മുംബൈ: ബാങ്കോക്കിൽ നിന്ന് മുംബൈയിലെത്തിയ യുവ മോഡൽ മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിൽ. 11 കിലോഗ്രാമിലധികം ഹൈഡ്രോപോണിക് കഞ്ചാവ് കൈവശം വച്ചതിനാണ് 28-കാരിയായ ഹർഷ സണ്ണിയെ കസ്റ്റംസ് വകുപ്പ് പിടികൂടിയത്.ജൂൺ 10-11 രാത്രിയിലാണ് ഹർഷ സണ്ണി ബാങ്കോക്കിൽ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
പരിശോധനയ്ക്കിടെ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദ പരിശോധന നടത്തുകയായിരുന്നു.ട്രോളി ബാഗിൽ നടത്തിയ പരിശോധനയിൽ വാക്വം പായ്ക്ക് ചെയ്ത 12 പൊതികളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെത്തി. നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത് ഉയർന്ന നിലവാരത്തിലുള്ള ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം ₹11.82 കോടി രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.തുടർന്ന് എൻഡിപിഎസ് നിയമപ്രകാരം ഹർഷ സണ്ണിയെ അറസ്റ്റ് ചെയ്തു.മുൻ ‘മിസിസ് കേരള 2025’ മത്സരാർത്ഥിയായ ഹർഷ സണ്ണിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മയക്കുമരുന്ന് ആരിലേക്ക് എത്തിക്കാനായിരുന്നു പദ്ധതിയെന്നത് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്










