Home Blog Page 269

എമ്പുരാനില്‍ രാജ കുടുംബാംഗമായി ആമീര്‍ ഖാന്‍റെ സഹോദരിയും; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

0
Spread the love

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതാണ് അതില്‍ പ്രധാനം. ജനുവരി 26 ന് കൊച്ചിയില്‍ വച്ച് നടത്തിയ ട്രെയ്‍ലര്‍ ലോഞ്ചോടെ ആയിരുന്നു എമ്പുരാന്‍റെ പ്രൊമോഷന് തുടക്കമായത്. ഇപ്പോള്‍ തുടര്‍ച്ചയായി ചിത്രത്തിന്‍റെ ക്യാരക്ടറുകളെ പരിചയപ്പെടുത്തുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍.

ചിത്രത്തിലെ 14മത്തെ കഥാപാത്രമായി എത്തുന്നത് നിഖത് ഖാൻ ഹെഖ്ഡേ ആണ്. സുഭദ്ര ബെന്‍ എന്നാണ് ക്യാരക്ടറിന്‍റെ പേര്. 2023 ലെ വന്‍ ഹിറ്റായ ബോളിവുഡ് ചിത്രം പഠാനില്‍ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് നിഖത് ഖാൻ. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ സഹോദരിയാണ് നിഖത് ഖാൻ. “ചിത്രത്തില്‍ ഒരു രാജ കുടുംബഅംഗമായണ് താന്‍ അഭിനയിക്കുന്നത്. രാജകീയ സ്ഥാനത്ത് ആണെങ്കിലും മാനുഷികമായ മൂല്യങ്ങള്‍ ഉള്ള ഒരാളാണ് ബെന്‍. അവര്‍ പ്രശ്നങ്ങളില്‍ പെടുന്ന ഒരു കൂട്ടം മനുഷ്യരെ സംരക്ഷിക്കുന്നുണ്ട്. അവര്‍ക്ക് പ്രതിസന്ധികളും ചതികളും നേരിടേണ്ടി വരുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം തന്‍റെ കഥാപാത്രം നല്‍കുന്നുണ്ട്” നിഖത് ഖാൻ ഹെഖ്ഡേ തന്‍റെ എമ്പുരാനിലെ റോളിനെക്കുറിച്ച് പറഞ്ഞു.

ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്.

ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശക്തി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്. ചിത്രത്തിന്‍റെ രണ്ട് ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ വീതം അണിയറക്കാര്‍ ഓരോ ദിവസവും അവതരിപ്പിക്കുന്നുണ്ട്. കഥാപാത്രങ്ങളെക്കുറിച്ചും ചിത്രത്തെക്കുറിച്ചും അഭിനേതാക്കള്‍ വിശദീകരിക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് ഇത്. ലൂസിഫറിന്‍റെ സീക്വല്‍ ആയ എമ്പുരാന്‍ മാര്‍ച്ച് 27 ന് തിയറ്ററുകളിലെത്തും.

ഓൾപാസ് ഒഴിവാക്കൽ എഴാംക്ലാസ് മുതൽ താഴേ തട്ടിലേക്കും; ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ തീരുമാനം

0
Spread the love

തിരുവനന്തപുരം:ഓൾ പാസ് ഒഴിവാക്കൽ ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ്. 3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രത്യേക വിഷയങ്ങളിൽ പഠന നിലവാരം ഉറപ്പാക്കാൻ അടുത്തവർഷം മുതൽ പ്രത്യേക പരീക്ഷയും നടത്തുംവാരിക്കോരി മാർക്കിട്ട് കുട്ടികളെ കൂട്ടത്തോടെ പാസാക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് ഓൾ പാസ് നിർത്താനുള്ള തീരുമാനം, ഈ വർഷം എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതിലും പിന്നെ പത്തിലും .ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ധാരണ. എട്ടിനും താഴേക്കുള്ള ക്ലാസുകളുലേക്കും ഇത് വ്യാപിപിക്കാനാണ് പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനം.

ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സെമിനാറിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴിലും പിന്നെ താഴേ തട്ടിലേക്കും കൂടി എഴുത്തുപരീക്ഷക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ് നീക്കം .എഴുത്തുപരീക്ഷക്ക് ആകെയുള്ള മാർക്കിൻറെ 30 ശതമാനമാണ് പാസിന് വേണ്ടത്. പക്ഷെ മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ വിദ്യാർത്ഥിയെ തോൽപ്പിക്കില്ല. തീവ്ര പരിശീലനം നൽകി ആ അധ്യയനവർഷം തന്നെ പുതിയ പരീക്ഷ നടത്തി അവസരം നൽകും. 3 മുതൽ 9 വരെ യുള്ള ക്ലാസുകളിൽ കണക്ക്, സയൻസ്, ഭാഷ, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക പരീക്ഷ ഉണ്ടാകും. സ്റ്റേറ്റ് അച്ചീവ്മെൻറ് ടെസ്റ്റ് എന്ന പേരിൽ. മാർക്ക് കുറഞ്ഞവർക്ക് വാർഷിക പരീക്ഷക്ക് മുമ്പ് പ്രത്യേക പരിശീലനം നൽകും

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; കോളേജ് വിദ്യാർഥി മരിച്ചു, ഒരാളുടെ നില ഗുരുതരം, നിരവധി പേർക്ക് പരിക്ക്

0
Spread the love

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു.പരിക്കേറ്റ മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്.

കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. നാഗർകോവിൽ സ്ക്കോട്ട് ക്രിസ്ത്യൻ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിൻറ് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കോളേജ് വിദ്യാര്‍ത്ഥിനിയായ ആദികയാണ് മരിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അധ്യാപികയുടെ പരിക്കും സാരമുള്ളതാണെന്നാണ് വിവരം.40 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 15 പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇതിൽ ഒരാളുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു; ഇനി ചെലവു കുറഞ്ഞ യാത്ര!

0
Spread the love

വ്യാവസായിക ന​ഗരമായ കൊച്ചിയിലെ എയർപോർട്ടിലേക്കുള്ള യാത്രാസൗകര്യം സുഗമമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെത്തുടർന്ന് ദക്ഷിണ റെയിൽവെ മാനേജർ ആർ.എൻ സിങ് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

പുതിയ റെയിൽവെ സ്റ്റേഷൻ വരുന്നതിലൂടെ നിരവധി സൗകര്യങ്ങളാണ് യാത്രക്കാർ‌ക്ക് ലഭിക്കുന്നത്. ആഭ്യന്തര,രാജ്യാന്തര വിനോദസഞ്ചാരികൾക്ക് ചെലവു കുറഞ്ഞ യാത്രാ സൗകര്യമൊരുക്കാൻ പുതിയ റെയിൽവെ സ്റ്റേഷനിലൂടെ സാധിക്കും. ട്രെയിനിറങ്ങി കഴിയുന്നത്ര വേ​ഗത്തിൽ വിമാനത്താവളത്തിൽ എത്താനുള്ള സമയവും ഇതിലൂടെ ലാഭിക്കാൻ സാധിക്കും.

സിനിമ തീയേറ്ററിൽ 25 മിനിറ്റോളം പരസ്യം; തന്റെ സമയവും സമാധാനവും പോയെന്ന് യുവാവ്, 65000 നഷ്ടപരിഹാരം വിധിച്ച് കോടതി

0
Spread the love

ബെംഗളൂരു: സിനിമ തുടങ്ങുന്നതിന് മുമ്പ് പരസ്യം കാണിച്ച് തന്റെ വിലപ്പെട്ട 25 മിനിറ്റോളം നഷ്ടപ്പെടുത്തിയെന്ന യുവാവിന്റെ പരാതിയില്‍ പി.വി.ആര്‍-ഇനോക്‌സ് തീയേറ്ററിന് ഉപഭോക്തൃ കോടതി 65000 രൂപ പിഴയിട്ടു. ഒരു ലക്ഷം രൂപ വെല്‍ഫെയര്‍ ഫണ്ടിലേക്കും സംഭാവന ചെയ്യണം.

ബെംഗളൂരു സ്വദേശിയായ അഭിഷേകിന്റെ പരാതിയിലാണ് വിധി. 2023 ല്‍ ആണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം 4.05 ന് തുടങ്ങുന്ന സാം ബഹദൂര്‍ എന്ന സിനിമയുടെ പ്രദര്‍ശനത്തിനായിരുന്നു ഇയാള്‍ മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ പരസ്യത്തിന് ശേഷം 4.30 ന് ആണ് സിനിമ തുടങ്ങിയത്. ഇത് കാരണം സിനിമയ്ക്ക് ശേഷം താന്‍ പ്ലാന്‍ ചെയ്ത ജോലി സംബന്ധമായ കാര്യങ്ങളൊന്നും നടന്നില്ലെന്നും സമയ നഷ്ടത്തിനൊപ്പം മാനസിക വ്യഥയുണ്ടാക്കിയെന്നുമായിരുന്നു യുവാവിന്റെ പരാതി.

കേസ് പരിഗണിച്ച കോടതി ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. സമയം പണത്തെ പോലെതന്നെ കണക്കാക്കണമെന്നും ഒരാളുടെ നേട്ടത്തിന് മറ്റുള്ളവരുടെ സമയം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 25-30 മിനിറ്റ് തീയേറ്ററില്‍ തനിക്ക് താത്പര്യമില്ലാത്തത് കാണാന്‍ യുവാവ് നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല അനാവശ്യ പരസ്യങ്ങള്‍ കാണുകയെന്നത് ടൈറ്റ് ഷെഡ്യൂള്‍ പിന്തുടരുന്ന തിരക്കുള്ള വ്യക്തികള്‍ക്ക് താങ്ങാനാവുന്ന കാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ചില പൊതുതാത്പര്യ പരസ്യങ്ങള്‍ കാണിക്കാന്‍ തീയേറ്ററുകള്‍ക്ക് നിയപരമായ ബാധ്യതയുണ്ടെന്ന് അധികൃതര്‍ കോടതിയില്‍ വാദിച്ചെങ്കിലും ഇതൊന്നും കോടതി അംഗീകരിച്ചില്ല. മാത്രമല്ല ഇത്തരം പരസ്യങ്ങളുണ്ടെങ്കില്‍ സിനിമ തുടങ്ങുന്നതിന് മുമ്പോ രണ്ടാംഭാഗം തുടങ്ങുന്നതിന് മുമ്പ് ഇടവേള സമയത്തോ പത്ത് മിനിറ്റില്‍ കൂടുതല്‍ കാണിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

പരാതിക്കാരന്റെ സമയം നഷപ്പെടുത്തിയതിനും നീതിയുക്തമല്ലാത്ത നടപടികള്‍ക്കും 50,000 രൂപയാണ് പിഴ. മാനസിക വ്യഥയുണ്ടാക്കിയതിന് 5000 രൂപയും പതിനായിരം രൂപ മറ്റ് കോടതി ചിലവിനും നല്‍കണം. ഒരുലക്ഷം രൂപ വെല്‍ഫെയര്‍ ഫണ്ടിലേക്കും സംഭാവന ചെയ്യണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 15- ന് ആയിരുന്നു കേസില്‍ കോടതി വിധി പറഞ്ഞത്. വിധി പറഞ്ഞ ശേഷം മുപ്പത് ദിവസത്തിനുള്ളില്‍ പണം ഉപഭോക്താവിന് നല്‍കണമെന്നും ഉത്തരവിലുണ്ട്.

സ്വർണ വില 64000 കടന്ന് കുതിക്കുന്നു; ഇന്ന് വർധിച്ചത് 520 രൂപ!

0
Spread the love

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് വർധനവ്. പവന് 520 രൂപ കൂടി ഉയർന്ന് 64,280 രൂപയിലെത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 65 രൂപ കൂടി 8035 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 6,574 രൂപയാണ് വില. വെള്ളിവിലയിൽ മാറ്റമില്ല. ഈ മാസം രണ്ടാമത്തെ തവണയാണ് പവൻ വില 64,000 കടക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 108 രൂപയാണ് വില. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജുകൾ എന്നിവയടക്കം ഏകദേശം 70000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. സ്വർണവിലയുടെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ഉപഭോക്താക്കൾ നൽകണം.

കഴിഞ്ഞ മാസം 22നാണ് പവൻ വില ആദ്യമായി 60,000 രൂപ കടന്നത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 64,000 കടന്ന് കുതിപ്പ് തുടരുകയാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലെ ഈ വർധനവിന് കാരണം. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷമുള്ള അനിശ്ചിതത്വം മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യകത വർധിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ആസ്‍തിയില്‍ ഒന്നാം സ്ഥാനത്ത് ഈ നടി ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? 4600 കോടി!!

0
Spread the love

ആസ്‍തിയില്‍ ഒന്നാമതുള്ള നായികാ താരം ആര് എന്ന് ആലോചിച്ചാല്‍ മനസ്സില്‍ തെളിയുന്ന മുഖങ്ങള്‍ ഐശ്വര്യ റായ്‍യോ ദീപിക പദുക്കോണൊക്കെയാകും. അതുമല്ലെങ്കില്‍ ആലിയ ഭട്ട് ആയിരിക്കും. തെന്നിന്ത്യക്കാര്‍ നയൻതാരയുടെ പേര് പറഞ്ഞേക്കും. എന്നാല്‍ ആസ്‍തിയില്‍ ഒന്നാമതുള്ള നായികാ താരം ഇന്ത്യയില്‍ ജൂഹി ചൌള ആണ്.

ജൂഹി ചൌള സിനിമയില്‍ നിന്ന് ഏതാണ്ട് വിരമിച്ച മട്ടാണ്. എന്നാല്‍ ഐപിഎല്‍ ടീം ഉമസ്‍ഥാ കമ്പനിയിലെ പങ്കാളിത്തം ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ സഹ ഉടമ തുടങ്ങിയ നിലകളില്‍ ഇന്നും വലിയ വരുമാനമാണ് ജൂഹി ചൗളയ്‍ക്ക് ലഭിക്കുന്നത്. നടി ജൂഹി ചൗള ബോളിവുഡ് താരങ്ങളില്‍ സമ്പത്തിന്റെ കാര്യത്തില്‍ ഷാരൂഖിന്റെ പിന്നില്‍ രണ്ടാം സ്ഥാനത്തുമാണ്. ഷാരൂഖിന്റെ അടുത്ത സുഹൃത്തുമാണ് ജൂഹി. ജൂഹി ചൗളയ്ക്ക് 4600 കോടി രൂപയുടെ ആസ്‍തിയാണ് ഉള്ളത്.നടിമാരില്‍ രണ്ടാം സ്ഥാനത്ത് ഐശ്വര്യ റായ് ആണ്. ജൂഹി ചൗളയെ താരതമ്യം ചെയ്യുമ്പോള്‍ താരത്തിന്റെ ആസ്‍തി തുലോം തുശ്ചമാണ്. ഐശ്വര്യയുടെ ആസ്‍തി 860 കോടിയാണ്. സിനിമയില്‍ നിലവില്‍ സജീവമല്ലെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ മുൻനിരയിലുള്ള ഐശ്വര്യക്ക് നിരവധി പരസ്യ ബ്രാൻഡുകളില്‍ നിന്നും വരുമാനം ലഭിക്കുന്നുണ്ട്.

മൂന്നാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. പ്രിയങ്ക ചോപ്രയുടെ ആസ്‍തി 650 കോടി രൂപയാണ്. ബോളിവുഡിലെ നായികമാരില്‍ ഇന്ന് മുന്നിലുള്ള താരമായായ ആലിയ ഭട്ടാണ് നാലാം സ്ഥാനത്ത്. ആലിയ ഭട്ടിന് 500 കോടിയാണ് ആകെ ആസ്‍തി. തുടര്‍ന്ന് ദീപിക പദുക്കോണ്‍- 500 കോടി, കരീന കപൂര്‍- 485 കോടി, അനുഷ്‍ക ശര്‍മ- 255 കോടി, മാധുരി ദീക്ഷിത്-250 കോടി, കജോള്‍- 240 കോടി, കത്രീന കൈഫ്- 225 കോടി എന്നിങ്ങനെയാണ് ആസ്‍തിയില്‍ ആദ്യ പത്തിലുള്ള ബോളിവുഡ് നായികമാര്‍.

നിവിൻ പോളിയുടെ ആ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറിയ നടിയിന്ന് വാങ്ങുന്ന പ്രതിഫലം 2 കോടി!! തെലുങ്കിൽ സജീവമായ ആളെ മനസ്സിലായോ?

0
Spread the love

വെറും നാല് കോടിക്കായിരുന്നു പ്രേമം സിനിമ നിര്‍മിച്ചത്. എന്നാല്‍ നേടിയതാകട്ടെ 73 കോടിയും. അങ്ങനെ വമ്പൻ ഹിറ്റ് സിനിമയുടെ ഭാഗമായി അരങ്ങേറ്റത്തിലേ നടി അനുപമ പരമേശ്വരൻ. തുടര്‍ന്നങ്ങോട്ട് അനുപമ പരമേശ്വരൻ തെലുങ്ക് സിനിമയിലാണ് സജീവമായത്.അനുപമ പരമേശ്വരൻ നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ടില്ലു സ്‍ക്വയര്‍ ആണ്. സിദ്ദുവാണ് നായകനായി എത്തിയത്.

ടില്ലു സ്‍ക്വയര്‍ വൻ ഹിറ്റായിരുന്നു അവിടെ. ടില്ലു സ്‍ക്വയറിനായി അനുപമ പരമേശ്വരൻ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ ആണിപ്പോൾ മലയാളികളെ അമ്പരപ്പിക്കുന്നത്.സാധാരണ തെലുങ്കില്‍ അനുപമയ്‍ക്ക് ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. എന്നാല്‍ ടില്ലു സ്‍ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തി ഹിറ്റായ ടില്ലു സ്‍ക്വയറിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റാം ആണ്. സിദ്ധു നായകനായി വേഷമിടുന്ന ചിത്രത്തിന്റെ ബാനര്‍ സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ആണ്. ഒരു റൊമാന്റിക് ക്രൈം കോമഡി ചിത്രമായിരുന്നു ടില്ലു സ്‍ക്വയര്‍.

ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാനുള്ള ലൈസൻസാണെന്ന് വിചാരിക്കരുത്; രൺവീറിന്റെ അശ്ലീല പരാമർശത്തിൽ സുപ്രീംകോടതി

0
Spread the love

സ്റ്റാൻഡപ്പ് കോമഡി ഷോയ്‌ക്കിടെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ രൺവീർ അലഹബാദിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാനുള്ള ലൈസൻസാണെന്ന് വിചാരിക്കരുതെന്നും മനസിലെ വൃത്തിക്കേടാണ് പുറത്തുവന്നതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. രൺവീറിന്റെ അറസ്റ്റ് കോടതി താത്ക്കാലികമായി തടഞ്ഞു.

അസം പൊലീസും മുംബൈ പൊലീസും എടുത്ത കേസുകൾ ഒന്നിച്ചാക്കണമെന്ന് ആവശ്യപ്പെട്ട് രൺവീർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരി​ഗണിക്കവെയാണ് പരാമർശം. എന്ത് തരം പരാമർശമാണ് നടത്തിയതെന്ന് എന്തെങ്കിലും ബോധ്യമുണ്ടോയെന്നും സമൂഹത്തെ കുറിച്ച് ഒരു ചിന്തയില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.

യുവതിയുടെ മാതാപിതാക്കളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രജൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രജൂഡാണ് രൺവീറിന് വേണ്ടി ഹാജരായത്.

തനിക്ക് പലയിടത്ത് നിന്നും ഭീഷണിയുണ്ടെന്നും അതിനാൽ സംരക്ഷണം നൽകണമെന്നും രൺവീർ ഹർജിയിൽ പറഞ്ഞു. അന്വേഷണ സംഘം ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കൂടുതൽ പരാമർശങ്ങൾ നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ചിരി, സസ്പെൻസ്, റൊമാൻസ്, ഫ്രണ്ട്ഷിപ്പ്, ആക്ഷൻ; തിയറ്ററുകളിൽ കയ്യടി മുഴക്കി ‘ബ്രോമാൻസ്’

0
Spread the love

ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവനിര അണിനിരക്കുന്ന ചിത്രമാണ് ബ്രോമാൻസ്. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടർന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമയുടെ കളക്ഷൻ റിപ്പോർട്ട്‌ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 4 ദിവസം കൊണ്ട് 11 കോടിക്ക് മുകളിലാണ് ചിത്രം വേൾഡ് വൈഡ് കളക്റ്റ് ചെയ്തിരിക്കുന്നത്. ചിരിയും, സസ്പെൻസും, പ്രണയവും സൗഹൃദവും, ആക്ഷനും നിറച്ച് ബ്രോമാൻസ് തിയേറ്ററുകളിൽ വൻ വിജയം നേടിയാണ് മുന്നേറുന്നത്.

ഈ അടുത്ത കാലത്തൊന്നും ഇതുപോലെ ചിരിച്ചിട്ടില്ല അത്ര ഗംഭീര സിനിമ എന്നാണ് സിനിമ കണ്ടിറങ്ങുന്നവർ പറയുന്നത്. ഫാമിലി പ്രേക്ഷകരുടെ വൻ കൈയ്യടിയാണ് മറ്റ് സിനിമകളിൽ നിന്നും ബ്രോമൻസിനെ മാറ്റി നിർത്തുന്നതും വിജയം നൽകിയതും. പ്രേമലു എന്ന സിനിമയിലെ അമൽ ഡേവിസിന് ശേഷം വീണ്ടും മറ്റൊരു മികച്ചൊരു കഥാപാത്രത്തിലൂടെ സംഗീത് പ്രതാപ് ഞെട്ടിച്ചെന്നാണ് പ്രേക്ഷക പ്രതികരണം. ചിത്രത്തിന്റെ സംഗീതത്തിനും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് സിനിമ നിർമിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts