Home Blog Page 86

ഒരു ഗ്രാമം മൊത്തത്തിൽ ഒലിച്ചുപോയി; ഉത്തരാഖണ്ഡിൽ കനത്ത മഴ, കാണാതായത് നിരവധി പേരെ

0
Spread the love

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം. ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്താണ് സംഭവം. ഒരു ഗ്രാമം ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. നിരവധി പേരെ കാണാതായി. പൊലീസ്, എൻഡിആർഎഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

മേഘവിസ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ശക്തയമായി ഒഴുകിയെത്തിയ വെള്ളത്തിനൊപ്പം വീടുകൾ ഒഴുകിപ്പോകുന്നതാണ് ഭയാനകമായ ദൃശ്യങ്ങളിലുള്ളത്.

ഉത്തരാഖണ്ഡിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ഏകദേശം 10 -12 പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിരിക്കാമെന്നും ഗ്രാമവാസിയായ രാജേഷ് പൻവാർ വാർത്താ ഏജൻസിയോട് പറഞ്ഞു. 20-25 ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഴയാണ്. വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ ഹൽദ്വാനിയ്ക്ക് സമീപമുള്ള ഭഖ്ര അരുവിയിൽ ഒരാളെ കാണാതായിരുന്നു. ഞായറാഴ്ച ഭുജിയാഗട്ടിന് സമീപമുള്ള അരുവിയിൽ രണ്ട് പേർ മുങ്ങിമരിച്ചിരുന്നു.

ട്രെയിനെത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ഇനി ടിക്കറ്റെടുക്കാം; വന്ദേഭാരത് യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവേ

0
Spread the love

റെയിൽവേ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ, ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും

ഇതിനായി പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (പിആർഎസ്) ഇന്ത്യൻ റെയിൽവേ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് തടസ്സരഹിതമായ കറന്റ് ബുക്കിങ് കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം.

സതേൺ റെയിൽവേ (SR) സോണിന് കീഴിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിലാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. “ദക്ഷിണ റെയിൽവേയിൽനിന്ന് സർവീസ് ആരംഭിക്കുന്ന എട്ട് വന്ദേ ഭാരത് ട്രെയിനുകളിൽ ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ കറന്റ് റിസർവേഷൻ ചെയ്യാൻ സാധിക്കുമെന്ന് സോണൽ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.

പുതിയ നിയമപ്രകാരം, വന്ദേ ഭാരത് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകൾ ഇനി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്നും കറന്റ് ബുക്കിങ്ങിനായി ലഭ്യമാകും. ഇത് യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരവും ട്രെയിനിലെ സീറ്റുകൾ കൂടുതൽ ഉപയോഗപ്പെടുത്താൻ സഹായിക്കുകയും ചെയ്യും

‘പൊന്നമ്മ ബാബു എനിക്ക് നേരെ ആക്രോശിച്ചു; ഭീഷണിയിൽ അവിടെ നിൽക്കേണ്ടതില്ല, എന്ന തീരുമാനത്തിൽ ഇറങ്ങി’, അമ്മയിൽ പെൺപോര്, വെട്ടിത്തുറന്ന് മാല പാർവതി

0
Spread the love

താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ സംഘടനയിലെ സ്ത്രീകളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ വിഷയങ്ങൾ തുറന്നു പറഞ്ഞ് മാലാ പാർവതി. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ചിലർ ഒരുക്കിയ തന്ത്രങ്ങളുടെ ഭാഗമാണ് ആ ഗ്രൂപ്പെന്നും അതിൽ പങ്കുവച്ച കാര്യങ്ങൾ ഒരു യുട്യൂബർക്ക് ചോർത്തിക്കൊടുത്തത് അതിലെ അംഗം തന്നെയാണെന്നും മാലാ പാർവതി ആരോപിച്ചു. ഗ്രൂപ്പിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ പുറത്തു പങ്കുവയ്ക്കരുതെന്നും അങ്ങനെ ചെയ്താൽ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച അഡ്മിൻ പാനലിലെ അംഗം തന്നെ ഗ്രൂപ്പിലെ വിവരങ്ങൾ ചോർത്തി കൊടുക്കുന്നതിലുള്ള ആശങ്കയും മാലാ പാർവതി പങ്കുവച്ചു. ഉഷ ഹസീനയെ പേരെടുത്ത് പരാമർശിച്ചാണ് മാലാ പാർവതിയുടെ പോസ്റ്റ്. 

മാലാ പാർവതിയുടെ വാക്കുകൾ ഇങ്ങനെ: ‘‘മോഹൻലാൽ മാറിയതിന് ശേഷം ഉണ്ടായ അധികാര വടം വലിയിൽ, സീറ്റുറപ്പിക്കാൻ തുടങ്ങിയ ഗ്രൂപ്പിൽ അഡ്മിൻ മുമ്പോട്ട് വച്ചിരുന്ന നിർദേശം, അഥവാ നിയമം ഈ ഗ്രൂപ്പിലെ വാർത്തകൾ പുറത്ത് വിടരുത് എന്നതായിരുന്നു. ശരിയാണ്, ഒരു പാട് സെലിബ്രിറ്റീസ് ഉള്ള ഗ്രൂപ്പിൽ നിന്ന് വാർത്തകൾ പുറത്ത് പോകുന്നത്, ഡാറ്റ ചോർച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ് തന്നെയാണ്.

എന്നാൽ ജൂലൈ 16ന് ഒരു യൂട്യൂബ് ചാനലിൽ, താര സംഘടനയിൽ ജാതി വൽക്കരണവും, കാവി വൽക്കരണവും എന്ന പേരിൽ ഇറങ്ങിയ വിഡിയോയിൽ, ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടു. പത്ത് മിനിറ്റ് 52 സെക്കൻഡ് ഉള്ള വിഡിയോയിൽ, (- 6.05) -ൽ ഒരു സ്ക്രീൻ ഷോട്ട് പ്രത്യക്ഷമാവുന്നുണ്ട്. ഗ്രൂപ്പിന്റെ ആധികാരികത കാണിക്കാൻ ചെയതതാണ്. എന്നാൽ ആ സ്ക്രീൻ ഷോട്ടിൽ നാലാമത്തെ നമ്പർ. ‘മൈ നമ്പർ’ എന്നാണ് കിടക്കുന്നത്. അപ്പോൾ ആ ഫോണിൽ നിന്നാണ് ആ സ്ക്രീൻ ഷോട്ട് പോയിരിക്കുന്നത്. അതു അഡ്മിന്റെ ഫോണിൽ നിന്ന് തന്നെ. സ്ക്രീൻ ഷോട്ടിലെ മൈ നമ്പർ, നാലാമതാണ് വന്നിരിക്കുന്നത്. ഗ്രൂപ്പംഗങ്ങൾക്കത് ഉഷ ഹസീന ആണ്.

അങ്ങനെ വാട്ട്സാപ്പ് രൂപീകരിച്ച്, യൂട്യൂബർക്ക് എക്സ്ക്ലൂസിവ് കണ്ടന്റ് കൊടുക്കുന്നതിൽ, വലിയ പ്രതിഷേധം അംഗങ്ങൾക്കിടയിൽ ഉണ്ടായി. പിന്നീടങ്ങോട്ട് യൂട്യൂബര്‍ ‘അമ്മ’യിൽ നടക്കുന്നതും, നടക്കാനിരിക്കുന്നതുമായ എല്ലാ വിവാദങ്ങളും മുൻ കൂട്ടി പ്രവചിക്കാൻ തുടങ്ങി.’’

‘അമ്മയിലെ പെൺമക്കൾ’ എന്ന ഗ്രൂപ്പിൽ നിന്ന് പുറത്തുവരാനുള്ള കാരണവും മാലാ പാർവതി മറ്റൊരു പോസ്റ്റിൽ വെളിപ്പെടുത്തി. ഊർമിള ഉണ്ണി, സീമ ജി.നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവർ ഗ്രൂപ്പ് വിടാനുണ്ടായ സാഹചര്യം തന്നെ അലോസരപ്പെടുത്തിയെന്നും ഗ്രൂപ്പിൽ ‘ഭീഷണിയുടെ സ്വരം’ ഉണ്ടെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു. 

മാലാ പാർവതിയുടെ പോസ്റ്റ്: ചില കാര്യങ്ങൾ വിശദമായി തന്നെ പറയേണ്ടതുണ്ട്. അതിനാൽ രണ്ടോ മുന്നോ ‘ഫെയ്സ്ബുക്ക് പോസ്റ്റുകളായി, കുറിപ്പുകൾ ‘ഇടും. ‘അമ്മയുടെ പെൺമക്കൾ’ എന്ന വാട്ട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, അമ്മയിലെ വനിതാ അംഗങ്ങളെ, അതിൽ ചേർത്തപ്പോൾ, അഡ്മിൻ പാനൽ പറഞ്ഞത്, ഇത് അമ്മ പറഞ്ഞിട്ട് തുടങ്ങുന്നതാണ് എന്നാണ്. ഇത് ഭാവിയിൽ അമ്മയിലേക്ക് ലയിപ്പിക്കുമെന്നും പറഞ്ഞിരുന്നു.ഇവിടെ നടക്കുന്നതെല്ലാം അമ്മ അറിയുന്നുണ്ടെന്നും, ഗ്രൂപ്പിലെ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ , അമ്മ നടപടി എടുക്കും എന്നും, ഒരു കാർഡ് തയ്യാറാക്കി ഇടയ്ക്കിടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഈ ഗ്രൂപ്പിലെ വാർത്തകൾ പുറത്ത് വിടരുത് എന്നത് തുടങ്ങി, കർശന നിയമങ്ങൾ.

എന്നാൽ ‘അമ്മ’യിലെ എല്ലാ അംഗങ്ങളെയും ഒരു പോലെ കാണാൻ അവർക്ക് സാധിച്ചിരുന്നില്ല. ഊർമിള ഉണ്ണി, സീമ ജി.നായർ തുടങ്ങിയവർ അപമാനിതരായി ഇറങ്ങി പോയപ്പോഴും, പാട്ട് ഉത്സവം പൊടി പൊടിക്കുകയായിരുന്നു. യൂട്യൂബ് വിഡിയോ, ഫോട്ടോ തുടങ്ങിയ കാര്യങ്ങളിൽ കർശന നിയന്ത്രണം പാലിച്ചിരുന്ന ഗ്രൂപ്പ് .. ഒരു അംഗത്തിന്റെ രണ്ട് വീഡിയോകൾ വന്നപ്പോൾ, അതിന് എതിര് പറഞ്ഞില്ല. ഇവർക്ക് നൽകിയ പോലത്തെ പരിഗണന സീമയ്ക്കും, ഊർമിള ഉണ്ണിക്കും നൽകാമായിരുന്നല്ലോ എന്ന് ഞാൻ പൊന്നമ്മ ബാബുവിനെ വിളിച്ച്  ചോദിച്ചതും, അഡ്മിനായ പൊന്നമ്മ ബാബു എന്റെ നേരെ ആക്രോശം ഉയർത്തി. ഭീഷണിയിൽ അവിടെ നിൽക്കേണ്ടതില്ല, എന്ന തീരുമാനത്തിൽ ഞാൻ ഇറങ്ങി. ഗ്രൂപ്പിലിട്ട മെസ്സേജ് ചുവടെ ചേർക്കുന്നു.

‘പ്രിയപ്പെട്ടവരെ… മാലാ പാർവതി ആണ്. ഈ ഗ്രൂപ്പിൽ, തുടക്കത്തിൽ സജീവമായിരുന്നു. സീമ.ജി.നായരുടെ ഫോട്ടോ വിഷയം, മനസ്സിൽ ഒരല്പം അലോസരം ഉണ്ടാക്കി. പിന്നീട് ഊർമ്മിള ഉണ്ണി ചേച്ചി .. അവരുടെ ഒരു സംരംഭത്തെ കുറിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്തപ്പോൾ.. ‘അയ്യയ്യോ.. | ഇതെന്താ ഇങ്ങനെ എന്ന് തോന്നി”. കർശന നിയമങ്ങളാണല്ലോ.. ‘അമ്മ’യുടെ മക്കൾ എന്ന് പേരുളള ഈ ഗ്രൂപ്പിൽ എന്ന ചിന്തയോടെ മിണ്ടാതെയായി.ഇന്നിപ്പോൾ കാലടി ഓമന ചേച്ചി ഇട്ട വിഡിയോകൾ ഡിലീറ്റ് ചെയ്യാതെ അഡ്മിൻ പാനൽ, പരിഗണന നൽകിയത് കണ്ടപ്പോൾ ആശ്വാസം തോന്നി. ഈ കൊച്ച് സന്തോഷങ്ങൾ സമ്മാനിക്കുന്നത് നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം. എങ്കിലും ഊർമിള ഉണ്ണി ചേച്ചിയ്ക്ക് തോന്നിയ വിഷമം എന്റെ മനസ്സിനെ ബാധിക്കുന്നു. എനിക്ക് വ്യക്തി പരമായി അവരെ അറിയില്ല. എന്റെ പ്രശ്നമാണ്. സങ്കടം എന്റെ മാത്രം പ്രശ്നമാണ്. മറ്റൊരു വിഷയം.. ഇതിന്റെ നിയമങ്ങൾ തെറ്റിച്ചാൽ, അമ്മ നടപടി എടുക്കും എന്ന്  കാണുന്നതാണ്. ‘അമ്മ’യിൽ ഇപ്പോൾ ഔദ്യോഗിക കമ്മിറ്റി നിലവിൽ ഇല്ലാത്ത അവസ്ഥയാണ്, അപ്പോൾ ഈ തീരുമാനം എടുത്തത് ആരാണ് എന്ന് അറിയാൻ ആഗ്രഹമുണ്ട്.      

മൂന്നാമത്തെ വിഷയം.. ഇതിൽ നിന്ന് വോയിസ് നോട്ട്, സ്ക്രീൻ ഷോട്ട് പുറത്ത് പോകുന്നു എന്നും അത് ആരാണെന്ന് മനസ്സിലായിട്ടുണ്ടെന്നും, പുറത്താക്കും എന്നൊക്കെ കേട്ടു. ഇതിൽ ഒരു ഭീഷണിയുടെ സ്വരമുണ്ട്. സൗഹൃദത്തിന്റെ പേരിൽ, അല്ലെങ്കിൽ സ്നേഹം കൊണ്ട് മാത്രമേ അനുസരിക്കുകയൊള്ളു എന്ന് തീരുമാനമുള്ള ആളാണ് ഞാൻ. പരസ്പരം സംശയം വളർത്തുന്ന ഈ തരം മെസ്സേജുകൾ മനസ്സിനെ അലട്ടുന്നു. ഒരു ശാസനയുടെ സ്വരം ഉള്ളത് എന്നിൽ അലോസരം ഉണ്ടാക്കുന്നു. 

ശ്രീലത നമ്പൂതിരിയെ പോലെ ഒരു സീനിയർ ആർട്ടിസ്റ്റ് പോയപ്പോഴും, അമ്മയുടെ മക്കളിൽ ഒരു വിഷമവും കണ്ടില്ല. മാത്രമല്ല, ഇലക്‌ഷൻ സമയത്ത് ഇതിൽ കേൾക്കുന്ന പല കാര്യങ്ങളും.. ഒരു പക്ഷപാതം ഉണ്ടാക്കുന്നു. ഉദാഹരണത്തിന് സരയുവിനെ കുറിച്ച് പറഞ്ഞത്. സ്വതന്ത്രമായ തീരുമാനങ്ങളും, വോട്ടും നൽകാൻ ഈ ഗ്രൂപ്പ് ഒരു തടസ്സമാകുന്നുണ്ട് എന്ന് മനസ്സിലാക്കുന്നതിനാൽ ഞാൻ ഗ്രൂപ്പ് വിടുന്നു. നല്ല വർത്തമാനങ്ങളും, പാട്ടും ഞാനും രസിച്ചിരുന്നു. കാലടി ഓമന ചേച്ചിയുടെ പാട്ട് നല്ല രസമുണ്ടായിരുന്നു.അത് ഇട്ടതിലല്ല ഈ ബലം പിടിത്തത്തിനോടാണ് വിയോജിപ്പ്. ഗ്രൂപ്പിൽ നിന്ന് ഇറങ്ങുന്നവരുടെ മെസ്സേജുകൾ ഡിലീറ്റ് ചെയ്യുന്ന പതിവിതിൽ ഉണ്ട്. അത് കൊണ്ട് ഉത്തരം കിട്ടുമോന്ന് അറിയില്ല. 

ഈ ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ എന്നെയും ഓർത്തതിന് നന്ദി. എല്ലാവരോടും സ്നേഹം. ഭീഷണിയുടെ സ്വരം, ജീവിതത്തിൽ അംഗീകരിക്കില്ല എന്നത് കൊണ്ട് ഗ്രൂപ്പിൽ നിന്ന് ഇറങ്ങുന്നു. എല്ലാവർക്കും നന്ദി.’’

ഇങ്ങനെ എഴുതിയാണ് ഗ്രൂപ്പിൽ നിന്ന് ഞാൻ ഇറങ്ങിയത്.ഇതിന് മറുപടിയായി സരയുവും, അഡ്മിൻ പാനലിലെ ഒരു അഡ്മിനും ഗ്രൂപ്പിൽ, ഈ വാട്ട്സ്ആപ്പ്  ഗ്രൂപ്പിന്, അമ്മയുമായി ബന്ധമില്ല എന്ന് പറയുകയുണ്ടായി. അങ്ങനെ ആണെങ്കിൽ, ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് ആർക്ക് വേണ്ടി? ഈ ഗ്രൂപ്പിലെ വിഷയങ്ങൾ അതാത് സമയത്ത് യൂട്യൂബർ കണ്ടന്റ് ആക്കുന്നുമുണ്ടായിരുന്നു. 

‘അമ്മ’യിലെ സ്ത്രീകളുടെ ഒരു മീറ്റിങ് കുക്കു പരമേശ്വരൻ വിളിച്ചു ചേർത്തിരുന്നെന്നും അന്ന് വന്ന ആർട്ടിസ്റ്റുകൾ വെളിപ്പെടുത്തിയ കാര്യങ്ങൾ ക്യാമറയിൽ ഷൂട്ട് ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തി ഉഷ ഹസീന രംഗത്തു വന്നിരുന്നു. ആ മെമ്മറി കാർഡ് എവിടെയെന്ന് ഉന്നയിച്ചായിരുന്നു ഉഷയുടെ പ്രസ് മീറ്റ്. ഉഷയെ പിന്തുണച്ച് പൊന്നമ്മ ബാബുവും മാധ്യമങ്ങളെ കണ്ടു. കുക്കു പരമേശ്വരന്റെ കൈവശമാണ് ആ മെമ്മറി കാർഡെന്ന ആരോപണം പൊന്നമ്മ ബാബുവും ഉയർത്തി. തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ബാബുരാജിനെ പ്രകീർത്തിച്ചും കുക്കു പരമേശ്വരനെ മോശക്കാരിയാക്കി ചിത്രീകരിച്ചും നടത്തിയ ആ പ്രതികരണത്തിനു പിന്നാലെയാണ് മാലാ പാർവതിയുടെ ഈ തുറന്നെഴുത്ത്.

കുറ്റം പറഞ്ഞ സ്ത്രീകള്‍ അവസാന നിമിഷം പിന്മാറി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒന്നുമല്ലാതായത് രാഷ്ട്രീയക്കാര്‍ക്ക് വേണ്ടപ്പെട്ടവരുള്ളതിനാല്‍

0
Spread the love

തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. കെഎസ്എഫ്ഡിസി പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്ന് ശ്രീകുമാരന്‍ തമ്പി ചോദിച്ചു. അടൂരിന്റെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ല. മന്ത്രിമാരുമായി വരെ അടുപ്പമുള്ള പ്രമുഖരുടെ പേരുള്ളത് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാറ്റിവെച്ചതെന്നും ശ്രീകുമാരന്‍ തമ്പി ആരോപിച്ചു.

പട്ടികജാതി വിഭാഗക്കാരെ അപമാനിച്ചു എന്നു പറയുന്നത് ശരിയല്ല. ഇന്ന് ലോകം അംഗീകരിച്ച ജീവിച്ചിരിക്കുന്ന സംവിധായകരിലൊരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. എത്രയെത്ര പുരസ്‌കാരങ്ങള്‍ ലഭിച്ച വ്യക്തിയാണ് അടൂര്‍. സത്യജിത് റായ് പോലും തന്റെ പിന്‍ഗാമിയെന്ന് അംഗീകരിച്ച വ്യക്തിയാണ് അദ്ദേഹം. അങ്ങനെയൊരാള്‍ക്ക് അര്‍ഹതയുള്ളതുകൊണ്ടാണ് സിനിമാ കോണ്‍ക്ലേവ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ച സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കെ തടസ്സപ്പെടുത്തി അഭിപ്രായം പറഞ്ഞത് തെറ്റാണ്. സംസ്‌കാരശൂന്യതയാണ്. പട്ടികജാതി -പട്ടിക വര്‍ഗം എന്നു പറഞ്ഞാല്‍ ഉടനെ അവരെ അപമാനിക്കലാണോ ?. അവര്‍ക്കല്ലേ പണം കൊടുക്കുന്നത്. അവര്‍ക്ക് സിനിമയില്‍ പശ്ചാത്തലം ഇല്ലാത്തവരാണെങ്കില്‍, അവര്‍ക്ക് ഒന്നരക്കോടി കൊടുക്കുന്നതിന് മുമ്പ് ചെറിയ പരിശീലനം കൊടുക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും ശ്രീകുമാരന്‍ തമ്പി ചോദിച്ചു.

അടൂര്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ തടസ്സപ്പെടുത്തി പുഷ്പവതി സംസാരിച്ചത് തെറ്റാണ്. പ്രസം​ഗത്തിനിടെ പ്രതിഷേധിച്ചത് ആളാകാന്‍ വേണ്ടിയാണ്. അവരെ എല്ലാവരും അറിഞ്ഞില്ലേ. അടൂര്‍ പ്രസംഗിച്ചശേഷം അവര്‍ക്ക് അഭിപ്രായം പറയാമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് എന്തു പറ്റിയെന്ന് ഇപ്പോഴും ചോദിക്കുകയാണ്. ആ റിപ്പോര്‍ട്ടിലുള്ള ചില വ്യക്തികള്‍ മന്ത്രിമാര്‍ക്ക് വരെ വേണ്ടപ്പെട്ടവരാണ്. രാഷ്ട്രീയക്കാര്‍ക്ക് വേണ്ടപ്പെട്ടവരായതിനാല്‍ അവരെ ഒഴിവാക്കാന്‍ വേണ്ടി അതെല്ലാം മാറ്റിക്കളഞ്ഞു. കുറ്റം പറഞ്ഞ സ്ത്രീകള്‍ അവസാന നിമിഷം പിന്മാറി. താന്‍ സിനിമയില്‍ വന്നിട്ട് അരനൂറ്റാണ്ടിലേറെയായി. ജനാധിപത്യമോ സോഷ്യലിസമോ ഇല്ല, ഏകാധിപത്യം മാത്രമാണ് സിനിമയിലുള്ളത്. ഇരുപതോ ഇരുപത്തഞ്ചോ പേരടങ്ങുന്ന സംഘത്തിന്റെ ഏകാധിപത്യമാണ് സിനിമയിലുള്ളതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

അന്ന് കുക്കു മത്സരിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ ഉഷാ ഹസീന മുന്‍പില്‍തന്നെയുണ്ടായിരുന്നു; മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് മാലാ പാര്‍വതി

0
Spread the love

താരസംഘടനയായ എഎംഎംഎയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ല. തെരഞ്ഞെടുപ്പില്‍ ബാബുരാജിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ തെരഞ്ഞെടുപ്പ് തന്ത്രമായാണ് താന്‍ കാണുന്നതെന്ന് മാലാ പാര്‍വതി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഉഷ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തള്ളി മാലാ പാര്‍വതി രംഗത്തെത്തിയത്. വിഷയത്തില്‍ താന്‍ നടത്തിയ ഇടപെടലിന്റെ സ്‌ക്രീന്‍ഷോട്ടടക്കം പങ്കുവെച്ചാണ് മാലാ പാര്‍വതിയുടെ കുറിപ്പ്.

കഴിഞ്ഞ വര്‍ഷം കുക്കു പരമേശ്വര്‍ തെരഞ്ഞെടുപ്പിന് മത്സരിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ ഉഷാ ഹസീന മുന്‍പില്‍തന്നെയുണ്ടായിരുന്നുവെന്നതും മെമ്മറി കാർഡുമായി ബന്ധപ്പെട്ട പ്രശ്‌നം ഹേമ കമ്മിറ്റിയിലോ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്ന സമയത്തോ മാധ്യമങ്ങളില്‍ കണ്ടിട്ടില്ലെന്നും മാലാ പാര്‍വതി ചൂണ്ടിക്കാട്ടി. ബാബുരാജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്ന് പറഞ്ഞത് വ്യക്തിപരമായിരുന്നില്ല. ആരോപണ വിധേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്ന അഭിപ്രായക്കാരിയാണ് താന്‍. ശക്തര്‍ക്കെതിരെ നില്‍ക്കുമ്പോള്‍ ഭീഷണി സ്വാഭാവികമാണെന്നും മാലാ പാര്‍വതി പറഞ്ഞു.

ഹേമാ കമ്മിറ്റി രൂപീകരിക്കുന്നതിന് മുമ്പ് എഎംഎംഎയിലെ സ്ത്രീകള്‍ അവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നുവെന്നും ഇതിന്റെ വീഡിയോ പകര്‍ത്തിയത് കുക്കു പരമേശ്വരനാണെന്നും ഹാര്‍ഡ് ഡിസ്‌ക് തിരികെ വേണമെന്നും പൊന്നമ്മ ബാബു ആവശ്യപ്പെട്ടിരുന്നു. താര സംഘടനയിൽ അംഗങ്ങളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ എവിടെപ്പോയെന്നും പൊന്നമ്മ ബാബു ചോദിച്ചിരുന്നു. അതിനിടെ മാലാപാര്‍വതിക്കെതിരെയും പൊന്നമ്മ ബാബു രംഗത്തെത്തിയിരുന്നു. മെമ്മറി കാര്‍ഡ് വിവാദത്തില്‍ മാലാ പാര്‍വതി എന്തിനാണ് ഇടയില്‍ നില്‍ക്കുന്നതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു പൊന്നമ്മ ബാബു പറഞ്ഞത്. ഇതെല്ലാം ഒരു കോമഡി ആയി ഫീല്‍ ചെയ്യുന്നു എന്നാണ് മാലാ പാര്‍വതി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സ്ത്രീകളുടെ പ്രശ്നം അവര്‍ക്ക് എങ്ങനെയാണ് കോമഡി ആയി തോന്നിയതെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു. മാലാ പാര്‍വതി സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ആളല്ല എന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.

ടിക്കറ്റ് എടുക്കാനുള്ള ക്യൂ കാരണം ഇനി നിങ്ങൾ വൈകില്ല! കൊച്ചിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പുതിയ സംവിധാനം

0
Spread the love

 കൊച്ചി മെട്രോയിൽ യാത്ര ചെയ്യാനെത്തുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ടിക്കറ്റ് എടുക്കാനുള്ള നീണ്ടനിര. പലർക്കും ഇതേത്തുടർന്ന് കൃത്യസമയത്തിന് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സാധിക്കില്ല. ഇപ്പോഴിതാ ഇതിന് പരിഹാരമായി കൊച്ചിയിലെ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും യുപിഐ അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് വെൻഡിംഗ് മെഷിൻ സ്ഥാപിച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ സി നാഗരാജു ഉദ്ഘാടനം ചെയ്തു. വേഗതയേറിയതും കൂടുതൽ ഉപഭോക്തൃ സൗഹൃദവുമായ ടിക്കറ്റിംഗ് അനുഭവം യാത്രക്കാർക്ക് നൽകുകയെന്നതാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

യാത്രക്കാർക്ക് എത്രയും വേഗത്തിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ ഒരുക്കുന്ന സൗകര്യങ്ങളിൽ ഏറ്റവും പുതിയതാണ് ഇതെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇന്ത്യയിൽ ചുരുക്കം മെട്രോ സ്‌റ്റേഷനുകളിൽ മാത്രമാണ് യുപിഐ ആധാരമാക്കി പ്രവർത്തിക്കുന്ന വെൻഡിംഗ് മെഷിനുള്ളത്. ടിക്കറ്റെടുക്കൽ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനാണ് കൊച്ചി മെട്രോ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎംആർഎല്ലിന്റെ ഡിജിറ്റൽ ടിക്കറ്റുകൾ നിലവിൽ ഒഎൻഡിസി പ്ലാറ്റ്‌ഫോമുകളായ ഗൂഗിൾ വാലറ്റ്, പേടിഎം, ഫോൺപേ, റെഡ്ബസ്, ടമ്മോക്, യാത്രി, ഈസ്‌മൈട്രിപ്പ്, റാപ്പിഡോ, ടെലിഗ്രാം (മൈ മെട്രോ കൊച്ചി), കേരള സവാരി എന്നിവയുൾപ്പെടെ നിരവധി ആപ്ലിക്കേഷനുകൾ വഴി ലഭ്യമാണ്. 

തുടർച്ചയായ മഴ; കൊച്ചിയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്, റെഡ് അലർട്ട്

0
Spread the love

കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച മഴ രാവിലെ ഏഴ് മണിയോടെയാണ് തോർന്നത്. ഇതോടെ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജോലിക്ക് പോകുന്നവരും സ്‌കൂളിൽ പോകുന്ന കുട്ടികളും ഉൾപ്പെടെ പ്രദേശവാസികളെല്ലാം പ്രതിസന്ധിയിലായി. ചെറിയ ഇടവഴികളിലും വെള്ളം കയറി. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, കോട്ടയത്തും ഇടുക്കിയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രാത്രികാല യാത്രകൾ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ ലോ റേഞ്ചിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പലയിടത്തും വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ ദുരിതത്തിലായിരിക്കുകയാണ്.


ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ എന്നീ മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് യെല്ലോ അലർട്ടുമുണ്ട്. ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വിലക്കയറ്റത്തിൽ സർക്കാർ ഇടപെടൽ; ഓണത്തിന് സപ്ലൈകോ വഴി 2 ലിറ്റർ വെളിച്ചെണ്ണ,​ വിതരണം 10 മുതൽ

0
Spread the love

പൊതുവിപണിയിൽ വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപയും കടന്ന് കുതിക്കുമ്പോൾ അതിന് തടയിടാൻ സർക്കാർ ഇടപെടൽ. ഓണക്കാലത്ത് റേഷൻ കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ ലിറ്ററിന് 349 രൂപയ്ക്ക് രണ്ട് ലിറ്റർ വെളിച്ചെണ്ണ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി ലഭ്യമാക്കും. ആഗസ്റ്റിലും സെപ്തംബറിലുമായി ഓരോ ലിറ്റർ വീതമാണ് വിതരണം.

ആദ്യ ഒരു ലിറ്ററിന്റെ വിതരണം ഈ മാസം 10ന് തുടങ്ങും. ഈ മാസാവസാനംവരെ വാങ്ങാം. സെപ്തംബർ ഒന്നുമുതൽ അടുത്ത ഒരു ലിറ്ററിന്റെ വിതരണം. ഓണം ഫെയറുകളിൽ നിന്നും ഇത് വാങ്ങാം. ഇതിനു പുറമെ സബ്സിഡിയില്ലാതെ ലിറ്ററിന് 429 രൂപ നിരക്കിൽ ആവശ്യത്തിന് വെളിച്ചെണ്ണയും സപ്ലൈകോയിൽ ലഭ്യമാക്കും. ശബരി ബ്രാൻ‌ഡിലാണ് വില്പന. ഇതിനായി സപ്ലൈകോയ്ക്ക് ഉണ്ടാകുന്നത് 13 കോടിയുടെ അധിക ബാദ്ധ്യത.

കഴിഞ്ഞ മാസം വിളിച്ച ടെൻഡറിലൂടെയാണ് ഓണക്കാലത്തേയ്ക്ക് ആവശ്യമായ വെളിച്ചെണ്ണ സമാഹരിച്ചത്. കേരഫെഡ് ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

വില കുറയും

സർക്കാർ ഇടപെടൽ കാര്യക്ഷമമാകുന്നതോടെ ഓണക്കാലത്ത് പൊതുവിപണിയിൽ വെളിച്ചെണ്ണ വില കുറഞ്ഞേക്കും. കേരഫെഡിന്റെ ‘കേര’ എണ്ണയ്ക്ക് 13-21%വരെ വിലക്കിഴിവ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഏർപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നുള്ള വെളിച്ചെണ്ണ വരവ് വർദ്ധിച്ചതും വിലകുറയാൻ ഇടയാക്കും.

1630

സപ്ലൈകോ ഔട്ട്ലെറ്റുകൾ

95,14,127

റേഷൻ കാർഡ് ഉടമകൾ

”വെളിച്ചെണ്ണ വില കുറയ്ക്കാൻ സഹായിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്

-ജി.ആർ.അനിൽ,

ഭക്ഷ്യമന്ത്രി

‘പട്ടികജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ തീവ്ര പരിശീലനം നല്‍കണം; വെറുതെ പണം കൊടുക്കരുത്’; വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

0
Spread the love

സിനിമ കോണ്‍ക്ലേവില്‍ വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. പട്ടിക ജാതി വിഭാഗക്കാര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതെിരെയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ വിമര്‍ശനം. വെറുതെ പണം നല്‍കരുതെന്നും പട്ടിക ജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ തീവ്ര പരിശീലനം നല്‍കണമെന്നും അടൂര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സിനിമയെടുക്കാന്‍ ഫണ്ട് നല്‍കുന്നതിനേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

പട്ടിക ജാതി വിഭാഗത്തില്‍ നിന്നും സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് തീവ്ര പരിശീലനം നല്‍കണം. വെറുതെ പണം കൊടുക്കരുത്. ഒന്നരക്കോടി അധികമാണ്. അമ്പത് ലക്ഷം വച്ച് മൂന്ന് പേര്‍ക്ക് കൊടുത്താല്‍ മതിയെന്നാണ് അടൂര്‍ പറയുന്നത്. വാണിജ്യ സിനിമയെടുക്കാനുള്ള കാശല്ല, നല്ല സിനിമയെടുക്കാനുള്ളതാണ്. സൂപ്പര്‍ സ്റ്റാറിനെ വച്ച് പടമെടുക്കാനല്ല പണം നല്‍കേണ്ടതെന്നും അദ്ദേഹം പറയുന്നു. സ്ത്രീകള്‍ക്കും പരിശീലനം നല്‍കണം. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം നല്‍കരുതെന്നും അടൂര്‍ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വേദിയിലും സദസില്‍ നിന്നും ഉയര്‍ന്നത്. സംവിധായകന്‍ ഡോക്ടര്‍ ബിജുവിനെ ചൂണ്ടിക്കാണിച്ച് സദസ് മറുപടി നല്‍കി. ഗായിക പുഷ്പലത അടൂരിനെ പ്രസംഗത്തിനിടെ തന്നെ ചോദ്യം ചെയ്തു. സിനിമയെടുത്താണ് പഠിക്കുന്നതെന്നാണ് പുഷ്പലത പറഞ്ഞത്. പിന്നാലെ പ്രസംഗിക്കാന്‍ വന്ന ശ്രീകുമാരന്‍ തമ്പി അടൂരിന് മറുപടി നല്‍കുന്നുണ്ട്. താന്‍ സിനിമ പഠിച്ചത് സിനിമയെടുത്താണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

പുതുച്ചേരിക്കുള്ള യാത്രക്കിടെ കാർ നിയന്ത്രണം വിട്ടു, നർത്തകിയ്ക്ക് ദാരുണാന്ത്യം, എട്ട് പേര്‍ക്ക് പരിക്കേറ്റു

0
Spread the love

തമിഴ്‌നാട്ടിലെ ചിദംബരത്ത് കടലൂർ അമ്മപ്പെട്ടൈ ബൈപാസിൽ കാർ നിയന്ത്രണം വിട്ട് മലയാളി നർത്തകി കൊല്ലപ്പെട്ടു. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. ഗൗരിയും എട്ട് പേരടങ്ങുന്ന സുഹൃത്തുകളുമാണ് കാറിലുണ്ടായിരുന്നത്. പുതുച്ചേരിയിലേക്ക് പോകുന്നതിനിടെ ശനിയാഴ്ച വൈകുന്നേരമായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. ബൈപാസിനടുത്തുള്ള റോഡരികിലെ കുഴിയിൽ വീഴുകയായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ തന്നെ ഗൗരി നന്ദ മരണപ്പെട്ടു. തൃശൂർ സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), വൈശാൽ (27) എറണാകുളം സ്വദേശികളായ സുകില (20), അനാമിക (20) എന്നിവരുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ കടലൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts