Home Blog Page 85

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

0
Spread the love

നടി ശ്വേത മേനോനെതിരെ പൊലീസ് കേസ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്. പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.

പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. എന്നാല്‍ പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോവുകയും അവിടെനിന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പൊലീസിന്‍റെ കേസ് എടുക്കുകയുമായിരുന്നു. നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്ന് എഫ്ഐആറിലുണ്ട്.

ഷൂട്ടിന്റെ സമയത്തു പോലും മൂഡ് ഓഫ് ആയി ഇരിക്കും; ഉറങ്ങാൻ പോലും കഴിയില്ല, കേസിന്റെ വിധിക്കായി കാത്തിരിക്കുകയാണെന്ന് ഹരിശ്രീ അശോകൻ

0
Spread the love

ആശിച്ച് മോഹിച്ച് നടൻ ഹരിശ്രീ അശോകൻ കൊച്ചിയിൽ വച്ച ‘പഞ്ചാബിഹൗസ്’ എന്ന വീടും ആ വീടിന്റെ പിന്നീടുണ്ടായ ദുരവസ്ഥയുമെല്ലാം ഇപ്പോൾ മാധ്യമങ്ങളിലൂടെ പലർക്കുമറിയാം. വീടിന്റെ നിർമാണത്തിൽ വരുത്തിയ പിഴവിന് നഷ്ടപരിഹാരമായി 17.83 ലക്ഷം രൂപ നൽകാൻ അടുത്തിടെ നിർമാണ പ്രവർത്തനം നടത്തിയ 3 പേർക്ക് കോടതി വിധിച്ചിരുന്നു.

വീടിന്റെ അവസ്ഥയെ കുറിച്ചും സിനിമയിൽ നിന്നും അത്യാവശ്യം പൈസ കിട്ടിയ അവസരത്തിൽപോലും ചീത്തയായ ടൈലുകൾ മാറ്റാൻ ഹരിശ്രീ അശോകൻ തയ്യാറാവാത്തതിനെ കുറിച്ചും മകൻ മകൻ അർജുൻ അശോകനും ചില ഇന്റർവ്യൂകളിൽ തുറന്നു പറഞ്ഞിരുന്നു. നിയമപരമായി മാത്രം നീതി ഉറപ്പാക്കണമെന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നത് കൊണ്ടാണ് തന്നെ വീട് നന്നാക്കാൻ അനുവദിക്കാത്തതെന്നും അർജുൻ അശോകൻ പറനിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ചും നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിട്ടും തരാൻ വിസമ്മതിക്കുന്നവരെ കുറിച്ചും പറയുകയാണ് ഹരിശ്രീ അശോകൻ.

ഹരിശ്രീ അശോകന്റെ വാക്കുകൾ..

വീട് വച്ച വർഷം തന്നെ ടൈൽ പൊട്ടിത്തുടങ്ങി. ആ സമയത്ത് ടൈൽ ഇട്ട ആൾക്കാർ എന്റെ വീട്ടിൽ വന്ന് പരിശോധിച്ച് ശരിയാക്കിത്തരാം എന്ന് പറഞ്ഞു. പിന്നീട് അവർ വരാതെയായി. ഇക്കാര്യം ടൈൽ കടക്കാരനോട് പറഞ്ഞു. സിനിമാ തിരക്ക് കാരണം ഞാൻ ഇവരെ വിളിക്കുന്നത് കുറഞ്ഞു. അവർ ഈ വിഷയത്തിൽ ഒരു പരിഹാരം കണ്ടില്ല. അതുകഴിഞ്ഞതിന് ശേഷമാണ് കോടതിയിൽ കേസ് കൊടുത്തത്. എനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേസിൽ വിധിയായി. അതിൽ രണ്ട് പേർ നഷ്ടപരിഹാരം നൽകി. ഒരാൾ ഇതുവരെ നൽകിയിട്ടില്ല.ഇപ്പോൾ ഏഴ് വർഷമായി ആ കേസ്. എന്താകും ആ കേസിൽ വിധിയെന്ന് അറിയാൻ ഞാൻ കാത്തിരിക്കുകയാണ്. കാരണം, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒന്നുമില്ലായ്മയിൽ നിന്നാണ് ഇവിടം വരെ എത്തിയത്. സംഭവത്തിൽ കോടതി കയറേണ്ടിവന്നു.

സിനിമ എന്ന് പറയുന്നത് നിസാര കാര്യമല്ല. ഭയങ്കര ബുദ്ധിമുട്ടാണ്. രാവും പകലുമെന്നില്ലാതെ വെയിലും മഴയും കൊണ്ട് നമ്മൾ ഉണ്ടാക്കിയ പൈസയ്ക്കാണ് സ്വപ്നം പോലെ ഒരു വീടുവച്ചത്. ആ വീടിനാണ് ഇങ്ങനെ സംഭവിച്ചത്.ഇപ്പോഴും എനിക്ക് ഭയങ്കര വിഷമമാണ്. ശരിക്കും ഓർത്താൽ ഉറങ്ങാൻ പോലും കഴിയില്ല. അഭിനയിക്കുന്ന സമയത്ത് സുഹൃത്തുക്കൾ ചോദിക്കും എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നേ? അപ്പോ കേസിന്റെ ഡേറ്റ് വന്നിട്ടുണ്ടാവും. മാനസികമായി ഇപ്പോഴും എനിക്ക് ഭയങ്കര വിഷമമുണ്ട്. ഒരു പാർട്ടി ആ കേസിൽ അപ്പീൽ പോയിട്ടുണ്ട്. കോടതി ഇനി എന്താണ് പറയുന്നതെന്ന് അറിയണം’

‘ഗോസിപ്പുകൾക്കുള്ള മറുപടിയാണ് ഈ താലിമാല’; ജാൻമണിയും അഭിഷേകും വിവാഹിതരായി

0
Spread the love

അസമില്‍ നിന്നു കേരളത്തിലെത്തി ഇന്നു സെലിബ്രിറ്റി മേക്ക് അപ്പില്‍ ടോപ് പൊസിഷനില്‍ നില്‍ക്കുന്ന മേക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്‍മണി ദാസ്. ട്രാന്‍സ്ജെന്‍ഡര്‍ കൂടിയായ ജാന്‍മണി ക്വീര്‍ കമ്മ്യൂണിയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുമുണ്ട്.

ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായതോടെയാണ് ജാൻമണി വലിയ താരപദവി നേടിയത്. ഇതിൽ സഹമത്സരാർത്ഥിയായിരുന്ന അഭിഷേകുമായി ജാൻമണിയ്ക്ക് അടുത്ത സൗഹൃദമാണുള്ളത്. ഇരുവരും ഒന്നിച്ചുള്ള റീൽസ് വിഡിയോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. രണ്ടാളും ലിവിങ് റിലേഷനിലാണെന്നും വിവാഹിതരാകാനൊരുങ്ങുന്നു എന്നുമൊക്കെ ഗോസിപ്പുകളുണ്ടായി.

ഇപ്പോഴിതാ, ജാൻമണിയും അഭിഷേകും ഒന്നിച്ചുള്ള ഒരു വിവാഹ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. രണ്ടാളും പൂമാലയണിഞ്ഞ്, വധൂവരൻമാരെപ്പോലെയാണ് വിഡിയോയിൽ. സീമന്തരേഖയില്‍ സിന്ദൂരവുമണിഞ്ഞിട്ടുണ്ട് ജാൻമണി. ഇവർ വിവാഹിതരായെന്നും അല്ല, ഇതൊരു ഫോട്ടോഷൂട്ട് മാത്രമാണെന്നും സൂചനകളുണ്ട്. വിവാഹവേഷത്തിൽ ഓൺലൈന്‍ മാധ്യമങ്ങളോട് സംസാരിക്കവേ, ‘ഒരുപാടുകാലം ആഗ്രഹിച്ചാണ് ഈ ഒരു മുഹൂര്‍ത്തം, സത്യം’ എന്നാണ് ജാൻമണി പറയുന്നത്. ‘ഗോസിപ്പുകൾക്കുള്ള മറുപടിയാണ് ഈ താലിമാലയും വരണമാല്യവും’ എന്നും ഇരുവരും പറയുന്നു. എന്നാൽ എന്താണ് സംഗതി എന്നതിൽ ആരാധകർ സംശയത്തിലാണ്.

എന്റെ പത്രിക തള്ളിയത് അവരുടെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുമോ എന്ന ഭയം കാരണം: സാന്ദ്ര തോമസ്

0
Spread the love

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നടക്കുന്നത് കോടികളുടെ അഴിമതിയെന്ന് നിർമാതാവ് സാന്ദ്ര തോമസ്. തന്റെ നോമിനേഷൻ തള്ളിയതോടെ ധാർമികമായി ജയിച്ചെന്നും പത്രിക തള്ളിയത് മറ്റ് നിർമാതാക്കളുടെ തട്ടിപ്പ് പുറത്തുവരാതിരിക്കാൻ ആണെന്നും സാന്ദ്ര തോമസ് പറഞ്ഞു

‘ജി സുരേഷ് കുമാർ, സിയാദ് കോക്കർ, സന്ദീപ് സേനൻ, ആന്റോ ജോസഫ് തുടങ്ങിയവരുടെ ഗുണ്ടായിസം ഉപയോഗിച്ച് നിർമാതാക്കളെ നിശബ്ദരാക്കുന്നു. എന്റെ നോമിനേഷൻ തള്ളിയതോടെ ധാർമികമായി ഞാൻ ജയിച്ചു. പത്രിക തള്ളിയത് അവരുടെ തട്ടിപ്പുകൾ ഞാൻ പുറത്തുകൊണ്ടുവരുമോ എന്ന ഭയം കാരണമാണ്. തട്ടിപ്പുകളും വഴിവിട്ട ഇടപാടുകളും എല്ലാകാലത്തും മറച്ചുവെക്കാൻ കഴിയില്ല. നിർമ്മാതാക്കളുടെ സംഘടന തട്ടിപ്പ് സംഘമായി മാറിയിരിക്കുകയാണ്’ സാന്ദ്ര പറഞ്ഞു.

അതേസമയം, നിർമാതാക്കളുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളിയിരുന്നു. ട്രഷറർ, പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചിരുന്നത്. ഇത് രണ്ടുമാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമിക്കണമെന്ന് മാനദണ്ഡം ഉണ്ടായിരുന്നു. എന്നാൽ ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നീ രണ്ട് ചിത്രങ്ങൾ മാത്രമായിരുന്നു സാന്ദ്ര നിർമിച്ചത്. ഈ കാരണം കാണിച്ചാണ് പത്രിക തള്ളിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ പര്‍ദ ധരിച്ച സാന്ദ്ര തോമസ് എത്തിയത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.

മുരളിയുടെ സ്വരം ഒന്നിടറിയാൽ മലയാളികളുടെ കണ്ണ് നനയും; വില്ലനെങ്കിലോ എന്തിനും പോന്ന വില്ലന്‍, മുരളിയുടെ ഓര്‍മ്മകള്‍ക്ക് 16 വര്‍ഷങ്ങള്‍

0
Spread the love

വില്ലനെങ്കില്‍ എന്തിനും പോന്ന ഒന്നൊന്നര വില്ലന്‍ ഇനി ഇമോഷണല്‍ സീനുകളാണെങ്കില്‍ ഏത് കരയാ വീരനേയും കരയിക്കുന്ന ഉഗ്രൻ നടനം അതായിരുന്നു മലയാളികൾക്ക് അനുഗ്രഹീത നടൻ മുരളി. പഞ്ചാഗ്നി, അമരം, ആകാശദൂത്, ഗ്രാമഫോണ്‍, ലാല്‍സലാം, ചമയം, ചകോരം, വിഷ്ണുലോകം തുടങ്ങിമലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ ബാക്കിയാക്കി മുരളി വേർപിരിഞ്ഞിട്ട് ഇന്നേക്ക് 16 വര്‍ഷങ്ങള്‍ തികയുകയാണ്. ഭാവാഭിനയവും ശബ്ദവിന്യാസവും ശരീര ഭാഷയും ഒക്കെ അനായാസം തന്റെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കുന്ന അദ്ദേഹം പരുക്കന്‍ കഥാപാത്രങ്ങള്‍ മാത്രം വഴങ്ങുന്ന അഭിനേതാവായിരുന്നില്ല മറിച്ച് കോമഡിയും റൊമാന്‍സും ആക്ഷനുമൊക്കെ ഒരു പോലെ സ്ക്രീനില്‍ പകര്‍ന്നാടാൻ കഥാപാത്രങ്ങൾ ലഭിച്ച ഭാഗ്യവാൻ കൂടിയായിരുന്നു.

കൊല്ലം ജില്ലയിലെ കുടവട്ടൂര്‍ എന്ന ​ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ത്തന്നെ നാടകവേദിയില്‍ എത്തി. പിന്നീട് സര്‍ക്കാര്‍ ജീവനക്കാരനായപ്പോഴും അഭിനയവേദി തന്നെയായിരുന്നു മനസില്‍. ജോലി രാജിവച്ച് അഭിനയത്തില്‍ സജീവമായി. നരേന്ദ്ര പ്രസാദ് ആരംഭിച്ച നാട്യ​ഗൃ​ഹത്തില്‍ ഏറെ സജീവമായിരുന്ന മുരളിയുടേതായി എണ്ണമറ്റ മികവാര്‍ന്ന പ്രകടനങ്ങള്‍ വേദിയില്‍ ഉണ്ടായിട്ടുണ്ട്. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയിലെ രാവണന്‍ ആയിരുന്നു മുരളിയുടെ സ്റ്റേജ് പെര്‍ഫോമന്‍സുമായി ചേര്‍ത്ത് എപ്പോഴും അനുസ്മരിക്കപ്പെടുന്ന ഒരു കഥാപാത്രം.

ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടിയിലൂടെ ആയിരുന്നു സിനിമയിലെ അരങ്ങേറ്റം. പിന്നീട് ചിദംബരം, പഞ്ചാ​ഗ്നി, നീയെത്ര ധന്യ തുടങ്ങി ശ്രദ്ധേയ വേഷങ്ങള്‍ തൊട്ടുപിന്നാലെ എത്തി. മലയാളി ആഘോഷിച്ച മുരളിയുടെ പല ബി​ഗ് സ്ക്രീന്‍ പെര്‍ഫോമന്‍സുകളും തൊണ്ണൂറുകളിലാണ് സംഭവിച്ചത്. വെങ്കലത്തിലെ ഗോപാലന്‍ മൂശാരിയും ആകാശദൂതിലെ ജോണിയും അമരത്തിലെ കൊച്ചുരാമനും ആധാരത്തിലെ ബാപ്പൂട്ടിയും അടക്കം ഉള്ളുപൊളിച്ച കഥാപാത്രങ്ങളുടെ നിരയുണ്ട് അക്കൂട്ടത്തില്‍. നെയ്ത്തുകാരനിലെ പ്രകടനത്തിന് 2002 ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും രണ്ട് തവണ സഹനടനുള്ള പുരസ്കാരവും മുരളിയെ തേടിയെത്തി.

‘കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മമ്മൂക്ക വിളിച്ചു, പറ്റില്ലെന്ന് പറഞ്ഞപ്പോൾ കമ്മിറ്റ് ചെയ്ത പടത്തിൽ നിന്ന് അദ്ദേഹം പിന്മാറി’: സാന്ദ്ര തോമസ്

0
Spread the love

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നിർമാതാവ് സാന്ദ്ര തോമസിന്റെ പത്രിക പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെ സാന്ദ്ര കോടതിയെ സമീപിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോ​ഗ്യതയുണ്ടായിട്ടും അത് തള്ളിയതിനെ ചോദ്യം ചെയ്താണ് സാന്ദ്ര കോടതിയെ സമീപിച്ചത്.

നിയമപരമായി നീങ്ങുമെന്ന് അറിയിച്ചതോടെ നടൻ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്നും കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടുവെന്നും സാന്ദ്ര വെളിപ്പെടുത്തി. മാത്രമല്ല താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്നും മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര പറഞ്ഞു.

“ഇത് പറയാമോ എന്നെനിക്കറിയില്ല പക്ഷേ എന്നാലും ഞാൻ പറയുവാണ്, എന്നെ മമ്മൂക്ക വിളിച്ചിരുന്നു. എന്നോട് കേസുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞു. അദ്ദേഹം എന്നോട് ഒരു മുക്കാൽ മണിക്കൂറോളം സംസാരിച്ചിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ മമ്മൂക്ക… മമ്മൂക്കയുടെ മകൾക്കാണ് ഈ അവസ്ഥ വന്നത് എങ്കിൽ അവരോട് പ്രതിക്കരുത് എന്ന് പറയുമോ എന്ന്.

അതിന് ശേഷം ഞാനുമായി കമ്മിറ്റ് ചെയ്തിരുന്ന സിനിമയിൽ നിന്ന് മമ്മൂക്ക പിന്മാറി. നിർമാതാക്കൾ തിയറ്ററിൽ ഇനി എന്റെ സിനിമ ഇറക്കാൻ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു സ്റ്റാൻഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു… ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ. അതിനകത്ത് ഞാൻ ഇനി ഒന്നും പറയുന്നില്ല. ഇഷ്ടം പോലെ ചെയ്തോളൂവെന്ന്.

ഞാൻ പറഞ്ഞു, ഞാൻ ഇവിടെത്തന്നെ ഉണ്ടാകും. എന്നെ ഇവിടെ നിന്ന് തുടച്ചു നീക്കാൻ ആണ് ശ്രമിക്കുന്നതെങ്കിൽ ഞാൻ ഇവിടെ തന്നെ ഉണ്ടാകുമെന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു. എന്റെ സിറ്റുവേഷൻ മനസിലാക്കണം എന്നും മമ്മൂട്ടി പറഞ്ഞു”.- സാന്ദ്ര തോമസ് വ്യക്തമാക്കി.

അതേസമയം മത്സരിച്ച് ജയിച്ച് കാണിക്കുകയാണ് വേണ്ടതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പത്രിക തള്ളി വൃത്തികേടാണ് കാണിച്ചതെന്നും ജി സുരേഷ് കുമാറും സിയാദ് കോക്കറുമെല്ലാം ഗുണ്ടകളെപോലെ പെരുമാറിയെന്നും ധൈര്യമുണ്ടെങ്കിൽ മത്സരിച്ച് തോൽപ്പിക്കട്ടെ എന്നും സാന്ദ്ര തോമസ് പറഞ്ഞു.

സാന്ദ്രയുടെ വാക്കുകൾ വൈറലായതോടെ മമ്മൂട്ടി ഇത്രയും ​ഗൗരവമായ വിഷയത്തിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷൻ മൂലം തനിക്കുണ്ടായ പ്രശ്നങ്ങൾക്ക് നീതി തേടി നിയമപോരാട്ടത്തിലാണ് സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ചെയ്തിരിക്കുന്ന മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റിൽ സാന്ദ്ര തോമസിന്റെ പേരാണ് ഉള്ളത്.

താൻ മത്സരിക്കാൻ യോ​ഗ്യ‌; പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിൽ

0
Spread the love

പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. എറണാകുളം സബ് കോടതിയില്‍ സാന്ദ്ര ഹര്‍ജി നല്‍കി. ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നാണ് സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തെര‍ഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈ ലോയ്ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ട്.

സാന്ദ്ര തോമസ് രണ്ട് സിനിമകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളു എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കില്‍ മൂന്നിലേറെ സിനിമകള്‍ നിര്‍മിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ സാന്ദ്ര തോമസിന്‍റെ രണ്ട് പത്രികകളും വരണാധികാരി തള്ളിയത്. തുടര്‍ന്ന് ഏറെ നേരം വാക്ക് തര്‍ക്കമുണ്ടായി.

ഒടുവില്‍, പറഞ്ഞത് പോലെ ഇന്ന് തന്നെ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. രണ്ട് കാര്യങ്ങളാണ് എറണാകുളം സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സാന്ദ്ര ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ബൈലോ പ്രകാരം ഓഫീസ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സ്ഥിര അംഗമാവണം, ഒപ്പം മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം.

തന്‍റെ പേരില്‍ മൂന്നിലേറെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. താന്‍ മത്സരിക്കാന്‍ യോഗ്യയാണ്. പത്രിക തള്ളിയ നടപടി സ്റ്റേ ചെയ്യണം. വരണാധികാരിയെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് ബൈലോയ്ക്ക് വിരുദ്ധമാണെന്നും സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഒരേ വരണാധികാരിയെ തന്നെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര വ്യക്തമാക്കുന്നു.എന്നാല്‍ ജനാധിപത്യപരമായി ഏത് തെരഞ്ഞെടുപ്പിനും വരണാധികാരിഉണ്ടാകുമെന്നും സാന്ദ്ര തോമസിന് അറിവില്ലായ്മയാണെന്നും വ്യക്തമാക്കുകയാണ് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍.

100 പേരെ പഠിപ്പിക്കണമെന്ന് കരുതി, 15 വർഷം കഴിഞ്ഞപ്പോൾ സഹായമായത് നിർധനരായ 7000 വിദ്യാർത്ഥികൾക്ക്! 51 പേർ ഇന്ന് ഡോക്ടഴ്സ്, വികാരാധീനനായി സൂര്യ

0
Spread the love

ഒരു സൂപ്പർസ്റ്റാർ എന്ന നിലയിലുള്ള യാതൊരുവിധ തലക്കനവും ഇല്ലാത്ത സഹപ്രവർത്തകരോടും ആരാധകരോടും ഒരുപോലെ എളിമയോടെ പെരുമാറുന്ന തമിഴ് നടൻ സൂര്യ തെന്നിന്ത്യക്കാരുടെ മിക്കവരുടെയും ഇഷ്ട താരമാണ്. തമിഴകത്ത് അറിയപ്പെടുന്ന നടനായ ശിവകുമാറിന്റെ മകൻ കൂടിയാണ് താരം. ഒരു നടൻ എന്നതിലുപരി മികച്ച വ്യക്തിത്വത്തിനുടമയും നിസ്വാർഥ സാമൂഹ്യ പ്രവർത്തകനും കൂടിയാണ് താരം. കാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതലും നിർധന വിദ്യാർത്ഥികൾക്ക് സഹായവും പഠന സൗകര്യവും നല്കുന്നതിലാണ് താരം തന്റെ ഫൌണ്ടേഷൻ ആയ അ​ഗരം വഴി ലക്ഷ്യമിടുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ നേതൃത്വത്തിൽ 2006 സെപ്റ്റംബർറിൽ രൂപം കൊണ്ട അ​ഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികാഘോഷം ഇക്കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. തന്റെ സഹായത്തിൽ പഠനം പൂർത്തിയാക്കി ഡോക്ടർ ആയ 51 പേരിൽ വലിയൊരു ഭാഗം ചടങ്ങിന്റെ ഭാഗമായി വേദിയിൽ കയറിയെത്തിയപ്പോൾ വികാരാധീനനായ സൂര്യയുടെ വീഡിയോ ഇപ്പോൾ വയറലാണ്. തന്റെ 35ാം വയസ്സിലാണ് അഗരത്തിനു തുടക്കം കുറിച്ചതെന്ന് സൂര്യ പറഞ്ഞു. എന്നാൽ, ഇന്ന് അഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്, ഇവിടെ നിന്നു പഠിച്ചിറങ്ങിയ കുട്ടികളാണ്. ഇങ്ങനെയൊരു ചെയിൻ വരണമെന്നാണ് ആഗ്രഹിച്ചത്. അത് മനോഹരമായി ഇപ്പോൾ മുന്നോട്ടുപോകുന്നുവെന്നും സൂര്യ പരിപാടിയിൽ പറഞ്ഞു.

അ​ഗരം ഫൗണ്ടേഷൻ ആരംഭിക്കുമ്പോൾ 100 പേരെ പഠിപ്പിക്കണമെന്നാണ് കരുതിയതെങ്കിലും 160 പേരാണ് പഠിക്കാനുള്ള ആ​ഗ്രഹവുമായെത്തിയത്. എന്നാൽ ഒരുപാടുപേർ സഹായവുമായി വന്നു. ആ യാത്രയാണ് ഇപ്പോഴും തടസമില്ലാതെ പോകുന്നത്. ഈ മനോഹരമായ യാത്രയിൽ എന്നെയും കൂടെക്കൂട്ടിയതിന് നന്ദി. വിദ്യാർത്ഥികളായ നിങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഇതിനെല്ലാം കാരണം. നിങ്ങൾ പാതിവഴിയിൽ പഠനം നിർത്തിയിരുന്നെങ്കിൽ, സ്വപ്നം കണ്ടിരുന്നില്ലെങ്കിൽ ഈ 15 വർഷത്തെ യാത്ര നടക്കില്ലായിരുന്നുവെന്നും സൂര്യ പറഞ്ഞു.

അഗരം ഫൗണ്ടേഷൻ വഴി പഠനം പൂർത്തിയാക്കിയ 51 വിദ്യാർഥികൾ ഇന്ന് ഡോക്ടർമാരാണ്. ഈ 51 പേരും തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. സാമ്പത്തികമായി പിന്നോക്കം നിന്ന കുടുംബങ്ങളില്‍നിന്നും ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടുന്നവരുമാണ്. ആയിരത്തിഎണ്ണൂറോളം പേർ എൻജിനീയർമാരായി ജോലി ചെയ്യുന്നു. അ​ഗരത്തിൽ 60 ശതമാനത്തോളം പേരും പെൺകുട്ടികളാണ് എന്നതും ശ്രദ്ധേയമാണ്.

വീട്ടിലുള്ള വണ്ടികളൊന്നുംഎടുക്കാൻ പാടില്ല! എല്ലാം മടുത്ത് ദിലീപിന്റെ ജീവിതത്തിൽ നിന്നും മഞ്ജു ഇറങ്ങിവന്നപ്പോൾ പോകാൻ ഒരു കാറ് പോലും ഇല്ലായിരുന്നു

0
Spread the love

മലയാളികളുടെ പ്രീയ താരമാണ് മഞ്ജു വാര്യർ. അഭിനയ മികവിവും താരം മറ്റുള്ളവരോട് പുലർത്തുന്ന അനുഭാവ സമീപനവും എടുത്തുപറയേണ്ട കാര്യമാണ്. പ്രായത്തിന്റെ ക്ലോക്കിൽ സമയം പിന്നോട്ട് കറങ്ങുന്ന താരം. കാലത്തിനൊത്ത അല്ലെങ്കിൽ കാലത്തിനു മുന്നേ പോകുന്ന സ്റ്റൈലും ആറ്റിറ്റ്യൂഡും ആണ് നടിയെ പുതുതലമുറയ്ക്ക് പോലും പ്രിയങ്കരിയാക്കുന്നത്. മലയാളത്തിൽ തിരിച്ചു വരവ് നടത്തിയ ഏതൊരു നടിക്കും നടനും നൽകുന്നതിലും കൂടുതൽ പ്രേക്ഷകർ വരവേൽപ്പ് നൽകിയ കലാകാരി കൂടിയാണ് മഞ്ജുവാര്യർ.

വലിയൊരു ഇടവേളയ്ക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളും പല പല ഉയർന്ന ബ്രാൻഡുകളുടെ പരസ്യങ്ങളും ആണ് താരത്തെ തേടിയെത്തിയിരുന്നത്. ഏറ്റവും ഒടുവിൽ താരം സൂപ്പർസ്റ്റാർ രജനീകാന്തിന്റെ നായികയായി വേട്ടയനിൽ വരെ അഭിനയിച്ചു. മലയാളത്തിന്റെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ എന്ന പേര് നിലനിർത്തുന്ന മഞ്ജു പ്രതിഫലത്തിന്റെ കാര്യത്തിലും സൂപ്പർസ്റ്റാർ തന്നെയാണ്.

ഇന്ന് തന്റെ സിനിമകളും യാത്രകളുമൊക്കെയായി സമാധാനപരമായി മുന്നോട്ട് കുതിക്കുന്ന മഞ്ജുവിന് ആഡംബര കാറുകളുടെ വൻ ശേഖരം തന്നെയുണ്ട് എന്നാൽ ദിലീപുമായി വേർപിരിയുന്ന സമയത്ത് അവസ്ഥകൾ ഇതായിരുന്നില്ല വീട് വിട്ടിറങ്ങുമ്പോൾ യാത്രചെയ്യാൻ താരത്തിന് ഒരു കാർ പോലും ഇല്ലായിരുന്നു. ഇത് വര്ഷങ്ങള്ക്കു മുൻപ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി ഒരു വാർത്താ ചാനലിനു നൽകിയ ബൈറ്റിൽ വ്യക്തമായി പറയുന്നുണ്ട്. വീട്ടിലുള്ള വണ്ടികളൊന്നും മഞ്ജു എടുക്കാൻ പാടില്ലായിരുന്നുവെന്നും ദിലീപിന്റെ ജീവിതത്തിൽ നിന്നും മഞ്ജു ഇറങ്ങിവന്നപ്പോൾ പോകാൻ ഒരു കാർ പോലും ഇല്ലാത്ത അവസ്ഥ ആയിരുന്നുവെന്നുമാണ് മഞ്ജു പറഞ്ഞതായി ഭാഗ്യലക്ഷ്‌മി പറയുന്നത്

ഭാഗ്യലക്ഷ്‌മിയുടെ വാക്കുകൾ

‘വളരെ പാവമാണ് മഞ്ജു. അവർ ആരെക്കുറിച്ചും പരദൂഷണം പറഞ്ഞ് ഞാനിതുവരെ കേട്ടിട്ടില്ല. വളരെ വൈകിയാണ് ഞാൻ മഞ്ജു വാര്യരെ പരിചയപ്പെടുന്നത്. അവരുടെ സ്വഭാവം എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്. ദിലീപിന്റെ വീട്ടിൽ താമസിച്ചിരുന്നപ്പോഴും മഞ്ജു അധികം സംസാരിക്കാറില്ലായിരുന്നു. പല പുരുഷന്മാരെയും ചേർത്ത് വളരെ മോശമായി ആ സ്‌ത്രീയെക്കുറിച്ച് പറഞ്ഞപ്പോഴും അവർ ഒരിടത്ത് പോലും അകലാനുള്ള കാരണത്തെക്കുറിച്ച് സംസാരിച്ചില്ല.അന്ന് മഞ്ജുവിനും ദിലീപിനും ജോയിന്റ് അക്കൗണ്ട് ആയിരുന്നു. ആ അക്കൗണ്ട് ഫ്രീസ് ചെയ്‌തു. വീട്ടിലുള്ള വണ്ടികളൊന്നും എടുക്കാൻ പാടില്ലെന്നും പറഞ്ഞു. ഇറങ്ങുന്നതിന് മുമ്പത്തെ ദിവസം എന്നെ വിളിച്ച് ഞാൻ നാളെ ഇവിടെ നിന്ന് ഇറങ്ങും ചേച്ചീ എന്ന് മഞ്ജു പറഞ്ഞിരുന്നു. പോകാൻ കാറില്ല എന്നും അവർ പറഞ്ഞു. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു മഞ്ജു. വളരെ സങ്കടകരമായ അവസ്ഥയിലായിരുന്നു മാസങ്ങളോളം മഞ്ജു അവിടെ ജീവിച്ചത് ‘

എമ്പുരാൻ കാരണമാണ് ആടുജീവിതത്തെ തഴഞ്ഞതെന്ന് നമുക്കെല്ലാവർക്കും അറിയാം; തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാൻ ഇത് പെൻഷൻ കാശല്ല: ഉർവശി

0
Spread the love

എഴുപത്തിയൊന്നാം ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളികളെ ചൊടിപ്പിച്ച സംഭവമായിരുന്നു കേരള സമൂഹത്തെയും മലയാളികളെയും രാജ്യത്തിനും ലോകത്തിനും മുൻപിൽ മോശമായി ചിത്രീകരിച്ച ‘ദി കേരളാസ്‌റ്റോറി’ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം നൽകിയതും മലയാളികൾ വലിയ പ്രതീക്ഷയർപ്പിച്ച പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന് യാതൊരു അംഗീകാരവും നൽകാത്തതും. ഇന്ത്യൻ സിനിമയക്ക് തന്നെ വലിയ അഭിമാനമായ ആടുജീവിതം പോലൊരു ചിത്രത്തിൽ കാണാത്ത എന്തുകാര്യമാണ് ജൂറി കേരളാസ്‌റ്റോറിയിൽ കണ്ടുപിടിച്ചതെന്നാണ് പൊതുവെയുള്ള സോഷ്യൽ മീഡിയ സംസാരം.

എന്നാൽ ക്രിസ്റ്റോടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ ലീലാമ്മയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉർവശിക്ക് ലഭിച്ചത് മലയാളികൾ വലിയ ആശ്വാസം ആക്കിയിരുന്നു. ഇപ്പോഴിതാ ദേശീയ പുരസ്കാര ജൂറി ആടുജീവിതം പോലൊരു സിനിമ തഴഞ്ഞതിലുള്ള പ്രതിഷേധം പങ്കുവയ്ക്കുകയാണ് ഉർവശി.എമ്പുരാൻ കാരണമാണ് ഇതെന്ന് നമുക്കെല്ലാവർക്കും അറിയാമെന്നും അവാർഡുകളിൽ രാഷ്ട്രീയം കലർത്തരുതെന്നും നടി പറഞ്ഞു.

നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ ഹൃദയഭേദകവുമായ സഹനവും കാണിക്കാൻ സമയവും പ്രയത്നവും നൽകി ശാരീരികമായ മാറ്റങ്ങളിലൂടെ കടന്നുപോയ ഒരു നടൻ നമുക്കുണ്ട്. എനിക്ക് സംസാരിക്കാൻ കഴിയും. കാരണം ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയെയും ആശ്രയിക്കുന്നില്ല. ഞാൻ നികുതി അടയ്ക്കുന്നു. എനിക്ക് ഭയമില്ല. ഞാൻ ഇത് ഉന്നയിക്കുന്നത് എനിക്കുവേണ്ടിയല്ല. മറിച്ച്, എന്റെ പിന്നാലെ വരുന്നവർക്കുവേണ്ടിയാണ്. അവാർഡ് കിട്ടിയപ്പോൾ ഉർവശി പോലും മിണ്ടാതെയിരുന്നു. പിന്നെ എന്തിനാണ് നിങ്ങൾ ബഹളം വയ്ക്കുന്നത് എന്ന് ആരും പറയാതിരിക്കാൻ വേണ്ടിയാണ്’- ഉർവശി പറയുന്നു.

ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിനെതിരെ നേരത്തെയും ഉർവശി വിമർശനം ഉന്നയിച്ചിരുന്നു. എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല എന്നും സഹനടനായി വിജയരാഘവനെയും സഹനടിയായി തന്നെയും തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്തെന്നും ഉർവശി ചോദിച്ചു. ‘ഞങ്ങൾ തോന്നുന്നത് ചെയ്യും, നിങ്ങൾ വാങ്ങി പൊയ്‌ക്കോണം എന്ന സമീപനം അംഗീകരിക്കില്ല. ഇങ്ങനെയാണെങ്കിൽ അർഹിക്കുന്ന പലർക്കും കിട്ടില്ല. തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാൻ ഇത് പെൻഷൻ കാശല്ല.’ എന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉർവശി തുറന്നടിച്ചിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts