Home Blog Page 69

അർജുൻ വീട് വിട്ടത് 29 ദിവസം മുൻപ്; തെരച്ചിലില്‍ അനിശ്ചിതത്വം തുടരുമ്പോഴും പ്രതീക്ഷയോടെ കുടുംബം

0
Spread the love

കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അർജുനെ കണ്ടെത്താനുളള തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലാണ് കര്‍ണാടക. അതേസമയം, തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

29 ദിവസം മുന്‍പ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് പോയ അര്‍ജുന്‍ ഇതുവരേയും മടങ്ങിയെത്തിയിട്ടില്ല. കരഞ്ഞും പ്രാര്‍ത്ഥിച്ചും വഴിക്കണ്ണുമായി ഇരിക്കുന്ന വീട്ടുകാര്‍ക്ക് കേരളത്തിന്‍റെ പിന്തുണയാണ് ഏക ആശ്വാസം. ഗംഗാവലി പുഴയിലെ തെരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. ഇനിയെന്ന് പുനരാരംഭിക്കുമെന്ന് ആര്‍ക്കും അറിയില്ല.

കര്‍ണാടക അധികൃതരും ഇക്കാര്യത്തില്‍ യാതൊന്നും പറയുന്നില്ല. തെരച്ചില്‍ അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും സിദ്ധരാമയ്യയ്ക്ക് കത്ത് അയച്ചെങ്കിലും അനുകൂല നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് ശക്തമാണ്, കാലാവസ്ഥ പ്രതികൂലമാണ് എന്നിങ്ങനെയുള്ള വാദങ്ങള്‍ നിരത്തിയാണ് തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ നിന്ന് കര്‍ണാടക വിട്ടുനില്‍ക്കുന്നത്.

അതേസമയം, സഹായം അഭ്യര്‍ത്ഥിച്ച് ഉത്തര കന്നഡ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിന്‍. അര്‍ജുന്‍റെ വീട്ടുകാരുടെ താത്പര്യ പ്രകാരം പ്രാദേശിക മുങ്ങള്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ കഴിഞ്ഞ ദിവസം ഷിരൂരില്‍ എത്തിയെങ്കിലും പൊലീസ് മടക്കി അയച്ചു. തെരച്ചലില്‍ അനിശ്ചിതത്വം തുടരുമ്പോഴും പ്രതീക്ഷയുടെ വെളിച്ചവുമായി ജീവിക്കുകയാണ് അര്‍ജുന്‍റെ ഉറ്റവര്‍.

തിരിച്ചറിയാത്ത മുഴുവൻ മൃതദേഹങ്ങളും ഇന്ന് സംസ്കരിക്കും, മരണസംഖ്യ 402 ആയി; ഇന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

0
Spread the love

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ 8 എണ്ണം ഇന്നലെ സംസ്കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്കാരം ഇന്ന് നടക്കും.

ഇന്നത്തെ തെരച്ചലിൽ ചൂരൽമല വില്ലേജ് റോഡിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ ചാലിയാർ പുഴയിൽ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹം ഹെലികോപ്ടറിൽ മേപ്പാടിയിലെത്തിച്ചു. ബെയിലി പാലത്തിന് അപ്പുറത്തെ തെരിച്ചലിനായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം ഇന്ന് നിജപ്പെടുത്തിയിരുന്നു. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്.

ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം. ചാലിയാര്‍ പുഴയോട് ചേര്‍ന്ന് 9 വാര്‍ഡുകളിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നത്തെ തെരച്ചിൽ. ഉരുള്‍ പൊട്ടലിൽ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്

രക്ഷാപ്രവര്‍ത്തകർക്ക് അതിവേഗം ഭക്ഷണം, ഹിറ്റാച്ചിയിലേക്കും ജെസിബിയിലേക്കുമുള്‍പ്പെടെ ഡ്രോണുകളില്‍ എത്തിക്കും

0
Spread the love

കല്‍പറ്റ: ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്തത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്. വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.

അതേസമയം മേപ്പാടി പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.

മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു! വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര വനംമന്ത്രി

0
Spread the love

ദില്ലി : വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിൻ്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സർക്കാർ സംവിധാനങ്ങൾ ഇത്തരം പ്രവർത്തികൾക്ക് നിയമവിരുദ്ധ സംരക്ഷണം നൽകി. ടൂറിസത്തിനായി പോലും സോണുകൾ ഉണ്ടാക്കിയില്ല. വളരെ സെൻസീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നൽകിയില്ലെന്നും ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മാധവ ഗാഡ്ഗിൽ റിപ്പോർട്ട് ഉദ്ധരിച്ചുളള ചോദ്യങ്ങൾക്കായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. പുതിയ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിച്ചുളള വിജ്ഞാപനം കഴിഞ്ഞ 31 ന് കേന്ദ്രം പുറത്താക്കിയിരുന്നു. അതിൽ അഭിപ്രായം അറിയക്കുന്നതിന് 60 ദിവസത്തെ സമയമാണ് സംസ്ഥാനങ്ങൾക്ക് അടക്കം അനുവദിച്ചത്. കേരളത്തിൽ വയനാട്ടിലെ വില്ലേജുകൾ അടക്കം കേരളത്തിലെ 9993 ചതുരശ്ര കിലോമീറ്ററുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.മുൻ ഫോറസ്റ്റ് ഡയറക്ടർ ജനറൽ സഞ്ചയ് കുമാറിന്റെ നേതൃത്വത്തിലുളള അഞ്ചംഗ സമിതിക്കാണ് ചുമതല.

വെല്ലുവിളിയായി മണ്ണിൽ പുതഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍, തെരച്ചിൽ കരുതലോടെ; മന്ത്രിസഭ ഉപസമിതി യോഗം ഇന്ന്

0
Spread the love

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ ഇന്നും തെരച്ചില്‍ പുരോഗമിക്കുന്നു. ഏഴാം നാളത്തെ തെരച്ചിലാണ് ഇന്ന് നടക്കുന്നത്. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. സൈന്യവും ഇന്ന് തെരച്ചിലിന് സഹായിക്കുന്നുണ്ട്. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം.

തെരച്ചില്‍ നടത്തുന്ന ഓരോ ടീമിലും ഫയർ ഫോഴ്സ്, എസ്ഡി ആർഎഫ്, എൻഡിആർഎഫ് എന്നിവരുമുണ്ട്.കൂട്ടത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. രക്ഷപ്പെട്ടവരോ ബന്ധുക്കളോ എത്തി മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് പറയുന്ന ഇടങ്ങളിലും തെരച്ചിൽ നടക്കും.

ഇന്ന് തമിഴ്നാടിന്‍റെ സംഘവും സഹായത്തിന് എത്തിയിട്ടുണ്ട്. തമിഴ്നാടിന്‍റെ അഞ്ച് കെഡാവര്‍ ഡോഗുകളെ ഇന്നത്തെ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.

അതേസമയം, നിറഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍ തെരച്ചിലിന് വെല്ലുവിളിയാകുകയാണ്. പല വീടുകളിൽ നിന്നും കടകളിൽ നിന്നും ഒഴുകി വന്ന 27 ഗ്യാസ് സിലിണ്ടറുകളാണ് മണ്ണ് നീക്കം ചെയ്തപ്പോള്‍ ലഭിച്ചത്. മണ്ണില്‍ പുതഞ്ഞ് ഇനിയും സിലിണ്ടറുകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ കരുതലോടെയാണ് ഉപയോഗിക്കുന്നത്. ലഭിച്ച സിലിണ്ടറുകള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.ഇന്നും ഡ്രോണ്‍, റഡാര്‍ പരിശോധനയുണ്ടാകും.

അതേസമയം, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്നു ഓൺ ലൈൻ വഴി പങ്കെടുക്കും മന്ത്രിമാർ വയനാട്ടിൽ നിന്നും ചേരും. ഇന്ന് രാവിലെ 11.30നാണ് യോഗം

രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നത് വ്യാജ പ്രചരണം: വയനാട് ജില്ലാ കലക്ടര്‍

0
Spread the love

കല്‍പറ്റ:ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു. ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല.

കളക്ഷന്‍ പോയിന്‍റിൽ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇന്ന് (ആഗസ്റ്റ് 4) പുഞ്ചിരിമട്ടം- 149, മുണ്ടക്കൈ- 125, സ്‌കൂള്‍ പരിസരം- 723, ചൂരല്‍മല ടൗണ്‍- 186, വില്ലേജ് ഏരിയ-75, പുഴയുടെ താഴ് വാരം- 42 എന്നിങ്ങനെ ആറു സോണുകളില്‍ വിവിധ സേനകളില്‍ നിന്നായി 1300 പേരും 188 ടീമുകളായി 1705 വളണ്ടിയര്‍മാരും ആണ് രക്ഷാ ദൗത്യത്തില്‍ ഉള്ളത്.

3600 പേര്‍ക്കുള്ള പ്രഭാത ഭക്ഷണവും 5500 പേര്‍ക്കുള്ള ഉച്ചഭക്ഷണവും ഇവര്‍ക്കായി എത്തിച്ചു. നാല് ജീപ്പിലും ഒരു മിനി ലോറിയിലുമായി ആവശ്യമായ വെള്ളവും എത്തിച്ചിട്ടുണ്ട്. ഓരോ സോണുകളിലേക്കും പ്രത്യേകം വാഹനങ്ങളിലാണ് ഭക്ഷണം എത്തിച്ചത്. മേപ്പാടി പോളിടെക്‌നിക് കോളേജില്‍ സജ്ജീകരിച്ച പൊതു അടുക്കളയില്‍ തയ്യാറാക്കിയ ഭക്ഷണവും വിവിധ സന്നദ്ധ സംഘടനകളും മറ്റും കളക്ഷന്‍ പോയിന്‍റുകളിൽ എത്തിച്ച ഭക്ഷണവുമാണ് വിതരണം ചെയ്തത്.

എല്ലാ വിദ്യാർഥികൾക്കും സൗജന്യ കിറ്റ്; പുസ്തകം അച്ചടിക്കും, സ്കൂൾ കെട്ടിടങ്ങൾക്ക് പുതിയ സ്ഥലം: മന്ത്രി വി.ശിവൻകുട്ടി

0
Spread the love

കോട്ടയം∙ വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത മേഖലയിലെ സ്കൂൾ പഠനം സ്വാതന്ത്ര്യ ദിനത്തിനു ശേഷം പുനഃരാരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മേഖലയിലെ ആറു സ്കൂളുകളെ ഉരുൾപൊട്ടൽ ബാധിച്ചിട്ടുണ്ട്. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിനാണ് ഏറ്റവും നാശമുണ്ടായത്. സ്കൂൾ പൂർണമായും തകർന്ന നിലയിലാണ്. രണ്ട് സ്കൂളുകൾ പുനർനിർമിക്കേണ്ടതുണ്ട്. ദുരന്തമേഖലയിൽ സ്കൂൾ കെട്ടിടം ഇനി പണിയില്ല. അതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം. ഇനി ഒരു പ്രകൃതി ദുരന്തമുണ്ടായാൽ അതിനെ കൂടി നേരിടുന്ന രീതിയിലുള്ള ഗംഭീര കെട്ടിടമാകും നിർമിക്കുക. ഇതിനായി സാങ്കേതിക വിദഗ്ധരുമായി ആശയവിനിമയം നടത്തും. പൊതുജനങ്ങളിൽനിന്നു ആശയങ്ങൾ സ്വീകരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

‘‘ചൊവ്വാഴ്ചയാണു കൽപറ്റയിലെ ഉന്നതതല യോഗം. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി എന്നെ വിളിച്ച് സംസാരിച്ചിരുന്നു. എത്രയും വേഗം ദുരിത മേഖലയിലെ വിദ്യാഭ്യാസം പുനഃരാരംഭിക്കണമെന്നായിരുന്നു നിർദേശം. ടൗൺഷിപ്പ് നിർമിക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ അതിനോടൊപ്പം സ്കൂളുകളുടെയും രൂപരേഖയുണ്ടാകും. ഒരു സ്കൂൾ നിർമിക്കാൻ നടൻ മോഹൻലാൽ സന്നദ്ധത അറിയിച്ചു. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. അവരുടെയെല്ലാം അഭിപ്രായം തേടിയ ശേഷമേ തീരുമാനമെടുക്കൂ. കുട്ടികൾക്ക് കൗൺസിലിങ് നൽകേണ്ടതുണ്ട്. അതിനാണ് പ്രാധാന്യം. വിദ്യാർഥികളുടെ മാനസികാവസ്ഥ ശരിയായാൽ മാത്രമേ പഠനത്തിൽ ശ്രദ്ധിക്കാൻ‌ പറ്റൂ.

പ്രധാന കെട്ടിടം നിർമിക്കും മുൻപ് താൽക്കാലിക കെട്ടിടം സ്കൂളുകൾക്കായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഷെഡ് കെട്ടണമോ വാടക കെട്ടിടം വേണോയെന്നെല്ലാം തീരുമാനിക്കണം. പാഠപുസ്തകങ്ങൾ അച്ചടിക്കാൻ നിർദേശം നൽകി. ഈ സ്കൂളുകൾ മാത്രമല്ല, മഴ ബാധിച്ച പ്രദേശങ്ങളിലെ വിദ്യാർഥികളെ കൂടി ലക്ഷ്യമിട്ടാകും പാഠപുസ്തക അച്ചടി. വിചാരിച്ചതിനേക്കാൾ അധികം അച്ചടി വേണ്ടി വരും. എല്ലാ വിദ്യാർ‌ഥികൾക്കും സ്കൂൾ കിറ്റ് കൊടുക്കും. കിറ്റിൽ ചോറ്റുപാത്രം, കുടിവെള്ള കുപ്പി, കുട ഉൾപ്പെടെ എല്ലാമുണ്ടാകും. സർക്കാർ കിറ്റ് നൽകാൻ തയാറാണ്. സന്മനസ് ഉള്ളവർക്ക് ഒപ്പം ചേരാം. ആദ്യഘട്ടത്തിൽ എല്ലാം കുട്ടികളെയും ഒരുമിച്ചിരുത്തി ക്ലാസെടുക്കുക ബുദ്ധിമുട്ടായിരിക്കും. ജില്ലയിലെ മറ്റ് സ്കൂളുകളിലെ യോഗ്യരായ അധ്യാപകരെ കൂടി പ്രദേശത്തേക്ക് സ്ഥലം മാറ്റും. അത് തികഞ്ഞില്ലെങ്കിൽ‌ സമീപ ജില്ലയായ കോഴിക്കോടുള്ള അധ്യാപകരെ നിയമിക്കും.

വിദ്യാർ‌ഥികൾക്ക് യൂണിഫോം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. എസ്എസ്എൽസി, പ്ലസ്ടൂ, ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർ‌ക്ക് അത് തിരികെ ലഭിക്കാനുള്ള കൗണ്ടർ അവിടെ തന്നെ തുടങ്ങും. കൗണ്ടറിൽ നിന്ന് ശേഖരിക്കുന്ന അപേക്ഷകളെല്ലാം തിരുവനന്തപുരത്ത് എത്തിച്ച ശേഷമാകും ക്രോഡീകരിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക. പണത്തിനു ധനവകുപ്പിനെ മാത്രം ആശ്രയിച്ചിരിക്കാൻ പറ്റില്ല. ആവശ്യത്തിനു പണം തരാൻ ജനം തയാറാണ്. അത്യാവശ്യം പണം വിദ്യാഭ്യാസ വകുപ്പിന്റെ പക്കലുണ്ട്. അതു തികയാത്ത സാഹചര്യം വന്നാൽ മറ്റുള്ള ജില്ലകളിലെ പ്ലാൻ ഫണ്ട് വെട്ടി കുറച്ചാണെങ്കിലും വയനാട്ടിൽ എല്ലാ സൗകര്യങ്ങളും ഉള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തും’’– ശിവൻകുട്ടി പറഞ്ഞു.

അർജുനെ കണ്ടെത്താൻ ശ്രമിക്കണം, കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ; സിദ്ധരാമയ്യക്ക് കത്തയച്ചു

0
Spread the love

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു. നിലവിൽ തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്. 

അടിയൊഴുക്ക് ശക്തമായ ഗംഗാവലി പുഴയിലേക്ക് ഇറങ്ങി  ഒരാൾക്ക് പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. സ്വമേധയാ പുഴയിലിറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവിൽ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. നാവികസേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു

‘ആവശ്യമായ നടപടി സ്വീകരിക്കും’; അർജുന്റെ കുടുംബാം​ഗങ്ങളെ കണ്ട് മുഖ്യമന്ത്രി

0
Spread the love

കോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ചു. തിരച്ചിലിന് വേണ്ട സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി അർജുൻ്റെ കുടുംബം അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്. കുടുംബാം​ഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുനെന്ന് ഉറപ്പ് നൽകി. തിരച്ചിൽ നടത്താൻ ഈശ്വർ മൾപ്പ തയ്യാറായെങ്കിലും അധികൃതർ സമ്മതിച്ചില്ലെന്ന് കുടുംബം അറിയിച്ചു. മൾപ്പെക്കെതിരെ കേസ് എടുക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നൽകിയെന്നും കുടുംബം ആരോപിച്ചു.

അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുകയാണെന്നും കാലാവസ്ഥ പ്രതികൂലമാണെന്നും ഇതിനാല്‍ ഇപ്പോള്‍ തെരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നുമാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

എന്‍റെ പരമാവധി ചെയ്യാൻ ഞാനും ആഗ്രഹിക്കുന്നു’; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി അല്ലു അര്‍ജുന്‍

0
Spread the love

രാജ്യത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ആശ്വാസമേകാന്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷമാണ് അല്ലു സംഭാവന ചെയ്തത്. തന്‍റെ എക്സ് പോസ്റ്റിലൂടെയാണ് അല്ലു ഇത് അറിയിച്ചത്.

വയനാട്ടിൽ ഈയിടെയുണ്ടായ ഉരുൾപൊട്ടലിൽ ഞാൻ അതീവ ദുഃഖിതനാണ്. കേരളം എല്ലായ്‌പ്പോഴും എനിക്ക് വളരെയധികം സ്‌നേഹം തന്നിട്ടുണ്ട്, പുനരധിവാസ പ്രവർത്തനങ്ങളെ സഹായിക്കാൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തുകൊണ്ട് എന്‍റെ പരമാവധി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു – അല്ലു അര്‍ജുന്‍ എക്സ് പോസ്റ്റില്‍ പറയുന്നു. നേരത്തെ 2018 പ്രളയകാലത്തും അല്ലു അര്‍ജുന്‍ കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts