മുംബൈ: ആഗോള വിപണികളിലെ അനുകൂല സാഹചര്യങ്ങളും ക്രൂഡ് ഓയിൽ വിലയിലെ ഇടിവും ഇന്ത്യൻ ഓഹരി വിപണികൾക്ക് കരുത്തായി. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സും നിഫ്റ്റിയും നേട്ടം രേഖപ്പെടുത്തി.ബിഎസ്ഇ സെൻസെക്സ് 272.87 പോയിന്റ് ഉയർന്ന് 76,537.20ലും എൻഎസ്ഇ നിഫ്റ്റി 69.15 പോയിന്റ് നേട്ടത്തോടെ 23,921.55ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ്-ഇറാൻ ധാരണയെ തുടർന്ന് ആഗോള വിപണികളിൽ രൂപപ്പെട്ട പോസിറ്റീവ് വികാരമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്.എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഹിന്ദുസ്ഥാൻ യൂണിലീവർ, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവയുടെ ഓഹരികൾ മുന്നേറ്റം നയിച്ചു. അതേസമയം ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, അൾട്രാടെക് സിമന്റ് എന്നിവയ്ക്ക് നേരിയ നഷ്ടം നേരിട്ടു.
ആഗോള എണ്ണവില സൂചികയായ ബ്രെന്റ് ക്രൂഡ് ബാരലിന് 82.90 ഡോളറിലേക്ക് താഴ്ന്നത് ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് ആശ്വാസകരമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഏഷ്യൻ വിപണികളിലും പൊതുവെ നേട്ട പ്രവണതയാണ് കണ്ടത്.വിദേശ സ്ഥാപന നിക്ഷേപകരും (FII) വീണ്ടും വാങ്ങൽ നിലപാട് സ്വീകരിച്ചതും വിപണിക്ക് കൂടുതൽ പിന്തുണയായി. കഴിഞ്ഞ വ്യാപാര ദിനത്തിൽ വിദേശ നിക്ഷേപകർ 200 കോടി രൂപയ്ക്കുമേൽ മൂല്യമുള്ള ഓഹരികൾ വാങ്ങിയിരുന്നു.യുഎസ്-ഇറാൻ ധാരണയുടെ ഭാഗമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രതീക്ഷയും ആഗോള വിപണികളിലെ റിസ്ക് ആശങ്കകൾ കുറച്ചതായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.














