ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന അന്തർദേശീയ ഭീകര-കുറ്റകൃത്യ ശൃംഖല ഡൽഹി പൊലീസ് പ്രത്യേക സെൽ തകർത്തു. ഏഴ് പേരെ അറസ്റ്റ് ചെയ്തതായും ഇവർ ഡൽഹി-എൻസിആർ മേഖലയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു.പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷഹ്സാദ് ഭട്ടി, അജ്മൽ ഗുജ്ജർ എന്നിവരുമായി ബന്ധമുള്ള സംഘമാണ് പിടിയിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുക, ലക്ഷ്യസ്ഥലങ്ങളുടെ വിവരശേഖരണം നടത്തുക, ഭീകരാക്രമണങ്ങൾക്ക് തയ്യാറെടുക്കുക എന്നിവയായിരുന്നു സംഘത്തിന്റെ പ്രവർത്തനമെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായവരിൽ ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശികളും പഞ്ചാബ് സ്വദേശിയും ഉൾപ്പെടുന്നു. ഇവരിൽ ചിലർക്കെതിരെ കൊലപാതകം, ആയുധക്കേസ്, മയക്കുമരുന്ന് കേസുകൾ അടക്കമുള്ള നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.സംഘത്തിൽ നിന്ന് അഞ്ച് സെമി-ഓട്ടോമാറ്റിക് പിസ്റ്റളുകൾ, 41 വെടിയുണ്ടകൾ, നിരവധി മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒരു വാഹനം എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഡൽഹിയിലെ പൊതുസ്ഥലങ്ങൾ, പ്രധാന സ്ഥാപനങ്ങൾ, മതനേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും പാകിസ്ഥാനിലെ ഹാൻഡ്ലർമാർക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി.ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും എത്തിച്ച ശേഷം ഡൽഹി-എൻസിആർ മേഖലയിലേക്ക് വിതരണം ചെയ്തിരുന്നതായും പൊലീസ് വെളിപ്പെടുത്തി. സമയോചിതമായ നടപടി വലിയ ഭീകരാക്രമണം തടയാൻ സഹായിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.












