ശബരിമല: സ്വർണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ശബരിമലയിൽ നടത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പരിശോധന പൂർത്തിയായി. ഇളക്കിമാറ്റിയ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ച ശേഷം സംഘം മലയിറങ്ങും.ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് എസ്‌ഐടി ശബരിമലയിൽ പരിശോധന നടത്തിയത്. ക്ഷേത്രത്തിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഉൾപ്പെടെയുള്ള ഭാഗങ്ങൾ വിശദമായി പരിശോധിച്ച സംഘം ആവശ്യമായ സാമ്പിളുകളും ശേഖരിച്ചു.സ്വർണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ശേഖരിച്ച സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കും. പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.
ഇതിനിടെ, ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്‌ഐടി നോട്ടീസ് നൽകി. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.2025-ൽ നടന്ന സ്വർണപ്പാളി ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കൂടുതൽ തെളിവുകളും രേഖകളും ശേഖരിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നിരിക്കുന്ന സാഹചര്യത്തിലാണ് എസ്‌ഐടി പരിശോധന പൂർത്തിയാക്കിയത്.








