Home Blog Page 87

ഓണം ഡബിൾ ഓൺ ആക്കാൻ സൂപ്പർ താരങ്ങളടക്കം തിയറ്ററുകളിൽ; ഏറ്റവും പുതിയ റിലീസുകൾ അറിയാം

0
Spread the love

പറഞ്ഞ് പറഞ്ഞ് ഓണമിങ്ങു മലയാളികളുടെ പടിവാതിൽക്കലെത്തി. ഓണക്കോടിക്കും സദ്യയ്ക്കും ഒത്തുചേരലുകൾക്കും ഉള്ള അത്രതന്നെ മലയാളികൾ ഓണത്തിന് പ്രാധാന്യം നൽകുന്ന മറ്റൊരു കാര്യമാണ് ഓണത്തിനെത്തുന്ന പ്രിയപ്പെട്ട താരങ്ങളുടെ സിനിമാ റിലീസും. മലയാളികളുടെ ഈ ഓണം കളറാക്കാൻ ഇത്തവണ സൂപ്പർ സ്റ്റാറുകളുടെയടക്കം ചിത്രങ്ങളെത്തുന്നുണ്ട്. ഓ​ഗസ്റ്റ് മാസത്തിൽ റിലീസാകുന്ന ചിത്രങ്ങളേതൊക്കെയെന്ന് നോക്കാം.

  1. കൂലി

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കൂലി. ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ലോകേഷ് സ്റ്റൈലിലുള്ള ഒരു പക്കാ ആക്ഷൻ എന്റർടെയ്നർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആമിർഖാൻ, നാ​ഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും കൂലിയാണ്. ഓ​ഗസ്റ്റ് 14 നാണ് ചിത്രം റിലീസ് ചെയ്യുക

  1. ഹൃദയപൂർവം

സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവം’ ചിത്രത്തിന്റെ ടീസറെത്തി. ഫഹദ് ഫാസിൽ റഫറൻസോടെ രസകരമായാണ് ടീസർ ആരംഭിക്കുന്നത്. മോഹൻലാലിന്റെ അഭിനയ മികവ് ‘ഹൃദയപൂർവ’ത്തിലും പ്രതീക്ഷിക്കാമെന്ന് ടീസർ വ്യക്തമാക്കുന്നു. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഈ ഓണം എന്തായാലും ലാലേട്ടൻ മോളിവുഡ് തൂക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഓ​ഗസ്റ്റ് 28നാണ് ചിത്രം തിയറ്ററുകളിലെത്തുക.

  1. വാർ 2

ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2. തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. കിയാര അദ്വാനിയാണ് വാർ 2വിൽ നായികയായെത്തുന്നത്. ഈ മാസം 14 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. രജനികാന്ത് ചിത്രം കൂലിയ്ക്കൊപ്പമാണ് വാർ 2 വിന്റെ വരവ്. അതുകൊണ്ട് തന്നെ ഒരു ബോക്സോഫീസ് ക്ലാഷ് തന്നെ പ്രതീക്ഷിക്കാം.

  1. ഓടും കുതിര ചാടും കുതിര

ഫഹദ് ഫാസിൽ നായകനായി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവർ നായികമാരാകുന്ന ചിത്രം ഓഗസ്റ്റ് 29ന് പ്രദർശനത്തിനെത്തും.

  1. പരം സുന്ദരി

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വരാനിരിക്കുന്ന ചിത്രമാണ് പരം സുന്ദരി. ജാൻവി കപൂർ ആണ് ചിത്രത്തിൽ നായികയായെത്തുക. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിനായി സിദ്ധാർഥും ജാൻവിയും കേരളത്തിലെത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഓ​ഗസ്റ്റ് 29 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

ഷാരൂഖ് ഖാനെ ഇഷ്ടമാണ് പക്ഷെ പൃഥ്വിരാജിന്റെ പ്രകടനമായിരുന്നു മികച്ചത്: ദേശീയ അവാർഡ് പുരസ്കാരത്തിൽ വി ശിവൻകുട്ടി

0
Spread the love

എഴുപത്തിയൊന്നാം ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളികളെ ചൊടിപ്പിച്ച സംഭവമായിരുന്നു കേരള സമൂഹത്തെയും മലയാളികളെയും രാജ്യത്തിനും ലോകത്തിനും മുൻപിൽ മോശമായി ചിത്രീകരിച്ച ‘ദി കേരളാസ്‌റ്റോറി’ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം നൽകിയതും മലയാളികൾ വലിയ പ്രതീക്ഷയർപ്പിച്ച പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന് യാതൊരു അംഗീകാരവും നൽകാത്തതും. ഇന്ത്യൻ സിനിമയക്ക് തന്നെ വലിയ അഭിമാനമായ ആടുജീവിതം പോലൊരു ചിത്രത്തിൽ കാണാത്ത എന്തുകാര്യമാണ് ജൂറി കേരളാസ്‌റ്റോറിയിൽ കണ്ടുപിടിച്ചതെന്നാണ് പൊതുവെയുള്ള സോഷ്യൽ മീഡിയ സംസാരം. ഇപ്പോഴിതാ സമാനമായ അഭിപ്രായവുമായിരംഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി.
ഷാരൂഖ് ഖാനെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചതെന്നുമാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്..
എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്..
ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങിനെയാണ്? എന്നിങ്ങനെയാണ് മന്ത്രി കുറിച്ചത്.

അതേസമയം ദി കേരള സ്റ്റോറിക്ക് രണ്ട് അവാർഡ് ലഭിച്ചതിനെക്കുറിച്ച് വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘എന്റെ 15 വര്‍ഷത്തെ കരിയറില്‍ ആദ്യത്തെ അനുഭവമായിരുന്നു അത്’; മമ്മൂക്ക പറഞ്ഞതിനെ’കുറിച്ച് അജു വർഗീസ്

0
Spread the love

വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായ മലർവാടിയിലൂടെ സിനിമയിലേക്ക് ചേക്കേറിയ താരമാണ് അജു വർഗീസ്. ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത നടന സാന്നിധ്യമായി മലയാള സിനിമയിൽ താരം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ പറന്തു പോയിലെ പെർഫോമൻസ് കണ്ട് മെഗാസ്റ്റാർ മമ്മൂട്ടി മെസ്സേജ് അയച്ച സന്തോഷം ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ് അജു. പതിനഞ്ച് വര്‍ഷത്തെ തന്റെ കരിയറില്‍ ആദ്യത്തെ അനുഭവമായിരുന്നു ഇതെന്നും അജു പറയുന്നു. റാം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പറന്ത് പോ. വളരെ കുറച്ച് സമയം മാത്രമേ സ്‌ക്രീനില്‍ വന്നു പോകുന്നുള്ളുവെങ്കിലും അജുവിന്റെ പെര്ഫോമന്സിന് വലിയ അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്.

”സിനിമ റിലീസായപ്പോള്‍ ഞാന്‍ സന്തുഷ്ടനായിരുന്നു. പൊതുവെ അമിതമായി ഞാന്‍ സന്തോഷിക്കാറില്ല. സിനിമ വിജയിക്കുമ്പോള്‍ ഉത്തരവാദിത്തം പൂര്‍ത്തിയാകുന്നത് പോലെയാണ്. പരാജയമാണെങ്കില്‍ അതില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ടാകും. വിജയമാണെങ്കില്‍ ഒരു ഉത്തരവാദിത്തം പൂര്‍ത്തിയായി, അടുത്തത് എന്ത് എന്നായിരിക്കും ചിന്ത. പക്ഷെ ഇത്തവണ ഇത്തിരി വ്യത്യസ്തമാണ്. കാരണം എനിക്ക് മമ്മൂട്ടിയുടെ പക്കല്‍ നിന്നൊരു മെസേജ് ലഭിച്ചു” എന്നാണ് അജു പറയുന്നത്.

”പതിനഞ്ച് വര്‍ഷത്തെ എന്റെ കരിയറില്‍ ആദ്യത്തെ അനുഭവമായിരുന്നു അത്. അതുമൊരു തമിഴ് ചിത്രത്തിന്. അഞ്ച് മിനുറ്റ് മാത്രമുള്ളൊരു കഥാപാത്രത്തിനും. കഥാപാത്രത്തിന്റെ ദൈര്‍ഘ്യമൊന്നും വിഷയമല്ല. സംവിധായകനും എഴുത്തുകാരനും കൃത്യമായി പ്ലേസ് ചെയ്യാന്‍ അറിഞ്ഞിരുന്നാല്‍ മതിയെന്ന എന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആ സംഭവം” എന്നും അജു വര്‍ഗീസ് പറയുന്നു.

പറന്തു പോ കണ്ടിരുന്നു, ഗുഡ് വര്‍ക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ മെസേജ്. അത് മതി. അത് തന്നെ ധാരാളം. ലോകത്തിലെ തന്നെ ഏറ്റവും മഹാന്മാരായ നടന്മാരില്‍ ഒരാളാണ് അത് അയക്കുന്നത്. ഞാനിത് ഒരുപാട് സ്‌നേഹത്തോടേയും ബഹുമാനത്തോടേയും സ്വീകരിക്കുന്നുവെന്ന് മറുപടി നല്‍കിയെന്നാണ് അജു വര്‍ഗീസ് പറയുന്നത്.

‘ലളിത ചേച്ചിയുടെ ആത്മാവ് ഇവർക്ക് മാപ്പ് കൊടുക്കട്ടെ’; കുക്കു പരമേശ്വരനെതിരെ ആരോപണവുമായി പൊന്നമ്മ ബാബു

0
Spread the love

മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്തുനിന്നുമുള്ള മോഹൻലാലിൻറെ പിന്മാറ്റവും വരാനിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പും ആരോപണ വിധേയരുടെ പിന്മാറ്റവും താരങ്ങളുടെ പരസ്യ പ്രതികരണങ്ങളുമെല്ലാമാണ് പുതിയ സിനിമാ വാർത്തകൾ. മാധ്യമങ്ങളിൽ പരസ്യമായെത്തി പരസ്പരമുള്ള ആരോപണ പ്രത്യാരോപങ്ങളും നടത്തുന്ന ഇഷ്ട താരങ്ങൾ തൊട്ട് പരസ്പരം അയച്ച ഓഡിയോ ക്ലിപ്പുകൾ വരെ പുറത്തുവിടുന്ന തെരെഞ്ഞെടുപ്പ് തന്ത്രങ്ങൾ വരെ പരീക്ഷിക്കുന്ന താരങ്ങളെ വരെ മലയാളികൾ കണ്ടു. ഇപ്പോഴിതാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരെ നടി പൊന്നമ്മ ബാബു പരസ്യപ്രതികരണം നടത്തിയതാണ് ഏറ്റവും പുതിയ വാർത്ത.

മുൻ ജനറൽ സെക്രട്ടറി ബാബുരാജ്, അൻസിബ എന്നിവർ ചേർന്ന് ‘അമ്മ’യുടെ പണം കട്ടുമുടിച്ചു എന്ന് പറയുന്ന ആരോപണങ്ങളിലും അവർ രൂക്ഷമായി പ്രതികരിച്ചു. ഇടവേള ബാബു പോകുമ്പോൾ രണ്ടു കോടിയായിരുന്ന അമ്മയുടെ നീക്കിയിരിപ്പ്, ബാബുരാജ്–അൻസിബ എന്നിവർ ചേർന്ന് ഏഴു കോടി ആക്കിയെന്നാണ് ഇരുവർക്കും നേരെ ചിലർ നടത്തുന്ന ആരോപങ്ങളെ തള്ളിക്കൊണ്ട് പൊന്നമ്മ ബാബു പറഞ്ഞത്

പൊന്നമ്മ ബാബുവിന്റെ വാക്കുകൾ

“ഒരു ചാനലിൽ കുക്കു പരമേശ്വരൻ, പൊന്നമ്മ ബാബു പറഞ്ഞിട്ടാണ് ഹോളിഡേ ഇന്നിൽ എല്ലാവരേയും വിളിച്ചുകൂട്ടിയത് എന്ന് പരാമർശിച്ചു കണ്ടു. അതൊന്നും ക്ലിയർ ചെയ്യണം എന്ന് എനിക്ക് തോന്നി. അല്ലെങ്കിൽ എല്ലാവരും വിചാരിക്കില്ലേ, ഞാനാണ് കാര്യങ്ങളൊക്കെ ഇങ്ങനെ ചെയ്യുന്നത് എന്ന്. ശരിക്കും സംഭവം ഇങ്ങനെ ആയിരുന്നു.

ഈ മീടൂ ആരോപണങ്ങൾ ഇറങ്ങിയ സമയത്ത് ഹോളിഡേ ഇൻ ഹോട്ടലിലേക്ക് കുക്കുവാണ് എല്ലാവരെയും വിളിക്കുന്നത്. ഞങ്ങൾ പത്തോ പതിനഞ്ചോ സ്ത്രീകൾ ഉണ്ടായിരുന്നു. കുക്കു പറയുന്നത് പൊന്നമ്മ ബാബു വിളിച്ചിട്ടാണ് കുക്കു വന്നത് എന്നാണ്. ബാക്കി എല്ലാവരെയും വിളിച്ചേക്കുന്നത് കുക്കുവാണ്, ഞാനല്ല.

പിന്നെ അന്ന് പറഞ്ഞത് നിങ്ങൾക്കുള്ള വിഷമങ്ങളൊക്കെ നിങ്ങൾ പറയൂ നമ്മൾ ഒരു കൂട്ടായ്മ തുടങ്ങുകയാണ്, സ്ത്രീകളുടെ കൂട്ടായ്മ ആണ്, നമുക്ക് ഇവിടുത്തെ മീറ്റിങ് കഴിഞ്ഞ് തിരുവനന്തപുരത്ത് ഒരു മീറ്റിങ് വിളിക്കാം, അമ്മയുടെ അംഗങ്ങൾ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ എല്ലാവരും കൂടെ ചേർന്ന് പല പരിപാടികളിലും പ്ലാൻ ചെയ്യാം എന്ന് പറഞ്ഞിരുന്നു. ഞങ്ങൾ സമരിക്കുമ്പോൾ രണ്ട് കാമറ അപ്പുറവും ഇപ്പുറവും ഓണായി നിൽപ്പുണ്ടായിരുന്നു.

നിങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ പറയൂ, നമ്മൾ അത് വേണ്ടപ്പെട്ടവരെ അറിയിച്ച് നിങ്ങൾക്ക് അതിനു വേണ്ട നീതി വാങ്ങിച്ചു തരും എന്ന് പറഞ്ഞപ്പോൾ പാവങ്ങളായ കുറച്ച് ആൾക്കാർ അവരുടെതായ ഒരുപാട് വിഷമങ്ങൾ പറഞ്ഞു. അതെല്ലാം ഷൂട്ട് ചെയ്ത സമയത്ത് ഉഷയും പ്രിയങ്കയും കൂടി ചോദിച്ചു, എന്താണ് ഇത് ഇങ്ങനെ ഷൂട്ട് ചെയ്യുന്നത്? അപ്പോൾ പറഞ്ഞു, നമുക്ക് ഇത് മറ്റുളളവരെ കാണിക്കണമല്ലോ, നിങ്ങൾക്ക് ഇങ്ങനെയൊക്കെ ഉണ്ടായ കാര്യം അവരും കൂടെ അറിയണമല്ലോ! അതുകൊണ്ടാണ് നമ്മൾ ഷൂട്ട് ചെയ്യുന്നത് എന്ന് പറഞ്ഞു.

പക്ഷേ, പിന്നെ ആ കൂട്ടായ്മ നടന്നുമില്ല. ആ വിഡിയോയെക്കുറിച്ച് കുക്കുനോട് ചോദിക്കുമ്പോൾ കുക്കു പറയുന്നത് വിഡിയോ സുരക്ഷിതമായി കയ്യിലുണ്ട്. ഇടവേള ബാബുവിനെ ഏൽപ്പിച്ചിട്ടുണ്ട് എന്നൊക്കെയാണ്. പക്ഷേ, അതിനുശേഷം ഇതിനെ പറ്റി ഒരു നടപടിയും ഉണ്ടായില്ല. ഈ പറയുന്ന ഹാർഡ് ഡിസ്ക് ആരുടെ കയ്യിലാണ്, എവിടെയാണ് എന്ന് ചോദിച്ചപ്പോൾ ഇന്നത്തെ പരാമർശത്തിൽ പറയുന്നത് പാവം മരിച്ചുപോയ ലളിത ചേച്ചിയുടെ കയ്യിലായിരിക്കും എന്ന്. ലളിത ചേച്ചി അന്ന് ആ മീറ്റിങ്ങിൽ ഉണ്ട്. ലളിത ചേച്ചിയുടെ ആത്മാവ് ഇവർക്ക് മാപ്പ് കൊടുക്കട്ടെ എന്ന് ഞാൻ പറയുകയാണ്.

അവർ ജീവിച്ചിരിക്കുമ്പോൾ പറയുകയായിരുന്നെങ്കിൽ ലളിത ചേച്ചി ഇതിന് ഉത്തരം പറഞ്ഞേനെ. പിന്നെ പറഞ്ഞത് അത് പൊന്നമ്മ ബാബുവിന്റെയോ അല്ലെങ്കിൽ മഞ്ജു പിള്ളയുടെയോ കയ്യിൽ ഉണ്ടാകും എന്ന്. അവിടെ അന്ന് വന്ന മറ്റുള്ള സ്ത്രീകൾ മാധ്യമങ്ങളെ കാണാൻ ഇരിക്കുകയാണ്. ഇത് ആരാണ് അന്നു കൊണ്ടുപോയതെന്ന് എല്ലാവർക്കും വ്യക്തമായി അറിയാം. കുക്കു പരമേശ്വരൻ എന്ന ആളുടെ കയ്യിൽ തന്നെയാണ് അതുള്ളത്. പെൺകുട്ടികൾക്കെല്ലാം ഇപ്പോൾ ഭയമായിരിക്കുകയാണ്.

സ്ത്രീകൾ മുൻനിരയിൽ വരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ വച്ച് നോക്കുമ്പോൾ സെക്രട്ടറി ആവാൻ വേണ്ടി മത്സരിക്കുന്ന ഒരാൾ ഇത്രയും കാര്യങ്ങളൊക്കെ ചെയ്തെങ്കിൽ അയാൾ അതിനു പറ്റിയ ഒരാളല്ല. ഒരു സ്ത്രീ മത്സരിക്കുമ്പോൾ ഞങ്ങൾ അതിന് എതിരെ പറയുകയല്ല. പക്ഷേ, ഞങ്ങളോട് ഇങ്ങനെ ഒക്കെ ചെയ്ത ഒരാൾ നിൽക്കുന്നത് എങ്ങനെ ശരിയാകും? മെമ്മറി കാർഡ് എവിടെ എന്ന ചോദ്യത്തിന് ഞങ്ങൾക്ക് മറുപടി ഇതുവരെ കിട്ടിയിട്ടില്ല.

ഇടയ്ക്ക് എപ്പോഴോ നശിപ്പിച്ചു കളഞ്ഞു എന്ന് പറഞ്ഞു. അത് ഒരിക്കലും നശിപ്പിച്ചിട്ടൊന്നുമില്ല. അത് ഇപ്പോഴും കുക്കുവിന്റെ കയ്യിലുണ്ടായിരിക്കും. മീ ടൂ ആരോപണങ്ങൾ വന്നതിനു ശേഷമാണ് ഹേമാ കമ്മീഷൻ വരുന്നത്. എപ്പോഴെങ്കിലും ഈ പറഞ്ഞതൊക്കെ എവിടെയെങ്കിലും കൊണ്ടുപോയി ഹാജരാക്കും എന്ന് വിചാരിച്ചു. പക്ഷേ, അത് ചെയ്തില്ല. ഞങ്ങൾ സ്ത്രീകളുടെ ഒരു വാട്സാപ്പ് കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. അതിനകത്ത് ഇത് ചർച്ചയായി വന്നു. ആ മെമ്മറി കാർഡ് എവിടെ എന്ന് ചോദിച്ചപ്പോൾ അത് വലിയ ഇഷ്യൂ ആയി വന്നു.

അപ്പോൾ അതിനെ മൂടാൻ വേണ്ടി വേറൊരു ഇഷ്യൂ കൊണ്ടുവന്നു അതിൽ ചർച്ചയായി കുറച്ചു അംഗങ്ങൾ ലീവ് ചെയ്തു പോയി. അപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഇതിനെ മറക്കാൻ വേണ്ടിയിട്ടാണ് ആ ഇഷ്യൂ ഉണ്ടാക്കിയതെന്ന്. പിന്നെ ഇനി ഇതിൽ ചർച്ച ഉണ്ടാകില്ല എന്ന് കരുതി ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഉഷ പ്രസ് മീറ്റ് വിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞത്. സത്യം പറഞ്ഞാൽ ഇതൊന്നും പുറത്തു വന്നു പറയണമെന്ന് വിചാരിച്ച കാര്യങ്ങളല്ല. ഞങ്ങളുടെ സംഘടനയ്ക്കുള്ളിൽ ആണ് ഇത് പറയേണ്ടത്.

പലപ്പോഴും ചോദിച്ചപ്പോഴൊക്കെ മെമ്മറി കാർഡ് ഉണ്ട് എന്നാണ് പറയുന്നത്. ഈ പ്രശ്നം ഇപ്പോൾ സീരിയസ് ആയത് കുക്കു എന്ന വ്യക്തി ഇപ്പോൾ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതു കൊണ്ടാണ്. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്ത അവർ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാൻ അർഹയല്ലല്ലോ. അങ്ങനെ വന്നാൽ സ്ത്രീകൾക്ക് സംഘടനയിൽ എന്ത് സുരക്ഷിതത്വമാണ് ഉളളത്? നമുക്ക് നീതി മേടിച്ചു തന്നുമില്ല, ഇതെല്ലാം ഷൂട്ട് ചെയ്തു വച്ചിട്ടുമുണ്ട്, ഇത് ആരൊക്കെ ആർക്കൊക്കെ എതിരെ തിരിയുന്നുണ്ടെന്ന് നമുക്ക് അറിയുകയുമില്ല. മുൻപൊരിക്കൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഒരു സബ് കമ്മിറ്റി രൂപീകരിച്ചത്തിൽ ലളിത ചേച്ചിയെയും എന്നെയേയും ഒക്കെ ഇട്ടപ്പോൾ കുറച്ചു പേർ വലിയ പ്രശ്നം ഉണ്ടാക്കി.

ആ സബ്കമ്മറ്റി ഉണ്ടായ വിവരം മറ്റുള്ളവർ അറിഞ്ഞിട്ടില്ലായിരുന്നു. അതുകൊണ്ട് ആ കമ്മിറ്റി കാൻസൽ ചെയ്ത് വേറെ കമ്മിറ്റി രൂപീകരിച്ചു. പിന്നെ ഞങ്ങൾ ആ സബ് കമ്മിറ്റിയിൽ ഇല്ലായിരുന്നു. ആ ഒരു പറച്ചിലിൽ മാത്രമേ ഞങ്ങളുടെ പേരുണ്ടായുള്ളൂ. പക്ഷേ കുക്കു പരമേശ്വരൻ ആണ് ഞങ്ങളെ വിളിച്ചുകൊണ്ടുപോയി ഷൂട്ട് ചെയ്തത്. ഇനി കുക്കുവിനെ ആരും അറിയിച്ചിട്ടില്ല എന്നാണെങ്കിൽ അവർ ക്യാമറ കൊണ്ടു വരേണ്ട കാര്യമെന്താ? പ്രിയങ്ക എന്നെ വിളിച്ചു ചോദിച്ചു, ‘പൊന്നു… കുക്കു പരമേശ്വരൻ വിളിച്ചു, പൊന്നു പോകുന്നുണ്ടോ’ എന്ന്. ഞാൻ പറഞ്ഞു, പോയേക്കാം… നമ്മുടെ സ്ത്രീ കൂട്ടായ്മ അല്ലേ. എല്ലാവരെയും കുക്കു ആണ് വിളിച്ചത്.

ഞാൻ മാത്രം കുക്കൂനെ വിളിച്ചെന്ന് പറയുന്നതാണ് എനിക്ക് മനസ്സിലാവാത്തത്. കുക്കുവിനെ വിളിക്കാമെങ്കിൽ എനിക്ക് ബാക്കി എല്ലാവരെയും വിളിക്കാമല്ലോ. എന്തിനാണ് കുക്കു ഇങ്ങനെ കള്ളം പറയുന്നത്? എന്തിനാണ് ഇവർ പേടിക്കുന്നത്. അന്ന് 20ൽ താഴെ സ്ത്രീകൾ ഉണ്ടായിരുന്നു. അവർ അവരുടെ സങ്കടങ്ങൾ പറഞ്ഞു. എന്നോട് ചോദിച്ചു, എനിക്കൊന്നും പറയാൻ ഇല്ലേ എന്ന്! ഞാൻ പറഞ്ഞു ഇല്ല, എനിക്ക് അനുഭവം ഉണ്ടെങ്കിൽ അല്ലേ പറയാൻ പറ്റൂ.

എന്തായാലും ഞങ്ങൾക്ക് ആ മെമ്മറി കാർഡ് കിട്ടണം! കിട്ടിയേ പറ്റൂ. ഹേമ കമ്മീഷൻ റിപ്പോർട്ട് വന്ന സമയത്ത് ഞാൻ ഈ കുക്കു പരമേശ്വരനെ വിളിച്ചതാണ്. പക്ഷേ, അവരുടെ ചില രീതികൾ എനിക്ക് ഇഷ്ടപ്പെടാതെ വന്നു. കാരണം ന്യായത്തിന്റെ ഭാഗത്തല്ല അവർ നിൽക്കുന്നത്. ഞാൻ പറഞ്ഞു സ്ത്രീകൾ നമ്മളോട് ഇങ്ങനെ ഒക്കെ പറഞ്ഞില്ലേ, നമുക്കും അവർക്ക് വേണ്ടി രണ്ടു വാക്ക് പറയാം. അപ്പോൾ കുക്കു പറഞ്ഞു, ‘പൊന്നൂസേ മിണ്ടാതിരി അവിടെ, മിണ്ടരുത്, പൊയ്മുഖങ്ങളൊക്കെ അഴിഞ്ഞു വീഴട്ടെ, മിണ്ടരുത്’ എന്ന്. അപ്പോൾ ഞാൻ ഓർത്തു, അയ്യോ നമ്മുടെ ആൾക്കാർ വിഷമിക്കുന്നല്ലോ! എന്താണ് ഇവർ ഇങ്ങനെയൊക്കെ പറയുന്നത് എന്ന്! എനിക്ക് വിഷമം ഉണ്ടായി.

ആ വിഷമം ഞാൻ ലക്ഷ്മിപ്രിയ, അൻസിബ എന്നിവരെയൊക്കെ വിളിച്ചു പറഞ്ഞു. ഞാൻ പറഞ്ഞു നമുക്ക് ഒരു പ്രസ്റ്റ് മീറ്റ് കൊടുക്കാം. പക്ഷേ, അവരെയൊന്നും ഉദ്ദേശിച്ച സമയത്ത് കിട്ടിയില്ല. ഞാൻ ആ സമയത്ത് ഒരു ചാനലിന് രണ്ട് ഇന്റർവ്യൂ കൊടുത്തു. ഹേമ കമ്മീഷൻ വന്നപ്പോൾ പെണ്ണുങ്ങളോ ആണുങ്ങളോ ആരും ആ സമയത്ത് ഒരു കാര്യവും പറഞ്ഞിട്ടില്ല. ഞാൻ മാത്രമേ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുള്ളൂ. ഇപ്പോഴാണ് ഓരോരുത്തർ ഓരോന്ന് പറഞ്ഞുവരുന്നത്.

ഞാൻ അവരോട് ചോദിച്ചു, ഹേമ കമ്മിഷൻ റിപ്പോർട്ട് വന്നപ്പോൾ നിങ്ങൾ ആരുടെയും ശബ്ദം പുറത്തോട്ട് വന്നില്ലല്ലോ എന്ന്. എല്ലാവരും ഓടി ഒളിക്കുകയാണ് ചെയ്തത്. ആരും ഒരു അക്ഷരവും പറഞ്ഞില്ല. ഇവരുടെ കയ്യിൽ ഈ മെമ്മറി കാർഡ് ഇരിക്കുന്നത് ഞങ്ങൾക്ക് പേടിയാണ്. കാരണം നാളെ ഇവർ ഇത് എങ്ങനെ ദുരുപയോഗം ചെയ്യുമെന്ന് അറിയില്ല. മെമ്മറി കാർഡ് കമ്മിഷന് മുന്നിൽ സമർപ്പിക്കണം എന്നാണു ഇപ്പോൾ ഞങ്ങളുടെ ആഗ്രഹം.ഇപ്പോൾ കുക്കു എന്റെ പേര് പറഞ്ഞപ്പോൾ ഇതിന്റെ സത്യാവസ്ഥ പറയണമെന്ന് എനിക്ക് തോന്നി.

അതുകൊണ്ടാണ് ഇതിന്റെ സത്യസന്ധമായ കാര്യങ്ങൾ ഇതൊക്കെയാണ് എന്ന് പറയാൻ വന്നത്. കുക്കു രണ്ടിടത്തും നിന്ന് കളിക്കരുത്. അത് ശരിയല്ല. ‘ഞാൻ ആണ് വിഡിയോ എടുത്തത്, അത് എന്റെ കയ്യിൽ ഉണ്ട്’ എന്ന് പറയാനുള്ള ചങ്കൂറ്റം ഉണ്ടാകണം. മഞ്ജുവിന്റെയോ എന്റെയോ ലളിത ചേച്ചിയുടെയോ കയ്യിലാണ് കാർഡ് എന്ന് പറഞ്ഞാൽ പറ്റില്ല. ഞാൻ ഒരാൾ മാത്രമല്ല അവിടെ ഉണ്ടായിരുന്നത്. ഒരുപാട് സ്ത്രീകൾ ഉണ്ടായിരുന്നു. അവർ പറയട്ടെ ഞാൻ ആണ് വിളിച്ചത് എന്ന്.ഞങ്ങൾ ‘അമ്മയുടെ പെൺമക്കൾ’ എന്നു പറഞ്ഞ കൂട്ടായ്മ ഉണ്ടാക്കിയപ്പോൾ പലരും പറഞ്ഞത് അത് ബാബുരാജിന് വേണ്ടി ഉണ്ടാക്കിയ ഒരു ഗ്രൂപ്പാണ് എന്നാണ്. സത്യം പറഞ്ഞാൽ ബാബുരാജ് ഇത് അറിയുന്നത് ഗ്രൂപ്പ് ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞാണ്.

ബാബുരാജ് അപ്പോൾ പറഞ്ഞു, ‘അടിപൊളി’ എന്ന്. ഞങ്ങളുടെ ഗ്രൂപ്പ് നന്നായി പോകുന്നുണ്ട്. കുറെ വയസ്സായ അമ്മമാരൊക്കെ ഗ്രൂപ്പിൽ ഉണ്ട്. ബാബുരാജ് മാറി എന്ന് പറഞ്ഞപ്പോൾ അമ്മാർക്ക് ഭയങ്കര ആധി ആയി . കാരണം ഇനിയുള്ള കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകും. അടുത്ത ആൾ വന്നു ചെയ്തു കാണിക്കണ്ടേ. അമ്മയുടെ സെക്രട്ടറി ആയി ഇടവേള ബാബു 25 വർഷം കൊണ്ട് ചെയ്ത കാര്യം ബാബുരാജിന്റെ ടീം ഒരു വർഷം കൊണ്ട് ചെയ്തു.

ബാബുരാജ് എന്ന് മാത്രമല്ല ഞാൻ പറയുന്നത്, ബാബുരാജിന്റെ ടീം എന്നാണ്. അവർ കുടുംബ സംഗമം, വനിതാ സംഗമം, പിന്നെ സഞ്ജീവനി പദ്ധതി, 122 പേർക്ക് പെൻഷൻ അങ്ങനെ നിരവധി പരിപാടികളുമായി സജീവമായിരുന്നു. പെൻഷൻ കൊടുത്തിരുന്ന കുറേ പേർ മരിച്ചുപോയി. അതുകൊണ്ട് ആ പെൻഷൻ വേറെ കുറേ പേർക്ക് കൂടി കൊടുക്കാൻ വേണ്ടി തയാറായിരിക്കുകയായിരുന്നു.

പിന്നെ പെൻഷൻ കൂട്ടാൻ ഇരിക്കുകയായിരുന്നു. ഇതൊക്കെ ഇനി വരുന്ന ആൾക്കാർ ചെയ്യുമോ എന്ന് അറിയില്ല, ചെയ്യണം. ഓപ്പറേഷൻ ചെയ്യാനിരിക്കുന്ന ആൾക്കാരുണ്ട്, മെഡി ക്‌ളെയിം വേണ്ടവരുണ്ട്, മുട്ടു മാറ്റി വയ്ക്കാൻ ഓമന ചേച്ചി ഇരിപ്പുണ്ട്, അതിന്റെ കാര്യങ്ങളൊക്കെ ചെയാനുളളതാണ്.സത്യത്തിൽ കുക്കു ഒക്കെ നമ്മുടെ സഹപ്രവർത്തകരാണ്. എന്നിട്ട് ഈ സഹപ്രവർത്തകരെ കുറിച്ച് ഇങ്ങനെയൊക്കെ മീഡിയയുടെ മുന്നിൽ വന്നു പറയേണ്ടി വന്നതിൽ എനിക്ക് ഒരുപാട് വിഷമമുണ്ട്. എന്റെ പേര് പറഞ്ഞതുകൊണ്ടാണ് എനിക്കിപ്പോൾ ഇത് പറയേണ്ടി വന്നത്.

എല്ലാത്തിനെയും പോസിറ്റീവ് ആയി കാണാൻ ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയാണ് ഞാൻ. സത്യസന്ധമല്ലാത്ത കാര്യം കുക്കു പരമേശ്വരൻ ഒരു ഉളുപ്പും ഇല്ലാതെ ചാനലിന്റെ മുന്നേ വന്ന് പറയുകയാണ്. അവർക്ക് ദൈവം വച്ചിരിക്കുന്നത് വേറെ വല്ലതുമാണ്. ഞങ്ങളുടെ ഗ്രൂപ്പിൽ മെമ്മറി കാർഡ് ചോദിച്ചുകൊണ്ട് കുറെ സ്ത്രീകൾ മെസ്സേജ് ഇട്ടിരുന്നു. പക്ഷേ, ഈ കക്ഷി അനങ്ങിയില്ല. വേറൊരു ചെറിയ ഇഷ്യൂ വലുതാക്കി ഇവർ ഗ്രൂപ്പ് വിട്ടുപോയി.

കുക്കു ഇപ്പോൾ പറയുന്നത് ഇടവേളബാബു പറഞ്ഞിട്ടായിരിക്കും എന്ന് തോന്നുന്നു. ഇലക്ഷൻ ജയിക്കാൻ വേണ്ടി പല കളികൾ കളിക്കുകയാണ്. അവർ മത്സരിച്ച് ജയിച്ചു കാണിക്കട്ടെ. അൻസിബ ഹസനെപ്പറ്റി ഒരു സഹപ്രവർത്തകൻ വളരെ മോശമായ പരാമർശവുമായി രണ്ട് വിഡിയോ ചെയ്തു. ചെയ്യിപ്പിച്ചത് ഈ പറയുന്ന ആൾക്കാരൊക്കെ കൂടിയാണ്. എന്നാൽ അൻസിബയെ അങ്ങനെ പറഞ്ഞത് മോശമായിപ്പോയി എന്ന് കുക്കു പരമേശ്വരൻ പറഞ്ഞില്ലല്ലോ. ‘അത് മോശമാണ്, അങ്ങനെ സംസാരിക്കാൻ പാടില്ല’ എന്ന് ഞങ്ങളെല്ലാം പ്രതികരിച്ചു. സ്ത്രീയെ പൊതുഇടത്തിൽ ഇങ്ങനെ അപമാനിക്കാൻ പാടില്ല.

അനൂപ് പറഞ്ഞത് ഒരുപാട് നാവുകൾക്ക് വേണ്ടിയാണ് എന്ന് ഞാൻ ഗ്രൂപ്പിൽ പറഞ്ഞു. ഞാൻ ഇതൊക്കെ പറയുമ്പോൾ എന്നോട് ദേഷ്യം ഉണ്ടാകും. മെമ്മറി കാർഡ് എന്റെ കയ്യിൽ ഉണ്ടെങ്കിൽ ഞാൻ അത് കമ്മിഷന് മുന്നിൽ ഹാജരാക്കിയേനേ. അമ്മ എത്ര നന്നായിട്ട് പോയിക്കൊണ്ടിരുന്ന ഒരു സംഘടനയാണ്. മമ്മൂക്ക, ലാലേട്ടൻ, സുരേഷ് ഗോപി ഒക്കെ എത്ര നന്നായിട്ട് നടത്തിക്കൊണ്ടു പോയ ഒരു സംഘടനയാണ്. ആവശ്യമില്ലാതെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി വെട്ടിമുറിച്ച് നശിപ്പിച്ചു. നമ്മളൊക്കെ ഈ ലോകത്തുനിന്ന് മരിച്ചു പോകുന്നവരല്ലേ? എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.

‘അമ്മ നശിച്ചുപോയാൽ പാവപ്പെട്ട കുറെ അമ്മമാർ പെൻഷൻ മേടിക്കുന്നവരുണ്ട്, കിടപ്പു രോഗികളുണ്ട്. ഇവരുടൊക്കെ അവസ്ഥയാണ് നമ്മൾ ചിന്തിക്കുന്നത്. നമുക്ക് അത് ഓർക്കുമ്പോൾ വിഷമം ഉണ്ട്. കോടികളുടെ കുടിശ്ശിക അമ്മയ്ക്കുണ്ട്, അതിനു മുകളിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇടവേള ബാബു ഇരുന്ന സമയത്ത് രണ്ടു കോടി ആയിരുന്നു നമുക്ക് നീക്കിയിരിപ്പുണ്ടായിരുന്നത്. ബാബുരാജിന്റെ ടീം വന്നപ്പോ അത് ഒരു കൊല്ലം കൊണ്ട് ഏഴു കോടി അടുത്തുണ്ട് ബാലൻസ്.

ബാബുവും അൻസിബ ഹസനും കൂടി അമ്മയെ കട്ടുമുടിച്ചു എന്നൊക്കെയാണ് വാർത്ത വെളിയിൽ വന്നേക്കുന്നത്. ഇത്ര അവർക്ക് ഉണ്ടാക്കാമെങ്കിൽ പിന്നെ ഇവർ എന്തിനാണ് കട്ടു മുടിക്കുന്നത്. അത്രയും പൈസ ഇപ്പോൾ ഉണ്ട് അമ്മയുടെ അക്കൗണ്ടിൽ. എല്ലാം നല്ലത് തന്നെയായിരുന്നു.ശ്വേതാ മേനോൻ, ദേവേട്ടൻ ഒക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കട്ടെ. നമുക്ക് ആരാണ് പ്രസിഡന്റ് ആയി വേണ്ടത് എന്ന് തോന്നുന്നവർക്ക് വേണ്ടി വോട്ട് ചെയുക

ഓടി എത്തിയപ്പോഴേക്കും കാണുവാൻ കഴിഞ്ഞില്ല; രഹ്‌നയോടും മക്കളോടും എന്ത് പറയുമെന്ന് അറിയില്ല, നോവായി സൂരാജ് വെഞ്ഞാറമൂടിന്റെ അനുസ്മരണ കുറിപ്പ്

0
Spread the love

കലാഭവന്‍ നവാസ് ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ മലയാളികൾക്കും സിനിമാ ലോകത്തിനും ഇനിയും സാധിച്ചിട്ടില്ല. യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത നവാസിനെ 51ആം വയസ്സിൽ വിധി തിരിച്ചു വിളിക്കുകയായിരുന്നു. ഇപ്പോഴിതാ സുഹൃത്തും നടനുമായ സൂരാജ് വെഞ്ഞാറമൂട് നവാസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് മാധ്യമങ്ങളിൽ നിറയുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സിനിമയിലൂടെ എന്റെ ജീവിതത്തിലേക്ക് കൂടി നടന്നു കയറിയ വളരെ കുറച്ചു ചങ്ങാതിമാരിൽ ഒരാളായിരുന്നു പ്രിയപ്പെട്ട നവാസിക്ക…

ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല ഒരു പാട് നന്മയും മറ്റുള്ളവരോട് കരുതലുമുള്ള ഒരു തികഞ്ഞ മനുഷ്യസ്നേഹി…

ഞങ്ങൾ പരിചയപ്പെടുന്ന കാലത്ത് ഞാൻ സിനിമയിൽ ഇല്ല…ഞങ്ങളുടെ പ്രോഗ്രാം വേദികളിൽ ഗസ്റ്റ് ആയിട്ട് സിനിമ താരമായ നവാസിക്കയെ കൊണ്ട് വരിക എന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ അഭിമാനം…

ഒരു നിശ്വാസത്തിനിടയിൽ പുരുഷന്റെയും സ്ത്രീയുടെയും ശബ്ദം മാറി മാറി എടുക്കാൻ കഴിയുന്ന അപൂർവമായ കഴിവിന് അപ്പുറം ഇക്ക ഒരു അസ്സൽ ഗായകൻ കൂടിയാണ്… ഒരു തികഞ്ഞ കലാകാരൻ…
കാലങ്ങൾ കഴിഞ്ഞു പോകവേ ഓരോ കാഴ്ചയിലും ഞങ്ങൾ ഓരോ വേദികളിലും പങ്കിട്ട നിമിഷങ്ങളെ കുറിച്ചും അവിടുണ്ടായ രസകരമായ നിമിഷങ്ങളെയും കുറിച്ചു പറയുകയും ആർത്തലച്ചു ചിരിക്കുകയും ചെയ്യും…

ഈ അടുത്ത കാലത്ത് ഗംഭീര വേഷങ്ങളാണ് ഇക്കയെ തേടി എത്തിയിരുന്നത്.. അതിന്റെ സന്തോഷവും അവസാനം കണ്ടപ്പോൾ പങ്ക് വച്ചു കൈയുയർത്തി യാത്ര പറഞ്ഞങ്ങു നടന്നു പോയി…

വിശ്വസിക്കാൻ ആകുന്നില്ല… ഓടി എത്തിയപ്പോഴേക്കും കാണുവാനും കഴിഞ്ഞില്ല…

ഒരു നിമിഷം കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യൻ ഒന്നും പറയാതെയങ്ങു പോയി..

രഹ്‌നയോടും മക്കളോടും എന്ത് പറയുമെന്ന് അറിയില്ല. ആശ്വസിപ്പിക്കാൻ വാക്കുകളില്ല..അവർക്കു ഈ വേദനയേ അതിജീവിക്കാൻ കഴിയട്ടെ…

വിട

വല്ലാണ്ട് പ്രായമായി എന്ന തോന്നൽ നാല്പതുകൾക്ക് മുൻപേ ഉണ്ടോ? മുഖം ചെറുപ്പമായിരിക്കാൻ ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍

0
Spread the love

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിതാരിക്കാന്‍ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പഞ്ചസാര

പഞ്ചസാര അടങ്ങിയവയുടെ അമിത ഉപയോഗം ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനും പ്രായക്കൂടുതല്‍ തോന്നാനും കാരണമാകും.

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചര്‍മ്മത്തിന് നന്നല്ല.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം മുഖക്കുരു ഉണ്ടാക്കാം. അതിനാല്‍ അത്തരക്കാര്‍ പാലുല്‍പ്പന്നങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

പ്രോസസിഡ് ഭക്ഷണങ്ങള്‍

സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങള്‍ അഥവാ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തെ മോശമാക്കും

എരുവുള്ള ഭക്ഷണങ്ങള്‍

എരുവുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നന്നല്ല

ഉപ്പ്

അമിതമായ ഉപ്പിന്‍റെ ഉപയോഗവും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകും

നാല് ജില്ലകളിലുള്ളവർ ജാഗ്രത; വരാൻ പോകുന്നത് അതിശക്തമായ മഴയും കാറ്റും

0
Spread the love

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

വരും ദിവസങ്ങളിലും മഴ തുടരും. നാളെ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൈയിൽ പൊട്ടിയ ഒരു ഫോൺ ഉണ്ടായിരുന്നു, ജീവിതവും അത് പോലെ പൊട്ടി തുടങ്ങിയതായിരുന്നു; 2 വർഷങ്ങൾക്ക് മുൻപ് ബിഗ്‌ബോസിൽ കയറുമ്പോൾ, അഖിൽ മാരാർ പറയുന്നു

0
Spread the love

ബിഗ് ബോസ് സീസൺ 7ന് ഇന്ന് തുടക്കമാകുകയാണ്. ബിഗ് ബോസ് സീസൺ 5ലെ വിജയിയാണ് സംവിധായകൻ അഖിൽ മാരാർ. രണ്ട് വർഷം മുമ്പ് മുംബയിൽ പരിപാടിയിൽ പങ്കെടുക്കാൻ പോയ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

അവതാരകനായ മോഹൻലാൽ വിളിക്കാൻ വേണ്ടി കാത്തിരിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വെല്ലുവിളിച്ചവരെക്കുറിച്ച് മാത്രമാണ് താൻ ആലോചിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ പതിനേഴുപേർ ബിഗ് ബോസിൽ കയറിയിരിക്കുകയാണെന്നും എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പുതിയൊരു ബിഗ് ബോസ്സ് സീസൺ വരുകയാണ്.. രണ്ട് വർഷങ്ങൾക്ക് മുമ്പ് മുംബയിലെ ഫിലിം സിറ്റിയിൽ ദാ ഈ കാരവാനിൽ ലാലേട്ടൻ വിളിക്കുന്നതും കാത്തു മണിക്കൂറുകൾ കാത്തിരിക്കുമ്പോൾ ആകെ ചിന്തിച്ചത് ബിഗ് ബോസിൽ നിന്നെ കയറ്റില്ല അഥവാ കയറിയാൽ ആദ്യ ആഴ്ചയിൽ പുറത്താക്കും എന്ന് സോഷ്യൽ മീഡിയയിൽ വെല്ലുവിളിച്ചവരെ കുറിച്ച് മാത്രമായിരുന്നു..

കൈയിൽ ബാക്ക് ഭാഗം പൊട്ടിയ one plus 8 ന്റെ ഒരു ഫോൺ നിങ്ങൾക്ക് കാണാം.. ജീവിതവും അത് പോലെ പൊട്ടി തുടങ്ങിയതായിരുന്നു..

17 പേര് ഇന്നലെ ബിഗ് ബോസിൽ കയറിരിയിക്കുന്നു.. എല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു..

എല്ലാ ബിഗ് ബോസ്സ് പ്രേക്ഷകർക്കും സ്നേഹാശംസകൾ.. ബിഗ് ബോസിലെ ഏറ്റവും മികച്ച സീസൺ ആയി സീസൺ 7മാറട്ടെ.

ആലുവ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപണി; ട്രെയിനുകള്‍ റദ്ദാക്കി, വൈകിയോടുന്നു

0
Spread the love

ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിനുകള്‍ വൈകിയോടുകയും റദ്ദാക്കുകയും ചെയ്തു. പാലക്കാട്-എറണാകുളം റൂട്ടിലെ മെമു ട്രെയിന്‍ സര്‍വ്വീസ് ഇന്ന് റദ്ദാക്കി. ട്രെയിന്‍ സമയത്തിലും മാറ്റമുണ്ട്. പാലത്തില്‍ അറ്റകുറ്റപ്പണി തുടരുന്നതിനാല്‍ ആഗസ്റ്റ് പത്തിനും ട്രെയിന്‍ സര്‍വ്വീസില്‍ നിയന്ത്രണങ്ങളുണ്ടാകും.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

പാലക്കാട്-എറണാകുളം മെമു (66609)

എറണാകുളം-പാലക്കാട് മെമു (66610)

വൈകിയോടുന്ന ട്രെയിനുകള്‍-

ഗൊരഖ്പൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (12511)

കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16308)

മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് (20631)

തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് (20632)

സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230)

ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് (19578)

വേടനെതിരായ ബലാത്സംഗക്കേസിൽ അന്വേഷണം ഊർജിതം, യുവതിയുടെ മൊഴിയിലുളള വേടന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും

0
Spread the love

റാപ്പർ വേടൻ പ്രതിയായ ബലാത്സംഗക്കേസിന്‍റെ അന്വേഷണം നാളെ മുതൽ പൊലീസ് ഊ‍ർജിതമാക്കും. ആരോപണം ഉന്നയിച്ച യുവതി നൽകിയ മൊഴിയിലുളള വേടന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും. മുൻകൂർജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വന്നശേഷമേ വേടനെ ചോദ്യം ചെയ്യുകയുള്ളു.

അഞ്ച് തവണ തന്നെ പീഡിപ്പിച്ചുവെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ചാണ് ലഹരി മരുന്ന് ഉപയോ​ഗിച്ച ശേഷം തന്നെ പീ‍ഡിപ്പിച്ചതെന്നുമാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതി മൊഴിയിൽ പരാമർശിച്ചിരുന്നു. 

2021 ആഗസ്റ്റ് മുതൽ മാർച്ച് 2023 വരെയാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. തൃക്കാക്കര പൊലീസാണ് വേടനെതിരായ കേസ് രജിസ്റ്റർ ചെയ്തത്. ഫാൻ എന്ന നിലയിലാണ് റാപ്പർ വേടനുമായി അടുത്തതെന്നും പിന്നീട് പ്രണയത്തിലാകുകയായിരുന്നുവെന്നും വിവാഹവാഗ്ധാനം നടത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.

അതിന് ശേഷം 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായെന്നും യുവതി വെളിപ്പെടുത്തുന്നു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇത് തെളിയിക്കുന്ന അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts