Home Blog Page 63

തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ യുവതിയുടെ മരണം? നിർണായക വെളിപ്പെടുത്തലുമായി പൊലീസ്

0
Spread the love

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിലെ വീട്ടമ്മയുടെ മരണം തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചല്ലെന്ന് പൊലീസ്. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനത്തിൽ നിന്നാണ് പൊലീസിൻ്റെ പ്രതികരണം. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതൽ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേർത്തല പൊലീസ് പറഞ്ഞു. ചേർത്തല സ്വദേശി ഇന്ദുവിൻ്റെ മരണത്തിൽ തുമ്പച്ചെടി വില്ലനായെന്ന സംശയമുയർന്നിരുന്നു.

സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ചേർത്തല സ്വദേശി ഇന്ദുവാണ് തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതിന് പിന്നാലെ മരിച്ചത്. ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം താമസിക്കുന്ന ഇന്ദുവും മറ്റു കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പ ചെടികൊണ്ടുള്ള തോരൻ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാർ പറയുന്നത്. ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ദുവിന്‍റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. തുമ്പ തോരൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പൊലീസ് എഫ്ഐആർ. കഴിഞ്ഞ മെയ് മാസത്തിൽ അരളി പൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസപരിശോധന ഫലം ലഭിക്കാത്തതിനാൽ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

ജീവിത ശൈലി രോഗമുള്ളവർ തുമ്പ കഴിക്കുന്നത് ചിലപ്പോള്‍ അപകടകരമായി മാറുമെന്ന് റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ കെ വേണുഗോപാൽ പറയുന്നു. സസ്യങ്ങളിൽ നിന്നുള്ള വിഷവസ്തുക്കൾ ഹൃദ്രോ​ഗം, പ്രമേഹം, കിഡ്നി പോലെയുള്ള ജീവിത ശൈലി രോ​ഗങ്ങളുള്ളവർക്ക് അപകടകരമായി മാറാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു.

മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴ; സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ആഘാതം കൂട്ടി, റിപ്പോർട്ട് പുറത്ത്

0
Spread the love

നാടിനെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 2018 മുതൽ നിരന്തരം ഉരുൾപൊട്ടലുകളുണ്ടായ പ്രദേശത്താണ് ഒടുവിൽ വൻ ദുരന്തം സംഭവിച്ചത്.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ ട്രിഗറിംങ് ഫാക്ടർ കനത്ത മഴ തന്നെയാണെന്ന് ദുരന്തത്തിന് പിന്നാലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തി. പ്രദേശത്ത് നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അപകടമുണ്ടായ പ്രദേശത്ത് 2018 മുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. 2019ൽ പുത്തുമലയിലേത് ഉൾപ്പടെ വെള്ളരിമലിയും ചൂരൽമലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകൾ സംഭവിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം വാരം മുതൽ ഈ മേഖലകളിൽ തുടർച്ചയായി മഴ പെയ്തിട്ടുണ്ട്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ പുത്തുമലയിൽ പെയ്തിറങ്ങിയത് 372.6 മി.മീ മഴയാണ്, തെറ്റമലയിൽ 409 മി.മീ മഴയും. സമീപപ്രദേശങ്ങളിലെല്ലാം മഴ കനത്തുപെയ്തു.

തുടർച്ചയായി മഴ പെയ്ത് നനഞ്ഞു കുതിർന്ന് കിടന്ന പ്രദേശത്ത്, അധികമായി കനത്ത മഴ പെയ്തിറങ്ങിയപ്പോൾ മർദ്ദം താങ്ങാനായില്ല. അതാണ് ഉരുൾപൊട്ടലിനിടയാക്കിയത് എന്നാണ് ജിഎസ്ഐ കണ്ടെത്തൽ. ഉരുൾപൊട്ടലിനെ തുടർന്ന് പാറക്കലുകളും, മണ്ണും ചെളിയും, വെള്ളവും ഏഴ് കി.മീ ദൂരത്തോളം ഒഴുകി. ദ്രുതഗതിയിൽ അവശിഷ്ടങ്ങൾ ഒഴുകിയ ആ കുത്തൊഴുക്കിൽ പുന്നപ്പുഴയുടെ ഗതി മാറി. അങ്ങനെ മുണ്ടക്കൈയും ചൂരൽമലയും ശവപ്പറമ്പായി മാറിയെന്നാണ് ജിഎസ്ഐ റിപ്പോർട്ട്.

ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിൽ 25 മുതൽ 40 ഡിഗ്രി വരെ ചരിവ് 5 മീറ്റർ വരെയാണ് മേൽമണ്ണിന്റെ കനം. ഉരുൾ പൊട്ടാനും ആഘാതം കൂട്ടാനും ഇതെല്ലാം കാരണമായി. 2015-16 കാലഘട്ടത്തിൽ ഈ മേഖലയിൽ ജിഎസ്ഐ പഠനം നടത്തിയിട്ടുണ്ട്. അന്ന് ചൂരൽമല, മുണ്ടൈക്കൈ, വെള്ളരിമല, അട്ടമല ഭാഗങ്ങൾ ഉരുൾപൊട്ടലിന് മിതമായ സാധ്യതയുള്ള പ്രദേശങ്ങളായാണ് കണ്ടെത്തിയത്. എന്നാൽ ഈ പ്രദേശത്തിന്റെ ഉയർന്ന മലമ്പ്രദേശങ്ങൾ അതീവ ഉരുൾപൊട്ടൽ സാധ്യത പട്ടികയിൽപ്പെടുത്തിയിരുന്നു. ജിഎസ്ഐ ഈ മേഖലയിൽ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും മുണ്ടൈക്കെയും ചൂരൽമലയയും തകർന്നെെറിഞ്ഞ ദുരന്തത്തിന്റെ പൂർണ ചിത്രം തെളിയുക. പാരിസ്ഥിതിക ആഘാതം അടക്കം ദുരന്തത്തിന് ഇടയാക്കിയിട്ടുണ്ടോ എന്ന് അന്തിമ റിപ്പോർട്ടിൽ വ്യക്തമാകും.

സർക്കാരുകൾ ഏതുമാകട്ടെ ദുരിതബാധിതർക്കൊപ്പമാണ്; സഹായം എത്രയും വേഗമെന്നുറപ്പ് നൽകി പ്രധാനമന്ത്രി

0
Spread the love

മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന് എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമാണെന്നും സഹായം എത്രയും വേഗം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം നൽകുന്നത്. കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മോദി ഉറപ്പ് നൽകി. വയനാട് ചേർന്ന അവലോകന യോ​ഗത്തിന് ശേഷമാണ് മോദിയുടെ പ്രഖ്യാപനം.

ദുരന്തത്തിൽ നിരവധി കുടുംബങ്ങളുടെ പ്രതിക്ഷകളാണ് തകർന്നത്. ദുരന്തബാധിതരെ നേരിൽ കണ്ടു. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടറിഞ്ഞു. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് മാനസിക പിന്തുണ നൽകേണ്ടത് അനിവാര്യമാണ്. ദുരന്തബാധിതർക്കൊപ്പം നിൽക്കുകയെന്നതാണ് പ്രധാനം. ഭാവി ജീവിതവും സ്വപ്നവും യാഥാർത്ഥ്യമാക്കാൻ നാം അവർക്കൊപ്പം ചേരണം. അത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സർക്കാരുകൾ ഏതുമാകട്ടെ ദുരിതബാധിതർക്കൊപ്പമാണ് നമ്മൾ നിൽക്കുന്നത്. കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമുണ്ടാകുമെന്നും മോദി ഉറപ്പ് നൽകി.

മുണ്ടക്കൈ ദുരന്തത്തിൽ പരിക്കേറ്റവരെയും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും കണ്ടശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് കളക്ടറേറ്റിൽ ചേർന്ന അവലോകന യോ​ഗത്തിനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, ചീഫ് സെക്രട്ടറി എന്നിവരടക്കം പങ്കെടുത്ത യോ​ഗത്തിന് ശേഷമായിരുന്നു അദ്ദേഹം കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത്. മുണ്ടക്കൈ ദുരന്തത്തിന്റെ വിശദമായ റിപ്പോർട്ട് യോ​ഗത്തിൽ പ്രധാനമന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചിരുന്നു. യോ​ഗത്തിൽ മുണ്ടക്കൈയ്ക്ക് വേണ്ട സഹായം അഭ്യ‍ർത്ഥിച്ചുകൊണ്ടുള്ള മെമൊറാണ്ടം മുഖ്യമന്ത്രി പ്രധാനമന്ത്രി സമർപ്പിച്ചു.

നടൻ ഉല്ലാസ് പന്തളം വിവാ​ഹിതനായി

0
Spread the love

കോമേഡിയനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹ​മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്ത് എത്തുന്നത്.ഉല്ലാസിന്‍റെ രണ്ടാം വിവാഹമണിത്. പരേതയായ ആശയ്ക്കും ഉല്ലാസിനും ഇന്ദുജിത്തും സൂര്യജിത്തും എന്നീ പേരുകളിലുള്ള രണ്ട് ആൺമക്കളുണ്ട്.

ചെറുപ്പം മുതൽ പാട്ടും മിമിക്രിയും ഇഷ്ടമായിരുന്ന നടനാണ് ഉല്ലാസ് പന്തളം. നാടകത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. പന്തളം ബാലന്റെ തിരുവനന്തപുരത്തെ ‘ഹാസ്യ’ എന്ന ട്രൂപ്പിലൂടെ ആണ് ഉല്ലാസ് പ്രഫഷനൽ മിമിക്രിയിലേക്ക് എത്തുന്നത്. പിന്നാലെയാണ് കോമഡി സ്റ്റാർസിൽ ഉല്ലാസ് എത്തുന്നത്. ഷോ നടന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി മാറി. പിന്നീട് സ്വന്തമായി പരിപാടികൾ ചെയ്യാൻ ഉല്ലാസ് തുടങ്ങുക ആയിരുന്നു.

മമ്മൂട്ടിയെ പറഞ്ഞാൽ ആർക്കും പരാതി ഇല്ലേ?; അമ്മയോടുള്ള പ്രതിഷേധം അറിയിച്ച് എഐവൈഎഫ് പ്രസിഡന്റ് എൻ അരുൺ

0
Spread the love

മോഹൻലാലിനെതിരായ അധിക്ഷേപകരമായ പരാമർശത്തിൽ യൂട്യൂബർ അജു അലക്സിനെതിരെ കേസെടുത്ത പശ്ചാത്തലത്തിൽ താര സംഘടനയായ അമ്മയെ വിമർശിച്ച് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡണ്ട് എൻ അരുൺ. മോഹൻലാലിന്റെ അനുഭവത്തിന് സമാനമായ സോഷ്യൽ മീഡിയ ആക്രമണങ്ങൾ മമ്മൂട്ടിയും നേരിട്ടിട്ടും വിഷയത്തിൽ അമ്മ നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് അരുണിന്റെ പരാമർശം.

പോസ്റ്റിന്റെ പൂർണരൂപം:

‘മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഭാരവാഹികളോടുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുവാനാന്ന് ഈ കുറിപ്പ് ഇവിടെ ചേർക്കുന്നത്. സംഘടനയുടെ ജനറൽ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് യൂട്യൂബർ ചെകുത്താൻ അജു അലക്സിതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ പ്രസിഡൻ്റ് മോഹൻലാലിനെ അധിക്ഷേപിച്ചതിൻ്റെ പേരിലാണ് അമ്മ നിയമ നടപടികൾ സ്വീകരിച്ചത്. ചെകുത്താൻ ഉപയോഗിച്ച വാക്കുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടു തന്നെ അമ്മയോട് ചോദിക്കട്ടെ. നിങ്ങളുടെ സംഘടനയുടെ സ്ഥാപക നേതൃത്വത്തിൻ്റെ ഭാഗമായിരുന്ന ഇന്നും സംഘടനയുടെ സജീവാംഗമായ മമ്മൂട്ടി എന്ന ലോകമറിയുന്ന നടൻ രണ്ടു മാസമായി സോഷ്യൽ മീഡിയയിൽ ക്രൂരമായ അധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. എന്ത് കൊണ്ട് നടപടി സ്വീകരിക്കുന്നില്ല’ അരുൺ ചോദിച്ചു.

പുഴു എന്ന സിനിമയുടെ പേരിൽ മതതീവ്രവാദിയായി വരെ ആ കലാകാരനെ ചില തൽപ്പരകക്ഷികൾ ചിത്രീകരിക്കുന്നു. മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ , സിനിമയുടെ ഭാഗങ്ങൾ, ചിത്രങ്ങൾ എന്തു തന്നെ സോഷ്യൽ മീഡിയയിൽ വന്നാലും അതിനു താഴെ ബോധപൂർവ്വം തയ്യാറാക്കി ഒരു അജണ്ട നടപ്പിലാക്കും വിധമുള്ള കമൻ്റുകൾ കാണാം. അത് ഇപ്പോഴും തുടരുന്നു’ണ്ടെന്നും അരുൺ പറഞ്ഞു.

തൻ്റെ അഭിനയ പ്രതിഭ കൊണ്ട് മലയാളത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച മമ്മൂട്ടിയെന്ന നടനു വേണ്ടി അദ്ദേഹം സജീവാംഗമായ ഏകസംഘടന ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല എന്നത് സഗൗരവം ചിന്തിക്കേണ്ടതാണ്.യൂട്യൂബർ ചെകുത്താനിൽ നിന്നും മോഹൻലാലിനുണ്ടായതിലും ആയിരക്കണക്കിനു മടങ്ങ് അധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. മമ്മൂട്ടിയെ മതത്തിൻ്റെ പേരു വരെ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുമ്പോൾ അമ്മ പുലർത്തിയ മൗനം സംശയകരവും പ്രതിഷേധാർഹവുമാണ്.ഈ ഘട്ടത്തിൽ അത് ശക്തമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്തുന്നു’വെന്നും അരുൺ കൂട്ടിച്ചേർത്തു.

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയ ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സിനെതിരെ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യൂട്യൂബറുടെ കൊച്ചി ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടർ അടക്കം എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.

സൈനികരുടെ വിലപ്പെട്ട സമയം മോഹൻലാൽ കളഞ്ഞു, അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു; സൈന്യത്തിൽ പരാതി കൊടുക്കുമെന്ന് ചെകുത്താൻ

0
Spread the love

മോഹൻലാലിനെതിരായ അധിക്ഷേപ പരാമർശത്തിൽ പോലീസ് നടപടി നേരിട്ടതിനു ശേഷവും തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബ് അജു അലക്സ്. കഴിഞ്ഞ ദിവസമാണ് ‘വയനാട് ദുരന്ത ഭൂമി സന്ദർശിച്ച നടനും സൈനിക ഉദ്യോഗസ്ഥനുമായ മോഹൻലാലിന്റെ നടപടി ശരിയല്ലെ’ന്ന രീതിയിൽ അധിക്ഷേപ പരാമർശം നടത്തിയ അജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മോഹൻലാലിന്റെ സന്ദർശനത്തിലൂടെ ദുരന്ത ഭൂമിയിലെ സൈന്യത്തിന്റെ വിലപ്പെട്ട സമയം നഷ്ടപ്പെട്ടു എന്ന രീതിയിൽ ആയിരുന്നു അജുവിന്റെ പരാമർശം.

അതേ സമയം അജുവിനെതിരായ നിയമനടപടിക്ക് നേതൃത്വം നൽകിയ തിരുവല്ല സിഐ സുനിൽ കൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ചെകുത്താനെ പോലെയുള്ള യൂട്യൂബർമാരെ കടിഞ്ഞാൺ ഇട്ട് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും കേസിൽ മാതൃകാപരമായ നടപടിയെടുക്കാൻ ഉന്നതതല നിർദ്ദേശം ഉണ്ടെന്നും സിഐ വ്യക്തമാക്കി. നിലവിൽ അജു അലക്സിന്റെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മോഹൻലാൽ തന്നെ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തി എന്ന നിലയിൽ അധിക്ഷേപം ഏറ്റുവാങ്ങിയതിലല്ല തനിക്ക് വിഷമമെന്നും സൈന്യത്തെ ആക്ഷേപിച്ചതിൽ ആണ് വിഷമം എന്നും മോഹൻലാൽ വ്യക്തമാക്കിയതായി സിഐ കൂട്ടിച്ചേർത്തു.

അതേസമയം മോഹൻലാലിനെതിരെ ഉന്നയിച്ച പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നും വിഷയത്തിൽ സൈന്യത്തിന് പരാതി നൽകുമെന്നും അജു അലക്സ് മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തബാധിതരെ കേട്ടും ചേര്‍ത്തണച്ചും പ്രധാനമന്ത്രി, ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും സന്ദർശനം നടത്തി

0
Spread the love

വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി ചൂരൽമലയിലെ ദുരന്തഭൂമി സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു. മേപ്പാടി സെന്‍റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ക്യാമ്പിലെ ഒമ്പതുപേരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തിയത്. 25 മിനിട്ടോളം സ്ഥലത്ത് ചിലവഴിച്ച മുഖ്യമന്ത്രിയോട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവര്‍ അവരുടെ സങ്കടം പറഞ്ഞു. പ്രധാനമന്ത്രി ദുരന്തബാധിതരെ ആശ്വസിപ്പിക്കുകയും ചെയ്തു.
ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രതിനിധികളായാണ് ഒമ്പതുപേര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചത്.

ദുരിതാശ്വാസ ക്യാമ്പിലെ സന്ദര്‍ശനത്തിനുശേഷം മേപ്പാടിയിലെ വിംസ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. ദുരന്തത്തില്‍ അകപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന നാലുപേരുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ആരോഗ്യപ്രവര്‍ത്തകരെയും മോദി നേരിൽ കണ്ടു. മേപ്പാടിയിലെ വിംസ് ആശുപത്രിയിലെ സന്ദര്‍ശനത്തിനുശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ.വേണു, എഡിജിപി എംആര്‍ അജിത് കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ട്

കർമ്മ ഈസ് എ ബൂമറാങ്;  സിക്കാഡ കിളിപാറിക്കുമെന്നുറപ്പ്, പ്രതീക്ഷ ഭാരത്തോടെ തന്നെ ടിക്കറ്റ് എടുത്തോളൂ!!

0
Spread the love

കർമ്മഫലം എന്നൊന്നുണ്ട് മക്കളേ… കൊടുത്ത പണികൾക്കൊക്കെ തിരിച്ച് കിട്ടാണ്ട് പോവില്ല. സിക്കാഡ എന്ന സിനിമ ഏറ്റവും ചുരുക്കി പറഞ്ഞാൽ ഇതാണ്. സിനിമയുടെ പശ്ചാത്തലം പോലെ തന്നെ കാടിൻറെ എല്ലാ നിഗൂഢതകളും കഥയിലും ഒളിപ്പിച്ചു വച്ചിരിക്കുന്നു. ഓരോ സീനിൽ നിന്നും അടുത്ത സീനിലേക്ക് ഓർത്തു കോർത്ത് നമ്മളെ കൊണ്ടുപോകുന്ന ഉദ്യേഗം. ട്രെയിലർ കണ്ടപ്പോൾ ചുരുളി എഫക്ട് പലർക്കും തോന്നിയിരുന്നു. എന്നാൽ  അതിൻറെ പതിന്മടങ്ങ് ചുരുളഴിയാത്ത രഹസ്യങ്ങളാണ് സിനിമ കണ്ടുതീരുംതോറും അഴിഞ്ഞഴിഞ്ഞു വരുന്നത്.

പച്ചമാംസം കടിച്ചു വലിക്കുന്ന വേട്ട മൃഗങ്ങളും ഇരുട്ടും പാമ്പും തേളുമുള്ള  കൂറ്റന്റെ കോട്ടയും അതിലേക്ക് വരുന്ന വരുന്ന നായക കഥാപാത്രവും എല്ലാം നിഗൂഢതകളിലേക്ക് എത്തിച്ചേരാൻ ഗൂഢാലോചന നടത്തിക്കൊണ്ടേയിരിക്കും. കോട്ടയിലിലേക്ക് എത്തിച്ചേർന്ന നായകനും അതിനുശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 

സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഒരു ത്രില്ലർ, സർവ്വൈവർ കോമ്പിനേഷനാണ്. തിയറ്റർ എക്സ്പീരിയൻസ് വാക്കുകളിൽ എഴുതാനാവില്ല അത് എക്സ്പീരിയൻസ് ചെയ്ത് തന്നെ അറിയണം.സിക്കാഡ എന്ന പേരിൽ തുടങ്ങുന്ന സിനിമ അവസാനിപ്പിക്കും വരെ നൂലിൽ കെട്ടിയപോല തുടർന്നുകൊണ്ടേയിരിക്കുന്നു.


മഞ്ഞുമ്മൽ ബോയ്സ്, ചുരുളി, അജഗജാന്തരം തുടങ്ങിയ  ചിത്രങ്ങളുടെ ഓഡിയോഗ്രാഫിയിലൂടെ ശ്രദ്ധേയനായ ഫസൽ എ ബക്കറുടെ സൗണ്ട് ഡിസൈനിങ് പരാമർശിക്കാതെ പോയാൽ നീതികേടാവും. നവീൻ രാജാണ് കാടിൻ്റെ വശ്യത  മുഴുവൻ ക്യാമറയിൽ പകർത്തിവച്ചിരിക്കുന്നത്. കാടിൻറെ സംഗീതം കല്ലുകടി ഇല്ലാതെ പ്രേക്ഷകരിൽ എത്തിക്കുന്ന ശ്രീജിത്തിനെയും എടുത്തു പറയേണ്ടതുണ്ട്. 
സിനിമയിൽ നിന്നും മുഴച്ചു നിൽക്കുകയോ താഴ്ന്നു നിൽക്കുകയോ ചെയ്യാതെ സിനിമയുടെ സംഗീതത്തിന് ഒപ്പം ഒഴുകുന്ന പാട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. 

സൂര്യപ്രകാശം അരിച്ചിറങ്ങുമ്പോൾ കാട് വെളിവായി വരുന്നതുപോലെ കൂറ്റന്റെ കോട്ടയിലെത്തുന്ന നടനൊപ്പം സിനിമ കഥപറഞ്ഞു തുടങ്ങുന്നു. വീണ്ടും പതിയെ ഇരുൾ വീഴുമ്പോൾ സത്യവും മിസ്റ്ററിയും തിരിച്ചറിയാൻ ആകാതെ പ്രേക്ഷകനും നായകനൊപ്പം നിഗൂഢതകളിലേക്ക് ഊളയിടുന്നതാണ് കഥയുടെ സഞ്ചാരം..

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്ന നടൻ രജത്ത് സിനിമയ്ക്ക് വേണ്ടവിധം തന്നെ അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്. 10 വർഷത്തെ ഇടവേള എന്നത് വെറും നമ്പർ മാത്രമാണെന്ന് രജത്ത് കാണിച്ചുതരുന്നു. ഗോളിലൂടെ പ്രേക്ഷകർക്ക്  പരിചിതനായി മാറിയ രജത് ഉദ്യേഗത്തിന്റെ ഗോൾ അടിച്ചു കൊണ്ടാണ് പ്രേക്ഷക മനസ്സിലേക്ക് അടിച്ചു കേറുന്നത്. നടൻ ജെയിസ് ജോസിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. സ്ഥിരം വില്ലൻ പാറ്റേണുകൾ വിട്ട് അഭിനയ സാദ്ധ്യതകൾ പരീക്ഷിക്കുകയാണ്  അദ്ദേഹം.

ലിയാനോ ഡി കാപ്രിയയുടെ ഷട്ടർ ഐലൻഡ് ഓർമ്മിപ്പിക്കും വിധം ഇത് മുഴുവൻ നമ്മുടെ തോന്നലുകൾ ആയിരുന്നോ അതോ യാഥാർത്ഥ്യം ഇതായിരുന്നോ എന്ന ചോദ്യചിഹ്നം വിട്ടുകൊണ്ടാണ് സിനിമ അവസാനിപ്പിക്കുന്നത്. ചിത്രം കഴിഞ്ഞിറങ്ങുമ്പോൾ  മനസ്സിൽ  വീണ്ടും സിനിമ ഓടിതുടങ്ങുന്ന വേറിട്ട അനുഭവം. ചിത്രത്തിൻറെ കാസ്റ്റിംഗ്  വലിയ കയ്യടി ഡിമാൻഡ് ചെയ്യുന്നുണ്ട്. പ്രതീക്ഷ ഭാരത്തോടെ തന്നെ ധൈര്യമായിട്ട് ടിക്കറ്റ് എടുത്തോളൂ. മികച്ച ദൃശ്യാനുഭവം ആയിരിക്കും ഉറപ്പ്.

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഷൈജിത്ത് കുമരന്‍ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്

സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളും

0
Spread the love

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ആഗസ്ത് 13 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് സ്വകാര്യ കാലാവസ്ഥ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നുണ്ട്.

നാളെ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടുള്ളത്. ആഗസ്ത് 12ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ആഗസ്ത് 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ നാല് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. ആഗസ്ത് 12ന് കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. 13ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണമെന്നും നിർദേശം നൽകി.

സിക്കാഡയിൽ സിക്കാഡ ഉണ്ട് കേട്ടോ! മുഖ്യ കഥാപാത്രങ്ങളായ പാമ്പിനും പോത്തിനും പുറമേ വേറെയും സസ്പെൻസുകൾ

0
Spread the love

സിനിമയുടെ റിലീസിന് തൊട്ടു മുൻപായി ഇറങ്ങിയ ക്യാരക്ടർ പോസ്റ്ററുകളിൽ പാമ്പും കാട്ടുപോത്തുമൊക്കെ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന രീതി മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ല. ഇത്തരം പ്രത്യേകതകൾ കൊണ്ട് റിലീസിന് മുൻപേ പ്രേക്ഷകർ ചർച്ച ആക്കിയ സിനിമയായിരുന്നു ശ്രീജിത്ത് ഇടവന സംവിധാനം ചെയ്ത സിക്കാഡ.

ഇറച്ചി പറിച്ചെടുക്കാൻ കാത്തിരിക്കുന്ന വേട്ട മൃഗങ്ങൾക്കും മനുഷ്യർ കയറാൻ പേടിക്കുന്ന കൊടുംകാടിനും അധിപനായി വാഴുന്ന കൂറ്റന്റെ കോട്ടയിലേക്ക് സർവ്വ ഗർവ്വുമായി ചെല്ലുന്ന നായക കഥാപാത്രവും തുടർന്ന് നടക്കുന്ന സംഭവബഹുലമായ യാത്രയുമാണ് സിക്കാഡ. സിനിമ ക്യാമറകൾ മുൻപെങ്ങും കാണിച്ചിട്ടില്ലാത്ത കാടിന്റെ ദൃശ്യ ഭംഗിയും ഭീകരതയും സ്ക്രീനിൽ എത്തിക്കുന്നതിലും പ്രതീക്ഷിക്കാത്ത സസ്പെൻസും നൽകി പ്രേക്ഷകരെ സിനിമയിലേക്ക് ഉൾക്കൊളുത്തി വയ്ക്കുന്നതിലും സംവിധായകനും അണിയറ പ്രവർത്തകർക്കും പത്തിൽ പത്താണ് മാർക്ക്.

കാടിന്റെ ശബ്ദത്തിനു പോലും ഒരേസമയം മനുഷ്യരെ പേടിപ്പിക്കാനും ശാന്തരാക്കുവാനുമുള്ള കഴിവുണ്ട്. ഇത് തനിമ ചോരാതെ പ്രേക്ഷകനിൽ എത്തിക്കാൻ ഹിറ്റ് ഓഡിയോഗ്രാഫർ ഫസൽ എ ബക്കറിന് സാധിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ്, ചുരുളി, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളിലൂടെ തിളക്കിയെടുത്ത ഫസലിന്റെ കഴിവും സിനിമകൾ ഇതുവരെയും അധികം എക്സ്പ്ലോർ ചെയ്തിട്ടില്ലാത്ത ഉൾകാടിന്റെ പ്രത്യേകതകൾ കൂടിയായപ്പോൾ അക്ഷരാർത്ഥത്തിൽ സിക്കാഡ തിയേറ്ററുകളിൽ വേറിട്ട ശബ്ദ- ദൃശ്യാനുഭവമാവുകയായിരുന്നു.

മിഥ്യയും യാഥാർത്ഥ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന കാട്ടിലൂടെയുള്ള നായകന്റെ യാത്രയിൽ പിടികിട്ടാത്ത പലതും പ്രേക്ഷകനായി സംവിധായകൻ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്ററുകളിലും ട്രെയിലറുകളിലും പ്രത്യക്ഷപ്പെടാത്ത പലരും പലതും സിനിമയിൽ പ്രേക്ഷകരെ കിടിലം കൊള്ളിക്കാൻ എത്തുന്നുണ്ട്.

പതിയെ ഉള്ളിലേക്ക് ഇറങ്ങി പിന്നെ പിന്നെ കലുഷിതമായി മാറുന്ന ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം. ത്രില്ലും ട്വിസ്റ്റും സസ്പെൻസും ഒക്കെ പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്താൻ സംവിധായകൻ ബുദ്ധിപൂർവ്വം ഉപയോഗിച്ചിട്ടുണ്ട്. പ്രേക്ഷകനെ കഥയിൽ എൻഗേജ്ഡ് ആക്കി ത്രില്ലടിപ്പിച്ചും ഇടയ്ക്ക് ട്വിസ്റ്റുകൾ ഇട്ട് ത്രസിപ്പിച്ചും ആസ്വാദനത്തിന്റെ ഉയരങ്ങളിൽ എത്തിച്ച് കഥാന്ത്യത്തിലെ അപ്രതീക്ഷിത സസ്പെൻസിൽ എത്തിക്കുന്നതാണ് സിക്കാഡയുടെ പോക്ക്.

എന്തായാലും തിയേറ്ററിൽ തന്നെ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സർവൈവൽ ത്രില്ലർ ചിത്രമാണ് സിക്കാഡ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. രണ്ടാം ദിനത്തിലും മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന് ആദ്യദിവസം കൊടുത്ത ഹൗസ് ഫുൾ സപ്പോർട്ട് വരുംദിവസങ്ങളിലും ബോക്സ് ഓഫീസിൽ പ്രതിഫലിക്കും എന്നാണ് സിനിമ നിരൂപകരുടെ വിലയിരുത്തൽ.

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഷൈജിത്ത് കുമരന്‍ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts