തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്ക് ആദ്യദിനം തന്നെ മികച്ച പ്രതികരണം. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ പദ്ധതിയുടെ ഭാഗമായി 7,83,115 വനിതകളാണ് സൗജന്യമായി യാത്ര ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 5.95 ലക്ഷത്തിലധികം വർധന രേഖപ്പെടുത്തി. ആകെ 13 ലക്ഷത്തിലധികം വനിതാ യാത്രികരാണ് ഇന്നലെ കെഎസ്ആർടിസി ബസുകൾ ഉപയോഗിച്ചത്.
സൗജന്യ യാത്രയ്ക്കായി നൽകിയ സീറോ ടിക്കറ്റുകളുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിക്ക് ഏകദേശം 1.59 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.ദിവസവേതന തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണ വനിതകൾക്ക് പദ്ധതിയിലൂടെ വലിയ സാമ്പത്തിക ആശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിമാസം 600 രൂപ മുതൽ 3,000 രൂപ വരെ യാത്രാചെലവിൽ ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.സൗജന്യ യാത്രയായാലും ബസിൽ കയറുമ്പോൾ സീറോ ടിക്കറ്റ് നിർബന്ധമായും കൈപ്പറ്റണമെന്ന് കെഎസ്ആർടിസി അധികൃതർ ഓർമ്മിപ്പിച്ചു.
















