Home Blog Page 58

മമ്മൂട്ടിക്കോ പൃഥ്വിരാജിനോ? പ്രേക്ഷകർ കാത്തിരിക്കുന്ന സംസ്ഥാന-ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്

0
Spread the love

ചലച്ചിത്ര പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഇരു പുരസ്‌കാര പ്രഖ്യാപനവും ഒരേ ദിവസം തന്നെ നടക്കുന്നതിന്റെ ആകാക്ഷയിലാണ് പ്രേക്ഷകര്‍. രണ്ടിലും മമ്മൂട്ടിയുടെ മികച്ച സിനിമകള്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മികച്ച സിനിമകള്‍ പുറത്തിറങ്ങിയ ഈ വര്‍ഷം പുരസ്‌കാരത്തില്‍ കടുത്ത മത്സരങ്ങള്‍ നടന്നതായാണ് സൂചന. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലുള്ള കടുത്ത മത്സരം നടക്കുന്ന മികച്ച നടനുള്ള പുരസ്‌കാരമാര്‍ക്കെന്ന് തന്നെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

ആടുജീവിതത്തിലെ നജീബിനെ അവതരിപ്പിച്ച പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ആടു ജീവിതത്തിലെ നജീബിനെ അവതരിപ്പിച്ചാണ് അന്തിമപട്ടികയില്‍ പൃഥ്വിരാജ് ഇടം പിടിച്ചത്. കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ ദി കോര്‍ എന്നീ സിനിമകളുടെ അഭിനയത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നത്. കാതലിലെ മാത്യു ദേവസ്സിയും കണ്ണൂര്‍ സ്‌ക്വാഡിലെ ജോര്‍ജ്ജ് മാര്‍ട്ടിനും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ദ്വന്ത മുഖങ്ങളാണ് ഇത്തവണ ജൂറിയുടെ മുന്നിലെത്തിയത്.

ഒരേ സിനിമയിലെ തന്നെ രണ്ട് നടിമാരാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരത്തിനുണ്ട്. പാര്‍വ്വതി തിരുവോത്ത്, ഉര്‍വ്വശി എന്നിവരാണ് നടിമാരുടെ അന്തിമ പട്ടികയില്‍ ഇടം നേടിയത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിലെ മത്സരിച്ചുള്ള അഭിനയത്തില്‍ ഇരുവരും പ്രേക്ഷക പ്രശംസ നേടിയിരുന്നു.

അവരവരുടെ ശരികളിലൂടെ മാത്രം സഞ്ചരിക്കുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് പറഞ്ഞത്. സ്ത്രീകളുടെ ഭാഗത്ത് നിന്ന് മാത്രം കാണാനും ചിന്തിക്കാനും കഴിയുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. സമകാലിക ചലച്ചിത്രാനുഭവത്തില്‍ സ്ത്രീകള്‍ അപ്രസക്തമാവുമ്പോഴാണ് വ്യത്യസ്തമായ അവതരണാനുഭവവുമായി ഉള്ളൊഴുക്ക് തിയറ്ററില്‍ എത്തിയത്. അതിനുള്ള അംഗീകാരം ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ

2018, ആടുജീവിതം, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക് ഉള്‍പ്പെടെ ഒരു ഡസനിലേറെ ചിത്രങ്ങള്‍ മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ പരിഗണിക്കപ്പെടുന്നു. ആദ്യഘട്ടത്തില്‍ 150 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. രണ്ടാംഘട്ടത്തില്‍ അത് 50 ആയി ചുരുങ്ങി. പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട പല ചിത്രങ്ങളും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. നവാഗതരുടെ 84 ചിത്രങ്ങള്‍ മത്സരത്തിന് എത്തിയിട്ടുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്‌കാരം നിര്‍ണയിച്ചത്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ രണ്ട് സ്റ്റുഡിയോകളിലാണ് ഇത്തവണയും പുരസ്‌കാരനിര്‍ണയം നടത്തിയത്. ഇന്ന് 12ന് സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.

മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നാലാമതും സ്വന്തമാക്കുമോ എന്നതും സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നുണ്ട്. മമ്മൂട്ടിയും കന്നഡ നടന്‍ റിഷഭ് ഷെട്ടിയും തമ്മിലാണ് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടനുള്ള മത്സരം. മമ്മൂട്ടിയെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനാക്കിയ നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പകര്‍ന്നാട്ടമാണ് മികച്ച നടന്റെ അന്തിമപട്ടികയിലെത്തിച്ചത്. ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തില്‍ ജെയിംസായും സുന്ദരമായും മമ്മൂട്ടി വിസ്മയിപ്പിക്കുകയായിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡും നന്‍പകല്‍ നേടിയേക്കുമെന്നാണ് സൂചന. നിസാം ബഷീര്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായ റോഷാക്കിലെ ലൂക്ക് ആന്റണി എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.

വിവിധ ഭാഷകളില്‍ തരംഗം സൃഷ്ടിച്ച കാന്താരയിലെ അഭിനയമാണ് റിഷഭ് ഷെട്ടിയെ അന്തിമ പട്ടികയിലെത്തിച്ചത്. കേരളത്തിലും ചിത്രം വന്‍ പ്രദര്‍ശനവിജയം നേടിയിരുന്നു. അതേസമയം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേയും പ്രശസ്ത നടി നര്‍ഗീസ് ദത്തിന്റേയും പേരുകള്‍ ഒഴിവാക്കിയതിന് ശേഷമുള്ള പുരസ്‌കാര പ്രഖ്യാപനമാണ് ഇത്തവണത്തേത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ നിന്ന് ഇന്ദിരാഗാന്ധിയുടേയും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ നിന്ന് നര്‍ഗീസ് ദത്തിന്റേയും പേരുകള്‍ ഒഴിവാക്കിയിരുന്നു. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡിന് ഉള്‍പ്പെടെ പുരസ്‌കാര തുക കൂട്ടിയതും ഇത്തവണത്തെ പ്രത്യേകതയാണ്. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് ദേശീയ പുരസ്‌കാരത്തിനായി പരിഗണിക്കുക.

അർജുൻ എവിടെ? പുഴയുടെ ആഴങ്ങളില്‍ പരിശോധന; മാല്‍പെക്കൊപ്പം നേവിയും എന്‍ഡിആർഎഫും

0
Spread the love

മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ദൗത്യം പുനരാരംഭിച്ചു. ബുധനാഴ്ച നടന്ന തിരച്ചിലില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയെന്നിരിക്കെ അര്‍ജുന്റെ ലോറി സംബന്ധിച്ച് ഇന്ന് വ്യക്തമായ സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്വാതന്ത്ര്യ ദിനമായതിനാല്‍ ഇന്നലെ തിരച്ചില്‍ ഉണ്ടായിരുന്നില്ല. മത്സ്യത്തൊഴിലാളി മാല്‍പെക്കൊപ്പം നേവിയും എന്‍ഡിആർഎഫും ഇന്ന് ദൗത്യത്തിലുണ്ട്. ഇന്ന് കാലാവസ്ഥ അനുകൂലമെന്നതാണ് മറ്റൊരു പ്രതീക്ഷ നൽകുന്ന ഘടകം.

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലേര്‍ട്ട്

0
Spread the love

സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും. മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 2024 ആഗസ്റ്റ് 15 മുതൽ ആഗസ്റ്റ് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1.5 km ഉയരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ 5 ദിവസം മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട് തുടരും. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടാണ്.

നാളെ പത്തനംതിട്ടയിലും ഇടുക്കി ജില്ലയിലും ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലേർട്ടുമാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശനിയാഴ്ച തീവ്രമഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിലും ഇടിമിന്നലിനുമുള്ള സാധ്യതയുണ്ട്. 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പൊതുജനം ജാഗ്രത പുലർത്തണം. കേരള കർണാടക ലക്ഷദ്വീപീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

മരിച്ചു പോയെന്നു കരുതിയ കുഞ്ഞിനെ എന്തിനാണ് അമ്മത്തൊട്ടിലിൽ നൽകാൻ പറഞ്ഞത്? ഡോണയുടെ മൊഴികളിൽ വൈരുദ്ധ്യം

0
Spread the love

ആലപ്പുഴ∙ കിടപ്പുമുറിയിൽ പുലർച്ചെ ആരോരുമറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ പൊതിഞ്ഞ് സൂക്ഷിച്ചത് വീടിന്റെ പാരപ്പറ്റിലും പടിക്കെട്ടുകൾക്കു താഴെയും. മണിക്കൂറുകൾക്കു ശേഷം ആൺസുഹൃത്തായ തോമസ് ജോസഫിന്റെ പക്കൽ കു‍ഞ്ഞിനെ കൊടുത്തു വിട്ടു. യുവതിയുടെ വീടിന് 60 കിലോമീറ്റർ അകലെ അമ്പലപ്പുഴ തകഴി പാടശേഖരത്തിലെ പുറംബണ്ടിനോട് ചേർന്ന് തോമസ് ജോസഫും സുഹൃത്തും കുഞ്ഞിനെ മറവ് ചെയ്തു.

കഴിഞ്ഞ 7ന് പുലർച്ചെയാണ് പാണാവള്ളി ആനമൂട്ടിൽച്ചിറയിൽ ഡോണ ജോജി (22) പെൺകുഞ്ഞിന് ജൻമം നൽകിയത്. ഡോണ ആൺ സുഹൃത്ത് തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫിൽ (24) നിന്നുമാണ് ഗർഭിണിയായത്. രാജസ്ഥാനിലെ പഠനകാലത്താണ് ഡോണയും തോമസ് ജോസഫും പ്രണയത്തിലായത്. അവിടെ ഒരു സ്ഥാപനത്തിൽ ഫൊറൻസിക് സയൻസ് ബിരുദ വിദ്യാർഥിയായിരുന്നു ഡോണ. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു തോമസ് ജോസഫ്.

ഡോണ തിരുവനന്തപുരത്ത് ജോലി പരിശീലനം നടത്തിയപ്പോഴും പ്രണയം തുടർന്നു. ഗർഭിണിയാണെന്ന വിവരം ഡോണയുടെ വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രസവത്തിനു ദിവസങ്ങൾക്കു മുൻപ് വരെ യാത്രകളിലും പൊതുസ്ഥലത്തുമെല്ലാം ഡോണ സജീവമായിരുന്നു. വയറോ പ്രത്യക്ഷമായ മാറ്റങ്ങളോ ഉണ്ടായിരുന്നില്ല. ആരോരുമറിയാതെ ആയിരുന്നു പ്രസവവും. കുഞ്ഞിന്റെ കരച്ചിൽ മറ്റാരും കേട്ടില്ല. പൊക്കിൾ കൊടി മുറിക്കൽ ഉൾപ്പെടെ ശുശ്രൂഷകൾ ഡോണ സ്വന്തമായാണ് ചെയ്തത്. പിന്നീടാണ് കുഞ്ഞിനെ പാരപ്പറ്റിലും പടിക്കെട്ടുകൾക്കു താഴെയുമായി വച്ചത്.

ഡോണ അറിയച്ചത് അനുസരിച്ച് 7ന് അർധരാത്രിയോടെ തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും കുഞ്ഞിനെ കൊണ്ടുപോയി തകഴിയിൽ പാടശേഖരത്തിലെ പുറംബണ്ടിനോട് ചേർന്നു മറവ് ചെയ്തു. ഇരുവരും ബൈക്കിലായിരുന്നെന്നാണ് വിവരം. പോളിത്തീൻ കവറിലാണ് കുഞ്ഞിനെ കൊടുത്തുവിട്ടത്. സംഭവത്തിനു രണ്ടു ദിവസത്തിനു ശേഷം വയറുവേദന കലശലായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രസവ വിവരം ഡോണയുടെ വീട്ടുകാർ പോലും അറിയുന്നത്. ആശുപത്രി അധികൃതർ സംഭവം നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനായ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലേക്കു വിവരം അറിയിച്ചതോടെയാണ് കുറ്റകൃത്യം പുറംലോകമറിയുന്നത്.

∙ അമ്മത്തൊ‌ട്ടിലിൽ തേ‌ടി പൊലീസ്  ‌

പൂച്ചാക്കൽ പൊലീസ് ചോദിച്ചപ്പോൾ അമ്മത്തൊട്ടിലിൽ നൽകാനായി കുഞ്ഞിനെ ആൺസുഹൃത്ത് തോമസ് ജോസഫിനു കൈമാറിയെന്നു ഡോണ പറഞ്ഞു. ഇതോടെ ആലപ്പുഴയിലെ അടക്കം അമ്മത്തൊട്ടിലിൽ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തോമസ് ജോസഫിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ തകഴിയിൽ മറവ് ചെയ്തെന്ന വിവരം വരുന്നത്. ഇതോടെ തോമസ് ജോസഫിനെയും അശോക് ജോസഫിനെയും കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിന്റെ മ‍ൃതദേഹം കണ്ടെത്തി.

∙ മൊഴികളിൽ വൈരുദ്ധ്യം 

അമ്മത്തൊട്ടിലിൽ നൽകാനാണ് കുഞ്ഞിനെ തോമസ് ജോസഫിന് കൈമാറിയതെന്നാണ് ഡോണയുടെ മൊഴി. ജനിച്ചശേഷം കുഞ്ഞ് ഒരിക്കൽ കരഞ്ഞെന്നും പിന്നീട് കരഞ്ഞില്ലെന്നും മരിച്ചു പോയിരിക്കാമെന്നും ഡോണ പറഞ്ഞു. മരിച്ചു പോയെന്നു കരുതിയ കുഞ്ഞിനെ എന്തിനാണ് അമ്മത്തൊട്ടിലിൽ നൽകാൻ പറഞ്ഞതെന്ന് പൊലീസ് ആരാഞ്ഞു. പ്രസവിച്ച ഉടനെ തനിക്ക് ബോധം പോയെന്നും ഏറെ നേരത്തിനു ശേഷമാണ് ബോധം വന്നതെന്നും ഡോണ പറഞ്ഞതായാണ് വിവരം. ഡോണ കുഞ്ഞിനെ കൈമാറിയപ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന മൊഴിയാണ് തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും കൊടുത്തിരിക്കുന്നത്. റിമാൻഡിൽ ആലപ്പുഴ സബ് ജയിലിലായിരുന്ന തോമസ് ജോസഫിനെയും അശോക് ജോസഫിനെയും ബുധനാഴ്ച പൊലീസിനു കസ്റ്റഡിയിൽ ലഭിച്ചു. ഇവരെ ചോദ്യം ചെയ്യുകയാണ്. ഡോണ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലുമാണ്. ഡോണയേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു.

∙ പാൽ കൊടുത്തില്ല, ഫ്ലൂയിഡും നീക്കിയില്ല 

ജനിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് കുഞ്ഞിനെ ഡോണ കൊടുത്തു വിടുന്നത്. ജനിച്ച ശേഷം കു‍ഞ്ഞിന് പാൽ കൊടുത്തിരുന്നില്ലെന്നാണ് വിവരം. ദേഹത്തെ ഫ്ലൂയിഡും നീക്കിയില്ല. കരച്ചിൽ ഉണ്ടായിരുന്നോ, ജീവനുണ്ടായിരുന്നോ, കുഞ്ഞിനെ പൊതിഞ്ഞ പോളിത്തീൻ കവറിലേക്കു വായു സഞ്ചാരമുണ്ടായിരുന്നോ തുടങ്ങിയവ വ്യക്തമായിട്ടില്ല. ഡോണയുടെയും തോമസ് ജോസഫിന്റെയും പ്രണയബന്ധം അറിഞ്ഞ് വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നു. ഗർഭിണിയായത് പുറത്തു പറയാൻ വിസമ്മതിച്ചതാണ് പ്രശ്നം ഇത്രയും രൂക്ഷമായതെന്നാണ് പൊലീസ് നിഗമനം. 

∙ ഗർഭം ഇല്ലാതാക്കാൻ ശ്രമിച്ചു

ഗർഭം അലസുന്നതിന് ഡോണ ഗുളിക കഴിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അലസി എന്നു കരുതിയെന്നും ഡോണ പറഞ്ഞിരുന്നു. എന്നിട്ടും പ്രസവിച്ചു. പ്രസവത്തിനു മുൻപ് തോമസ് ജോസഫും ഡോണയും ചിലരോട് പണം വായ്പ ചോദിച്ചതായ വിവരവും പൊലീസിനുണ്ട്. ഇത് മറ്റ് എവിടെക്കെങ്കിലും മാറാനാണോ എന്നു വ്യക്തമല്ല. വിദേശ ജോലിക്ക് ശ്രമിക്കുകയായിരുന്നു ഡോണ.

∙ ഫോൺ പരിശോധന തു‌ടങ്ങി

കേസിൽ ഡോണയുടെയും ആൺസുഹൃത്ത് തോമസ് ജോസഫിന്റെയും ഫോൺ വിളികളും ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രസവിച്ച ശേഷം കു‍ഞ്ഞിനെ ഡോണ തോമസ് ജോസഫിനെ വിഡിയോ കോളിലൂടെ കാണിച്ചു കൊടുത്തെന്ന സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ ചാറ്റുകളും ഫോൺവിളികളും പൊലീസ് പരിശോധിക്കും. പ്രസവത്തിനു മുൻപ് എന്തെങ്കിലും ഇവർ ആസൂത്രണം ചെയ്തോ എന്നു വ്യക്തമാകാനാണ് പരിശോധന. 

കൊൽക്കത്ത ലൈംഗീകാതിക്രമ കൊലപാതകം: കേരളത്തിൽ ഡോക്ടർമാർ പണിമുടക്കും, നാളെ കരിദിനം

0
Spread the love

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ജൂനിയർ ഡോക്ടർമാരുടെ സമരം. സംസ്ഥാനത്തെ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ഒ പി പൂർണമായി ബഹിഷ്കരിച്ചും വാർഡ് ഡ്യൂട്ടി എടുക്കാതെയും പണിമുടക്കും.

മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളിൽ നിന്ന് പിന്മാറിയും സമരം ശക്തമാക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ കരിദിനമായി ആചരിക്കാൻ സർക്കാർ ഡോക്ടർമാരും തീരുമാനിച്ചിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 18 മുതൽ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കെജിഎംഒഎ സുരക്ഷാ ക്യാമ്പയിനും നടത്തും.

‘ഉമ്മ എന്നെ കൊല്ലും;അല്ലെങ്കിൽ നിന്നെ’: മുടി മുറിച്ച നസ്രിയയുടെ പുതിയ ലുക്ക്

0
Spread the love

പുതിയ ഹെയർസ്റ്റൈൽ പരീക്ഷണവുമായി നടി നസ്രിയ നസീം. മുടി മുറിച്ച ചിത്രങ്ങൾക്കൊപ്പം നടി പങ്കുവച്ച അടിക്കുറിപ്പും വൈറലാണ്. മുടി മുറിച്ചതറിഞ്ഞാല്‍ ഉമ്മ തന്നെ കൊല്ലുമെന്നാണ് നസ്രിയ പറയുന്നത്. ‘‘ഉമ്മ എന്നെ ചിലപ്പോള്‍ കൊല്ലും അല്ലെങ്കില്‍ നിന്നെ ആയിരിക്കും’’, എന്നു പറഞ്ഞ് മുടി മുറിച്ച് ആളെയും നസ്രിയ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരൻ ആണ് നസ്രിയയുടെ മുടി മുറിച്ചത്.

മുടി എത്രത്തോളം മുറിച്ചെന്ന് കാണിക്കുന്ന രീതിയില്‍ ബാക്കിയുള്ള മുടിയുമായി നില്‍ക്കുന്ന ചിത്രങ്ങളും തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോസും ഒരുമിച്ചാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉമ്മ ഇനി എന്തൊക്കെ പറഞ്ഞാലും നസ്രിയയ്ക്ക് ഷോര്‍ട്ട് ആയിട്ടുള്ള മുടി തന്നെയാണ് നല്ലതെന്നാണ് ആരാധകരുടെ കമന്റുകൾ. ഇപ്പോഴത്തെ ലുക്കില്‍ ട്രാന്‍സ് എന്ന സിനിമയിലെ കഥാപാത്രമായി തോന്നുന്നുവെന്നും പുതിയ സിനിമയ്ക്കു വേണ്ടിയാണോ ഈ ലുക്കെന്നുമൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്..

2022ല്‍ തെലുങ്കിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. ശേഷം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കുകയാണ് നടിയിപ്പോള്‍. ബേസില്‍ ജോസഫിനൊപ്പം അഭിനയിച്ച സൂക്ഷ്മദര്‍ശിനി എന്ന സിനിമയാണ് വരാനിരിക്കുന്ന നസ്രിയയുടെ പുതിയ ചിത്രം.

അംബേദ്കര്‍ എഴുതിയ സിവില്‍ കോഡുകള്‍ എങ്ങനെ മതപരമാകും; പ്രധാനമന്ത്രിക്കെതിര കോണ്‍ഗ്രസ്

0
Spread the love

രാജ്യത്തെ നിലവിലെ സിവില്‍ കോഡ് ഭിന്നിപ്പിക്കുന്നതാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഭരണഘടനാ ശില്‍പി അംബേദ്കര്‍ എഴുതിയ സിവില്‍ കോഡുകള്‍ എങ്ങനെ മതപരമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിക്ക് ഇത് എങ്ങനെയാണ് പറയാന്‍ കഴിയുക. പ്രധാനമന്ത്രി തന്റെ സ്ഥാനത്തെ ബഹുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ഖേര പറഞ്ഞു.

നിലവിലെ സിവില്‍കോഡ് ഭിന്നിപ്പിക്കുന്നതാണെന്നും മതപരമായ വിവേചനം ഇല്ലാതാക്കാന്‍ മതേതര സിവില്‍കോഡ് നടപ്പിലാക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. രാജ്യത്ത് മതേതര സിവില്‍കോഡ് ഉണ്ടാക്കേണ്ടത് കാലഘത്തിന്റെ ആവശ്യം ആണെന്ന് വിശ്വസിക്കുന്നു. എങ്കില്‍ മാത്രമെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്നും നമുക്ക് മുക്തരാവാനാകൂ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

അതിനിടെ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പിന്‍ നിരയില്‍ ഇരുത്തിയെന്ന് ആക്ഷേപം ഉയര്‍ന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രോട്ടോകോള്‍ പ്രകാരം മുന്‍നിരയിലാണ് രാഹുലിന് സീറ്റ് ക്രമീകരിക്കേണ്ടിയിരുന്നതെന്ന് ചൂണ്ടികാട്ടിയാണ് വിമര്‍ശനം. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഒരു പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. ഒളിംപിക്സ് മെഡല്‍ ജേതാക്കള്‍ക്കൊപ്പം പിന്നില്‍ നിന്നും രണ്ടാമത്തെ വരിയിലായിരുന്നു രാഹുലിന്റെ സീറ്റ്. ഏറ്റവും മുന്‍ നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍, അമിത് ഷാ, എസ് ജയശങ്കര്‍ എന്നിവരായിരുന്നു. ഇവര്‍ക്കൊപ്പമാണ് ലോക്സഭാ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കേണ്ടിയിരുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രിമാരുടെ അതേ റാങ്കുള്ള പ്രതിപക്ഷ നേതാവിനെ പിന്നില്‍ ഇരുത്തിയതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. എന്നാല്‍ ഒളിംപിക്സ് താരങ്ങള്‍ക്ക് സീറ്റൊരുക്കാനാണ് രാഹുലിനെ രണ്ടാം നിരയില്‍ ഇരുത്തിയതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. സീറ്റ് ക്രമീകരിച്ചതിന്റെ ചുമതല പ്രതിരോധ മന്ത്രാലയത്തിനാണ്.

കാല് പിടിച്ചു പറഞ്ഞിട്ടും വന്നില്ല; വാപ്പയും ഉമ്മയും അങ്ങനെയുള്ള ഒരു ടൈപ്പാണ്, ഹൃദയം തുറന്ന് അസീസ് നെടുമങ്ങാട്

0
Spread the love

മിമിക്രിയിലൂടെയും കോമഡി പരിപാടികളിലൂടെയും ജനപ്രിയനായി മാറി പതുക്കെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടനാണ് അസീസ് നെടുമങ്ങാട്. ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് കയറിവന്ന് പിന്നീട് കണ്ണൂർ സ്ക്വാഡ്, സിബിഐ 5, ജയ ജയ ഹേ, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങി വലിയ സിനിമകളുടെ വരെ ഭാഗമാകുന്ന അസീസിനെയാണ് പിന്നീട് നമ്മൾ കണ്ടത്.

ഇത്തരത്തിൽ തന്റെ പേഴ്സണൽ ലൈഫിലെ ചില കാര്യങ്ങൾ അസീസ് പറഞ്ഞതാണ് ഇപ്പോൾ രസകരമായി സോഷ്യൽ മീഡിയ കാതോർക്കുന്നത്. തന്റെ കരിയറിലെ പ്രധാന വേഷമായിരുന്നു അസീസ് കണ്ണൂർ സ്‌ക്വാഡിൽ മമ്മൂക്കക്കൊപ്പം ചെയ്തിരുന്നത്. മമ്മൂക്കയുമായി വളരെയധികം സ്ക്രീൻ ഷെയർ ചെയ്തിരുന്ന സിനിമയായിരുന്നതിനാൽ തന്നെ സിനിമ തിയേറ്ററിൽ എത്തിച്ചു മാതാപിതാക്കളെ കാണിക്കാൻ അസീസ് വളരെയധികം ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ കുറെ നിർബന്ധിച്ചിട്ടും അവർ വന്നില്ലെന്നും അസീസ് രസകരമായി പറയുന്നു.

തന്റെ ഉമ്മയ്ക്ക് പണ്ട് ടിവി ഓൺ ചെയ്യാൻ അറിയില്ലായിരുന്നു. എന്നാൽ വാപ്പയ്ക്ക് അറിയാം. ഇത്തരത്തിൽ പലപ്പോഴും ഉമ്മ തന്നോട് ടിവി ഓൺ ചെയ്തു തരാൻ പറയുമായിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലൂടെയാണ് താൻ വരുന്നതെന്നും അതുകൊണ്ടുതന്നെ അക്കാലത്ത് തന്റെ പരിപാടികൾ ഒന്നും തന്നെ ബാപ്പയും ഉമ്മയും നേരിട്ട് വന്ന് കണ്ടിരുന്നില്ല എന്നും അസീസ് പറയുന്നു. എന്നാൽ ചില റോഡിൽ വച്ച് ഒക്കെ തന്റെ പെർഫോമൻസിനെ കുറിച്ച് ഉപ്പയോട് പറയുമായിരുന്നു എന്നും അത് ഉപ്പ ഉമ്മയോട് വന്നു പറയുന്നത് കേട്ടിട്ടുണ്ടെന്നും അസീസ് സന്തോഷത്തോടെ പറയുന്നു.

താൻ എന്താണ് ചെയ്യുന്നത് എന്ന് പോലും അവർക്ക് അറിയില്ലായിരുന്നു. പിന്നീട് ടിവിയിൽ തന്നെ കണ്ടു തുടങ്ങിയപ്പോഴാണ് അവർക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങുന്നതെന്നും നടൻ പറയുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോൾ താൻ സിനിമയിലാണ് വർക്ക് ചെയ്യുന്നത് എന്ന് അവർക്ക് അറിയാം. പക്ഷേ ഒരു സിനിമ പോലും കാണാൻ ഇതുവരെ കൂടെ വന്നിട്ടില്ല. എന്നാൽ കണ്ണൂർ സ്കോഡിന്റെ സമയത്ത് മമ്മൂക്കയുടെ കൂടെ അഭിനയിച്ച പടം ആണെന്ന് പറഞ്ഞിട്ടും ഇരുവരും വന്നില്ല. വാപ്പയും ഉമ്മയും ആ സിനിമ ഏഷ്യാനെറ്റിൽ വന്നപ്പോഴാണ് പിന്നീട് കാണുന്നത്. അങ്ങനെയുള്ള ഒരു ടൈപ്പ് ആണ് തന്റെ മാതാപിതാക്കളെന്നും അസീസ് രസകരമായി പറയുന്നു.

പലരും ഡീസന്റായി അഭിനയിക്കാന്‍ ശ്രമിക്കുകയാണ്; എല്ലാവന്മാരേയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിച്ചിട്ടുണ്ട്, മുന്‍കാമുകന്മാരെപ്പറ്റി ദിയകൃഷ്ണ

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിൽ ഒരാളും നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയകൃഷ്ണയിപ്പോൾ കല്യാണ തിരക്കിലാണ്. ലൈഫ് സ്റ്റൈൽ വ്ലോഗർ കൂടിയായ ദിയ കൃഷ്ണ തന്റെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗത്തെ കുടുംബമായി കാണുന്ന താരം തന്റെ വിവാഹത്തെക്കുറിച്ചും മുൻ പ്രണയബന്ധങ്ങളെ കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചുമെല്ലാം പലപ്പോഴും പ്രേക്ഷകരോട് പങ്കുവെച്ചിട്ടുമുണ്ട്.

ഇത്തരത്തിൽ ആരാധകരുടെ പല ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ഒരു സെഷനിൽ ദിയയും ഭാവിവരൻ അശ്വിൻ ഗണേഷും ഒന്നിച്ച് എത്തിയിരുന്നു. ‘മോശം ഭൂതകാലത്തിനുശേഷം എങ്ങനെയാണ് വീണ്ടും ട്രസ്റ്റ് നേടിയെടുക്കാൻ സാധിക്കുക എന്ന ചോദ്യം’ സേഷനിൽ ദിയയോട് ഒരാൾ ഉന്നയിക്കുകയായിരുന്നു. തുടർന്ന് തന്റെ മുൻകാല പ്രണയങ്ങളെ കുറിച്ചും പ്രണയ തകർച്ചകളെ കുറിച്ചും ഭാവി വരൻ കൂടിയായ അശ്വിൻ വന്നതോടെ ജീവിതത്തിൽ ഉണ്ടായ വിവിധ മാറ്റങ്ങളെ കുറിച്ചും മനസ്സുതുറന്ന് സംസാരിക്കുകയായിരുന്നു ദിയ.

‘താനൊരു പ്രേമ രോഗിയാണ്. മൂന്നോ നാലോ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. മോശം പാസ്റ്റാണ് തനിക്കുള്ളത്. ആരെയും ടാർഗറ്റ് ചെയ്തു പറയുന്നതല്ല. തന്റെ മുൻ കാമുകന്മാരിൽ മറ്റൊരു പെണ്ണുമായി റിലേഷൻഷിപ്പ് ഇല്ലാതിരുന്ന ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും പലരെയും മറ്റൊരു പെണ്ണുമായി കയ്യോടെ പിടിച്ചിട്ടുണ്ടെന്നും ദിയ പറയുന്നു. പലരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഡീസെന്റായി അഭിനയിക്കുകയാണ്. എന്നാൽ അവർക്കൊക്കെ രഹസ്യ ബന്ധങ്ങൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു മോശം പാസ്റ്റ് ആണ് തനിക്കുള്ളതെന്നും അതുകൊണ്ടാണ് എളുപ്പം മൂവ് ഓൺ ചെയ്യാൻ പറ്റുന്നതെന്നും അല്ലാതിരുന്നെങ്കിൽ ബുദ്ധിമുട്ടായേനെ എന്നും ദിയ പറയുന്നു.

ഇപ്പോൾ താൻ വളരെയധികം സന്തുഷ്ടയാണെന്നും തന്റെ പ്രസന്റും ഫ്യൂച്ചറുമെല്ലാം ഇപ്പോൾ അശ്വിൻ ആണെന്നും ദിയ പറയുന്നു. മുൻപ് തനിക്ക് മറ്റാരെക്കാളും വിശ്വാസം തന്നെ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ അത് അശ്വിനെ ആണെന്നും ഒരുപക്ഷേ തന്റെ മുൻ പങ്കാളികൾക്ക് യോജ്യമായ ഒരു ആളായിരിക്കില്ല താനെന്നും അവരും സന്തോഷമായി ഇരിക്കട്ടെ എന്നും ദിയ പറയുന്നു.

ദുരന്തങ്ങങ്ങളിൽ വിഷമിച്ചിരുന്നാൽ മതിയാകില്ല, അതിജീവിക്കണം; അതിന് ഊർജ്ജം പകരുന്നതാവണം സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി

0
Spread the love

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തും വിവിധ പരിപാടികൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. നാടിന്റെ പൊതുവായ അതിജീവനത്തിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാവണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ഇത്തവണത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിലാണ് സ്വാതന്ത്ര്യദിനാഘോഷം .വിഷമിച്ചിരുന്നാൽ മതിയാകില്ല, നമുക്ക് അതിജീവിക്കണം. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങൾ ഉണ്ടെന്നു പറയുമ്പോഴും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പോലും പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിൽ അവക്കെതിരെ പ്രതിരോധം തീർക്കാൻ രാജ്യത്തിന് കഴിയുന്നില്ല.പൊതുവായ മുന്നറിയിപ്പുകൾ അല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക. ലോകത്താകെയുള്ള പല അനുഭവങ്ങളും ഇതിനോടകം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തും ആ നിലയ്ക്ക് ഉയരാൻ വേണ്ട ഇടപെടലുകൾ നടത്തേണ്ടതുണ്ട്’. മുഖ്യമന്ത്രി പറഞ്ഞു.

‘പല മേഖലകളിലും നാം വളരെ മികച്ച നിലയിലാണ്. എന്നാൽ ശാസ്ത്രാവബോധത്തിൽ കോട്ടം ഉണ്ടാകുന്നു എന്ന സാഹചര്യം കാണാതെ പോകരുത്. കേവലം കോട്ടം വരൽ മാത്രമല്ല. അന്ധവിശ്വാസങ്ങളുടെ, ദുരാചാരങ്ങളുടെ, പ്രാകൃത അനുഷ്ഠാനങ്ങളുടെ, പുനരുജ്ജീവിതത്തിലേക്ക് പോലും പോകുന്നു. ഏതുകാലത്തെ താണ്ടിയാണോ പുതുകാലത്തേക്ക് വന്നത് ആ കാലത്തിന്റെ അന്ധകാരത്തെ തിരിച്ചുകൊണ്ടുവരാൻ ജാതീയതയും വർഗീയതയും ആയുധമാക്കി ചിലർ ശ്രമിക്കുന്നു’.

‘ശാസ്ത്രാവബോധത്തിൽ ഉണ്ടാകുന്ന പിന്നോട്ട് പോക്ക് വിഘടന വിഭാഗീയ പ്രവണതകൾക്ക് വളം വയ്ക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം പ്രവണതകൾ രാജ്യത്തിൻറെ ഐക്യത്തെയും അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കാതിരിക്കാൻ ഒരു ജനത എന്ന നിലയ്ക്ക് നാം ശ്രദ്ധ പുലർത്തണം. രാജ്യത്ത് എവിടെയും വിവേചനങ്ങളും അതിക്രമങ്ങളും നേരിടുന്ന ജനവിഭാഗങ്ങളോട് ഐക്യപ്പെടാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിലനിൽപ്പ് ഉറപ്പുവരുത്താനും നാം ശ്രദ്ധിക്കണം’.. മുഖ്യമന്ത്രി പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts