Home Blog Page 37

ഹോട്ടലിൽ വച്ച് അപമര്യാദയായി പെരുമാറി; മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്

0
Spread the love

മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ നോട്ടീസ് നൽകി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടർനടപടികൾ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പൊലീസ് രംഗത്തെത്തി. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗക്കുറ്റമാണ് പ്രതിക്കെതിരെ ഉയർന്നിരിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്ന് എസ്ഐടി അറിയിക്കും. മോശം പെരുമാറ്റം പരാതിയിൽ അഡ്വ ചന്ദ്രശേഖരനും ജാമ്യം നൽകരുതെന്ന് സത്യവാങ്മൂലം നൽകാനുള്ള നിലപാടിലാണ് പൊലീസ്.

ആത്മകഥയെഴുതാനൊരുങ്ങി ഇ.പി ജയരാജൻ

0
Spread the love

എൽഡിഎഫ് മുൻ കൺവീനർ ഇ.പി ജയരാജൻ ആത്മകഥയെഴുതുന്നു. രാഷ്ട്രീയ ജീവിതത്തിലുണ്ടായ വിവാദങ്ങളെക്കുറിച്ചും ആത്മകഥയിലുണ്ടാവുമെന്നാണ് സൂചന. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇ.പിയെ നീക്കിയിരുന്നു.

ജനകീയ നേതാവായി തുടരുമ്പോഴും പാർട്ടിയെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുണ്ട് ഇ.പി ജയരാജൻ. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് പാർട്ടി കടന്നതും നിരന്തരമായ അദ്ദേഹത്തിൻറെ ജാഗ്രതക്കുറവ് മുൻനിർത്തിയാണ്. ബി.ജെ.പിയുടെ കേരളത്തിലെ പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന തെരഞ്ഞെടുപ്പ് ദിനത്തിലെ തുറന്നുപറച്ചിൽ ഇ.പി ജയരാജന് കനത്ത വെല്ലുവിളിയായിരുന്നു. ഈ വിവാദവും ഇ.പിക്ക് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായി.

അതേസമയം ഇടത് മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയെങ്കിലും പാർട്ടിയുടെ സംഘടനാ അച്ചടക്ക നടപടി ഉണ്ടാകാൻ സാധ്യത കുറവാണ്. സമ്മേളനകാലത്ത് സംഘടനാ നടപടി പാടില്ലെന്നാണ് സി.പി.എമ്മിന്റെ ചട്ടം. നടപടി വേണമെങ്കിൽ പാർട്ടി കോൺഗ്രസ് കഴിയേണ്ടി വരും. മെയിൽ 75 വയസ്സ് പൂർത്തിയാകുന്ന ഇ.പി. ജയരാജനെ അടുത്ത പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യവും ഉയർന്നുവരുന്നുണ്ട്.

ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയത് പാർട്ടിയുടെ അച്ചടക്ക നടപടിയല്ല എന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചത്. ഇ.പി. ജയരാജൻ കേന്ദ്ര കമ്മിറ്റിയിൽ തുടരുമെന്നും സെക്രട്ടറി പറഞ്ഞിരുന്നു.

പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയിൽ പതിവ്; തുറന്നടിച്ച് അന്യഭാഷാ നടിമാരും

0
Spread the love

പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയിൽ പതിവെന്ന ആരോപണവുമായി നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണൻ. പലരുടെയും വെളിപ്പെടുത്തലുകൾ പോലെ തനിക്കും മലയാളത്തിലെ പ്രമുഖ സംവിധായകനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും ഇതിൽ ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും നടി പറയുന്നു.

മലയാള സിനിമാ സെറ്റുകളിൽ മുതിർന്ന സ്ത്രീകൾക്ക് പോലും രക്ഷയില്ല. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചപ്പോൾ ചുട്ട മറുപടി നൽകിയതിന് പിന്നാലെ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. മറ്റൊരിക്കൽ താൽപര്യത്തിന് വഴങ്ങാത്തതിനാൽ, 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്.

മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലോക്കേഷനിലുമുണ്ടായി ദുരനുഭവം. അമ്മവേഷങ്ങളിൽ അഭിനയിക്കുന്ന നടിമാർക്ക് തമിഴ് സെറ്റുകളില്‍ ബഹുമാനം ലഭിക്കും. എന്നാൽ ഹേമ കമ്മിറ്റി പോലൊന്ന് മലയാളത്തിൽ മാത്രമേ സാധ്യമാകൂ എന്നും പറയുന്നു സംവിധായകയുടെ വേഷത്തിലും തിളങ്ങിയിട്ടുള്ള ലക്ഷ്മി. സെറ്റുകളിൽ സ്ത്രീകൾ നേരിടുന്ന തൊഴിൽ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചർച്ചയാകാത്തതിൽ ദുഖമുണ്ടെന്നും ലക്ഷ്മി പറയുന്നു.

‘അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ?’ സംവിധായകൻ ഹരിഹരനിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് നടി ചാർമിള

0
Spread the love

സംവിധായകരടക്കം നിരവധി മലയാളസിനിമാ പ്രവർത്തകരിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി ചാർമിള. സംവിധായകൻ ഹരിഹരൻ അടക്കമുള്ളവർ അഡ്ജസ്റ്റ്മെന്റ് ചെയ്യാമോ എന്ന് ചോദിച്ചു. താൻ നോ പറയുകയും അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാതെ വന്നതോടെ 28 സിനിമകൾ നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു.

നടൻ വിഷ്ണുവിനെ കൊണ്ടാണ് ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് തന്നോട് ചോദിച്ചത്. പൊള്ളാച്ചിയിൽ വെച്ച് അർജുനൻ പിള്ളയും അഞ്ചുമക്കളും എന്ന സിനിമയുടെ പ്രൊഡ്യൂസർ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് ചോദിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ തനിക്ക് കുറെ പേരിൽനിന്ന് മോശം അനുഭവം ഉണ്ടായി.എല്ലാവരുടെയും പേരുകൾ ഇപ്പോൾ പറയാൻ താല്പര്യമില്ലെന്നും അവർ പറഞ്ഞു. അതേസമയം, പവർ ഗ്രൂപ്പിനെ കുറിച്ച് തനിക്കറിയില്ലെന്നും അവർ വ്യക്തമാക്കി.

‘മലയാള സിനിമ ഇൻഡസ്ട്രിയൽ സ്ത്രീകൾ സുരക്ഷിതരല്ല. കുറെയധികം പെൺപിള്ളേർ നോ പറഞ്ഞു പുറത്തേക്ക് വന്നു എന്നാൽ കുറേപ്പേർ ഓക്കെ പറഞ്ഞ് അഡ്ജസ്റ്റ്മെന്റിന് തയ്യാറായി. കുറെ പേർ കാശിനു വേണ്ടിയും പ്രശസ്തിക്കുവേണ്ടിയും ഓക്കെ പറയും. അതിനുശേഷം ആണുങ്ങളെ കുറ്റം പറയുമെന്നും അവർ പറഞ്ഞു.

പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ; പ്രതികരിച്ച് ജയസൂര്യ

0
Spread the love

പീഡനാരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. തനിക്കെതിരെ നടക്കുന്നത് വ്യാജപീഡനാരോപണമാണെന്നും നിയമവിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി മുന്നോട്ട് പോകുമെന്നും ജയസൂര്യ പറഞ്ഞു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നത്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരുമെന്നും നീതിന്യായ വ്യവസ്ഥിതിയില്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിന്നു പ്രതികരണം.

‘ഇന്ന് എന്റെ ജന്മദിനം. ആശംസകള്‍ നേര്‍ന്ന് സ്‌നേഹപൂര്‍വ്വം കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി ഞാന്‍ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി എനിക്കു നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയേയും പോലെ അത് എന്നെയും തകര്‍ത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി.

എന്നെ ചേര്‍ത്ത് നിറുത്തിയ ഓരോരുത്തര്‍ക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകള്‍ക്ക് ഒടുവില്‍ ഞാന്‍ നിയമ വിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യങ്ങള്‍ അവര്‍ തീരുമാനിച്ചുകൊള്ളും. ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനിയായിരിക്കും എന്നത് സുനിശ്ചിതമാണ്. ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണ്ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദി. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ…. പാപികളുടെ നേരെ മാത്രം.’,’ അദ്ദേഹം കുറിച്ചു

രണ്ട് യുവനടിമാരുടെ പേരിലാണ് നിലവില്‍ ജയസൂര്യയ്‌ക്കെതിരെ കേസുള്ളത്. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കരമന പൊലീസും സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അമ്മ നേതൃത്വത്തിൽ സ്ത്രീകള്‍ വരണം: അമല പോൾ

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടലുണ്ടാക്കിയെന്ന് നടി അമല പോൾ. നീതിയുക്തമായ നടപടികൾ പ്രതീക്ഷിക്കുന്നുവെന്നും അമ്മ നേതൃത്വത്തിൽ സ്ത്രീകൾ വരുന്നതാണ് പ്രശ്നങ്ങൾക്ക് പരിഹാരമെന്നും അമല പോൾ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർ നടപടികൾ പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ഡബ്ല്യുസിസി അടക്കം ഒരുപാട് സ്ത്രീകളുടെ പോരാട്ടത്തിൻ്റെ ഫലമാണിതെന്നും അവർ വലിയ രീതിയിൽ പ്രവർത്തിച്ചുവെന്നും അമല പോൾ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ത്രീകൾ സംഘടനകളുടെ മുന്നിലുണ്ടാവണമെന്നും അവർ മുന്നോട്ട് വരണമെന്നും അമല പോൾ പറഞ്ഞു.

ഇടവേള ബാബുവുമൊത്തുള്ള ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുകയാണ്; ശാലിൻ സോയ

0
Spread the love

ഇടവേള ബാബുവുമൊത്തുള്ള പഴയ ഒരു ടിക്ടോക് വിഡിയോ ഉപയോഗിച്ച് തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്ന ആരോപണവുമായി നടി ശാലിൻ സോയ രംഗത്ത്. സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ് ഇതെന്നും മറുപടി പറഞ്ഞാൽ അതു വീണ്ടും ട്രോൾ ആകുമെന്നും ശാലിൻ സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു.

ശാലിൻ സോയയുടെ കുറിപ്പ്

‘ഞാൻ എന്താണ് പറയേണ്ടത് ? വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറൽ ആയിരുന്നു. അപ്പോൾ ആ പാട്ടിൽ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വിഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് കരുതിയാണ് അതു ചെയ്തത്. ഇത്രയും കാലത്തിനുശേഷം ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങൾ പറയു, ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ അതിനൊരു വിശദീകരണം തന്നാൽ പിന്നെയും ട്രോളുകൾ ഉണ്ടാകില്ലേ. സൈബർ ലോകം ക്രൂരമാണെന്ന് എനിക്കറിയാം.

പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്ത്. ഞാൻ അവരെ വെറുക്കുന്നു.

എന്തൊരു അധോലോകമാണിത്! കാരവാനിൽ ഒളിക്യാമറ വെച്ചെന്ന നടി രാധികയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ

0
Spread the love

കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുവെന്ന നടി രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിച്ചെന്ന് കെ കെ രമ എംഎൽഎ. കാരവാൻ സൗകര്യങ്ങൾ ഉണ്ടെങ്കിൽ സുരക്ഷിതരാണ് എന്നല്ലേ നടിമാർ കരുതിയിരുന്നത്? എന്തൊരു ക്രൂരമാണീ സിനിമാലോകമെന്നും കെ കെ രമ ചോദിക്കുന്നു.

“സിനിമാ സെറ്റുകളിൽ കാരവാനിൽ ഒളിക്യാമറ വെച്ച് നഗ്ന വീഡിയോ എടുക്കുന്നു എന്നാണല്ലോ രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തലിലൂടെ മനസ്സിലാകുന്നത്. എന്തൊരു ക്രൂരമാണീ സിനിമാലോകം, എന്തൊരു അധോലോകമാണിത്? കാരവാൻ സൗകര്യങ്ങൾ ഉണ്ടെങ്കിൽ സുരക്ഷിതരാണ് എന്നല്ലേ നടിമാർ കരുതിയിരുന്നത്? വസ്ത്രം മാറാനും ടോയ്‍ലറ്റിൽ പോവാനും സുരക്ഷിതം എന്നല്ലേ കരുതിയിരുന്നത്. അങ്ങനെ കരുതിയിരുന്നവർക്ക് ഇടയിലേക്കല്ലേ ഈ ഞെട്ടിക്കുന്ന വാർത്ത വന്നത്? ഇതുപോലെ ഞെട്ടിക്കുന്ന വിവരങ്ങൾ സർക്കാരിന്‍റെ പക്കലുണ്ടായിട്ട് ഒരു നടപടിയുമെടുക്കാതെ വച്ചു എന്നത് വലിയ കുറ്റമാണ്”- കെ കെ രമ പ്രതികരിച്ചു.

അർഹിക്കുന്ന പ്രതിഫലം കിട്ടുന്നുണ്ട്; തുടക്കകാലത്ത് ബസ് കൂലി പോലും കിട്ടിയിരുന്നില്ല: ഗ്രേസ് ആന്‍റണി

0
Spread the love

ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്കിടയിലേക്ക് കയറിവന്ന് ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥാനം നേടിയെടുത്ത യുവ നടിയാണ് ഗ്രേസ് ആന്റണി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നുണക്കുഴിയിലേയും നാഗേന്ദ്രൻസ് ഹണിമൂണിലെയുമെല്ലാം പ്രകടനം നടിക്ക് വലിയ രീതിയിൽ ആരാധക പിന്തുണയും പ്രശംസകളും നേടിക്കൊടുത്തിരുന്നു. നാഗേന്ദ്രൻസിലെ പ്രകടനത്തിന് കൽപ്പന, ബിന്ദു പണിക്കർ, ഉർവശി തുടങ്ങിയ അതുല്യ നടൻ നടികളുടെ അഭിനയവുമായി താരതമ്യപ്പെടുത്തുന്ന രീതിയിലുള്ള അഭിനന്ദനങ്ങൾ നടിക്ക് ലഭിച്ചിരുന്നു. പല വിഷയങ്ങളിലും തന്‍റേതായ നിലപാടുകള്‍ തുറന്നു പറയുന്ന താരം കലങ്ങളായി ചര്‍ച്ചയായി കൊണ്ടിരിക്കുന്ന തുല്യവേതനത്തെ കുറിച്ചും പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ആണിപ്പോൾ ശ്രദ്ധനേടുകയാണ്.

“നായകന് ഇത്ര പ്രതിഫലം കൊടുത്തു. എനിക്കും അതേ പ്രതിഫലം വേണം. അപ്പോൾ നിർമാതാക്കൾ ചോ​ദിക്കും താങ്ങളുടെ പേരിൽ ഈ പടം വിറ്റു പോകുമോന്ന്. അങ്ങനെ ചോദിച്ച് കഴിഞ്ഞാൽ എനിക്ക് മറുപടിയില്ല. കാരണം ആ പടം വിറ്റു പോകാനുള്ള സോഴ്സും കാരണങ്ങളും എല്ലാം കാണുന്നത് ആ നടനിലാണ്. ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്യുമ്പോൾ കാരണം സംവിധായകൻ, രചയിതാവ്, പ്രൊഡക്ഷൻ എന്നിവർ അതിനൊരു സെല്ലിം​ഗ് പോയിന്റ് കണ്ടിട്ടുണ്ടാകും. സിനിമ ഒരു ബിസിനസ് ആണല്ലോ. അപ്പോൾ ഒരു നടന്റെ പേരിലാകും സെല്ലിം​ഗ് നടക്കുക. എന്റെ പേരിൽ പടം വിറ്റു പോകുന്ന, എന്നെ പ്രധാന കഥാപാത്രമാക്കി പടം ചെയ്യാൻ ഒരു പ്രൊഡക്ഷൻ വരികയാണെങ്കിൽ എന്റെ പ്രതിഫലം ഇത്രയാണ് എന്ന് എനിക്ക് പറയാനാകും. നിലവിൽ ഞാൻ അർഹിക്കുന്ന പ്രതിഫലം എനിക്ക് കിട്ടുന്നുണ്ട്. ഒരു സിനിമയിൽ ഞാൻ അഭിനയിച്ചപ്പോൾ, അതിലെ നായകനെക്കാൾ പ്രതിഫലം ആയിരുന്നു എനിക്ക്. അതും ഒരു പോയിന്റ് ആണ്”, എന്ന് ​ഗ്രേസ് ആന്റണി പറഞ്ഞതിങ്ങനെ ആയിരുന്നു.

“ഒരു സനിമ ചെയ്യുമ്പോൾ നമ്മളെക്കാൾ പ്രതിഫലം കുറഞ്ഞ അഭിനേതാക്കളും കൂടുതലുള്ള അഭിനേതാക്കളും ഉണ്ടാകും. തമിഴിൽ കാര്യങ്ങൾ പക്ഷേ വ്യത്യസ്തമാണ്. അവിടെയും തുല്യവേതനം പറയാൻ പറ്റിയില്ലെങ്കിലും മലയാള സിനിമയെക്കാൾ പ്രതിഫലം അവിടെന്ന് നമുക്ക് കിട്ടും. അവിടെ ഉള്ള നിർമാതാക്കൾ പൈസ ഇറക്കാൻ തയ്യാറാണ്. നമ്മൾ ചെയ്യുന്ന വർക്ക് നല്ലതാണെങ്കിൽ, ക്വാളിറ്റി നല്ലതാണെങ്കിൽ അതിനുള്ള പ്രതിഫലം നമുക്ക് കിട്ടും. അത് മനസിലാക്കിയിട്ടുള്ള ആളാണ് ഞാൻ. തുടക്കക്കാലത്ത് എനിക്ക് ബസ് കൂലി പോലും കിട്ടിയിരുന്നില്ല. അതൊരു സ്ട്ര​ഗിളിം​ഗ് സ്റ്റേജ് ആണ്. അതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇതിനെല്ലാം ശേഷം നമ്മളിലെ അഭിനേതാവിനെ പ്രൂവ് ചെയ്ത് കഴിയുമ്പോഴാണ് നമുക്ക് ചോദിക്കാൻ സാധിക്കുക”, എന്നും ​ഗ്രേസ് ആന്റണി പറഞ്ഞു.

‘താൻ ഒരിക്കലും ഒളിച്ചോടിയിട്ടില്ല, എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തരുത്’: മോഹന്‍ലാല്‍

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാ​ഗതാർഹമെന്ന് നടൻ മോഹൻലാൽ. താൻ ഒരിക്കലും ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെച്ചതിനു ശേഷം മോഹൻലാൽ നടത്തുന്ന ആദ്യ പ്രതികരണമാണിത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. ഒരാളോ ഒരു സംഘടനയോ ക്രൂശിക്കപ്പെടരുത്. എല്ലാ മേഖലയിലും ഇത്തരം കമ്മിറ്റികൾ വേണം. ഹേമ കമ്മിറ്റിക്ക് മുമ്പാകെ രണ്ട് തവണ മൊഴി നൽകാൻ പോയിട്ടുണ്ട്. അവർ ചോദിച്ചതിനെല്ലാം മംറുപടി നൽകി. ഒരു ഭാഗം മാത്രം ഫോക്കസ് ചെയ്ത് മലയാള സിനിമയെ തകർക്കരുത്. അന്വേഷണം നടക്കട്ടെയെന്നും മോഹൻലാൽ.

മോഹൻലാലിന്‍റെ വാക്കുകൾ:

1978-ലാണ് ആദ്യമായി അഭിനയിക്കുന്നത്. തിരുവനന്തപുരത്തെ വീടിന്റെ മുന്നിലാണ്. അതേ തിരുവനന്തപുരത്ത് വെച്ച് ഞാൻ ഉൾപ്പെടുന്ന മേഖലയുടെ ദൗർഭാഗ്യമായ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിൽ വിഷമം ഉണ്ട്. എന്റെ ശരിയും യുക്തിയും ബുദ്ധിയിലുമാണ് ഞാന്‍ സംസാരിക്കുന്നത്. മോഹൻലാൽ ഒളിച്ചോടിയിട്ടില്ല. കേരളത്തിൽ ഇല്ലായിരുന്നു. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു.

സിനിമ സമൂഹത്തിന്റെ ഭാഗം. മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം. രണ്ട് തവണ കമ്മിറ്റിയുടെ മുന്നിൽ പോയിട്ടുണ്ട്. എന്റെ ശരികൾ പറഞ്ഞു. മൊത്തം സിനിമയെക്കുറിച്ചാണ് ചോദിച്ചത്. അതിനെപ്പറ്റി പറയാൻ പറ്റില്ല. അറിയുന്ന കാര്യങ്ങൾ പറഞ്ഞു. ‘അമ്മ’ എന്നത് ട്രേഡ് യൂണിയൻ സ്വഭാവമുള്ള അസോസിയേഷൻ അല്ല. കുടുംബം പോലെയാണ്. അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള വൈമുഖ്യം അറിയിച്ചിരുന്നു. നിലവിലെ വിവാദങ്ങൾക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്.

ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. എല്ലാത്തിനും സംഘടനയല്ല ഉത്തരം പറയേണ്ടത്. അതിലേക്ക് ഏറ്റവും കൂടുതല്‍ ശരങ്ങള്‍ വന്നത് എന്നിലേക്കും കൂടെയുള്ളവരിലേക്കുമാണ്. മാറി നില്‍ക്കാമെന്നത് കൂടിയാലോചിച്ചെടുത്ത തീരുമാനമാണ്. ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. കഷ്ടപ്പെട്ട് മുന്നോട്ട് പോകുന്ന മേഖലയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് സമാനമായ റിപ്പോര്‍ട്ട് എല്ലാ മേഖലയിലും വരണം. സിനിമാ മേഖല തകര്‍ന്നാല്‍ ഒരുപാടുപേര്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സംഘടന വേണം. നിയമനിര്‍മ്മാണം ഉണ്ടാക്കണം. ഇത്തരം കാര്യങ്ങളില്‍ തളര്‍ന്നുപോകുന്നവരാണ് കലാകാരന്മാര്‍. ആര് സംസാരിച്ചു സംസാരിച്ചില്ലായെന്നതല്ല. ഈ വ്യവസായം തകര്‍ന്നുപോകരുത്. എനിക്ക് പറയാനുള്ളത് ഇതൊക്കെയാണ്.

കേരള പൊലീസിന്റെ കാര്യം അവരാണ് നോക്കേണ്ടത്. ഞാനല്ല. എന്റെ കൈയ്യില്‍ നില്‍ക്കുന്ന കാര്യമല്ല. കോടതിയിലിരിക്കുന്ന കാര്യമാണ്. അതില്‍ അന്വേഷണം വേണം. അതില്‍ കൂടുതലുള്ള കാര്യങ്ങള്‍ പറയാന്‍ ഇല്ല. ഇനി ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശ്രമിക്കാം. ഒരു ദിവസംകൊണ്ട് താരങ്ങള്‍ എങ്ങനെയാണ് മാധ്യങ്ങള്‍ക്ക് അന്യരായത്. ഒരു ശുദ്ധീകരണം ആവശ്യമായ ഘട്ടമല്ലേ, ഞങ്ങൾ സഹകരിക്കും.

കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനുശേഷമാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്. റിപ്പോർട്ട് പുറത്തുവന്നശേഷം മോഹൻലാലിന്റെ ആദ്യ പൊതുപരിപാടിയുംകൂടിയായിരുന്നു തിരുവനന്തപുരത്ത് നടന്നത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts