Spread the love

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാക്ടീരിയ മൂലമുള്ള അണുബാധ കേസുകൾ വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. 2026 ജനുവരി മുതൽ ഇതുവരെ കേരളത്തിൽ 135 സ്ഥിരീകരിച്ച കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 68 കേസുകളും കോഴിക്കോട് ജില്ലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സംസ്ഥാനത്ത് ഇതുവരെ മൂന്ന് മരണങ്ങളാണ് ഷിഗെല്ല ബാധയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ രണ്ടുപേർ കോഴിക്കോട് സ്വദേശികളാണ്. മൂന്നാമത്തെ മരണം മലപ്പുറം സ്വദേശിനിയായ 54-കാരിയുടേതാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇവർ മരിച്ചത്. മരണശേഷമാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്.ജൂൺ മാസത്തിൽ മാത്രം കോഴിക്കോട് ജില്ലയിൽ 12 പുതിയ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ പയ്യോളിയിലെ ഒരു ഒൻപത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.കോഴിക്കോട് കൂടാതെ വയനാട് ജില്ലയിൽ 16 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്തും രോഗവ്യാപന സാധ്യത കണക്കിലെടുത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊല്ലം, തൃശൂർ ജില്ലകളിലും പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.മലപ്പുറത്തെ തിരൂരങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ഒരു ഇളനീർ കടയിൽ നിന്നെടുത്ത വെള്ളസാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കെഎസ്ആർടിസി കോംപ്ലക്സിലെ ഒരു ബേക്കറിയിൽ നിന്നുള്ള ഭക്ഷ്യസാമ്പിളിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.ശുദ്ധജലവും സുരക്ഷിതമായ ഭക്ഷണവും മാത്രം ഉപയോഗിക്കണമെന്നും വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Leave a Reply