Home Blog Page 67

ഓണക്കോടിയും പൂക്കളവും സദ്യയും കളികളും; ഇന്ന് ചിങ്ങം 20 തിരുവോണം..

0
Spread the love

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്. കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം. ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഒരു കാലത്തിന്റെ ഓർമ്മകളിൽ ചവിട്ടി നിന്ന്, സമത്വസുന്ദരമായ ഒരു ലോകം ആവിഷ്കരിക്കാൻ ഓരോ മലയാളിയും ശ്രമിക്കുന്നു.

കർക്കിടകത്തിലെ വറുതിക്ക് ശേഷം ചിങ്ങം മാസമെത്തുന്നതോടെ കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും നാളുകളാണ് എത്തുന്നത്. ഉണ്ണാനും ഉടുക്കാനും വഴികാണിക്കുന്നതും മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നതുമായ ഒരു പുതുവർഷമാണിത്. തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും പത്തായം നിറയ്ക്കലുമൊക്കെ ഏറെക്കുറെ അന്യമായെങ്കിലും, പൂക്കളമൊരുക്കിയും ഒത്തൊരുമിച്ചും മലയാളി ഓണത്തിന്റെ ആത്മാവിനെ ചേർത്തുപിടിക്കുന്നു. അത്തം മുതൽ മണ്ണിലും മനസ്സിലും നിറഞ്ഞുനിന്ന പൂവിളികൾക്ക് ഇന്ന് പാരമ്യമാവുകയാണ്.

ഓണക്കോടിയുടുത്ത് പൂക്കളമൊരുക്കിയാൽ പിന്നെ അടുക്കളയിൽ സദ്യവട്ടങ്ങളുടെ തിരക്കാണ്. രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന സദ്യ തൂശനിലയിൽത്തന്നെ വിളമ്പുന്നത് ഒരു ചടങ്ങാണ്. വിളമ്പുന്നതിനും കഴിക്കുന്നതിനും പ്രത്യേക ചിട്ടവട്ടങ്ങളുണ്ട്. അറ്റുപോകാതെ തലമുറകൾ കൈമാറിവന്ന ഓണക്കളികളും ആഘോഷത്തിന് നിറം പകരുന്നു.

ഓണം കേവലം ഓർമ്മകളുടെ ആഘോഷം മാത്രമല്ല, സ്നേഹവും കരുണയും സാഹോദര്യവും എല്ലാ ദിവസവും കാത്തുസൂക്ഷിക്കണമെന്ന തിരിച്ചറിവ് കൂടിയാണ്. ഒരു ദിവസത്തെ ഉത്സവമായി മാത്രം ഇതിനെ കാണാൻ കഴിയില്ല. നല്ല ഭൂമിയും നല്ല വായുവും മതിൽക്കെട്ടുകളില്ലാത്ത മനസ്സുകളും ഉള്ളവനോടുള്ള കരുതലും പങ്കുവെക്കലും ഉൾപ്പെടെ മലയാളിയുടെ എക്കാലത്തേക്കുമുള്ള മടങ്ങിവരവും തീർത്ഥാടനവുമാണ് തിരുവോണം. സങ്കടങ്ങളും ദുരിതങ്ങളുമില്ലാത്ത സാഹോദര്യത്തിന്റെ ഒരായിരം തിരുവോണങ്ങൾ പുലരട്ടെ എന്ന പ്രതീക്ഷയോടെ, എല്ലാ മലയാളികൾക്കും ഓണാശംസകൾ

വാമനന് ശേഷം 2 വ്യത്യസ്ത ചിത്രങ്ങളുമായി മൂവി ഗാങ് പ്രൊഡക്ഷൻസ്; പോസ്റ്റർ പുറത്ത്

0
Spread the love

ഇന്ദ്രൻസ് നായകനായ ശ്രദ്ധേയ ചിത്രം വാമനന് ശേഷം 2 പുതിയ സിനിമകളുമായി മൂവി ഗാങ് പ്രൊഡക്ഷൻസ്. അരുൺ ബാബുവാണ് ചിത്രങ്ങളുടെ നിർമാണം. കടത്തനാടൻ സിനിമാസുമായി സഹകരിച്ചാണ് ചിത്രങ്ങളുടെ നിർമാണം. ഉത്രാട ദിനത്തിൽ പുറത്തുവിട്ട അനൗൺസ്മെന്റ് പോസ്റ്ററിൽ ആദ്യ ചിത്രം എം. എസ് ബുബേഷിന്റെ രചനയിൽ റാം നിധിയും ഡുഡു ഭരത്, സനീഷ് ഭഗവതികാവിൽ എന്നിവർ ചേർന്ന് സ്ക്രിപ്റ്റ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം മുസ്‌തഫയും സംവിധാനം നിർവഹിക്കുന്നു.

ജ്വാല ജോസഫ് വാത്തിക്കുളം, അശോകൻ കരുമത്തിൽ, റഫീഖ് തച്ചവള്ളത്ത് തുടങ്ങിയവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. നൗഫൽ നിസാം മൂവി ഗാങ് ആണ് ലൈൻ പ്രൊഡ്യൂസർ.

അതേസമയം കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്ത ചിത്രത്തിന്റെ പോസ്റ്ററിൽ കാണുന്ന ചിത്രങ്ങളിൽ ഒളിപ്പിച്ചിരിക്കുന്ന സിനിമയെ കുറിച്ചുള്ള സൂചനകൾക്കും ഒരേസമയം രണ്ട് പ്രൊജക്റ്റുകൾ എന്തുകൊണ്ടെന്ന കൗതുകത്തിലുമാണ് സിനിമ പ്രേമികൾ.

സംസ്ഥാനത്ത് പവന് 78,440 രൂപ; ചരിത്രത്തിലാദ്യം!

0
Spread the love

ചരിത്രത്തിലാദ്യമായി സ്വർണവില 78,000 രൂപ പിന്നിട്ടു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 78,440 രൂപയായി. ഗ്രാമിന് 9805 രൂപയാണ് ഇന്നത്തെ വില. എന്നാൽ പണിക്കൂലിയും ജി എസ് ടിയുമെല്ലാം വരുമ്പോൾ ചുരുങ്ങിയത്‌ 85,000 രൂപയോളം ഒരു പവൻ വാങ്ങാൻ നൽകേണ്ടേിവന്നേക്കും.

കാശ് വാങ്ങിയല്ല സാക്ഷ്യം പറഞ്ഞത്; വിവാദത്തിൽപ്പെട്ട് വിഷമിച്ച സമയത്ത് ദൈവം ആ സമ്മാനം തന്നു, മനസ്സ് തുറന്ന് ധന്യ

0
Spread the love

വിവാഹത്തോടെയാണ് താൻ പ്രൊഫഷണൽ ലൈഫിന് ഒരു ഇടവേളയെടുത്തതെന്ന് നടിയും മുൻ ബിഗ് ബോസ് താരവുമായ ധന്യ മേരി വർഗീസ്. കല്യാണം കഴിഞ്ഞുചെന്ന വീടിനുവേണ്ടിയായിരുന്നു ജീവിതം. അങ്ങനെയല്ല ജീവിക്കേണ്ടതെന്ന് കുറേക്കഴിഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞത്. പിന്നീട് സീരിയലിലൂടെ തിരിച്ചുവന്നെന്ന് ധന്യ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു.

ബിഗ് ബോസിന് ശേഷം ജീവിതം മാറിമറിഞ്ഞതായി തോന്നുന്നില്ലെന്നും ധന്യ വ്യക്തമാക്കി. ഉള്ള ഇമേജ് കളയാതെ തിരിച്ചവരുന്നതിനെക്കുറിച്ച് മാത്രമായിരുന്നു ആലോചിച്ചതെന്നും അവർ വ്യക്തമാക്കി. താൻ ദൈവവിശ്വാസിയാണെന്നും നടി പറയുന്നു.


‘സാക്ഷ്യം പറഞ്ഞതിന്റെ പേരിൽ ഞാൻ വിവാദത്തിൽപ്പെട്ടായിരുന്നു. എന്റെയൊരു വിശ്വാസത്തിന്റെ പേരിൽ പറഞ്ഞതായിരുന്നു. കാശ് വാങ്ങിയാണ് സാക്ഷ്യം പറഞ്ഞതെന്നൊക്കെ കുറേപ്പേർ പറഞ്ഞു. അങ്ങനെ വിഷമിച്ചിരിക്കുന്ന സമയത്താണ് മൂന്നാം നൊമ്പരം എന്ന ചിത്രത്തിലേക്ക് വിളിച്ചത്. ദൈവം എനിക്ക് അറിഞ്ഞ് തന്ന അനുഗ്രഹമായിത്തോന്നി. മാതാവായിട്ടുള്ള ക്യാരക്ടറിനാണ് കാസ്റ്റ് ചെയ്തത്. ദൈവാനുഗ്രഹമായി തോന്നി. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നല്ല രീതിയിൽ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പ്രതിഫലം ദൈവം തരും. ദൈവം എന്നെ വീഴ്ചയിൽ നിന്ന് കൈപിടിച്ചുയർത്താറുണ്ട്.’- നടി പറഞ്ഞു.

ആലപ്പുഴയിലെ കൃപാസനം എന്ന സ്ഥാപനത്തെക്കുറിച്ച് പറയുന്ന ധന്യയുടെ വീഡിയോയാണ് മുമ്പ് വിവാദത്തിൽപ്പെട്ടത്. സഹോദരന്റെ വിവാഹം നടക്കാത്തതിൽ പ്രാർത്ഥിക്കാൻ വേണ്ടിയാണ് താൻ കൃപാസനത്തിൽ എത്തിയത്. പ്രാർത്ഥിച്ചതു സാധിക്കാനായി ഉടമ്പടി സ്വീകരിച്ചെന്നും തുടർന്ന് തുടർച്ചയായ പ്രാർത്ഥനകൾക്കു ശേഷം സഹോദരൻെറ വിവാഹം നടന്നെന്നുമായിരുന്നു ധന്യ പറഞ്ഞത്.

ടൊവിനോയുടെയും ദുല്‍ഖറിന്റേയും തോളില്‍ കയ്യിട്ട് നിന്ന് ഫോട്ടോ പോസ്; ‘എടാ, സൂപ്പര്‍സ്റ്റാര്‍’ എന്ന് ദുൽഖറിന്റെ കമന്റ്

0
Spread the love

ദുല്‍ഖറിന്റെ നിര്‍മാണത്തില്‍ കല്യാണി പ്രിയദര്‍ശൻ നായികയായ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ വൻ അഭിപ്രായം നേടി തിയറ്ററിൽ കുതിക്കുകയാണ്. നസ്ലിനായിരുന്നു ചിത്രത്തിലെ നായകൻ. ഇതിന്റെ പശ്ചാത്തലത്തിൽ ദുല്‍ഖറിന്റേയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ ടോവിനോയുടെയും നടുവിൽ നിന്ന് നസ്ലിന്‍ പങ്കുവെച്ച ഒരു ചിത്രവും ചിത്രത്തിന് ദുല്‍ഖർ ചെയ്ത കമ്മെന്റുമാണ്‌ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘Starstruck but grateful’, എന്ന കുറിപ്പോടെയാണ് നസ്ലിന്‍ ഫോട്ടോ പങ്കുവെച്ചത്. ടൊവിനോയ്ക്കും ദുല്‍ഖറിനും നടുവിലായി ഇരുവരുടേയും തോളില്‍ കൈവെച്ചു നില്‍ക്കുന്ന നസ്ലിനെ ചിത്രത്തില്‍ കാണാം. ഇതിന് താഴെയാണ് ദുല്‍ഖര്‍ കമന്റുമായി എത്തിയത്. ‘എടാ, സൂപ്പര്‍സ്റ്റാര്‍’ എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് ‘ലോക’. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തിന് വലിയ സ്വീകരണമാണ് തീയേറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ലോക’ എന്ന പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ‘ചന്ദ്ര’. സാന്‍ഡി, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലുണ്ട്.

‘ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു’; ‘ലോക’യിലെ സംഭാഷണത്തിൽ മാറ്റംവരുത്തുമെന്ന് നിർമാതാക്കൾ

0
Spread the love

കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യിലെ ഒരു ഡയലോഗില്‍ മാറ്റംവരുത്തുമെന്ന് നിര്‍മാതാക്കള്‍. ഡയലോഗ് കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ച് മനഃപൂര്‍വ്വമുള്ളതായിരുന്നില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.

‘ഞങ്ങളുടെ ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ അവിചാരിതമായി വ്രണപ്പെടുത്തിയതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. മറ്റെല്ലാത്തിനുമുപരി, മനുഷ്യര്‍ക്കാണ് വേഫെറര്‍ ഫിലിംസ് സ്ഥാനം നല്‍കുന്നത്. ഞങ്ങള്‍ക്കുണ്ടായ വീഴ്ചയില്‍ അഗാധമായി ഖേദിക്കുന്നു. ഇതിലൂടെ ഞങ്ങള്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കംചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുന്നതായിരിക്കും. ഇതുമൂലമുണ്ടായ വിഷമത്തിന് ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു’- എന്നാണ് വേഫെറര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ബെംഗളൂരുവിനെ പാര്‍ട്ടിയുടേയും മയക്കുമരുന്നിന്റേയും ഹബ്ബായി ചിത്രീകരിക്കുന്നു എന്ന ആരോപണവുമായി കന്നഡ സിനിമാ മേഖലയില്‍നിന്നുള്ളവര്‍ തന്നെ ‘ലോക’യ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ പെണ്‍കുട്ടികളെ അപമാനിക്കുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. പിന്നാലെ സംഭവം അന്വേഷിക്കുമെന്ന് ബെംഗളൂരു പോലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചു.

അതേസമയം പാന്‍ ഇന്ത്യന്‍ ശ്രദ്ധനേടി ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനംചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ‘ലോക’ എന്ന സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ‘ചന്ദ്ര’.

‘കലാഭവന്‍ നവാസിന്റെ മരണത്തില്‍ 26 ലക്ഷത്തിന്റെ ഡെത്ത് ക്ലെയിം’; പ്രചാരണം വ്യാജമെന്ന് കുടുംബം

0
Spread the love

കലാഭവന്‍ നവാസിന്റെ മരണത്തെത്തുടര്‍ന്ന് 26 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഡെത്ത് ക്ലെയിം ലഭിച്ചെന്ന ആരോപണം നിഷേധിച്ച് കുടുംബം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍(എല്‍ഐസി)നിന്ന് തുക ലഭിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് സഹോദരന്‍ നിസാം ബെക്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് നിയാസ് ബെക്കറും പങ്കുവെച്ചു.

‘ഏഴുവര്‍ഷം പ്രീമിയം അടച്ചു. എല്‍ഐസി 26 ലക്ഷത്തിന്റെ ഡെത്ത് ക്ലെയിം നല്‍കി. ജീവിതത്തിനൊപ്പവും ജീവിതത്തിനുശേഷവും നിങ്ങളോടൊപ്പം എല്‍ഐസി’- എന്ന കുറിപ്പും നവാസിന്റെ ഫോട്ടോയുള്ള കാര്‍ഡുമാണ് പ്രചരിക്കുന്നത്. ഇത് വ്യാജവാര്‍ത്തയാണെന്നാണ് കുടുംബം പറയുന്നത്.

‘പ്രചാരണത്തിലൂടെ മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ ഏജന്റുമാര്‍ ശ്രമിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതുവഴി ഞങ്ങള്‍ കുടുംബാംഗങ്ങള്‍ വളരേ ദുഃഖിതരാണ്. ആരുംതന്നെ വഞ്ചിതരാകരുത്’- എന്നാണ് കുറിപ്പ്.

സാമ്പാർ നമ്മുടെ നാടൻ വിഭവമല്ല! എന്തിന് ദക്ഷിണേന്ത്യക്കാരൻ പോലുമല്ല! വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ സാമ്പാറുണ്ടായ കഥ വായിക്കാം..

0
Spread the love

പൂവും പൂക്കളവും ഓണക്കോടിയും ഉഗ്രനൊരു സദ്യയും കൂടിയായാലേ മലയാളികൾക്ക് ഓണം ഓണമാകുള്ളൂ. സദ്യയുടെ കാര്യമാണെങ്കിൽ സ്വാദിന്റെ പൂർണ ആസ്വാദനത്തിലെത്തണമെങ്കിൽ എല്ലാ രുചി കോളങ്ങളും തികയണം. പച്ചടിയും കിച്ചടിയും തോരനും അച്ചാറും എലിശേരിയും ഓലനും കാളനും പുളിയിഞ്ചിയും പപ്പടവും ഉപ്പേരിയുമൊക്കെ ഇലയുടെ സൈഡിൽ വേണം. ചോറിലൊഴിച്ചു കഴിക്കാൻ എന്തൊക്കെ കറിയുണ്ടെന്നുപറഞ്ഞാലും സാമ്പാറാണ് മെയിൻ. മലയാള രുചിയെന്ന് ഓർക്കുമ്പോൾ തന്നെ ചിലർ സാമ്പാർ എന്ന് വിളിച്ചുപറയും. എന്നാൽ ഈ സാമ്പാർ ഒരു കേരള വിഭവമല്ലെന്ന് എത്രപേർക്കറിയാം. എന്തിനു ഒരു ദക്ഷിണേന്ത്യക്കാരൻ പോലുമല്ല. സാമ്പാറിന്റെ കഥയറിയാം…

17ാം നൂറ്റാണ്ടിലെ തഞ്ചാവൂര്‍ മാറാത്ത കൊട്ടാരത്തിലാണ് ഈ സാമ്പാര്‍ കഥ നടക്കുന്നത്. ശിവാജി മഹാരാജാവിന്റെ മകനും യോദ്ധാവുമായ സാംബാജി കൊട്ടാരത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കൊട്ടാരം പാചകക്കാര്‍ കൊക്കം ( പനംപുളി, പിനാര്‍ പുളി എന്നൊക്കെ അറിയപ്പെടുന്നു) ചേര്‍ത്ത മഹാരാഷ്ട്ര പരിപ്പ് വിഭവമായ ആംതി വിളമ്പാന്‍ പദ്ധതിയിട്ടു. പക്ഷേ വിഭവം പകുതി പാകമായപ്പോഴാണ് കൊക്കം തീര്‍ന്നുപോയ വിവരം പാചകക്കാരന്റെ കണ്ണില്‍പ്പെട്ടത്.

പക്ഷേ ബുദ്ധിമാനായ പാചകക്കാരന്‍ ഉടന്‍തന്നെ തിളച്ച് മറിയുന്ന പച്ചക്കറികളും പരിപ്പും ഒക്കെ ചേര്‍ന്ന കൂട്ടിലേക്ക് തെക്കന്‍ വിഭവമായ പുളി എടുത്തിട്ടു. എന്തായാലും ഈ വിഭവം സാംബാജിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പിന്നാട് ഈ വിഭവം ‘സാംബാജി ആഹര്‍’ എന്ന് അറിയപ്പെട്ടു. കാലങ്ങള്‍ കടന്നുപോയപ്പോള്‍ സാംബാജി ആഹാര്‍ സാമ്പാര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഈ രാജകീയ ഭക്ഷണം പിന്നീട് തമിഴ്‌നാട്ടിലും പിന്നീട് ദക്ഷിണേന്ത്യ മുഴുവനും വ്യാപിച്ചു. തമിഴ് നാട്ടില്‍ സാമ്പാര്‍ അല്‍പ്പം കട്ടിയുള്ളതും കര്‍ണാടകയിലേക്ക് വരുമ്പോള്‍ മധുരത്തിന്റെ അംശമുള്ളതും കേരളത്തില്‍ തേങ്ങവറുത്തരച്ചതുമുതല്‍ പല വ്യത്യസ്ത രീതികളിലും അവതരിപ്പിക്കപ്പെട്ടുതുടങ്ങി…

സിനിമയിലെ ആൾക്കാർ അങ്ങനെയാണ് പക്ഷേ അവൾ? ഭാര്യയോട് താൻ കടപ്പെട്ടിരിക്കുന്നുവെന്ന് ശിവകാർത്തികേയൻ

0
Spread the love

സിനിമ ജീവിതത്തിൽ നിന്നും വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ദളപതി വിജയ് തിരിഞ്ഞതോടെ താരത്തിന് ബദൽ ഇനി ആര് എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും ഉയർത്തിക്കാട്ടിയ പേര് ശിവകാർത്തികേയൻ എന്നതായിരുന്നു. ഇത് ശരി വയ്ക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ ഇക്കഴിഞ്ഞ വർഷം സൂപ്പർഹിറ്റായ ചിത്രം അമരന്റെ വിജയം. സിനിമയിലെ രസികൻ കഥാപാത്രങ്ങൾ പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും സൗമ്യനും ഒരു സൂപ്പർസ്റ്റാറിന്റെ ജാഡകൾ ഒന്നും തന്നെയില്ലാതെ പോസിറ്റീവ് ആയി പെരുമാറുകയും ചെയ്യുന്ന താരത്തെ പ്രേക്ഷകർക്ക് വലിയ കാര്യമാണ്. ഇപ്പോഴിതാ താൻ ഒന്നുമല്ലാത്ത കാലത്തും ഭാര്യ ആരതി തനിക്ക് നൽകിയ പിന്തുണയെക്കുറിച്ച് നടൻ വാചാലനായതാണിപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

“എൻ്റെ ഭാര്യ ആരതി, ഞാൻ സിനിമയിൽ വരുന്നതിന് മുൻപാണ് അവൾ എന്നെ വിവാഹം കഴിച്ചത്. സിനിമയിൽ കഴിവുള്ളവരെ എപ്പോഴും ആളുകൾ കണ്ടെത്തും, കാരണം അതൊരു ബിസിനസാണ്. എന്നാൽ യാതൊന്നും പ്രതീക്ഷിക്കാതെ, എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത്, അവളെ സംരക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് വിശ്വസിച്ച് അവൾ എന്നോട് സമ്മതം പറഞ്ഞു. ഞാൻ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കണം” എന്നാണ് ശിവകാർത്തികേയൻ പറഞ്ഞത്.

ഗർഭഛിദ്രം നടത്തിയത് രണ്ട് യുവതികൾ; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ

0
Spread the love

പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചു. രണ്ട് യുവതികൾ ഗർഭഛിദ്രം നടത്തിയതായി റിപ്പോർട്ടുണ്ട്. ആദ്യ ഗർഭഛിദ്രം നടത്തിയ യുവതിയും അവരുടെ ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചതായും റിപ്പോർട്ടുണ്ട്.

ബെംഗളൂരുവിലാണ് ഗർഭഛിദ്രം നടന്നതെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ബെംഗളൂരുവിലെ ആശുപത്രി കേന്ദ്രീകരിച്ച് ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഗർഭഛിദ്രം നടന്ന ആശുപത്രിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രണ്ട് യുവതികൾ ഗർഭഛിദ്രം നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.

ഇക്കാര്യത്തിൽ ആരും നേരിട്ട് പരാതി നൽകിയിട്ടില്ല. അതിനാൽ, അന്വേഷണ സംഘത്തിന് ഇത്തരമൊരു കേസ് ഫയൽ ചെയ്യാൻ കഴിയില്ല. പരാതിക്കാരെ കണ്ടെത്തുകയും പരാതി ഫയൽ ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാനും അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്. പരാതിയില്ലെങ്കിൽ അവരുടെ മൊഴി രേഖപ്പെടുത്തുകയും നിയമനടപടികൾ അവസാനിപ്പിക്കുകയും ചെയ്യും. കൂടാതെ, ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമുണ്ടെങ്കിൽ, അന്വേഷണ സംഘം അത് അന്വേഷിക്കുകയും അവരിൽ നിന്ന് രേഖാമൂലമുള്ള പരാതി വാങ്ങി അന്വേഷണവുമായി മുന്നോട്ട് പോകുകയും ചെയ്യും.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുമ്പ് പരാതി നൽകിയ രാഷ്ട്രീയക്കാരിൽ നിന്നും മറ്റുള്ളവരിൽ നിന്നും മൊഴിയെടുത്തു. നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്നാരോപിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ അഭിഭാഷകനിൽ നിന്നും മൊഴിയെടുത്തു. പരാതി നൽകിയ കേരള കോൺഗ്രസ് നേതാവ് എ.എച്ച്. ഹഫീസിൽ നിന്ന് നേരത്തെ മൊഴിയെടുത്തു. ആരോപണവിധേയരായ ആരും ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ല.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന ശബ്ദ സന്ദേശം അദ്ദേഹത്തിന്റേതാണോ എന്ന് നിർണ്ണയിക്കാൻ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. റെക്കോർഡ് ചെയ്ത ഇലക്ട്രോണിക് മാധ്യമം ആരോപണം ഉന്നയിച്ച സ്ത്രീയുടെ കൈവശമുണ്ടെങ്കിൽ, അത് പരിശോധനയ്ക്ക് ലഭ്യമാക്കാൻ കഴിയില്ല. അവർ പരാതിക്കാരിയല്ല എന്നതാണ് കാരണം. അതേസമയം, ക്രൈംബ്രാഞ്ച് വിവരം സ്പീക്കറെ അറിയിച്ചു. നിയമസഭാ സമ്മേളനം 15 ന് ആരംഭിക്കാനിരിക്കെയാണിത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts