല്ലാതെ ഉറക്കം വരുന്നുവെന്ന്; റോബോ ശങ്കറിന്റെ സഹോദരൻ

0
Spread the love

അന്തരിച്ച തമിഴ്​നടൻ റോബോ ശങ്കറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ സഹോദരൻ ശിവകാശി ശിവരാമൻ. തന്റെ സഹോദരനെ അറിയാത്തവർ ആരുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം തമിഴ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഉറക്കം കിട്ടുന്നില്ലെന്ന് പറഞ്ഞ് വീട്ടിൽ എപ്പോഴും വഴക്കടിച്ചിരുന്ന ശങ്കർ, തനിക്ക് വല്ലാതെ ഉറക്കം വരുന്നുവെന്നാണ് കുടുംബാം​ഗങ്ങളോട് അവസാനമായി പറഞ്ഞതെന്നും ശിവ പറഞ്ഞു.

അവസാനശ്വാസം വരെ നടനായി സിനിമയിൽ തുടരണമെന്നതായിരുന്നു റോബോ ശങ്കറിന്റെ ജീവിതാഭിലാഷമെന്ന് ശിവ പറഞ്ഞു. അത് അങ്ങനെ തന്നെ ആവുകയും ചെയ്തു. എല്ലാവർക്കുമൊപ്പവും ശങ്കർ വേഷമിട്ടു. ഒരു ചിത്രത്തിൽ തനിക്കൊപ്പവും വേഷമിട്ടു. അതൊരു ഭാ​ഗ്യമായി കാണുന്നു. റോബോ ശങ്കർ നായകനായ അമ്പി എന്ന ചിത്രമായിരുന്നു അത്. ഒരു ഷൂട്ടിം​ഗിനിടെയാണ് അദ്ദേഹം ബോധരഹിതനായി വീണത്. അദ്ദേഹത്തിന്റെ ആ​ഗ്രഹം അങ്ങനെ നിറവേറിയെന്നും ശിവ പറഞ്ഞു.

“ചുറ്റുമുള്ളവർ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കണമെന്ന് ആ​ഗ്രഹമുള്ളയാളായിരുന്നു ശങ്കർ. അതിനുവേണ്ടി എന്തും ചെയ്യും. എത്രയോ ആശുപത്രികൾക്കു വേണ്ടിയും ക്ഷേത്രങ്ങളിലും റോബോ ശങ്കർ ഷോ ചെയ്തു. മറ്റൊരാളുടെ സന്തോഷത്തിനുവേണ്ടി ഉറക്കമിളച്ചും ശരിയായി ഭക്ഷണം കഴിക്കാതെയും യാത്ര ചെയ്തുകൊണ്ടേയിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാസ്യകലാകാരനും സിനിമാ-ടെലിവിഷൻ താരവുമായിരുന്ന ശങ്കർ തിങ്കളാഴ്ച പ്രശാന്ത് സ്റ്റുഡിയോയയിൽവെച്ച് ചിത്രീകരണത്തിനിടെയാണ് കുഴഞ്ഞുവീണതെന്ന് സഹോദരൻ ശിവരാമൻ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചു. വയറ്റിലെ രക്തസ്രാവവും വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതുമാണ് മരണകാരണം.

നടനും നിർമാതാവും കൂടിയായ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വ്യാഴാഴ്ച രാത്രിതന്നെ ചെന്നൈയിലെ വീട്ടിലെത്തി റോബോ ശങ്കറിന് അന്ത്യാഞ്ജലിയർപ്പിച്ചു. കമൽഹാസൻ, ധനുഷ്, സത്യരാജ്, ശിവകാർത്തികേയൻ തുടങ്ങിയവർ വെള്ളിയാഴ്ച എത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ, വിസികെ നേതാവ് തൊൽ തിരുമാവളവൻ തുടങ്ങിയവർ അനുശോചനമറിയിച്ചു. ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കർ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയായിരുന്നു മരണം

ഇത്രയും നന്ദിയില്ലാത്ത വര്‍ഗം; സിനിമയ്ക്ക് തലവച്ചത് ഒരു പാവപ്പെട്ടവന് വീട് കിട്ടുമെന്നോർത്ത്, സംവിധായകന് മറുപടിയുമായി അഖില്‍ മാരാര്‍

0
Spread the love

പ്രേക്ഷകര്‍ സിനിമ തിരസ്‌കരിച്ചത് നായകനോടുള്ള വിരോധത്തിന്റെ പേരിലാണെന്ന ‘മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ സംവിധായകന്റെ ആരോപണത്തിന് മറുപടിയുമായി ചിത്രത്തിലെ നായകന്‍ അഖില്‍ മാരാര്‍. സംവിധായകന്റെ പരാജയം മറച്ചുവെച്ച് തന്നെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തിന്റെ ശബ്ദസന്ദേശങ്ങളും സ്‌ക്രീന്‍ഷോട്ടുകളും അഖില്‍ മാരാര്‍ പങ്കുവെച്ചു.

വിഷമത്തോടുകൂടിയാണ് വീഡിയോ ചെയ്യുന്നതെന്ന മുഖവുരയോടെയാണ് അഖില്‍ മാരാര്‍ മറുപടി ആരംഭിച്ചത്. ‘ഇത്രയും നന്ദിയില്ലാത്ത വര്‍ഗത്തെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയാണ്. അത് ‘മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരാണ്. എന്നെ ഒരു സിനിമയിലേക്ക് പറ്റിച്ച് വിളിച്ച് അഭിനയിപ്പിച്ചതും പോരാഞ്ഞ്, സിനിമയ്ക്കുവേണ്ട എല്ലാസഹായങ്ങളുംചെയ്തുകൊടുത്തതിന് ശേഷം ശുദ്ധകള്ളത്തരങ്ങളും നെറികേടുകളും എഴുതിപ്പിടിപ്പിച്ചിരിക്കുകയാണ്’-അഖില്‍ മാരാര്‍ കുറ്റപ്പെടുത്തി.

ചിത്രത്തിന് ലഭിച്ചത് ഒരുകോടിയുടെ പ്രൊമോഷനാണെന്ന് സംവിധായകനോട് മറ്റാരോ അഭിപ്രായപ്പെട്ടതായി അഖില്‍ മാരാര്‍ പറഞ്ഞു. ഇതിനെ സാധൂകരിക്കുന്ന സംവിധായകന്‍ ബാബു ജോണുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ അഖില്‍ പുറത്തുവിട്ടു. ‘ചിത്രം ഇറങ്ങുന്നതിന് രണ്ടുദിവസംമുമ്പ് എന്തുകൊണ്ട് ചിത്രം ലിസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ച് ഞാന്‍ വിളിച്ചതാണ്. ഇത്രയും വലിയ പ്രൊമോഷന്‍ കിട്ടിയിട്ട് ചിത്രം ഇറങ്ങുന്ന തീയേറ്ററുകളുടെ ലിസ്റ്റ് കിട്ടുന്നില്ല. ഏത് തീയേറ്ററുകളിലാണ് ചിത്രം ഇറങ്ങുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. അത് ഞാന്‍ ചോദിച്ചപ്പോഴുള്ള മറുപടിയാണിത്’, ഫോണ്‍കോള്‍ റെക്കോഡിനെക്കുറിച്ച് അഖില്‍ പറഞ്ഞു.

‘നാട്ടില്‍ നടക്കുന്ന വിഷയങ്ങള്‍ക്കൊക്കെ പ്രതികരിക്കുന്നതുകൊണ്ട് എന്നോട് ആളുകള്‍ക്ക് വിരോധമുണ്ടാവും, അതാണ് ചിത്രത്തിന് ലഭിക്കുന്ന സ്വീകരണത്തില്‍ പ്രതിഫലിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ മനസിലാക്കിയിടത്തോളം 3,000- 4,000 പേരാണ് ചിത്രം ആകെ കണ്ടിരിക്കുന്നത്. കണ്ടവര്‍ ആരും എന്റെ പ്രകടനത്തെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല. സംവിധായകന്റെ പേര് കേട്ടപ്പോള്‍ തന്നെ ഒരു കാരണവശാലും പ്രൊജക്ടിന്റെ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞൊഴിഞ്ഞു. ഞാന്‍ ഒരു ഉദ്ഘാടനത്തിന് വാങ്ങുന്നത് തുക എത്രയാണെന്ന് അറിയിച്ചിരുന്നു. അഞ്ച് ലക്ഷം രൂപ തനിക്ക് നല്‍കിയ ശേഷം ബാക്കി പണം വയനാട്ടില്‍ വീട് വെച്ചുനല്‍കണമെന്ന് പറഞ്ഞുതന്നെയാണ് ഞാന്‍ ഈ ചിത്രത്തിലേക്ക് പോകുന്നത്’, അഖില്‍ പറഞ്ഞു.

‘ബിലോ ആവറേജ് ആണെന്ന് സിനിമയെക്കുറിച്ച് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ചിത്രം ഗംഭീരമാണെന്ന് ഇവര്‍ തന്നെ പറഞ്ഞ് എന്നെ ആശയക്കുഴപ്പത്തിലാക്കിയപ്പോള്‍, എന്റെ വിലയിരുത്തല്‍ തെറ്റിയോ എന്ന് എനിക്ക് സംശയം തോന്നി. ഒരുപക്ഷേ ഞാനും വിചാരിച്ചുകാണും ഇവര്‍ പറയുന്നതാണ് ശരി എന്ന്. അതിഗംഭീര സിനിമയെന്ന് ഇവര്‍ തന്നെ വിശേഷിപ്പിച്ചു. ഇത് പലയാവര്‍ത്തി പറഞ്ഞു. ഞാന്‍ വരാന്‍ പോകുന്ന സൂപ്പര്‍സ്റ്റാര്‍ ആണെന്ന് പറഞ്ഞുപുകഴ്ത്തി. നായകനായ അഭിഷേകിനെ മാറ്റി അഖില്‍ മാരാര്‍ ഇന്‍ എന്ന് പറഞ്ഞ് പോസ്റ്റര്‍ അടിച്ചിറക്കി. ബാബുജോണിനോട് ഞാന്‍ നേരിട്ട് ചോദിക്കുകയാണ്, ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ കട്ടുചെയ്തതുകൊണ്ടാണ് ചോദിക്കുന്നത്. അഭിഷേക് എന്ന ചെറുപ്പക്കാരനെ എന്ത് അടിസ്ഥാനത്തിലാണ് നായകസ്ഥാനത്തുനിന്ന് നിങ്ങള്‍ മാറ്റിയത്? അഖില്‍ മാരാര്‍ക്കെതിരേ രാഷ്ട്രീയവിരോധമുണ്ടെങ്കില്‍, അഖില്‍ മാരാര്‍ കേസുകളില്‍ പ്രതിയാണെന്നുണ്ടെങ്കില്‍ എന്തിനാണ് അഭിഷേക് ശ്രീകുമാറിനെ ഒഴിവാക്കി എന്റെ പേരുമാത്രംവെച്ചുകൊണ്ട് സിനിമയുടെ ആദ്യത്തെ പോസ്റ്റര്‍ ഇറക്കിയത്? ഇതിന്റെ പേരില്‍ അഭിഷേകും അണിയറപ്രവര്‍ത്തകരും തമ്മില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഭിഷേകിനെ ഒഴിവാക്കി ഇരിട്ടിയില്‍ ഫ്‌ളെക്‌സ് വെച്ചില്ലേ?’, അഖില്‍ ചോദിച്ചു

.’അഭിഷേകിനെ തിരിച്ചുകൊണ്ടുവരണം, ദയവുചെയ്ത് ആ ചെറുപ്പക്കാരനെ നശിപ്പിക്കാന്‍ ശ്രമിക്കരുത് എന്ന് ഞാന്‍ എത്രപ്രാവശ്യം പറഞ്ഞു?. അവന്റെ ഒരു ചെറിയ സിനിമയാണ്, അവന്‍ നായകനായി വന്ന സിനിമയാണ്. അതില്‍ ചെറിയ വേഷം ചെയ്യാന്‍ വന്ന ഒരാള്‍ മാത്രമാണ് ഞാന്‍’- അഖില്‍ ഓര്‍മിപ്പിച്ചു.ഓഗസ്റ്റിലാണ് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരേ കേസെടുത്തത്. ഒക്ടോബറിലാണ് ഷൂട്ടിങ് തുടങ്ങുന്നത്. ഷൂട്ട് തുടങ്ങി പത്തുദിവസം വരാതെ മാറിനിന്ന തന്നെ വയനാട്ടിലെ ദുരിതബാധിതരായ ഒരാള്‍ക്ക് വീടുവെച്ചുനല്‍കാമെന്ന് സമ്മതിപ്പിച്ചാണ് ചിത്രത്തിന്റെ ഭാഗമാക്കിയത്. സാമ്പത്തിക കാരണങ്ങളാല്‍ ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ നെറികേട് പറയരുതെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

‘ഒരു ടെക്‌നീഷ്യനെക്കുറിച്ചുപോലും വിശ്വസിച്ചല്ല ഞാന്‍ വന്നത്. ഒപ്പം സിനിമയില്‍ പ്രവര്‍ത്തിച്ച ഫോര്‍മ്യൂസിക്‌സ് ആയിരിക്കും പശ്ചാത്തലസംഗീതം ചെയ്യുക എന്ന് പറഞ്ഞിരുന്നു. ഇങ്ങനെ പലകാര്യങ്ങളും പറഞ്ഞ്, ചിത്രം പുറത്തിറങ്ങിയപ്പോള്‍ എന്റെ തലയില്‍ക്കൊണ്ടുവെച്ചുകെട്ടി. ചിത്രത്തെക്കുറിച്ച് പല റിവ്യൂവര്‍മാരും അതിഭീകരമാംവിധം മോശം കാര്യങ്ങള്‍ പറയുകയും, എന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തിനാണ് ഈ സിനിമയില്‍ പോയി തലവെച്ചതെന്ന് ആക്ഷേപിക്കുമ്പോഴും, സമൂഹം ഒന്നടങ്കം എന്നെ ആക്ഷേപിച്ച സമയത്തും മിണ്ടാതെ കേട്ടുകൊണ്ടിരുന്ന ആളാണ് ഞാന്‍’- അഖില്‍ പറഞ്ഞു.

‘ഈ സിനിമ എന്ത് അടിസ്ഥാനത്തിലാണ് ഞാന്‍ കമ്മിറ്റി ചെയ്തതെന്ന് നിങ്ങള്‍ പറയണമെന്ന് ആ സമയത്തും ഞാന്‍ ആവശ്യപ്പെട്ടു. എത്രപ്രാവശ്യം ഞാന്‍ മെസേജ് അയച്ചു. അവസാനം ഒരു റിപ്ലൈ പോലും നിങ്ങള്‍ തരാതെയായി. തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും മാറി കണ്ണൂരില്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ഒന്നുരണ്ടു തീയേറ്ററിലായി ഒതുങ്ങിയ സമയത്താണ്, എനിക്കെതിരായ പരിഹാസങ്ങള്‍ പരിധിക്കപ്പുറത്തേക്ക് കടന്നപ്പോഴാണ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ യാഥാര്‍ഥ്യങ്ങള്‍ പറഞ്ഞുകൊണ്ട് പോസ്റ്റിടുന്നത്. നിങ്ങളെ ആരേയും ഞാന്‍ കുറ്റപ്പെടുത്തിയിരുന്നില്ല. പകരം, ഞാന്‍ സിനിമയിലേക്ക് വരാനുള്ള കാരണം മാത്രമാണ് പറഞ്ഞത്. ആ കാരണം യാഥാര്‍ഥ്യമായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാം’- അഖില്‍ ചൂണ്ടിക്കാട്ടി.

‘ബാബു ജോണ്‍ അല്ല പലപ്പോഴും സംവിധാനംചെയ്തത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും പല ആളുകളും സംവിധാനംചെയ്ത പടമാണ്. ഇതിന്റെ എഡിറ്റിങ്ങനെക്കുറിച്ച് ഇദ്ദേഹത്തിന് യാതൊന്നും അറിയില്ല. എഡിറ്റിങ് സ്ഥലത്ത് കൃത്യമായി പോയി ഇരുന്നിട്ട് പോലുമില്ല. ആരാണ് എഡിറ്റ് ചെയ്തത്, ഡബ്ബിങ് സ്ഥലത്ത് എന്താണ് നടന്നത് എന്ന് എനിക്ക് അറിയാം. എനിക്ക് ഈ സിനിമയില്‍ അഭിനയിച്ചതുകൊണ്ട് ഒന്നും വരാന്‍ പോകുന്നില്ല. മലയാള സിനിമയില്‍ അഭിനയിച്ചുമുന്നോട്ടുപോകണം എന്ന് ആഗ്രഹിക്കുന്ന ഒരാളല്ല. എനിക്ക് സിനിമ എഴുതാന്‍ അറിയാം, സംവിധാനംചെയ്യാന്‍ അറിയാം. ആ മേഖലയില്‍ എനിക്ക് മുന്നോട്ടുപോയാല്‍ മതി. യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ഇടുന്ന വീഡിയോകളിലൂടെ മാത്രം എനിക്ക് അഞ്ചും ആറുംലക്ഷം രൂപ മാസമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ ആരുടേയും സഹായമില്ലാതെ ജീവിക്കാന്‍ കഴിയും എന്ന് ഉറച്ചബോധ്യമുള്ള ഞാന്‍, സത്യംവിട്ട് ഇന്നുവരെ ജീവിച്ചിട്ടില്ല, നാളേയും ജീവിക്കില്ല. പറഞ്ഞകാര്യം വളച്ചൊടിക്കരുത്’- അഖില്‍ ആവശ്യപ്പെട്ടു.

‘നിങ്ങളുടെ പരാജയം മറച്ചുവെച്ചുകൊണ്ട് എന്റെ തലയില്‍ക്കെട്ടാന്‍ ശ്രമിക്കുന്ന രീതി ശരിയല്ല. രാഷ്ട്രീയവിരോധം എന്നോട് ഉണ്ടെങ്കില്‍ എനിക്ക് അഭിമാനം മാത്രേമേയുള്ളൂ. നിങ്ങളുടെ പടം കമ്മിറ്റ് ചെയ്യുമ്പോഴും, വയനാട്ടില്‍ ഒരു പാവപ്പെട്ടവന് ഒരു വീട് കിട്ടുമെങ്കില്‍ കിട്ടട്ടെ എന്ന് കരുതിമാത്രമാണ്. എനിക്ക് ശമ്പളമായി തരേണ്ട തുകയില്‍നിന്ന് ബാക്കി കാശ് എടുത്ത് ചെയ്താല്‍ മതിയെന്നാണ് പറഞ്ഞത്. ഒരു മര്യാദയും മനസാക്ഷിയും ഉണ്ടാവുക എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു’- എന്നാണ് അഖില്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

ചിത്രത്തിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ അഖില്‍ മാരാരാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ആദ്യം രംഗത്തെത്തിയത്. മറ്റൊരാള്‍ നായകനായ ചിത്രത്തില്‍ തനിക്ക് വളരേ കുറച്ച് രംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മാര്‍ക്കറ്റിങ്ങിനുവേണ്ടിയാണ് തന്നെ ഉപയോഗിച്ചത് എന്നുമായിരുന്നു അഖില്‍ മാരാരുടെ പോസ്റ്റ്. മറുപടിയുമായി എത്തിയ സംവിധായകന്‍ ബാബു ജോണ്‍, അഖില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞു. സിനിമയ്ക്ക് ആളു കയറുന്നില്ല എന്നുകണ്ടപ്പോള്‍ പ്രൊഡക്ഷന്റെയും സംവിധായകന്റെയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് അഖില്‍ മാരാരുടെ പ്രസ്താവനയെന്നും ബാബു ജോണ്‍ മറുപടിക്കുറിപ്പില്‍ പറഞ്ഞിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts