Home Blog Page 80

യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന് പരാതി; നടി മിനു മുനീര്‍ പോലീസ് കസ്റ്റഡിയില്‍

0
Spread the love

യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീര്‍ പോലീസ് കസ്റ്റഡിയില്‍. 2014-ല്‍ ബന്ധുവായ യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി തമിഴ്‌നാട്ടില്‍ എത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടിയെ കസ്റ്റഡിയിലെടുത്തത്. ചെന്നൈ തിരുമംഗലം പോലീസ് ബുധനാഴ്ച രാത്രി നടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അപകീര്‍ത്തിക്കേസില്‍ നടന്‍ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ നേരത്തെ മിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്ത നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ചലച്ചിത്രരംഗത്തെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നപ്പോള്‍ ചില നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം നടത്തി മിനു മുനീര്‍ രംഗത്തെത്തിയിരുന്നു. ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെ ഫേസ്ബുക്ക് പേജിലൂടെയാണ് മിനു ആരോപണം ഉന്നയിച്ചിരുന്നത്.

‘കെയർ വേണം’; എന്നാൽ ഓവർ കെയർ ചെയ്ത് കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് മാതാപിതാക്കളും കുടുംബവും തിരിച്ചടിയാകരുതേ!

0
Spread the love

ഇക്കാലത്ത്, കുട്ടികളെ പരമാവധി സുരക്ഷിതരാക്കി വളർത്താനാണ് മിക്ക മാതാപിതാക്കളും ശ്രമിക്കുന്നത്. എന്നാൽ ഈ “സുരക്ഷ” എന്ന വാക്ക് പലപ്പോഴും “അമിത സംരക്ഷണത്തിൽ” അവസാനിക്കുന്നു. ആ സംരക്ഷണം നല്ലതാണോ അപകടകരമോ എന്നത് ഒരോ മാതാപിതാക്കളും ആലോചിക്കേണ്ടതാണ്. മാതാപിതാക്കൾ അമിത സംരക്ഷണം നൽകിക്കൊണ്ട് കുട്ടികളെ സുരക്ഷിതമായും സന്തോഷത്തോടേയും നിലനിർത്താനാണ് ഉദ്ദേശിക്കുന്നതെങ്കിലും അവരുടെ അമിതമായ ജാ​ഗ്രത കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് തിരിച്ചടിയാകാറാണ് പതിവ്.

കുട്ടികളുടെ ആദ്യ അധ്യാപകരെന്ന നിലയിൽ മാതാപിതാക്കൾ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവരുടെ മാർ​ഗനിർദ്ദേശം നിർണായകമാണ്. എന്നാൽ അമിതമായി സംരക്ഷണം നൽകുന്നത് ഭാവിയിൽ പല പ്രശ്‌നങ്ങൾക്കും വഴിയൊരുക്കും.

അമിത സംരക്ഷണം നൽകാനുള്ള കാരണങ്ങൾ എന്തൊക്കെയാകാം?

1.വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുട്ടിയാണെങ്കിൽ മാതാപിതാക്കൾ പലപ്പോഴും അമിത ജാഗ്രത പുലർത്തുന്നു.

2. ഒരേയൊരു കുട്ടിയാണ് ഉള്ളതെങ്കിൽ അമിതമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കൾക്ക് തോന്നിയേക്കാം.

3. അമ്മയുടെയോ അച്ഛന്റെയോ മാത്രം സംരക്ഷണത്തിൽ വളരുന്ന കുട്ടികൾ ആണെങ്കിൽ അവരുടെ കാര്യത്തിൽ രക്ഷിതാവ് അമിത സംരക്ഷണം നൽകുന്ന സാഹചര്യം ഉണ്ടാകാം.

4. പഴയ തലമുറയിലെ ആളുകളിൽ സംരക്ഷണ സമീപനം കൂടുതലായി കാണാറുണ്ട്.

അമിത സംരക്ഷണത്തിന്റെ അനന്തരഫലങ്ങൾ

1. ഉത്കണ്ഠയും പരാജയത്തേക്കുറിച്ചുള്ള നിരന്തരമായ ഭയവും

2. പുതിയതോ വെല്ലുവിളി നിറഞ്ഞതോ ആയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ വിട്ടുമാറി നിൽക്കുന്ന പെരുമാറ്റ രീതികൾ

3. തീരുമാനമെടുക്കുന്നതിന് മറ്റുള്ളവരെ അമിതമായി ആശ്രയിക്കുക

4. സ്വന്തം ആവശ്യങ്ങള്‍ തുറന്നു പറയാനുള്ള ബുദ്ധിമുട്ട്

5. സമപ്രായക്കാരുമായുള്ള സാമൂഹിക ഇടപെടലുകളിൽ ആത്മവിശ്വാസക്കുറവ്

6. മറ്റുള്ളവർ കളിയാക്കുമോ എന്ന പേടിയിൽ നിലകൊണ്ട് വരിക

അമിത സംരക്ഷണം നല്ലത് എന്ന് തോന്നാം, പക്ഷേ അതിന്റെ പേരിൽ കുട്ടികളുടെ സ്വാതന്ത്ര്യവും ആത്മവിശ്വാസവുമെല്ലാം നശിപ്പിക്കേണ്ടതില്ല. കുടുംബം സ്നേഹത്തിന്റെയും കരുതലിന്റെയും സ്ഥലമാണ്. പക്ഷേ അതേ സമയം, അതൊരു പരിശീലനപഠശാലയും ആകണം. ഭാവിയിലെ ജീവിതത്തിൽ തങ്ങൾ നേരിടേണ്ട എല്ലാ വെല്ലുവിളികൾക്കും തയ്യാറായ വ്യക്തികളായി വളരാൻ കുട്ടികൾക്ക് സഹായകരമാകുന്ന മാതാപിതാക്കളാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

‘വിജയ് ബാബു മാനസികരോ​ഗി, മറുപടി അർഹിക്കുന്നില്ല’; കടുത്ത പ്രയോഗവുമായി സാന്ദ്രാ തോമസ്

0
Spread the love

വിജയ് ബാബു മാനസികരോ​ഗിയാണെന്ന് നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ ദിവസം തന്നെ വിമര്‍ശിച്ച് വിജയ് ബാബു പങ്കുവെച്ച കുറിപ്പിന് സാന്ദ്രാ തോമസ് മറുപടി നല്‍കിയിരുന്നു. ഇതിന് വീണ്ടും പ്രതികരണവുമായി വിജയ് ബാബു എത്തി. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങൾക്ക് മുന്നിൽ വിമർശനവുമായി സാന്ദ്രാ തോമസ് എത്തിയത്.

വിജയ് ബാബു മറുപടി അർഹിക്കുന്നില്ലെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. വിജയ് ബാബു അവസരം മുതലാക്കിയതാണ്. ഒരു അസുഖമുള്ളയാളുടെ പ്രശ്നമായി മാത്രം അതിനെ കണ്ട് തള്ളിക്കളയുകയാണ് നല്ലതെന്ന് തോന്നുന്നു. വിജയ് ബാബുവിനുള്ള മറുപടി ഫെയ്സ്ബുക്കിലൂടെതന്നെ കൊടുത്തതാണ്. തിരഞ്ഞെടുപ്പിൽ പ്രതീക്ഷയുണ്ട്. പത്തിരുപത്തഞ്ച് വർഷമായി ഭരിക്കുന്ന പാനലാണ്. ആ പാനൽ തകരുന്ന കാഴ്ച വ്യാഴാഴ്ച എല്ലാവരും കാണുമെന്നും സാന്ദ്ര പറഞ്ഞു.

ഞാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. മുൻവർഷങ്ങളിലൊന്നും ഇല്ലാത്തതുപോലെ ഒരുപാടുപേർ എന്നെപ്പോലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. അവർക്കൊക്കെ മലയാളം ചലച്ചിത്ര മേഖലയ്ക്കുതന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. സാന്ദ്ര പറഞ്ഞു.

കഴിഞ്ഞ ദിവസം സാന്ദ്രയ്ക്ക് താക്കീത് നല്‍കിയുള്ള ഒരു കുറിപ്പ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നന്ദി സാന്ദ്ര, എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്. അവര്‍ മനുഷ്യരെക്കാള്‍ വിശ്വസ്തരാണെന്ന വാക്കുകളോടാണ് ഈ കുറിപ്പ് അവസാനിപ്പിച്ചത്. ഇതിനോടുള്ള പ്രതികരണമായാണ് സാന്ദ്ര തോമസിന്റെ ഇന്നത്തെ കുറിപ്പ്. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാല്‍, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍, സാന്ദ്രയുടെ പോസ്റ്റിന് തൊട്ടുപിന്നാലെ തന്നെ വിജയ് ബാബുവിന്റെ പ്രതികരണവും എത്തി. പങ്കാളിത്തം അവസാനിച്ചപ്പോള്‍ ഞാന്‍ നിനക്ക് പകരം ഒരാളെ ദത്തെടുത്തു. അതെ സാന്ദ്ര നീ പറഞ്ഞത് ശരിയാണ്. അത് നിന്നേക്കാള്‍ വിശ്വാസ്യതയുള്ളതാണ് എന്നായിരുന്നു ഒരു നായയുടെ ചിത്രം പങ്കുവെച്ച് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് ഉത്തരം പറയാന്‍ സമയമില്ലെന്നും വിജയ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

‘സൗബിന്റെ കൂലി’; റിലീസിന് പിന്നാലെ വന്‍ പ്രേക്ഷകപ്രീതി സ്വന്തമാക്കി നടൻ

0
Spread the love

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായി എത്തിയ കൂലി റിലീസായിരിക്കുകയാണ്. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നതെങ്കിലും ഏവരും ഒരുപോലെ പുകഴ്ത്തുന്ന താരം മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിറാണ്. ചിത്രത്തില്‍ അടിമുടി മികച്ചുനില്‍ക്കുന്നത് സൗബിനാണെന്നാണ് പ്രേക്ഷകപ്രതികരണം. മോണിക്ക പാട്ടിലെ ഡാന്‍സിലൂടെ നേരത്തെ തന്നെ തമിഴ്‌നാട്ടില്‍ ആരാധകരെ നേടിയെടുത്തിരുന്ന സൗബിന് കൂലി റിലീസോടെ വന്‍ പ്രേക്ഷകപ്രീതി ഇരട്ടിച്ചിരിക്കുകയാണ്.

ജയിലറില്‍ രജനിയുടെ നേര്‍ക്കുനേര്‍ നിന്ന് വിറപ്പിച്ച വിനായകനെ പോലെ സൗബിനും സൂപ്പര്‍സ്റ്റാറിന് മുന്നില്‍ വമ്പന്‍ പ്രകടനം കാഴ്ചവെച്ചുവെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. ഡാന്‍സിലും അഭിനയത്തിലും വന്‍ എനര്‍ജിയാണ് സൗബിന്‍ കാഴ്ചവെക്കുന്നതെന്നും സീനുകളെ എലവേറ്റ് ചെയ്യുന്നതില്‍ പോലും നടന്റെ സ്‌ക്രീന്‍ പ്രസന്‍സ് വലിയ പങ്കുവഹിക്കുന്നെന്നും ഒരുപാട് പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ വലിയ വിജയമായ സമയത്ത് തന്നെ കുട്ടേട്ടനായി എത്തിയ സൗബിന്റെ പ്രകടനം തമിഴ് സിനിമയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. കൂലിയിലെ ദയാല്‍ എന്ന റോളിന് സൗബിന്‍ ചേരുമോ എന്ന് രജനികാന്തിന് സംശയമുണ്ടായ സമയത്തും മഞ്ഞുമ്മല്‍ ബോയ്‌സിലെ പ്രകടനമായിരുന്നു ലോകേഷ് ചൂണ്ടിക്കാണിച്ചിരുന്നത്.

കൂലിയുടെ ട്രെയിലര്‍ ലോഞ്ചില്‍ രജനികാന്തും ലോകേഷും നാഗാര്‍ജുനയും തുടങ്ങി എല്ലാവരും പ്രത്യേകം എടുത്തുപറഞ്ഞ് പ്രശംസിച്ചത് സൗബിനെയായിരുന്നു. കൂലി റിലീസിന് ശേഷം സൗബിനെ കുറിച്ച് ഏവരും പുകഴ്ത്തി പറയുമെന്ന് അന്ന് ഇവരെല്ലാം പറഞ്ഞത് ഇപ്പോള്‍ സത്യമായിരിക്കുകയാണ്.

‘വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാം; എന്നാല്‍ പട്ടി വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടി’, സോഷ്യൽ മീഡിയയിൽ കൊമ്പ് കോർത്ത് സാന്ദ്രയും വിജയും

0
Spread the love

നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്പരം പോരടിച്ച് സിനിമ നിര്‍മാതാക്കളായ സാന്ദ്ര തോമസും വിജയ് ബാബുവും. കഴിഞ്ഞ ദിവസം സാന്ദ്ര തോമസിനെ വിമര്‍ശിച്ച് വിജയ് ബാബു പങ്കുവെച്ച കുറിപ്പിനാണ് സാന്ദ്ര തോമസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മറുപടി നല്‍കിയിരിക്കുന്നത്.

വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാല്‍, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം സാന്ദ്രയ്ക്ക് താക്കീത് നല്‍കിയുള്ള ഒരു കുറിപ്പ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നന്ദി സാന്ദ്ര, എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്. അവര്‍ മനുഷ്യരെക്കാള്‍ വിശ്വസ്തരാണെന്ന വാക്കുകളോടാണ് ഈ കുറിപ്പ് അവസാനിപ്പിച്ചത്.

ഇതിനോടുള്ള പ്രതികരണമായാണ് സാന്ദ്ര തോമസിന്റെ ഇന്നത്തെ കുറിപ്പ്. എന്നാല്‍, സാന്ദ്രയുടെ പോസ്റ്റിന് തൊട്ടുപിന്നാലെ തന്നെ വിജയ് ബാബുവിന്റെ പ്രതികരണവും എത്തി. പങ്കാളിത്തം അവസാനിച്ചപ്പോള്‍ ഞാന്‍ നിനക്ക് പകരം ഒരാളെ ദത്തെടുത്തു. അതെ സാന്ദ്ര നീ പറഞ്ഞത് ശരിയാണ്. അത് നിന്നേക്കാള്‍ വിശ്വാസ്യതയുള്ളതാണ് എന്നായിരുന്നു ഒരു നായയുടെ ചിത്രം പങ്കുവെച്ച് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് ഉത്തരം പറയാന്‍ സമയമില്ലെന്നും വിജയ് പോസ്റ്റില്‍ പറയുന്നു.

അതേസമയം, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍മാതാവ് സാന്ദ്രാ തോമസിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹര്‍ജി തള്ളിയത്. വരണാധികാരിയെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. മൂന്ന് ഹര്‍ജികളുമായാണ് സാന്ദ്രാ തോമസ് കോടതിയെ സമീപിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തരുത്, വരണാധികാരിയെ മാറ്റണം, അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണം എന്നീ ആവശ്യങ്ങളായിരുന്നു സാന്ദ്ര ഉന്നയിച്ചത്.

വിധി അപ്രതീക്ഷിതവും നിരാശാജനകമാണെന്നും സാന്ദ്രാ തോമസ് ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ എക്സിക്യൂട്ടീവ് പദവികളിലേക്ക് മത്സരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് സാന്ദ്ര കോടതിയില്‍ വാദിച്ചിരുന്നു. തിരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിയമവിരുദ്ധമായാണ് തന്റെ പത്രിക തള്ളിയതെന്നായിരുന്നു സാന്ദ്രയുടെ ആരോപണം.

എന്റെ കഥ എല്ലാവരും അറിഞ്ഞതുകൊണ്ട് ഒരുപകാരമില്ല, പക്ഷേ ചിലർ അത് കേൾക്കേണ്ടതുണ്ട്; തന്റെ കാൻസർ അതിജീവന യാത്രയെ കുറിച്ച് ജുവൽ മേരി

0
Spread the love

മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടിയും അവതാരകയുമായ ജുവൽ മേരി. തന്റെ കാൻസർ അതിജീവന യാത്രയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തിൽ ജുവൽ തുറന്നു പറഞ്ഞത്. 2023ൽ തനിക്ക് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചുവെന്നും ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമെല്ലാം ഒടുവിൽ താൻ രോഗത്തെ അതിജീവിച്ചു എന്നുമായിരുന്നു ജുവൽ തുറന്നു പറഞ്ഞത്. തന്റെ കാൻസർ പോരാട്ടത്തെ കുറിച്ചും ഡിവോഴ്സിനെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞത് സമാന അവസ്ഥകളിലൂടെ കടന്നുപോവുന്നവർക്ക് ഏതെങ്കിലും രീതിയിൽ അവർക്ക് ഗുണകരമാവുമെങ്കിൽ ആവട്ടെ എന്നോർത്താണെന്നും ജുവൽ കൂട്ടിച്ചേർത്തു.

“2023ൽ നടന്ന സർജറിയെ കുറിച്ച് ഇപ്പോൾ എന്തിനു പറയുന്നു എന്നാണ് പലരും ചോദിക്കുന്നത്. പലർക്കും കാര്യം മനസ്സിലായിട്ടില്ല. ഞാനിപ്പോഴും അസുഖബാധിതയാണെന്ന് ചിലർ കരുതുന്നത്. എന്റെ ട്രീറ്റ്‌മെന്റ് പൂർണമായി കഴിഞ്ഞു. എനിക്കിപ്പോൾ യാതൊരു അസുഖവുമില്ല. ഇപ്പോൾ ഞാൻ പെർഫെക്റ്റ്ലി ഹെൽത്തി ആയിട്ടുള്ളൊരു ആളാണ്. ഇതൊക്കെ എന്തിനാണ് പറയുന്നു എന്നു ചോദിക്കുന്നവരോട്, എന്റെ ഡിവോഴ്സ് ആയാലും കാൻസർ ആയാലും സമാനമായ ചുറ്റുപാടുകളിലൂടെ കടന്നുപോവുന്ന ഒരുപാട് പേർ കാണും. അവർക്കു വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്.  ഒരുപാട് ഇരുട്ടുള്ളൊരു കടലിലൂടെ പോവുമ്പോൾ എവിടെയെങ്കിലും ഒരു ലൈറ്റ് ഹൗസ് കാണുന്നത് നമുക്ക്  ദിശ മനസ്സിലാക്കാൻ  എളുപ്പമാണെന്നു പറയും. ഞാൻ ചെറിയൊരു ചൂട്ട് കത്തിച്ചതേയുള്ളൂ. അത് വേണ്ടവർക്ക് മാത്രം വേണ്ടിയാണ്. എന്റെ കഥ എല്ലാവരും അറിഞ്ഞതുകൊണ്ട് ഒരുപകാരമില്ല. പക്ഷേ ചിലർ അത് കേൾക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാൻ തുറന്നു പറഞ്ഞത്,” ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ജുവൽ വ്യക്തമാക്കി.

തന്റെ കാൻസർ പോരാട്ട ദിവസങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ജുവൽ വീഡിയോയിൽ പങ്കിട്ടു. “ആ സമയത്തെ യാത്ര ചെറുതായി നിങ്ങളെ കാണിക്കാം. ഞാനത് എപ്പോഴും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞത് കഴിഞ്ഞു. വരാനുള്ളത് വരും. ഇപ്പോഴുള്ളതാണ് ജീവിതം, കൂടെയിൽ നസ്രിയ പറഞ്ഞതു പോലെ. നമ്മൾ ഇന്ന് ജീവിക്കുക. മരിക്കാൻ സമയമാവുമ്പോൾ മരിച്ചോളും. അപ്പോ മരിക്കാന്നെ. അതുവരെ നമുക്കു ജീവിക്കാം.” “സർജറിയ്ക്കു മുൻപുള്ള ചിത്രമാണ്. പേടിയുണ്ടായിരുന്നു പക്ഷേ ഞാൻ ചിരിച്ചു. സർജറി കഴിഞ്ഞിട്ടും ഞാൻ ഒരുങ്ങി പൊട്ടൊക്കെ തൊട്ട് ചിരിച്ചുകൊണ്ടേയിരുന്നു.  അന്ന് ഞാൻ ചിരിക്കുകയായിരുന്നു. ഇന്നും അതൊക്കെ ഓർക്കുമ്പോൾ ഞാൻ ചിരിക്കുകയാണ്. കാരണം അയാം ബ്ലഡി സർവൈവ്ഡ് ഇറ്റ്,” ജുവൽ കൂട്ടിച്ചേർത്തു

സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേത്; കേസിൽ നിർണായക വഴിത്തിരിവ്

0
Spread the love

ഏറ്റുമാനൂരിലെ ജൈനമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പള്ളിപ്പുറത്തെ  സെബാസ്റ്റ്യന്റെ  വീട്ടില്‍ നിന്നും കണ്ടെത്തിയ രക്തക്കറ കാണാതായ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

സെബാസ്റ്റ്യന്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളും ജൈനമ്മയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2024 ഡിസംബര്‍ 23 നാണ് ജൈനമ്മയെ കാണാതാകുന്നത്. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, വീടിന് പിന്നിലെ മുറിയില്‍ നിന്നാണ് രക്തക്കറ പൊലീസിന് ലഭിച്ചത്.

ഫോറന്‍സിക് സംഘം രക്തക്കറ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രക്തക്കറ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ, ജൈനമ്മ തിരോധാനക്കേസ് കൊലപാതകക്കേസായി മാറിയതായി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ജൈനമ്മയുടെ ശരീരത്തില്‍ പത്തുപവനോളം സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നു.

ഈ സ്വര്‍ണത്തിനു വേണ്ടിയാണ് സെബാസ്റ്റ്യന്‍ ജൈനമ്മയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ചേര്‍ത്തലയിലെ പല സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലെത്തിയാണ് സെബാസ്റ്റ്യന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചിരുന്നത്. കോട്ടയം ക്രൈംബ്രാഞ്ചാണ് ജൈനമ്മ തിരോധാനക്കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

ആട് 3ൽ ഷാജി പാപ്പനെ കളഞ്ഞ് പൊന്നപ്പനൊപ്പം പോയ മേരിയും തിരിച്ചെത്തുന്നു, സ്രിന്ധ ഷൂട്ടിൽ ജോയിൻ ചെയ്തു

0
Spread the love

ഷാജി പാപ്പന്റെ ജീവിതം തകർത്ത് ഡ്രൈവർ പൊന്നപ്പനൊപ്പം ഒളിച്ചോടിയ മേരിയെ ആട് 3 ലും കാണാം. ആട് 3 യുടെ പാലക്കാടെ ലൊക്കേഷനിൽ സ്രിന്ധ ജോയിൻ ചെയ്തു. ജയസൂര്യ നായകനായി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 ൽ അതിഥി വേഷത്തിൽ എത്തി സ്രിന്ധ പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയ താരം ആണ് സ്രിന്ധ. ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്. 1983യിൽ സച്ചിനെ അറിയാത്ത ഹിന്ദി സിനിമകൾ കാണാത്ത സുശീലയെ അവതരിപ്പിച്ചതോടെ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചു. വർഷങ്ങൾ എത്ര കഴിഞ്ഞാലും കഥാപാത്രങ്ങളിലൂടെ തന്നെ ഓർക്കണമെന്ന ആഗ്രഹമാണ് സ്രിന്ധയ്ക്ക്.

അന്നയും റസൂലും , മംഗ്ളീഷ്, ടമാർ പഡാർ, ലോഹം, ടു കൺട്രീസ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ട്രാൻസ്. ഇരട്ട, ബോഗയ്‌ൻ വില്ല തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കമ്മട്ടിപ്പാടത്തിൽ ഷോൺ റോമിയും തൊണ്ടി മുതലും ദൃക്സാക്ഷിയിൽ നിമിഷ സജയനും സൗദി വെള്ളക്കയിൽ ധന്യ അനന്യയും സ്രിന്ധയുടെ ശബ്ദത്തിലാണ് സംസാരിച്ചത്. ഉടുമ്പൻചോല വിഷൻ ആണ് സ്രിന്ധയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

കയ്യിൽ പല ബോംബും ഇരിപ്പുണ്ട് പുറത്തു വിടാത്തത് സംഘടന മോശമാകാതിരിക്കാൻ; സജി നന്ത്യാട്ട്

0
Spread the love

ഫിലിം ചേമ്പർ പ്രസിഡന്റാകാതിരിക്കാൻ തനിയ്ക്ക് എതിരെ വലിയ നാടകം നടക്കുന്നുണ്ടെന്ന് സജി നന്ത്യാട്ട്. നിസാര കാരണങ്ങൾ പറഞ്ഞാണ് എല്ലാം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ യോഗങ്ങൾ വിളിക്കാൻ പാടില്ല. എന്നാൽ, ഇന്നലെ അതിനെ എല്ലാം മറികടന്നു യോഗം ചേർന്നു. ഫിലിം ചേമ്പർ കെട്ടിട നിർമ്മാണത്തിലെ അടക്കം ചില അഴിമതികൾ കണ്ടെത്തിയതാണ് വൈരാഗ്യത്തിന് കാരണമെന്നും ഭൂരിപക്ഷം നിർമ്മാതാക്കളും വിതരണക്കാരും തനിക്ക് ഒപ്പമാണെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.

സാന്ദ്ര എന്ന വ്യക്തിയെ പിന്തുണക്കുന്നില്ലെന്ന് സജി നന്ത്യാട്ട് പറഞ്ഞു. അവർ ഉയർത്തിയ ചില കാര്യങ്ങളെയാണ് താൻ പിന്തുണച്ചത്. സാന്ദ്രയുടെ കാര്യത്തിൽ ഇന്ന് കോടതി തീരുമാനിക്കും. ബൈലോ പ്രകാരം സാന്ദ്രയ്ക്ക് മത്സരിക്കാം. മത്സരമായി മുന്നോട്ട് പോകാനാണ് തീരുമാനം. സാന്ദ്രയുടെ കേസിൽ കോടതി വിധി എതിരാണെങ്കിൽ പ്രസിഡന്റായി തന്നെ മത്സരിക്കുമെന്നും അല്ലെങ്കിൽ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.

ഫിലിം ചേമ്പർ ഒരു കുടുംബമാണെന്ന് സജി നന്ത്യാട്ട് പറഞ്ഞു. അവിടെ സിനിമ നിർമ്മാതാക്കൾക്കും എല്ലാവർക്കും എപ്പോഴും കയറി ചെല്ലാൻ കഴിയണം. തന്റെ കയ്യിൽ പല ബോംബും ഇരിപ്പുണ്ടെന്നും അതൊന്നും പുറത്തു വിടാത്തത് സംഘടന മോശമാകാതിരിക്കാനാണെന്നും പറഞ്ഞ അദ്ദേഹം ഇവിടെ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്നും ആരോപിച്ചു.

അനിൽ തോമസിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് സജി നന്ത്യാട്ട് ഉന്നയിച്ചത്. അനിൽ തോമസാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നതെന്നും അനിൽ തോമസിന്റെ സിനിമക്ക് സാന്ദ്ര പണം മുടക്കാൻ തയ്യാറാകാത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഫിലിം ചേമ്പർ പ്രസിഡന്റ്‌ സ്ഥലത്തേക്ക് തനിക്ക് എതിരെ പ്രവർത്തിക്കുന്നത് അനിൽ തോമസാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പ്രശ്നക്കാരനല്ലെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.

സാറ്റലൈറ്റ് മേടിച്ചു നൽകാമെന്ന് പറഞ്ഞ് ഒരു ഡോക്ടറുടെ കയ്യിൽ നിന്നും അനിൽ തോമസ് 85 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണവും സജി നന്ത്യാട്ട് ഉന്നയിച്ചു. മാധ്യമങ്ങളിൽ ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഈ തട്ടിപ്പ് നടത്തിയത്. ഡോക്ടർക്ക് തിരികെ ലഭിച്ചത് 13,000 രൂപ മാത്രമാണെന്നും അനിൽ തോമസ് ഈ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ‘8 മാസം കൊണ്ട് അക്കൗണ്ടിൽ വന്നത് 40 ലക്ഷം രൂപ’, കുറ്റം സമ്മതിച്ച് പ്രതി ദിവ്യ ഫ്രാൻസിസ്

0
Spread the love

നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതി പ്രതി ദിവ്യ ഫ്രാൻസിസ് പൊലീസിനോട് കുറ്റം സമ്മതിച്ചു. ദിവ്യയെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മുന്‍ ജീവനക്കാരിയായ പ്രതിയുടെ കുറ്റസമ്മതം. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ദിവ്യ ഫ്രാൻസിസ് പൊലീസിനോട് സമ്മതിച്ചു. ഏറ്റവും കൂടുതൽ പണം വന്നത് ദിവ്യയുടെ അക്കൗണ്ടിലേക്കാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. 40 ലക്ഷം രൂപയാണ് 8 മാസം കൊണ്ട് ദിവ്യയുടെ അക്കൗണ്ടിൽ വന്നത്. ഇതില്‍ ഒരു ലക്ഷം രൂപക്ക് സ്വർണം വാങ്ങിയെന്നും ദിവ്യ ഫ്രാൻസിസ് പൊലീസിന് മൊഴി നല്‍കി. 

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ കഴിഞ്ഞ ദിവസമാണ് ദിവ്യ ഫ്രാൻസിസാണ് കീഴടങ്ങിയത്. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ നേരത്തെ കീഴടങ്ങിയിരുന്നു. ക്യൂ ആര്‍ കോഡ് വഴി പണം തട്ടിയെന്ന് എന്നിവരും പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ജീവനക്കാരികള്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് പരാതി. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്ന് ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.

ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു ദിയയുടെ പരാതി. 40 ലക്ഷത്തിൻ്റെ തട്ടിപ്പ് നടന്നെന്നാണ് ഇതുവരെ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തട്ടിയെടുത്ത പണം പ്രതികൾ പങ്കിട്ടെടുത്തു. തട്ടിപ്പ് പണം സ്വർണം വാങ്ങാനും ഉപയോഗിച്ചെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞത്. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനായുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. രണ്ടാം പ്രതി രാധയുടെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts